ശ്വേതാ മേനോനെനെതിരെ കേസെടുത്തത് പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പ്രതിയുടെ ഭാഗം കേട്ടോ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ കേസെടുക്കാവൂ എന്ന ബിഎന്‍എസ്സിലെ ചട്ടം ലംഘിച്ച്; പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും അമ്മയിലെ പോരും പോലീസ് അന്വേഷിക്കും; ഹൈക്കോടതിയില്‍ എത്തിയാല്‍ ഉടനടി കേസ് റദ്ദാകും

Update: 2025-08-07 05:05 GMT

കൊച്ചി: സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളില്‍ അഭിനയിച്ച് അത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരേ പോലീസ് കേസെടുത്തത് കോടതിനിര്‍ദേശത്തിന് പിന്നാലെയെങ്കിലും നടപടി ക്രമങ്ങളില്‍ സര്‍വ്വത്ര പ്രശ്‌നങ്ങള്‍. ഹൈക്കോടതിയില്‍ എത്തിയാല്‍ കേസ് റദ്ദാക്കാനുള്ള സാധ്യത ഏറെയാണ്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരി ജൂലായ് 31-നാണ് ശ്വേതാ മേനോനെതിരേ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കിയത്. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

ശ്വേതാ മേനോനെനെതിരെ കേസെടുത്തത് പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പ്രതിയുടെ ഭാഗം കേട്ടോ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ കേസെടുക്കാവൂ എന്ന ബിഎന്‍എസ്സിലെ ചട്ടം ലംഘിച്ചാണെന്നതാണ് ശ്രദ്ധേയം. പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും അമ്മയിലെ പോരും പോലീസ് അന്വേഷിക്കും. ഇതിനിടെ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ശ്രേതാ മേനോന്റെ നീക്കം. ഹൈക്കോടതിയില്‍ എത്തിയാല്‍ ഉടനടി കേസ് റദ്ദാകപ്പെടുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും അല്ലാതെയും അശ്ലീലരംഗങ്ങള്‍ അഭിനയിച്ച് ഇത്തരം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം. 'വള്‍ഗറായ സെക്സ് സിനിമ നടി'യാണെന്ന കുപ്രസിദ്ധി ദുരുപയോഗംചെയ്ത് കച്ചവടം ചെയ്യുകയാണെന്നും സ്വന്തം അശ്ലീലവീഡിയോകള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലരംഗങ്ങളടക്കം പ്രചരിപ്പിച്ച് ലൈംഗികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും ആരോപിച്ചിട്ടുണ്ട്.

കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടി ശ്വേതാ മേനോന്‍ പ്രതികരിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും താരം പ്രതികരിച്ചു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ വന്ന കേസിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ശ്വേതയുടെ പ്രതികരണം. മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയില്‍ എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. ഏറെ വിചിത്രമാണ് ഈ കേസ് എന്നാണ് വിലയിരുത്തല്‍. അമ്മയിലെ ബാബുരാജ് വിഭാഗമാണ് ശ്വേതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തല്‍ സജീവമാണ്. എന്നാല്‍ ബാബുരാജും കൂട്ടരും തങ്ങള്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് പരസ്യമായി പറയുന്നത്. കേസില്‍ പ്രതിയായതിന്റെ പേരില്‍ അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാബുരാജിന് കഴിഞ്ഞിരുന്നില്ല. വിവാദങ്ങളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ടി വന്നിരുന്നു.

ശ്വേതാ മേനോനെതിരെ അതിവിചിത്രമാണ് പരാതി. പണം സമ്പാദിക്കാന്‍ ഇനിയും സെക്സ് വേഷങ്ങള്‍ ചെയ്യുമെന്ന് നടി പ്രഖ്യാപിച്ചു. ഗര്‍ഭനിരോധന ഉറയുടെ പരസ്യവീഡിയോ അശ്ലീലസൈറ്റിലൂടെ ഇതിനോടകം കണ്ടത് 30 കോടിയോളം ആളുകളാണ്. ലോകത്തെ ഏറ്റവും സെക്സിയായ സ്ത്രീ താനാണെന്നാണ് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. രതിനിര്‍വേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ അശ്ലീലരംഗങ്ങള്‍ ഉപയോഗിച്ച് അശ്ലീലസൈറ്റുകളില്‍ വീഡിയോപ്രചരിപ്പിച്ചു. യൂട്യൂബിലും ഗൂഗിളിലും നടിയെക്കുറിച്ച് തിരഞ്ഞാല്‍ ഇത്തരം നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ലഭിക്കും- തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. ഇത്തരം അശ്ലീലസൈറ്റുകളിലെ വീഡിയോകളിലൂടെ കോടിക്കണക്കിന് രൂപ നടി സമ്പാദിക്കുന്നു. നടിയുടെ സഹായത്തോടെ സെക്സ്-മയക്കുമരുന്ന് മാഫിയായയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടിയുടെ ഇത്തരം അശ്ലീലവീഡിയോകള്‍ താന്‍ കാണാന്‍ ഇടയായത് ഹൈക്കോടതി പരിസരത്തുവെച്ചാണെന്നും മാര്‍ട്ടിന്‍ മേനാച്ചേരിയുടെ ഹര്‍ജിയിലുണ്ട്.

ഇത്തരം വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തെ നശിപ്പിക്കുകയാണ്. കളിമണ്ണ് സിനിമയില്‍ സ്വന്തം പ്രസവം പച്ചയായി ചിത്രീകരിച്ച് വിദേശങ്ങളിലടക്കം സിനിമ പ്രദര്‍ശിപ്പിച്ച് അത് ഉപയോഗിച്ച് നടി ലക്ഷങ്ങളുണ്ടാക്കി. സമൂഹനന്മയെ കരുതി കോടതി ഇടപെട്ട് ഇത്തരം വീഡിയോകളും ചിത്രങ്ങളുമെല്ലാം നീക്കംചെയ്യിപ്പിക്കണമെന്നും പ്രതിക്കെതിരേ ഉചിതമായ നടപടികളുണ്ടാകണമെന്നും ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News