കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..! പുതിയ എ.കെ.ജി സെന്റര്‍ കെട്ടിടത്തില്‍ ഭൂമി വിവാദത്തിനു പിന്നാലെ നികുതി വെട്ടിപ്പ് ആരോപണവും; നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; തൊഴില്‍ വകുപ്പില്‍ അറിയിച്ച നിര്‍മ്മാണ ചെലവ് പത്തുകോടിയും; 30 ലക്ഷത്തിനു പകരം പത്തുലക്ഷം മാത്രം നികുതി അടച്ചെന്ന് ആരോപണം
കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..!
തിരുവനന്തപുരം: പുതിയ എ.കെ.ജി സെന്‍്റര്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്. തൊഴില്‍ വകുപ്പില്‍ നിര്‍മ്മാണത്തിന് പത്തുകോടി രൂപയാണ് ചെലവായതെന്നു കാണിച്ച് ബില്‍ഡിങ് ലേബര്‍ സെസായി അടച്ചത് പത്തുലക്ഷം രൂപ മാത്രമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയ രേഖകളിലെ വൈരുദ്ധ്യമാണ് വിവാദമാകുന്നത്. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ട തുകയില്‍ തൊഴിലാളി സംഘടനയായ സിപിഎം തട്ടിപ്പ് കാട്ടിയെന്നാണ് ആരോപണം ഉയരുന്നത്.
പുറമ്പോക്ക് ഭൂമിയായതു കൊണ്ട് ഇതുവരെ വസ്തുക്കരം നിശ്ചയിച്ചിട്ടില്ലാത്ത പഴയ എകെജി സെന്ററിന് നഗരസഭ കെട്ടിട നികുതി പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കേണ്ട തൊഴില്‍ നികുതിയില്‍ കുറവ് വരുത്തിയത്. പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പുതിയ എകെജി സെന്ററിന്റെ നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവിട്ടതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.
1977 ല്‍ പഴയ എകെജി സെന്റര്‍ നിര്‍മ്മാണത്തിന് സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ചെറുതും വലുതുമായി സംഭാവനകള്‍ സ്വരൂപിച്ചിരുന്നു. എന്നാല്‍, പുതിയ എകെജി സെന്റര്‍ നിര്‍മ്മാണത്തിന് പ്രത്യേക സംഭാവനകള്‍ സ്വീകരിച്ചതായി ഇതുവരെ പാര്‍ട്ടി പരസ്യപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ സിപിഎം ഫയല്‍ ചെയ്ത സത്യവാങ്മൂലം ശരിയാണെങ്കില്‍ നിയമപ്രകാരം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് സെസ്സ് ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 30 ലക്ഷംരൂപയാണ്.
ക്ഷേമനിധി ബോര്‍ഡിലാണോ സുപ്രീം കോടതിയിലാണോ സിപിഎം സംസ്ഥാന സെക്രട്ടറി തെറ്റായ വിവരം നല്‍കിയതെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമുയരുന്നത്. പഴയ എകെജി സെന്ററിന് വേണ്ടി കേരള സര്‍വകലാശാലയുടെ 40 സെന്റ് ഭൂമി കൈയ്യേറിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയെങ്കിലും ഇതുസംബന്ധിച്ച ഫയലുകള്‍ സര്‍വകലാശാലയില്‍ ലഭ്യമല്ലാത്തതിനാല്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
പുതിയ എ.കെ.ജി സെന്‍്റര്‍ ഭൂമിയുടെ ഉടമസ്ഥന്‍ താനാണെന്ന് കാണിച്ച് വി.എസ്.എസ്.സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ ആയിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എകെജി സെന്റര്‍ നില്‍ക്കുന്ന 34 സെന്‍്രറ് ഭൂമി 1998ല്‍ താനും 2000 ല്‍ തന്റെ മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ളയും ചേര്‍ന്ന് രണ്ട് രേഖകളിലായി വാങ്ങിയതാണെന്നാണ് ഇന്ദു ഗോപന്റൈ വാദം. ഇക്കാര്യം മറച്ച് വെച്ച് കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വില്‍പ്പന നടത്തിയെന്നാണ് പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് ഭൂമിയില്‍ തര്‍ക്കമുള്ള കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ സുപ്രീം കോടതി സിപിഎമ്മിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിക്ക് ഭൂമിയില്‍ അവകാശമില്ലെന്നും നിയമ പ്രകാരമാണ് ഭൂമി വാങ്ങിയതെന്നുമാണ് പാര്‍ട്ടി വിശദീകരിച്ചിരുന്നു. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതതെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുണ്ടായിരുന്നത്.