ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ കാണാതായ വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി; വിഷ്ണു മദ്യലഹരിയിലാണ് അവസാനം കാണപ്പെട്ടതെന്നു പോലീസില്‍ അറിയിച്ചപ്പോള്‍ മുതിര്‍ന്ന ആളല്ലേ, തിരിച്ചെത്തിക്കോളുമെന്നു മറുപടി; കടുത്ത പ്രതിഷേധമുയര്‍ത്തി കവന്‍ട്രിയിലെ ബ്രിട്ടീഷുകാര്‍; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ആസ്ഥാനത്തേക്കും

വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി

Update: 2026-02-05 03:56 GMT

ലണ്ടന്‍: കഴിഞ്ഞ രണ്ടു ദിവസമായി അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച യുകെ മലയാളികളെ തേടി ഇന്നലെ ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ ആ അശുഭ വാര്‍ത്ത എത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ നിന്നും കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണു ജയകുമാറിന്റെ (26) മൃതദേഹം കവന്‍ട്രി പട്ടണ നടുവിലെ ജലാശയമായ സ്വാന്‍ വെല്‍ തടാകത്തില്‍ നിന്നും ഇന്നലെ വൈകുന്നേരത്തോടെ കണ്ടെടുക്കുക ആയിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി അധികം ആഴമില്ലാത്ത തടാകത്തില്‍ വിഷ്ണുവിന്റെ മൃതദേഹം കിടന്നിട്ടും അത് കണ്ടെത്താനാകാതെ പോയത് പോലീസ് അന്വേഷിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറ ബ്രിട്ടീഷുകാര്‍ പരാതിപ്പെടുന്നത് ബ്രിട്ടീഷ് പോലീസിന്റെ അനാസ്ഥയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. കവന്‍ട്രിയില്‍ ദുഷ്പേരിനു കുപ്രസിദ്ധി നേടിയ കസബ എന്ന അഡല്‍റ്റ് ലൈസന്‍സ് ഉള്ള പബ്ബിലാണ് ശനിയാഴ്ച രാത്രി വിഷ്ണുവും ആന്ധ്രാ സ്വദേശികളായ രണ്ടു ചെറുപ്പക്കാരും മദ്യപിക്കാന്‍ എത്തിയത്. കൂട്ടാളികളില്‍ ഒരാള്‍ വിഷ്ണുവിന്റെ സഹ താമസക്കാരനും മറ്റൊരാള്‍ ഒരു തവണ മാത്രം കണ്ടുപരിചയം ഉള്ള ആളെന്നുമാണ് ലഭ്യമാകുന്ന സൂചന.

വീട്ടില്‍ അറിയിച്ചതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും കൂടെ പോയ ആന്ധ്രക്കാരന്‍ തന്നെ

വിഷ്ണു തിരികെ റൂമില്‍ എത്തിയിട്ടില്ലെന്ന വിവരം കാണാതായി രണ്ടാം നാളാണ് പുറത്തറിയുന്നത്. തിങ്കളാഴ്ച രാത്രി സ്‌പോട്ടഡ് കവന്‍ട്രി സിറ്റി എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റിട്ട വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്ന വ്യക്തി തന്നെയാണ് വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞത് എന്ന് വിഷ്ണുവിന്റെ അച്ഛനും മുത്തച്ഛനും ഇന്നലെ രാത്രി മറുനാടന്‍ മലയാളിയോട് സ്ഥിരീകരിച്ചു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ പാകപ്പിഴ തോന്നിയപ്പോള്‍ അക്കാര്യം ചോദിച്ച വിഷ്ണുവിന്റെ അച്ഛനോട് വ്യക്തമായ ഉത്തരങ്ങളല്ല ആന്ധ്ര സ്വദേശി നല്‍കിയത്. ഇപ്പോള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും അതേക്കുറിച്ചുള്ള അന്വേഷണത്തില്‍ ആണെന്ന സൂചനയാണ് പുറത്തു വരുന്നത്.

കസ്ബയില്‍ വീക്കെന്‍ഡ് പാര്‍ട്ടി നടക്കുമ്പോള്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ നടന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മറുനാടന്‍ മലയാളിക്ക് ലഭിച്ചത് ലണ്ടന്‍ ഹൈക്കമ്മീഷന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ചീഫ്, കവന്‍ട്രി എംപിമാരായ സാറ സുല്‍ത്താന, കോളിന്‍ ഫ്‌ലെച്ചര്‍, ടൈവോ ഓട്ടമി, മലയാളി എംപിയായ സോജന്‍ ജോസഫ്, ബര്‍മിങാം ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവരെയൊക്കെ ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് മുഖനേ പരാതിയായി അറിയിക്കാനുള്ള ക്രമീകരണവും പൂര്‍ത്തിയായി. ശശി തരൂര്‍ എംപി വഴിയും ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാനുള്ള ശ്രമം കുടുംബം നടത്തുന്നുണ്ട്. ബര്‍മിങാം കോണ്‍സുലേറ്റ് ജനറല്‍ ഡോ. വെങ്കിടാചലം മുരുകനെ സാഹചര്യങ്ങള്‍ ഇന്നലെ രാത്രി തന്നെ അറിയിച്ചിട്ടുമുണ്ട്. കുടുംബത്തിന്റെ പരാതി എത്തുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

പബ്ബില്‍ നടന്ന കാര്യങ്ങള്‍ എന്താണ് എന്ന് പോലീസ് അന്വേഷണത്തില്‍ പുറത്തു വരേണ്ട കാര്യമായതിനാല്‍ വെളിപ്പെടുത്തല്‍ പരാതിയായി പോലീസില്‍ എത്തിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. യുകെയിലെ നിയമ രംഗത്തെ വിദഗ്ധരുടെ സേവനവും കുടുംബത്തിന് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് വിസക്കാര്‍ പതിവായി എത്തുന്ന കസബ മുന്‍പും അഡള്‍ട്ട് പാര്‍ട്ടികളില്‍ മലയാളി സാന്നിധ്യം കൂടുന്നു എന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം പലവട്ടം ബ്രിട്ടീഷ് മലയാളി ചൂണ്ടിക്കാട്ടിയതാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു മലയാളി സ്റ്റുഡന്റ് വിസക്കാര്‍ തന്നെയാണ് ഇത്തരം പാര്‍ട്ടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്‍ഫ്‌ളുവന്‍സര്‍മാരും വ്‌ലോഗര്‍മാരും മലയാളി ബിസിനസ് രംഗത്തുള്ളവരും ഇത്തരം പാര്‍ട്ടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന വാര്‍ത്തയും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തത് അസ്വാഭാവിക വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന ഉദ്ദേശത്തോടെ ആയിരുന്നു.

നാട്ടുകാരുടെ രോഷം പോലീസിനോട്, ഒരാളെ കാണാതായാല്‍ അന്വേഷിച്ചിറങ്ങാന്‍ ആളില്ലാത്ത ദുരവസ്ഥ

വിഷ്ണുവിന്റെ തിരോധാനം ഫേസ് ബുക്ക് ഗ്രൂപ്പില്‍ എത്തിയതോടെ പതിവില്ലാതെ ഒട്ടേറെ ബ്രിട്ടീഷുകാരാണ് കമന്റുകള്‍ വഴി പിന്തുണ അറിയിച്ചു രംഗത്ത് എത്തിയത്. കാണാതായി എന്ന വിവരം നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയായ ആളല്ലേ, രണ്ടു നാള്‍ കഴിഞ്ഞു തിരിച്ചെത്തിക്കോളും എന്ന മട്ടില്‍ പോലീസ് നല്‍കിയ മറുപടി ഇപ്പോള്‍ നാട്ടുകാര്‍ ശകാരമായി പോലീസിനെതിരെ ഉപയോഗിക്കുകയാണ്. വിഷ്ണു എത്തിയ കസബ പബ്ബില്‍ നിന്നും വിളിപ്പാടകലെയുള്ള സ്വാന്‍ വെല്‍ തടാക കരയിലാണ് അവസാന സാന്നിധ്യം ഉണ്ടായതെന്ന് വെളിപ്പെടുത്തിയിട്ടും പോലീസ് അവിടെ അന്വേഷിച്ചെത്താന്‍ തയ്യാറായില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അധികം ആഴം ഇല്ലാത്ത, അരക്കൊപ്പം പോലും വെള്ളം ഇല്ലാത്ത തടാകത്തില്‍ ഒന്ന് തിരയാന്‍ കവന്‍ട്രിയില്‍ പൊലീസിന് സംവിധാനം ഇല്ലേ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

നൂറുകണക്കിന് ആളുകള്‍ നിത്യവും എത്തുന്ന ഇവിടെ ഒരാളുടെ മൃതദേഹം എങ്ങനെ ആരുടേയും ശ്രദ്ധയില്‍ പെടാതെ കിടന്നുവെന്ന ചോദ്യത്തിനും പോലീസ് ഉത്തരം നല്‍കണം. വിഷ്ണുവിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം തടാകക്കരയില്‍ ഒരു ടെന്റ് പോലും പോലീസ് സജ്ജീകരിച്ചില്ല എന്നത് അതീവ ലജ്ജാകരം എന്നാണ് നാട്ടുകാര്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടത്. എന്തുകൊണ്ടാണ് ഇപ്പോള്‍ യുകെയില്‍ ഇങ്ങനെയൊക്കെ എന്ന ചോദ്യവും ഇത്തരം നടപടികളിലൂടെ പോലീസ് ക്ഷണിച്ചു വരുത്തുകയാണ്. മരണം വിഷ്ണുവിനെ തേടി നേരത്തെ എത്തിക്കഴിഞ്ഞിരുന്നെങ്കിലും പരാതി കിട്ടിയപ്പോള്‍ പോലീസ് മനസ് വച്ചിരുന്നെങ്കില്‍ ഒരു ദിവസം മുന്നേയെങ്കിലും മൃതദേഹം കണ്ടെത്താനാകുമായിരുന്നു എന്നും കുടുബവും പ്രിയപ്പെട്ടവരും നേരിട്ട പ്രയാസങ്ങള്‍ക്ക് ആര് മറുപടി പറയും എന്ന ചോദ്യവും എത്തി നില്‍ക്കുന്നത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസിന് മുന്നില്‍ തന്നെയാണ്.

വിഷ്ണുവിന്റെ ഫോണ്‍ കൂടെ മദ്യപിക്കാന്‍ പോയ ആന്ധ്രാക്കാരന്റെ കയ്യിലായ സാഹചര്യവും വിഷ്ണു മുറിയില്‍ തിരികെ എത്താത്ത വിവരം ഞായറാഴ്ച പകലും രാത്രിയും ഇയാള്‍ എന്തിനു മറച്ചു വച്ചുവെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. തിങ്കളാഴ്ച വെയര്‍ ഹൗസില്‍ വിഷ്ണു ജോലിക്ക് എത്താത്ത സാഹചര്യത്തിലാണ് കൂടെ ജോലി ചെയ്യുന്നവര്‍ അന്വേഷിച്ചെത്തുന്നത്. ഇതോടെയാണ് കൂടെ പോയ ആന്ധ്രാക്കാരന്‍ പരസ്യമായി വിഷ്ണുവിനെ കാണാനില്ലെന്ന് പറയുന്നത്. വിഷ്ണുവിനെ തേടി എത്തിയ മലയാളി സുഹൃത്തുക്കളോടും ഇയാള്‍ പല വിവരങ്ങളാണ് കൈമാറിയത് എന്ന് പറയപ്പെടുന്നു. താന്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്നു പറഞ്ഞു വിഷ്ണു തടാകക്കരയില്‍ ഇരുന്നെന്നും ഫോണ്‍ തന്റെ കയ്യില്‍ തരുക ആയിരുന്നു എന്നുമൊക്കെയാണ് ഇയാള്‍ വിഷ്ണുവിന്റെ അച്ഛന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

യുകെയിലേക്ക് പോരും വരെ വീട്ടുകാര്‍ക്കൊപ്പം വളര്‍ന്ന യുവാവ്, സ്റ്റുഡന്റ് വിസ കാലാവധി തീര്‍ന്നിട്ടും പിടിച്ചു നിന്നത് ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍

ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന വിഷ്ണു യുകെയിലേക്ക് പോരും വരെ സദാ കുടുംബത്തിന് ഒപ്പം തന്നെ ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് പ്രായമായപ്പോഴാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്. യുകെയില്‍ ഡാറ്റാ സയന്‍സില്‍ ബിരുദാനന്തര ബിരുദം എടുക്കാന്‍ വേണ്ടിയാണു വിഷ്ണു കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായത്.

ഈ സമയത്തു മാത്രമാണ് അവന്‍ ഞങ്ങളില്‍ നിന്നും വേറിട്ട് താമസിച്ചത് എന്ന് ഗദ്ഗദത്തോടെയാണ് വിഷ്ണുവിന്റെ പിതാവ് മറുനാടന്‍ മലയാളിയുമായി പങ്കുവച്ച വിവരം. സ്റ്റുഡന്റ് കാലാവധി തീര്‍ന്നാലും ഇപ്പോള്‍ മലയാളി വിദ്യാര്‍ഥികള്‍ ഏതാനും മാസത്തേക്ക് കൂടിയുള്ള എഫ് എല്‍ ആര്‍ വിസ അപേക്ഷയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത് വിഷ്ണുവും പരീക്ഷയ്ക്കുക ആയിരുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയേണ്ടതായിരുന്നു എന്ന ചിന്ത പോലും ഉള്ളുലയ്ക്കുന്നതായി മാറുകയാണ്.

സ്റ്റുഡന്റ് വിസയില്‍ ഉള്ളവര്‍ക്ക് മികച്ച ശമ്പളം ഇല്ലാത്ത ജോലിക്ക് സ്പോണ്‍സര്‍ഷിപ്പ് ലഭിക്കില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മടി തന്നെയാണ് എന്ന് തെളിയിക്കുകയാണ് എഫ്എല്‍ആര്‍ വിസാ ആപ്ലിക്കേഷനിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന തെളിയിക്കുന്നതും. യുകെയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം നാട്ടില്‍ ലഭിക്കില്ലല്ലോ എന്ന ചിന്ത കൂടിയാകുമ്പോള്‍ എവിടെയെങ്കിലും ജോലി ചെയ്തു വമ്പന്‍ ഫീസും സോളിസിറ്റര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത് വിഷ്ണുവിനെ പോലെ പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ്.

യുകെ സ്വപ്നത്തില്‍ കയറിക്കൂടിയ നിരാശയും ജോലി ലഭിക്കാത്ത ദുരിത കാലവും ഒക്കെ കൂടി മലയാളി വിദ്യാര്‍ത്ഥി വിസക്കാരില്‍ സൃഷ്ടിക്കുന്ന മാനസിക ആഘാതവും തീരെ ചെറുതല്ല. ജോലി ലഭിച്ചില്ലെങ്കിലും സാരമില്ല, തിരികെ പോരൂ എന്നാണ് മിക്ക കുടുംബങ്ങളില്‍ നിന്നും സ്റ്റുഡന്റ് വിസക്കാരെ തേടി എത്തുന്ന സന്ദേശമെങ്കിലും നാട്ടില്‍ വന്നിട്ട് എന്തിനെന്ന ചോദ്യത്തിന് കാതോര്‍ക്കുകയാണ് ജോലി തേടി അലയുന്ന യുകെയിലെ കുടിയേറ്റ സ്റ്റുഡന്റ് വിസക്കാര്‍.

വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്താന്‍ സമയമെടുക്കും, നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എംബസി സഹായിക്കണമെന്നും കുടുംബം

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടു നല്‍കാന്‍ സമയമെടുത്തേക്കും. സ്വാഭാവിക സാഹചര്യത്തില്‍ മൂന്നു ആഴ്ച വരെയെങ്കിലും എടുത്തേക്കാവുന്ന സാഹചര്യം വിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുമുണ്ട്. അകന്ന ബന്ധുക്കളില്‍ ഒരാള്‍ ഇന്നലെ ക്രോയിഡോണില്‍ നിന്നും കവന്‍ട്രിയില്‍ എത്തി മൃതദേഹം സ്ഥിരീകരണം നടത്തിയതോടെ പോലീസും പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിലും സഹായം തേടി കുടുംബം ലണ്ടനില്‍ ഹൈക്കമ്മിഷന് കത്തെഴുതിയിട്ടുണ്ട്. ഹൈക്കമ്മീഷന്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് എന്നിവിടങ്ങളില്‍ കുടുംബത്തിന് വേണ്ടി അനൗദ്യോഗികമായി ഇതിനകം പല കോണുകളില്‍ നിന്നും സന്ദേശം എത്തിയത് വിഷ്ണുവിനുണ്ടായ ദുര്യോഗം ഇനിയൊരാള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ്.

വിഷ്ണുവിന്റെ അകാല നിര്യാണത്തില്‍ ഏറെ പ്രയാസപ്പെട്ടു കഴിയുന്ന കുടുംബത്തിന്റെ വേദനയില്‍ മറുനാടന്‍ മലയാളി വാര്‍ത്ത വിഭാഗവും ഹൃദയാഞ്ജലികള്‍ നേരുന്നു.

Tags:    

Similar News