ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയിലെത്തി ജോലി കണ്ടെത്തിയതിന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; പാലക്കാട്ടുകാരനായ ലിബിന് അസാധാരണ രോഗം ബാധിച്ച് മരിച്ചു; വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നയ്ക്ക് വിട നല്കാന് പ്രയാസപ്പെട്ടു പ്രിയപ്പെട്ടവര്‍
ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ലിബിന് അസാധാരണ രോഗം ബാധിച്ച് മരിച്ചു
കവന്‍ട്രി: നോട്ടിംഗാമില്‍ നിന്നും രണ്ടു ദിവസങ്ങളുടെ ഇടവേളയില്‍ മറ്റൊരു ചെറുപ്പക്കാരന്റെ മരണ വാര്‍ത്ത കൂടി എത്തുകയാണ്. കഴിഞ്ഞ ദിവസം അന്തരിച്ച അരുണിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടല്‍ മാറാന്‍ പോലും സമയം അനുവദിക്കാതെയാണ് 27 വയസുള്ള മുന്ന എന്ന് വിളിക്കുന്ന ലിബിന് എന്ന യുവാവിന്റെ മരണ വാര്‍ത്തയും എത്തുന്നത്. തലച്ചോറില്‍ ബാധിച്ച അണുബാധയെ തുടര്‍ന്നാണ് മരണമെങ്കിലും രോഗിയായി മാറിയ സാഹചര്യത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന് എടുത്തത് എന്ന പ്രാഥമിക വിവരമാണ് ഡോക്ടര്‍മാര്‍ കൈമാറുന്നത്.
സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന് അടുത്തിടെയാണ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ചെറുപ്പക്കാര്‍ ഒന്നിന് പുറകെ ഒന്നായി മരിക്കുന്ന അസാധാരണ സാഹചര്യത്തെയാണ് ഇപ്പോള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വിന്‍ഡനിലും നോട്ടിംഗ്ഹാമിലും 40 വയസു തികയാത്ത ചെറുപ്പക്കാരാണ് മരണത്തിനു കീഴടങ്ങിയത്. ഇരുവര്‍ക്കും കാന്‍സര്‍ മൂലമുള്ള രോഗനില വഷളായതാണ് മരണ കാരണമായി മാറിയത്.
യുകെ എന്ന സ്വപ്ന ഭൂമിയില്‍ കാലുറപ്പിച്ചു നിര്‍ത്തും മുന്‍പേ വിധി തട്ടിയെടുത്ത പ്രിയ കൂട്ടുകാരന്റെ വേര്‍പാടില്‍ മനം നൊന്തു കേഴുകയാണ് സുഹൃത്തുക്കളും മറ്റും. കഠിനമായ തലവേദനയേ തുടര്‍ന്ന് ബോസ്റ്റണ്‍ പില്‍ഗ്രിം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ലിബിന് ഓരോ ദിവസവും കൂടുതലായി അവശനായി മാറുന്ന കാഴ്ചയാണ് ലഭ്യമായത്. വിദഗ്ധ ചികിത്സയുടെ സാധ്യതകള്‍ പോലും അവശേഷിപ്പിച്ചു രോഗനില കടുത്തതോടെ ഈ യുവാവ് മരണത്തിനു കീഴടങ്ങുക ആയിരുന്നു. ചെറുപ്പത്തിന്റെ ആനുകൂല്യത്തില്‍ ലിബിന് അതിവേഗം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തന്നെ മടങ്ങി എത്തും എന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
ബോസ്റ്റണില്‍ താമസിച്ചിരുന്ന ലിബിനെ സുഖമില്ലാതെ ഏതാനും നാളുകളായി ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. എന്നാല്‍ രോഗനിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നോട്ടിംഗ്ഹാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. പക്ഷെ ഇവിടെയും ആരോഗ്യ നില മെച്ചപ്പെടാതെ ഒടുവില്‍ മരണത്തിനു കീഴടങ്ങുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ജോര്ജിയന്സ് കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മിടുക്കനായ ചെറുപ്പക്കാരന് ഇനി ഒപ്പമില്ലെന്ന വസ്തുത സഹപ്രവര്‍ത്തകര്‍ക്കും മറ്റും വിശ്വസിക്കാനാകുന്നില്ല. രോഗനില വഷളായ സാഹചര്യത്തിലും അത്ഭുതങ്ങള്‍ സംഭവിച്ചു ലിബിന് ജീവിതത്തിലേക്ക് മടങ്ങി എത്തും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷകള്‍.
പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് ലിബിന്. മണ്ടുപാല്‍ ഇടവകയുടെ സെക്രട്ടറിയായ ലിജോ എം ജോയിയുടെ മകനാണ് ലിബിന്. നാട്ടില്‍ യുവജന പ്രസ്ഥാനത്തിലും പള്ളിയിലും എല്ലാം ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ച ലിബിന്റെ മരണം നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കും വേദനയായി പടരുകയാണ്. ലിബിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബോസ്റ്റണിലെ മലയാളി സംഘടനയായ കാമിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടന്നു വരികയാണ്.