ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) നിയമങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമാനമായ സ്റ്റാറ്റസ് ലഭിക്കില്ല; പല ആനുകൂല്യങ്ങളും നഷ്ടമാകും
ഏകദേശം 32 ദശലക്ഷത്തോളം വരുന്ന ഓവര്‍സീസ് ഇന്ത്യന്‍ സമൂഹം പെട്ടെന്നുള്ള ഒരു മാറ്റത്തിന് വിധേയരാവുകയാണ്. ഇന്ത്യാ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) സമൂഹത്തിന് ഇന്നു വരെ ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതെയാക്കിയിരിക്കുകയാണ്. ഇപ്പോള്‍, വിദേശ പൗരന്മാര്‍ എന്ന വിഭാഗത്തിലേക്ക് മാറ്റിയതില്‍ ദുഃഖിതരായിരിക്കുകയാണ് അവര്‍.
നേരത്തെ, രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇപ്പോള്‍ ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് പോലെ പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി തേടേണ്ടതായി വരും. ഒ സി ഐ നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനും ആകുന്നില്ല. ഏതോ ഉത്തര കൊറിയന്‍ നിയമത്തെ പോലെ തോന്നിപ്പിക്കുന്നു എന്നായിരുന്നു കാനഡയില്‍ താമസിക്കുന്ന ഒരു വ്യക്തി ഇത് സംബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തോട് പ്രതികരിച്ചത്.
സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ നിയന്ത്രണം എന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് നിയന്ത്രണങ്ങള്‍ ആവശ്യത്തില്‍ അധികമായി എന്നാണ്. എന്‍ ആര്‍ ഐ കളെയും ഒ സി ഐ കളെയും ചുവപ്പു നാടയുടെ കുരുക്കിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ഈ നിയമങ്ങള്‍ വഴി എന്നും ചിലര്‍ ആരോപിക്കുന്നു. യാത്ര ചെയ്യാനും, ബിസിനസ്സ് ആരംഭിക്കുന്നതിനും അതുപോലെ മതപരമായ അനുഷ്ഠാനങ്ങള്‍ക്കുമെല്ലാം സര്‍ക്കാര്‍ അനുമതി തേടേണ്ട സാഹചഹ്ര്യമാണിപ്പോള്‍ എന്ന് അവര്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിമിതപ്പെറ്റുത്തി. വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം നിരുത്സാഹപ്പെടുത്തുന്ന സമീപനമായി പോയി എന്നും ചിലര്‍ വിലപിക്കുന്നു. അതിനിടയില്‍ ഇന്ത്യയില്‍ എന്‍ ആര്‍ ഐ/ ഒ സി ഐ നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി അമേരിക്കയിലെ അരിസോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ആര്‍ ഐ ഗ്രീവന്‍സസ് ഫോറം രംഗത്തെത്തി.