പൊലീസിനെ കണ്ടപ്പോള്‍ വിട്ടു പോകാന്‍ ശ്രമം; മോട്ടോര്‍ സൈക്കിളിന്റെ ബാഗില്‍ നിന്ന് പിടികൂടിയത് ഒന്നര കിലോയിലധികം കഞ്ചാവ്; കടത്തുകാരന്‍ യുവാവ് അറസ്റ്റില്‍

ഒന്നര കിലോ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍

Update: 2024-11-12 13:18 GMT
പൊലീസിനെ കണ്ടപ്പോള്‍ വിട്ടു പോകാന്‍ ശ്രമം; മോട്ടോര്‍ സൈക്കിളിന്റെ ബാഗില്‍ നിന്ന് പിടികൂടിയത് ഒന്നര കിലോയിലധികം കഞ്ചാവ്; കടത്തുകാരന്‍ യുവാവ് അറസ്റ്റില്‍
  • whatsapp icon

ഇലവുംതിട്ട: മോട്ടോര്‍ സൈക്കിളില്‍ ഒന്നര കിലോയിലധികം കഞ്ചാവ് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചെന്നീര്‍ക്കര നിരവേല്‍ വീട്ടില്‍ എ.എസ്.അഭിജിത് (22) ആണ് അറസ്റ്റിലായത്. തിങ്കള്‍ രാത്രി എട്ടേകാലിന് മലങ്കാവ് വച്ച് ഡാന്‍സാഫ് സംഘത്തിന്റെയും ഇലവുംതിട്ട പോലീസിന്റെയും സംയുക്ത പരിശോധനയില്‍ നിരവേല്‍പ്പടി പുത്തന്‍പീടിക റോഡില്‍ നിന്നും മലങ്കാവിലേക്ക് പോകുന്ന പഞ്ചായത്ത് റോഡില്‍ വച്ചാണ് യുവാവിനെ ബൈക്കുമായി പിടികൂടിയത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തിലും മറ്റും ശക്തമാക്കിയ പോലീസിന്റെ പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം ഡാന്‍സാഫ് സംഘവും ഇലവുംതിട്ട പോലീസും നടത്തിയ നീക്കത്തിലാണ് യുവാവിനെ പിടികൂടാന്‍ സാധിച്ചത്.

നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ബൈക്ക് ഓടിച്ച അഭിജിത്ത് പോലീസിനെക്കണ്ടപ്പോള്‍ വിട്ടു പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. ബൈക്കിന്റെ മുന്‍വശം ബാഗില്‍ എന്തെന്ന് ചോദിച്ചപ്പോള്‍ വസ്ത്രമാണെന്നായിരുന്നു മറുപടി. പോലീസിന്റെ പരിശോധനയില്‍ ബാഗിനുള്ളില്‍ ചുവന്ന പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍

കച്ചവടത്തിന് കൊണ്ടുവന്നതാണ് എന്ന് വ്യക്തമായി.

ബൈക്കും ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടോ കഞ്ചാവ് കൊണ്ടുവന്നത് എവിടെനിന്ന് എന്ന് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. അഭിജിത് നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്, പത്തനംതിട്ട എക്സൈസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വില്‍പ്പനയും നടത്തുന്നവര്‍ക്കെതിരായ റെയ്ഡും മറ്റും ശക്തമായി തുടരാന്‍ ജില്ലയിലെ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Tags:    

Similar News