60ാം വയസ്സിലും പുതിയ പ്രണയം; ഡിവോഴ്സായിട്ടും ആദ്യ രണ്ടു ഭാര്യമാരും അടുത്ത സുഹൃത്തുക്കള്‍; സ്വന്തം മതം പങ്കാളികളില്‍ അടിച്ചേല്‍പ്പിച്ചില്ല; ഒറ്റ ചിത്രത്തിന് നൂറുകോടി പ്രതിഫലം; എന്നിട്ടും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവം; ലൗ ജിഹാദ് കാലത്ത് ആമിര്‍ ഖാന്റെ വേറിട്ട പ്രണയ ജീവിതം!
ലൗ ജിഹാദ് കാലത്ത് ആമിര്‍ ഖാന്റെ വേറിട്ട പ്രണയ ജീവിതം!
ആമിര്‍ ഖാന് അറുപതുവയസ്സ്! കേള്‍ക്കുമ്പോള്‍ പെട്ടെന്ന് നമുക്ക് അംഗീകരിക്കാന്‍ തോന്നില്ല. ഖയാമത്ത് സെ ഖയാമത്ത് തക്കിലെ, കണ്ണുകളില്‍ മാന്ത്രിക സൗന്ദര്യം ഒളുപ്പിച്ചുവെച്ച ആ കുസൃതി പയ്യന്‍, തന്റെ ജീവിത്തിലെ അറുപത് ആണ്ടുകള്‍ പിന്നിടുകയാണ്. ഷഷ്ടിപൂര്‍ത്തി പ്രായം എന്നാല്‍ ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് വിശ്രമ ജീവിതത്തിന്റെ സമയമാണ്. എന്നാല്‍ തുടര്‍ച്ചയായി 37 വര്‍ഷം അഭിനയ ജീവിതത്തില്‍ മുഴുകി നില്‍ക്കുന്ന, ഈ നടന് ഈ 60-ാം വയസ്സും പുതിയ തീരുമാനങ്ങളിലേക്കുള്ള കാല്‍വെപ്പാണ്. നേരത്തെ രണ്ടുതവണ വിവാഹമോചിതനായ ഈ നടന്, ഈ 60-ാം വയസ്സില്‍ വെളിപ്പെടുത്തിയത് തന്റെ പുതിയ പ്രണയത്തെക്കുറിച്ചാണ്. അറുപത് വയസ്സ് പിന്നിട്ടല്ലോ ഇപ്പോള്‍ എത്ര വയസ്സായി എന്ന് തോന്നുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേ, 16-17 എന്നാണ് നടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക വിജയമായ സിനിമകളില്‍ നായകനായ ആമിറിന്, തന്റെ ക്ലാസ് ചിത്രമായ താരെ സമീന്‍ പറിന്റെ രണ്ടാം ഭാഗവും, തന്റെ സ്വപ്നപദ്ധതിയായ മഹാഭാരതവുമൊക്കെ മനസ്സിലുണ്ട്. ഇനിയുള്ള കാലം അദ്ദേഹം പ്രണയത്തിനും, സിനിമകള്‍ക്കുമായി മാറ്റിവെക്കുന്നു.
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിര്‍ ഹുസൈന്‍ ഖാന്‍. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും, കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലുമൊക്കെ എല്ലായിപ്പോഴും വേറിട്ടുനില്‍ക്കാറുണ്ട് ഈ നടന്‍. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് ആമിറിനെ വിളിക്കുന്നത് അതുകൊണ്ട് കൂടിയാണ്. സല്‍മാനെയോ, ഷാറൂഖിനെയോ, അഭിഷേകിനെയോപോലെ താന്‍ ഒരു സുപ്പര്‍ സ്റ്റാര്‍ അല്ല എന്നാണ് ഇപ്പോഴും ആമിര്‍ പറയുന്നത്. എങ്ങനെയോ രക്ഷപ്പെട്ടുപോയ ഒരു നടന്‍ എന്നാണ് അയാള്‍ തന്നെ വിലയിരുത്തുന്നത്.
താങ്കള്‍ ഒരു മെത്തേഡ് ആക്ടര്‍ ആണ് എന്നത് സത്യമാണോ എന്ന ചോദ്യത്തിന് ആമിറിന്റെ മറുപടി ഇങ്ങനെ- ''അത് ജനങ്ങളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്. ഞാന്‍ ഒരു മെത്തേഡ് ആക്ടര്‍ അല്ല. മെത്തേഡ് ആക്റ്റിങ് എന്താണെന്നുപോലും എനിക്കറിയില്ല. നസറുദ്ദീന്‍ ഷായെപോലെയോ ഓം പുരിയെ പോലെയോ ഞാന്‍ ഒരു ട്രെയിന്‍ഡ് ആക്ടറുമല്ല. ജന്മസിദ്ധമായി ലഭിച്ച അഭിനയമേ എനിക്കറിയൂ.''- അതേ വെറും ന്വാച്വറല്‍ ടാലന്റ് മാത്രം, കൈമുതലാക്കി മുംബൈയിലെത്തിയ ആ പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുകയാണ്. നടന്‍, നിര്‍മ്മതാവ്, സംവിധായകന്‍... കൈവെച്ച മേഖലകളിലെല്ലാം വിജയം. നടനത്തിന്റെ മൂന്നര പതിറ്റാണ്ടും, ജീവിതത്തിന്റെ ആറുപതിറ്റാണ്ടും പിന്നിട്ട ആമിറിന്റെ യാത്ര തുടരുകയാണ്.
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്
ഒരു സിനിമാ നിര്‍മ്മതാവിന്റെ മകനായി ജനിച്ചതുകൊണ്ട് പലരും കരുതുക വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളാണ് ഈ നടന്‍ എന്നാണ്. പക്ഷേ പിതാവിന്റെ ചില സിനിമകള്‍ പരാജയപ്പെട്ടതിനാലൊക്കെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് തന്റെ ബാല്യം കടുന്നുപോയത് എന്ന് ആമിര്‍ പല അഭിമുഖങ്ങളിലും തുറന്ന് പറയുന്നുണ്ട്. ഒരു വേള വീട്വരെ ജപ്തി ചെയ്ത് കൊണ്ടുപോകും എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. നിര്‍മ്മാതാക്കളുടെ കുടുംബമായതുകൊണ്ട് വളരെ ചെറുപ്പത്തിലേ തന്നെ അവന്‍ സിനിമയിലെത്തി. അമ്മാവന്‍ നാസര്‍ ഹുസൈന്റെ ഒരു ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പക്ഷേ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നും ഒന്ന് രണ്ട് സിനിമയില്‍ ബാലതാരമായി. ഒന്നും ക്ലിക്കായില്ല.
പക്ഷേ സിനിമ അദ്ദേഹത്തെ വീണ്ടും വീണ്ടും മാടിവിളിച്ചു. വെറും 23ാംമത്തെ വയസ്സില്‍ 'ഖയാമത് സെ ഖകയാമത് തക്' എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറിയ ആ പയ്യന്‍ കേരളത്തിടലക്കം തരംഗമായി. പിന്നീട് അങ്ങോട്ട് അവന്റെ ദിവസങ്ങള്‍ ആയിരുന്നു. 90-കളിലെ ഏറ്റവും സ്ട്രൈക്ക് റൈറ്റുള്ള വിജയതാരമായി ആമിര്‍ മാറി. ദില്‍, രാജാഹിന്ദുസ്ഥാനി, രംഗീല.. അങ്ങനെ എത്രയെത്ര ഹിറ്റുകള്‍. 2000ത്തില്‍ ബോല്‍വുഡിന്റെ ഗെയിം ചേഞ്ചറായ 'ലഗാന്‍' പുറത്തിറക്കാന്‍ ആമിറിന് കഴിഞ്ഞു. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌ക്കാര്‍ അവസാന റൗണ്ടിലെത്തിയ ചിത്രത്തിന്റെ നിര്‍മ്മാതാവും ആമിര്‍ ആയിരുന്നു. ദില്‍ ചാഹ്ത്താ ഹെ, രണ്‍ ദേ വസന്തി, താരേ സമീന്‍ പര്‍, ത്രീ ഇഡിയറ്റസ്്, പി കെ... അങ്ങനെ പോവുന്ന ഹിറ്റുകളുടെ പരമ്പര.
പാട്ട്, സെക്സ്, സ്റ്റണ്ട് എന്ന ഫോര്‍മുലയില്‍ ബോളിവുഡ് രമിച്ചിരുന്ന കാലത്ത്, മികച്ച സിനിമകള്‍ ഒരുക്കി ഹിന്ദി ചലച്ചിത്രലോകത്തിന്റെ വ്യാകരണം മാറ്റിയത് ഈ നടനാണ്. ഹിന്ദി സിനിമയിലെ ന്യുജന്‍ വിപ്ലവത്തിന് കാരണക്കാരന്‍ ആമിര്‍ ഖാനാണെന്ന് പിന്നീട് വിലയിരുത്തലുകള്‍ വന്നു. അതേസമയം സാമ്പത്തികമായും വന്‍ വിജയങ്ങളായി ആമിര്‍ ചിത്രങ്ങള്‍. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ആമിറിന്റേതാണ്.
ആമിര്‍ഖാനെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത 'ദംഗല്‍' എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി. 70 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടും 2000 കോടിയോളം നേടി. മഹാവീര്‍ സിങ് ഫൊഗട്ട് എന്ന ഗുസ്തി താരത്തിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കഥ പറഞ്ഞ ദംഗല്‍ ഇന്നും സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. സമൂഹത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് സ്വന്തം പെണ്‍മക്കളെ ഗുസ്തി ചാമ്പ്യന്‍മാരാക്കി, രാജ്യത്തിന് മെഡലുകള്‍ സമ്മാനിച്ച ഒരച്ഛന്റെ അസാമാന്യ ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥയാണ് ദംഗല്‍ പറഞ്ഞുവെച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള താരം
ബോളിവുഡിലെ സൂപ്പര്‍ താരം മാത്രമല്ല, അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ് ആമിര്‍ ഖാന്‍. 5000 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമകള്‍ക്കു പുറമേ നിരവധി ബ്രാന്‍ഡുകള്‍ക്കൊപ്പവും ആമിര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ നിര്‍മാണവും ആമിര്‍ഖാന്റെ കമ്പനിയുടേതാണ്. ഒരു സിനിമയ്ക്ക് പ്രതിഫലമായി 85 കോടി മുതല്‍ 100 കോടി വരെയാണ് താരം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനവും താരത്തിന് ലഭിക്കുന്നുണ്ട്. പ്രോഫിറ്റ് ഷെയറിങ്ങ് എന്ന ആശയം ഹിന്ദി സിനിമാലോകത്തേക്ക് കൊണ്ടുവന്നതുതന്നെ ഈ നടനാണ്.
ആഡംബര കാറുകളുടെ വലിയ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതില്‍ 6.83 കോടിയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ്, 3.4 കോടിയുടെ ബെന്റ്ലി ഫ്ലയിംഗ് സ്പര്‍, 11.6 കോടിയുടെ കസ്റ്റം ഡിസൈന്‍ ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് ബെന്‍സ് ട600 എന്നിവയാണ് ചിലത്. ബാന്ദ്രയില്‍ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയില്‍ 15 കോടി മൂല്യമുള്ള 2 ഏക്കര്‍ ഭൂമി, ബെവര്‍ലി ഹില്‍സില്‍ 75 കോടി വില മതിക്കുന്ന വസ്തു എന്നിവയെല്ലാം താരത്തിന്റെ ഉടമസ്ഥതയിലാണ്. ബാന്ദ്രയില്‍ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയില്‍ 15 കോടി മൂല്യമുള്ള 2 ഏക്കര്‍ ഭൂമി, ബെവര്‍ലി ഹില്‍സില്‍ 75 കോടി വില മതിക്കുന്ന വസ്തു എന്നിവയെല്ലാം താരത്തിന്റെ ഉടമസ്ഥതയിലാണ്.
ഇങ്ങനെ 'സമ്പന്നതയുടെ ബുര്‍ജ് ഖലീഫയില്‍' ജീവിക്കുമ്പോഴും, സാമൂഹിക പ്രതിബന്ധത മറക്കുന്നില്ല എന്നതാണ്, ഖാന്‍ ത്രയങ്ങളില്‍നിന്നും മറ്റ് ഹോളിവുഡ് നടന്‍മ്മാരില്‍നിന്നും ആമിറിനെ വ്യത്യസ്തനാക്കുന്നത്. ആമിര്‍ഖാന്‍ ഫൗണ്ടേഷനിലൂടെ കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് താരം നടത്തുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് അദ്ദേഹം ഏറെ ശ്രദ്ധ പതിപ്പിക്കുന്നത്. 'സത്യമേവ ജയതേ' പോലെ ഒരു ടെലിവിഷന്‍ ഷോ ഏറ്റെടുക്കാനുള്ള ധൈര്യവും മറ്റൊരു നടനും കാണില്ല. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതക്കും, അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കുമെതിരെയും ആമിര്‍ പ്രതികരിച്ചിട്ടുണ്ട്്. ''ഇന്ത്യ എന്റെ കുട്ടികള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍ മാറിയിരിക്കുന്നു . ഒരുവേള ഇന്ത്യ വിടുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു. വാര്‍ത്തമാന പത്രങ്ങള്‍ ദിവസവും നല്‍കുന്നത് വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം'' - ഒരിക്കല ആമിര്‍ തുറന്നടിച്ചു.
അതുകൊണ്ടുതന്നെ ഒരുകാലത്ത് സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു ഈ നടന്‍. 2020-ല്‍ ആമിര്‍ ഖാന്‍ തുര്‍ക്കിയെ പ്രഥമ വനിതയെ കണ്ടപ്പോള്‍ അതും സംഘപരിവാര്‍ വിവാദമാക്കി. ആഗസ്റ്റ് 15നാണ് ഈ കൂടിക്കാഴ്ച നടത്തലയത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം തന്നെ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യയുടെ ശത്രുവുമായി കണ്ടുമുട്ടി എന്നതാണു സംഘപരിവാര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ആമിര്‍ഖാന്‍ ഫൗണ്ടേഷന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് തെളിഞ്ഞു. അതോടെ വിമര്‍ശനങ്ങള്‍ അടങ്ങി. പക്ഷേ തന്റെ രാഷ്ട്രീയം എന്നും ആമിര്‍ ഉള്ളില്‍ കൊണ്ടുനടക്കാറുമുണ്ട്. 2018-ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ക്ഷണം ഉണ്ടായിട്ടും ആമിര്‍ പോയിരുന്നില്ല. അമിതാബച്ചന്‍, അഭിഷേക് ബച്ചന്‍ അടക്കമുള്ളവര്‍, പ്രധാനമന്ത്രിക്കൊപ്പം ആ വേദി പങ്കിട്ടിരുന്നു. പക്ഷേ ആമിര്‍ തന്റെ വ്യക്തിത്വം എവിടെയും പണയെപ്പെടുത്താല്‍ തയ്യാറായിട്ടില്ല.
പിരിഞ്ഞിട്ടും ഭാര്യമാര്‍ സുഹൃത്തുക്കള്‍
ഒരു ചലച്ചിത്രം പോലെ സംഭവബഹുലമാണ് ആമിര്‍ഖാന്റെ വ്യക്തി ജീവിതവും. മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് താരം. സിനിമാ നിര്‍മ്മാതാവായ റീന ദത്തയുമായി 1986-ലാണ് ആമിര്‍ വിവാഹിതരാകുന്നത്. 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. പിന്നീട് 2005-ല്‍ ആമിറും, ലഗാന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവും വിവാഹിതരായി. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. 2021-ല്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.
പക്ഷേ ഡിവോഴ്സിലും, ആമിര്‍ഖാനും പങ്കാളികളും മാതൃക പുലര്‍ത്തി. വേര്‍ പിരിഞ്ഞശേഷവും അവര്‍ നല്ല സുഹൃത്തുക്കളായി. രണ്ടുപേരുമായും അദ്ദേഹം ഇപ്പോഴും നല്ല ബന്ധം ആമിര്‍ പുലര്‍ത്തുന്നു. മക്കളുടെ വിവാഹത്തിനൊക്കെ ഇവര്‍ ഒത്തുചേര്‍ന്നു. 2011-ല്‍ സരോഗസി വഴിയാണ് ആമിറും, രണ്ടാംഭാര്യ കിരണ്‍ റാവുവും ഒരു കുട്ടിയുടെ അച്ഛനായത്. വിവാഹമോചനം നടന്നപ്പോള്‍ തന്നെ മകനെ സംയുക്തമായി സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. അതുപോലെ തുടര്‍ന്നും ആമിറും, കിരണും പ്രൊഫഷണലായി സഹകരിച്ചു. കിരണിന്റെ ഏറെ പ്രശസ്തമായ ലാപ്പതാ ലേഡീസ് എന്ന സിനിമ നിര്‍മ്മിച്ചത് ആമിര്‍ ആയിരുന്നു! ഡിവോഴ്സാവുന്ന പങ്കാളിയെ പിന്നെ കാണാന്‍കൂട്ടാക്കാത്ത, കള്ളക്കഥകളും, കള്ളക്കേസുകളും കൊടുക്കുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ, ഇതുപോലെ ഒരു സൗഹൃദം. വിവാഹമോചനം നേടിയിട്ടും ആമിറിന്റെ വീട്ടിലായിരുന്നു, കിരണിന്റെ തമാസം.
ആമിറിന്റെയും ആദ്യഭാര്യ റീന ദത്തയുടെ മകനായ ജുനൈദ് ഖാന്‍ ഇന്ന് അറിയപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകനാണ്. 2024 ജൂണില്‍ റിലീസായ മഹാരാജ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആമിര്‍ ഖാന്റെ തന്നെ പി.കെ. എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജുനൈദ് നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട്. തന്റെ 19 വയസുവരെയും അമ്മയും അച്ഛനും വഴക്കിടുന്നത് കണ്ടിട്ടില്ലെന്നും അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന ചിന്ത തനിക്കും സഹോദരിക്കും ഉണ്ടാകാതിരിക്കാന്‍ ഇരുവരും പ്രത്യേകം കരുതല്‍ എടുത്തിരുന്നതായും ജുനൈദ് പറയുന്നു.
''എനിക്ക് എട്ട് വയസുള്ളപ്പോഴാണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്. അവര്‍ ഒരുമിച്ചല്ല എന്ന ചിന്ത ഞങ്ങള്‍ക്ക് ഉണ്ടാവാന്‍ ഇരുവരും ഒരിക്കലും ഇടയാക്കിയിട്ടില്ല. എനിക്ക് 19 വയസാകുന്നതുവരെ അവര്‍ പരസ്പരം വഴക്കിടുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. നല്ല രണ്ട് മനുഷ്യര്‍ക്ക് ചിലപ്പോള്‍ പരസ്പരം നന്നായിരിക്കാന്‍ കഴിയില്ലായിരിക്കാം. പക്വതയോടെയാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തീരുമാനങ്ങള്‍ എടുക്കുമ്പോഴെല്ലാം അവര്‍ ഒറ്റക്കെട്ടായിരുന്നു. ഏറ്റവും പക്വമായ തീരുമാനമാണ് അവര്‍ കൈക്കൊണ്ടത്. അതുകൊണ്ടായിരിക്കാം, ഒരുപക്ഷേ അവര്‍ രണ്ടുപേരും സന്തോഷമായിരിക്കുന്ന ഒരു കുട്ടിക്കാലം എനിക്ക് കിട്ടിയത്,' ജുനൈദ് കൂട്ടിച്ചേര്‍ത്തു.''ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി എല്ലാ ചൊവ്വാഴ്ച വൈകുന്നേരവും കുടുംബത്തിന് വേണ്ടിയുള്ള സമയമാണ്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടുമ്പോള്‍ വഴക്കിനോട ശത്രുതയ്ക്കോ പ്രസ്‌കതിയില്ല''- ജൂനൈദ് പറയുന്നു.
എത്ര മനോഹരമായ കുടുംബ ബന്ധം. ആമിറിന്റെയും റീനയുടെയും വിവാഹമോചനം സൗഹാര്‍ദ്ദപരമാണെന്നതിനാല്‍ തനിക്ക് അതില്‍ ഒരിക്കലും ആഘാതമുണ്ടായില്ലെന്നാണ് മകള്‍ ഇറ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ''കുടുംബം മുഴുവന്‍ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു തരത്തിലും തകര്‍ന്ന കുടുംബമല്ല. വിവാഹമോചനത്തിനുശേഷവും ജുനൈദിനും എനിക്കും മാതാപിതാക്കളായിരിക്കുന്നതില്‍ എന്റെ മാതാപിതാക്കള്‍ നല്ല രീതിയിലായിരുന്നു''- ഇറ പറയുന്നു.
ഗൗരി സ്പ്രാറ്റിനെ തേടി മാധ്യമങ്ങള്‍
ബോല്‍ുഡിലെ സിനിമാ മാഗസിനുകള്‍ക്കും, ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്കും എന്നും ചാകരയാണ് താരങ്ങളുടെ പ്രണയങ്ങളും ഗോസിപ്പുകളും. അപ്പോള്‍ ആമിര്‍ഖാനെപ്പോലെ ഒരു താരത്തിന്റെ പ്രണയവാര്‍ത്ത കിട്ടിയാല്‍ അവര്‍ വെറുതെ വിടുമോ. പക്ഷേ നീണ്ട 18 മാസമാണ് ആമിര്‍ ഈ പ്രണയത്തെ പാപ്പരാസിക്കണ്ണുകളില്‍നിന്ന് ഒളിപ്പിച്ചുവെച്ചത്. തന്റെ അറുപതാം പിറന്നോള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം ആമിര്‍ ഖാന്‍ സ്ഥിരീകരിക്കുന്നത്.
2025 മാര്‍ച്ച് 14നാണ് താരത്തിന്റെ 60-ാം പിറന്നാള്‍. ഇതിന്റെ തലേദിവസമാണ് ഗൗരിയുമായി ഡേറ്റിങ്ങിലാണെന്ന് താരം സ്ഥിരീകരിക്കുന്നത്. മുംബൈയിലെ ഹോട്ടലില്‍വച്ച് ഗൗരിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ആമിര്‍ ഖാന്‍ തന്റെ ഭാവിപരിപാടികള്‍ എന്താണെന്നതിനെക്കുറിച്ചും വിശദീകരിച്ചു. പ്രണയം വെളിപ്പെടുത്തുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ആമിറിന്റെ പ്രതികരണം ഇങ്ങനെ-''ഞങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചുകഴിഞ്ഞു. ഇക്കാര്യം തുറന്നുപറയുന്നതില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രശ്‌നമൊന്നുമില്ല. 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഗൗരിയുമായി പരിചയപ്പെടുന്നത്. എന്നാല്‍ പിന്നീട് പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പാണ് പരിചയം പുതുക്കുന്നത്. ശാന്തമായും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്നത് ആര്‍ക്കൊപ്പമണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരാളെ കണ്ടെത്തിക്കഴിഞ്ഞു. തന്റെ മക്കള്‍ക്കും ഗൗരിയെ ഇഷ്ടമാണ്''- ആമിര്‍ ഖാന്‍ പറഞ്ഞു.
അതിനിടയിലാണ് ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് ഉയരുന്നത്. ഇതോടെ അമീറും ഗൗരിയും ചിരിച്ചു. തുടര്‍ന്നാണ് അമീര്‍ ഖാന്‍ ചോദ്യത്തിന് മറുപടി നല്‍കിയത്. ''ഞാന്‍ രണ്ടുതവണ വിവാഹിതനായിക്കഴിഞ്ഞു. 60-ാം വയസില്‍ ഇനിയും വിവാഹിതനാകുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. എങ്കിലും കാത്തിരുന്ന് കാണാം''- ഇതായിരന്നു താരത്തിന്റെ മറുപടി. ബെംഗളൂര്‍ സ്വദേശിയായ ഗൗരി ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആന്റ് ഫോട്ടോഗ്രഫിയില്‍ നിന്ന് ഫാഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ബിബിബ്ലെന്‍ഡ് സലോണിന്റെ ബിസിനസ് പങ്കാളിയായും കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്നും അവരുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നു. ഇവര്‍ക്ക് ആറുവയസ്സ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.
മുംബൈയിലെ വസതിയില്‍ വെച്ച് സല്‍മാനും ഷാറൂഖിനും തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി എന്നറിയിച്ച ആമിര്‍, സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തോട് തീരെ താത്പര്യമില്ലാത്ത ഗൗരി തന്റെ ദംഗല്‍, ലഗാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് കണ്ടിട്ടുളളതെന്നും പറയുന്നുണ്ട്. ഗൗരിയും താനും കഴിഞ്ഞ 18 മാസമായി പ്രണയത്തിലാണെന്നാണ് താരം പറയുന്നത്-''ഇതിനെ പറ്റി നിങ്ങള്‍ക്ക് ഒരു വിവരം പോലും ഇത്രയും നാള്‍ ഞാന്‍ തരാതിരുന്നില്ലേ' -എന്ന് ആമിര്‍ തമാശ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു.
ഇതെങ്ങനെ സാധിച്ചുവെന്നും താരം പിന്നാലെ വ്യക്തമാക്കിയിരുന്നു. ഗൗരി ബെംഗളൂരുവില്‍ താമസിച്ചിരുന്നതുകൊണ്ടു തന്നെ കൂടിക്കാഴ്ചകള്‍ അവിടെവെച്ചായിരുന്നു. മുംബൈയിലേതുപോലുള്ള മാധ്യമങ്ങളുടെ പൊല്ലാപ്പുകള്‍ അവിടെ കുറവാണ്. അങ്ങനെ മാധ്യങ്ങളുടെ കണ്ണില്‍പെടാതെ കഴിയാനായി-ആമിര്‍ പറഞ്ഞു. ഒരു പബ്ലിക് ഫിഗറായതോട് കൂടി ഗൗരിക്ക് സെക്യൂരിറ്റിയെ ചുമതലപ്പെടുത്തുമോ എന്നതിനും താരം മറുപടി നല്‍കി. താന്‍ ഇതിനോടകം തന്നെ അത് ചെയ്തിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമായ സമാധാനത്തിന് വേണ്ടിയാണെന്നും ആമിര്‍ പറഞ്ഞു.
മഹാഭാരതം എന്ന സ്വപ്ന പദ്ധതി
ഒരു സിനിമ പരാജയപ്പെട്ടാല്‍ മൂന്നാഴ്ചയോളം അതോര്‍ത്ത് കരയുന്ന നടനാണ് ആമിര്‍ ഖാന്‍. എബിപി നെറ്റ്വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു-''എന്റെ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഞാനാകെ തകര്‍ന്നുപോകും. രണ്ടുമുതല്‍ മൂന്നാഴ്ച വരെ അതോര്‍ത്ത് കരയും. പിന്നീട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമൊന്നിച്ചിരുന്ന് എവിടെയാണ് തെറ്റുപറ്റിയതെന്ന് ചര്‍ച്ച ചെയ്യും. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. ഞാന്‍ എന്റെ പരാജയങ്ങളെയും പരിഗണിക്കാറുണ്ട്''-ആമിര്‍ ഖാന്‍ പറയുന്നു.
ദംഗല്‍ അടക്കമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം ആമിര്‍ഖാന്റെ പേരിലാണെങ്കിലും പരാജയങ്ങളും അദ്ദേഹത്തിന് എറെയുണ്ടായിട്ടുണ്ട്. അത്തരം അപ്രതീക്ഷിത പരാജയങ്ങളുടെ പേരില്‍ ഇപ്പോള്‍ കുറച്ചുകാലമായി സിനിമയില്‍നിന്നുതന്നെ അദ്ദേഹം ബ്രേക്ക് എടുത്തിരുന്നു. ലാല്‍ സിങ് ഛദ്ദ, തഗ്‌സ് ഓഫ് ഹിന്ദുസ്താന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയമുണ്ടാക്കാത്തത് നിരാശപ്പെടുത്തിയിരുന്നു. ആ പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബം പിന്തുണയുമായി ഒപ്പമുണ്ടാകാറുണ്ട്'- ആമിര്‍ പറയുന്നു.
ലോക ക്ലാസിക് 'ഫോറസ്റ്റ് ഗംപിന്റെ' റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഗംഭീര വരുമാനം നേടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ലാല്‍ സിംഗ് ഛദ്ദ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യു.എസ്- വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഫോറസ്റ്റ് ഗംപ് ഇന്ത്യന്‍ സാഹചര്യത്തിലേക്ക് മാറ്റി എഴുതപ്പെട്ടപ്പോള്‍ ഒരുപാട് പോരായ്മകള്‍ സംഭവിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. ആമീര്‍ ഖാന് പുറമേ കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് എന്നിവരാണ് ലാല്‍ സിംഗ് ഛദ്ദയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഹാഭാരതം സിനിമയാക്കുക എന്നതാണ് ആമിര്‍ഖാന്റെ സ്വപ്ന പദ്ധതി. ഈ ഷഷ്ടിപൂര്‍ത്തി പ്രായത്തില്‍ അദ്ദേഹം ചിന്തിക്കുന്നതും ആ പ്രോജക്റ്റിനെ കുറിച്ച് തന്നെ. രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍ ആമിര്‍ അതിഥിതാരമായി എത്തും എന്നും വാര്‍ത്തയുണ്ട്. താരെ സമീന്‍ പര്‍ എന്ന തന്റെ ക്ലാസിക്ക് മൂവിയുടെ രണ്ടാം ഭാഗമായ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് താരമിപ്പോള്‍. താരെ സമീന്‍ പര്‍ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീന്‍ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്. ഈ ചിത്രം ആമിര്‍ഖാന്റെ ഒരു തിരിച്ചുവരവ് തന്നെയായിരിക്കുമെന്നാണ് ബോളിവുഡ് കരുതുന്നത്.
പ്രോജക്റ്റുകള്‍ ഇല്ലാത്തതല്ല ആമിര്‍ഖാന്റെ പ്രശ്നം. ഓരോ വര്‍ഷവും, നൂറുകണക്കിന് പ്രോജക്റ്റകളാണ് അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കപ്പെടുന്നത്. എന്നാല്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന പേരുള്ള ഈ നടന്, അതെന്നും ഇഷ്ടമാവുന്നില്ല. ഖാന്‍ ത്രയത്തിലെ മറ്റുള്ളവരെപ്പോലെയല്ല ആമിര്‍. ഒരേ ടൈപ്പിലുള്ള ചിത്രങ്ങള്‍ ആയാള്‍ക്ക് മടുക്കും, സിനിമയെന്നത് വെറുമൊരു പണ സമ്പാദന മാര്‍ഗവുമല്ല അയാള്‍ക്ക്. സാമൂഹിക പ്രതിബന്ധതയുള്ള ഒരു കലയാണ്. അതിനുള്ള പ്രയാണത്തിലാണ് അയാള്‍. അറുപതാംവയസ്സിലും 16ന്റെ ചെറുപ്പവുമായി. പ്രണയവും, സിനിമയും, സംഗീതവും, യാത്രകളും, സാമൂഹിക പ്രവര്‍ത്തനവുമായി ഈ ഷഷ്ടിപൂര്‍ത്തിക്കാലത്തും, ആമിര്‍ സജീവമാവുകയാണ്.
വാല്‍ക്കഷ്ണം: അതുപോലെ തന്നെ ആമിര്‍ തന്റെ മതം ഒരിക്കലും പങ്കാളികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ജന്‍മം കൊണ്ട് ഹിന്ദുക്കളായ അദ്ദേഹത്തിന്റെ ഭാര്യമാര്‍ അങ്ങനെ തന്നെ തുടരുന്നു. വിശ്വാസം അവരുടെ വ്യക്തിപരമായ കാര്യമാണെന്നും താന്‍ അതിലൊന്നും ഇടപെടാറില്ലെന്നുമാണ് ഒരിക്കല്‍ ആമിര്‍ പറഞ്ഞത്. ലൗ ജിഹാദ് ആരോപണങ്ങളുടെ കാലത്തൊക്കെ ചര്‍ച്ചചെയ്യേണ്ട ജീവിതമാണിത്!