ലണ്ടനില്‍ അടിച്ചുപൊളിച്ച് അനിസ്ലാമികമായി ജീവിച്ച യുവഡോക്ടര്‍; ജ്യേഷ്ഠന്‍ മരിച്ചതോടെ പിതാവിന്റെ പിന്‍ഗാമി; ആദ്യകാലത്ത് ഡമാസ്‌ക്കസ് വസന്തം; പിന്നീട് പതിനായിരങ്ങളുടെ കൊലപാതകി; എതിരാളികള്‍ക്ക് തടവറ; ഒടുവില്‍ പതനം; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷറിന്റെ വിചിത്ര ജീവിതം
ലണ്ടനില്‍ അടിച്ചുപൊളിച്ച് അനിസ്ലാമികമായി ജീവിച്ച യുവഡോക്ടര്‍
വെറും 11 ദിവസത്തെ പോരാട്ടം കൊണ്ട് ഒരു ഭരണകൂടം താഴെപ്പോവുക! സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം നിലംപതിച്ചതിന്റെ വേഗത ഞെട്ടിക്കുന്നതാണ്. അരനൂറ്റാണ്ട് നീണ്ടുനിന്ന, അസദ് കുടുംബത്തിന്റെ ക്രൂരമായ ഏകാധിപത്യത്തില്‍നിന്ന് സിറിയ ഇതോടെ മോചനം നേടുകയാണ്. പതിറ്റാണ്ടുകളായി തലയുര്‍ത്തി നില്‍ക്കുന്ന, ബാഷര്‍ അല്‍ അസദിന്റെയും, പിതാവും മുന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദിന്റെയും കൂറ്റന്‍ പ്രതിമകള്‍ തച്ചുടക്കുന്ന കാഴ്ചകളാണ് രാജ്യത്തെമ്പാടും. സ്വന്തം ജനതക്കുനേരെ രാസായുധംപോലും ഉപയോഗിച്ച ക്രൂരനാണ് സദ്ദാമിനെപ്പോലെ ബാഷറും. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്താല്‍, ആയിക്കണക്കിന് ആളുകളെയാണ് ജയിലിട്ട് ക്രൂരമായി പീഡിപ്പിച്ചത്.
ഇപ്പോള്‍ പട നയിച്ചെത്തിയ വിമത സൈന്യത്തോടൊപ്പം ചേരുന്ന ജനം, ബാഷറിന്റെ കൊട്ടാരം കൊള്ളയടിക്കയാണ്. നേരത്തെയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായേപ്പോള്‍ തുണയായിരുന്നത് റഷ്യയും പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമാണ്. ഇപ്പോള്‍ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ പെട്ടുകിടക്കുന്ന സമയം നോക്കിയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയുമൊക്കെ രഹസ്യ പിന്തുണയുള്ള വിമതര്‍ ആഞ്ഞടിച്ചത്. ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ, ബാഷറും കൂടുംബവും അഭയം തേടിയതും റഷ്യയില്‍ തന്നെയാണ്.
അതേസമയം, സകലരെയും വെറുപ്പിക്കുന്ന ബാഷര്‍ അല്‍ അസദിന് പോകാന്‍ അധികം രാജ്യങ്ങളുമില്ല. ജന്‍മം കൊണ്ട് ഷിയ മുസ്ലീമില്‍പെട്ട ബാഷര്‍, ഷിയ രാഷ്ട്രമായ ഇറാനുമായി നല്ല ബന്ധത്തിലാണ്. സത്യത്തില്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ ബന്ധം തന്നെയാണ്, അമേരിക്കയും ഇസ്രയേലും അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ നോട്ടപ്പുള്ളിയാക്കി ബാഷറിനെ മാറ്റിയത്. പക്ഷേ ഈ പതനം കൊണ്ട് സിറിയ കൂടുതല്‍ മതമൗലികവാദകളുടെ കൈയിലേക്ക് പോവുകയും, കൃത്യമായ ഒരു ഇസ്ലാമിക രാഷ്ട്രമാവുകയുമാണ് ചെയ്യുന്നത്. ആ രാജ്യത്തെ പത്തുശതമാനം വരുന്ന ക്രിസ്ത്യാനികളുടെയും, 13 ശതമാനം വരുന്ന ഷിയാ മുസ്ലീങ്ങളുടെയും അവസ്ഥ ഇനി കണ്ടറിയേണ്ടതാണ്.
ഒരു സിനിമാകഥപോലെ വിചിത്രമാണ് ബാഷര്‍ അല്‍ അസദിന്റെ ജീവിതവും. ഒരു നേത്രരോഗവിദഗ്ധര്‍ എന്ന രീതിയില്‍ പേരെടുക്കാന്‍ ആഗ്രഹിച്ചിരുന്ന അയാള്‍, യാദൃശ്ചികമായി രാഷ്ട്രീയത്തില്‍ എത്തുകയായിരുന്നു.
പിതാവ് പിടിച്ച അധികാരം
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ 1965 സെപ്റ്റമ്പര്‍ 11നാണ്, ബാഷര്‍ അല്‍ അസദ് ജനിക്കുന്നത്. പിതാവ് ഹാഫീസ് അല്‍ അസദിന്റെ ജീവിതം പറയാതെ ബാഷറിന്റെ കഥ പൂര്‍ത്തിയാവില്ല. കാരണം അധികാരം അദ്ദേഹത്തിന് പിതാവില്‍നിന്ന് പാരമ്പര്യമായെന്നോണം കിട്ടിയതാണ്. 1963-ലാണ് സിറിയയില്‍ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നത്. അന്നത്തെ അട്ടിമറിയില്‍ നിര്‍ണായക പങ്കുണ്ടായിരുന്ന വ്യക്തിയാണ് ബാഷര്‍ അല്‍ അസദിന്റെ പിതാവായ ഹാഫീസ്. അദ്ദേഹം ബാത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു, സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഭരണകൂടം ഹാഫീസിനെ സിറിയന്‍ വ്യോമസേനയുടെ മേധാവിയാക്കി. പക്ഷെ അധികം വൈകിയില്ല സൈന്യത്തിലും പാര്‍ട്ടിയിലും സ്വാധീനമുറപ്പിച്ച ഹാഫീസ്, 1966-ല്‍ ഭരണകൂടത്തെ അട്ടിമറിച്ചു. അതുവരെ ബാത്ത് പാര്‍ട്ടിയുടെ പരമ്പരാഗത നേതാക്കളാണ് ഭരണത്തിലുണ്ടായിരുന്നത്. അവരെ അട്ടിമറിച്ച് പുതിയ ചിലരെ ഭരണാധികാരികളാക്കി. അങ്ങനെ രണ്ടാമത്തെ അട്ടിമറിയിലും ഹാഫീസ് പ്രധാന പങ്കാളികളില്‍ ഒരാളായി.
പുതിയ സര്‍ക്കാര്‍ വന്നതോടെ ഹാഫീസ് പ്രതിരോധ മന്ത്രിയാക്കി. പക്ഷെ ഹാഫീസ് ഭരണം പിടിക്കാന്‍ അവസരം പാര്‍ത്തിരുന്നു. നാലു വര്‍ഷത്തിനിപ്പുറം അന്നത്തെ നേതാവ് സാലാ ജാദീദിനെ അട്ടിമറിച്ച് ഹാഫീസ് ഭരണം പിടിച്ചു, അങ്ങനെ സിറിയയുടെ പരമാധികാരിയായി. ഭരണത്തില്‍ പട്ടാളച്ചിട്ട കൊണ്ടുവന്ന് അതിന്റെപേരില്‍ പല കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ശീത യുദ്ധക്കാലത്ത് സോവിയറ്റ് യൂണിയന്റെ പക്ഷത്ത് ചേര്‍ന്നു. ഇസ്രയേലിനെതിരെ തിരിഞ്ഞു. ഭരണം പൂര്‍ണമായും ബാത്ത് പാര്‍ട്ടിയില്‍ നിന്ന് ഹാഫീസിലേക്ക് എത്തി. പാര്‍ട്ടിക്ക് ഭരണം പോയി, ഒരു ഏകാധിപതിയുടെ ഭരണമായി. എതിര്‍ത്തവരെ മുഴുവന്‍ കൊന്നൊടുക്കി.
ഇതിനിടെ സിറിയന്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ബാനറില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഹാഫീസിനെതിരെ അട്ടിമറി നീക്കം നടത്തിലെങ്കിലും അദ്ദേഹം അത് അടിച്ചമര്‍ത്തി. പിന്നീട് അനന്തരാവകാശിയെ കണ്ടെത്താനായി ശ്രമം. മൂത്ത മകന്‍ ബാസിലിയായിരുന്നു ഇതിനായി കണ്ടത്. അദ്ദേഹം കാറപകടത്തില്‍ മരിച്ചു. അങ്ങനെയാണ് രണ്ടാമത്തെ മകന്‍ ബാഷറിന് നറുക്കുവീഴുന്നത്.
ലണ്ടനിലെ കണ്ണു ഡോക്ടറില്‍ നിന്ന് ഏകാധിപതിയിലേക്ക്
കുട്ടിക്കാലം തൊട്ടേ പഠനത്തില്‍ മിടുക്കായിരുന്നു ബാഷര്‍.1988-ല്‍ ഡമാസ്‌കസ് സര്‍വ്വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കരസേനയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു. 4 വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനിലെ വെസ്റ്റേണ്‍ ഐ ഹോസ്പിറ്റലില്‍ നേത്രവിജ്ഞാനത്തില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നു. അവിടെ തന്നെ ഡോക്ടറായി ജോലിയും തുടങ്ങി. ആ സമയത്തൊക്കെ ഒരു നേത്രരോഗവിദഗ്ധനായി പേരെടുക്കണം എന്നായിരുന്നു ബാഷറിന്റെ ആഗ്രഹം. അനിസലാമികം എന്ന് വിളിക്കുന്ന, പാശ്ചാത്യ ജീവിത ശൈലിയായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെത്. ബ്രിട്ടിനില്‍ ജനിച്ചു വളര്‍ന്ന ഭാര്യ അസ്മ അല്‍ അഖ്റാസ് ഒക്കെ തീര്‍ത്തും പാശ്ചാത്യമായ ശൈലിയിലാണ് ജീവിച്ചത്.
1994- സഹോദരന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം സിറിയയിലേക്ക് തിരിച്ചു വരുവാന്‍ നിര്‍ബന്ധിതനായി. ഒട്ടും ഇഷ്ടമില്ലാതെയാണ്, ബാഷര്‍ ലണ്ടനോട് വിടപറഞ്ഞ് എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള പല കുറപ്പികളിലും കാണുന്നത്. പിതാവിനോടുള്ള വിധേയത്വം മാത്രമായിരുന്നു ഈ തീരുമാനിത്തിന് പിന്നില്‍. തുടര്‍ന്ന് മിലിട്ടറി അക്കാദമിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും അദ്ദേഹം ഹാഫീസിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ കലപാമുണ്ടായപ്പോള്‍ പിതാവ് ഹാഫീസ് അസദ് അതും അടിച്ചമര്‍ത്തി. എതിര്‍ത്ത ഉദ്യോഗസ്ഥരെ തരം താഴ്ത്തി. മറ്റുള്ളവരെ കൊന്നൊടുക്കി.
2000 ജൂണ്‍ 10-ന്, ഹാഫിസ് അല്‍ അസദ്ന്റെ മരണത്തെ തുടര്‍ന്ന് പ്രസിഡന്റ് ആയി. അന്ന് വെറം 34 വയസ്സായിരുന്നു ബാഷറിന് ഉണ്ടായിരുന്നത്. എന്നാല്‍ സിറിയന്‍ നിയമപ്രകാരം 40 വയസ്സ് വേണം പ്രസിഡന്റാക്കാന്‍. ഇത് മറികടക്കാന്‍,്ര്ര പസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രായപരിധി 34 വയസ്സാക്കി പാര്‍ലിമെന്റ് കുറച്ചുകൊടുത്തു. തുടര്‍ന്ന് രാജ്യവ്യാപകമായി ഹിത പരിശോധന നടത്തിയാണ്, പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പക്ഷേ ഈ ഹിതപരിശോധനയുടെ ബാലറ്റില്‍ ആകെ ഒരു പേരെ ഉണ്ടായിരിന്നുള്ളൂ! പ്രസിഡന്റ് ആയതോടെ ബാഷര്‍ സിറിയന്‍ സായുധ സേനയുടെ മേധാവിയും ബാത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി. അധികാരം സമ്പുര്‍ണ്ണമായി അദ്ദേഹത്തിലേക്ക് കേന്ദ്രീകരിച്ചു.
ആദ്യകാലത്ത് മികച്ച ഭരണാധികാരി
ആദ്യകാലത്ത് മികച്ച ഭരണാധികാരിയെന്ന് ബാഷര്‍ പേരെടുത്തിരുന്നു. കാരണം അടിമുടി പട്ടാളച്ചിട്ടയിലുള്ള, ഹാഫീസിന്റെ ഭരണത്തില്‍ സിറിയക്കാര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. അവര്‍ക്ക് അല്‍പ്പം സ്വാതന്ത്ര്യം കൊടുത്തത് ബാഷറാണ്. പിതാവിന്റെ കാലത്ത് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകളെ അദ്ദേഹം മോചിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യം അനുവദിച്ചു. പൊതു ഇടങ്ങള്‍ തുറന്നു. അതോടെ കലയുടെയും സംസ്‌ക്കാരത്തിന്റെയും നാട് എന്ന പഴയ കീര്‍ത്തി ഡമാസ്‌ക്കസ് തിരിച്ചു പിടിച്ചു. മാധ്യമങ്ങള്‍ 'ഡമാസ്‌ക്കസ് വസന്തം' എന്ന് എഴുതാന്‍ തുടങ്ങി. പക്ഷേ എല്ലാ അധികാരവും കൈയടക്കിവെച്ചിരിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും ഇത് അംഗീകരിക്കാനായില്ല. അവര്‍ ബാഷറിനെയിരെ തിരിഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ വിമതരും, മതമൗലികവാദികളും, ഐസിസ് അടക്കമുള്ള തീവ്രവാദഗ്രൂപ്പുകളുമെല്ലാം തക്കം പാര്‍ത്തിരിക്കയായിരുന്നു. അങ്ങനെയാണ് ബാഷറിനെ പുറത്താക്കാനുള്ള രഹസ്യനീക്കങ്ങള്‍ ഉണ്ടാവുന്നത്. ഇത് സിറിയന്‍ രഹസ്യപ്പോലീസ് മണത്തറിഞ്ഞു. പ്രതികളെ കണ്ട് ബാഷര്‍ ഞെട്ടി. താന്‍ അടുത്ത സുഹൃത്തുക്കളായി കരുതിയവര്‍ പോലും അതില്‍ ഉണ്ടായിരുന്നു. ഈ ഒരു പാളിപ്പോയ അട്ടിമറിക്കുശേഷം ലോകം കാണുന്നത്, മറ്റൊരു ക്രൂരനായ അസദിനെയാണ്. അയാള്‍ തീര്‍ത്തും സേഛ്യാധിപത്യത്തിലേക്ക് പോയി. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന രീതിയില്‍ തിരിച്ചടിച്ചു. ക്രമേണെ അയാള്‍ ലോകത്തിലെ ഏറ്റവും ക്രുരനായ ഭരണാധികാരിയായി മാറി.
സിറിയയിലെ കൊടും ക്രൂരന്‍
എതിരാളികളെയും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെയും അടിച്ചമര്‍ത്തിയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരച്ചുമാണ് ബാഷര്‍ സിറിയതെ അടക്കി ഭരിച്ചത്. തനിക്കെതിരെ ശബ്ദിക്കുമെന്ന് തോന്നുവനെപ്പോലും പിടിച്ച് അകത്തിട്ടു. സിറിയയിലെ ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞു. ഇപ്പോള്‍ വിമത സൈന്യം ജയിലുകളില്‍നിന്ന് ആയിരങ്ങളെയാണ് തുറന്നുവിട്ടത്. 'ചുവപ്പ് തടവറകള്‍' എന്ന് വിളിക്കുന്ന സിറിയയിലെ ജയിലുകളില്‍ നിന്നും വിമതര്‍ മോചിപ്പിച്ചത് മരണം കാത്തുകിടക്കുന്ന അനേകം സ്ത്രീകളെയും കുട്ടികളേയുമാണ്. വിമത പ്രവര്‍ത്തനം ആരോപിച്ച് ജയിലിലാക്കിയ നിരവധിപേരെ ഇതുവരെയും കണ്ടെത്താന്‍ ആയിട്ടില്ല. ബാഷറിന്റെ ക്രൂരതകള്‍ ഇനിയും ഏറെ പുറത്തു വരാനുണ്ടെന്ന് സാരം.
ഡമാസ്‌കസിലെ, 'മനുഷ്യ അറവുശാല' എന്നു കൂടി അറിയപ്പെടുന്ന സെഡ്‌നയ മിലിറ്ററി ജയിലില്‍ അതീവ സുരക്ഷയൊരുക്കിയ നിര്‍വധി ഭൂഗര്‍ഭ സെല്ലുകള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അവിടെയെല്ലാം എത്തിപ്പറ്റാന്‍ തന്നെ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇപ്പോള്‍, വിമതര്‍ ജയിലിന്റെ ചുമരുകള്‍ ഇടിച്ചു പൊളിച്ച് അതിനകത്തെ നൂറുകണക്കിന് അന്തേവാസികളെ ഓരോരുത്തരെയായി വിമത സൈന്യം പുറത്തേക്ക് കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ അക്കൂട്ടത്തിലുണ്ട്. പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിന്റെ, പീഢനകേന്ദ്രം എന്നു കൂടി അറിയപ്പെടുളന്ന ഈ ജയിലില്‍ 2011 മുതല്‍ 5000 മുതല്‍ 13,000 വരെ അന്തേവാസികളെ തൂക്കി കൊന്നിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അള്ളാഹു അക്ബര്‍ വിളികള്‍ക്കിടയില്‍, ജയിലില്‍ നിന്നും പുറത്തേക്ക് പിച്ചവെച്ച് നടന്നുവരുന്ന ഒരു കുരുന്നിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
2011-ലെ മുല്ലപ്പുവിപ്ലവക്കാലത്ത് തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയും ബാഷര്‍ അടിച്ചമര്‍ത്തി. ഇക്കാലത്ത് സിറിയ വലിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ആറു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രാസായുധങ്ങള്‍ വരെ ഉപയോഗിച്ചു. ആയിരക്കണക്കിന് കുര്‍ദുകളെയാണ് രാസായുധം ഉപയോഗിച്ച കൊന്നുതള്ളിയത്. 2017ലും 2018ലും രാസായുധം വന്‍ തോതില്‍ പ്രയോഗിക്കപ്പെട്ടു.
അന്നൊക്കെ ബാഷറിനെ രക്ഷിച്ചത് റഷ്യയായിരുന്നു. ഇപ്പോള്‍ റഷ്യയുടെ ശ്രദ്ധ യുക്രൈനില്‍ ആയതുകൊണ്ട് അവര്‍ക്ക് പഴയതുപോലെ ശൗര്യമില്ല. എനനിട്ടും ആലെപ്പോ വീണപ്പോള്‍ മുതല്‍ റഷ്യന്‍-സിറിയന്‍ പോര്‍വിമാനങ്ങള്‍ വിമതകേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും വിമതപോരാളികള്‍ തളരാതെ കുതിച്ചു. ഇതിനിടെ വിമര്‍തകര്‍ക്ക് വേണ്ടി ഇസ്രായേലും കളത്തിലിറങ്ങി, ഹിസ്ബുള്ളയുടെ ഒരു പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ചു. വിമതസേനകളെ സഹായിക്കാന്‍ യുക്രെയിന്റെ പരിശീലകര്‍ രംഗത്തിറങ്ങി എന്ന് രണ്ടു ദിവസം മുമ്പ് റഷ്യ ആരോപിച്ചിരുന്നു.
അതായത്, യുക്രൈനെതിരായ യുദ്ധത്തില്‍ വലിയ മേല്‍ക്കൈ നേടിയ റഷ്യയെ കൂടുതല്‍ തളര്‍ത്തി അവരുടെ പട്ടാളത്തിന്റെ ദൗര്‍ബല്യം മുതലെടുക്കാന്‍ ഇസ്രായേലും മറ്റു പാശ്ചാത്യ ശക്തികളും അമേരിക്കയും തീരുമാനിച്ചതാണെന്ന് ന്യായമായും സംശയിക്കാം. വിമത സൈന്യങ്ങളുടെ കയ്യില്‍ ഇത്രയധികം കവചിത വാഹനങ്ങളും ടാങ്കുകളും മിസൈലുകളും പടക്കോപ്പുകളും സജ്ജീകരണങ്ങളും ഒക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നു മാത്രം ആലോചിച്ചാല്‍ മതി. ബാഷര്‍ ഇറാന്‍ അനൂകുല നിലപാടുകള്‍ എടുത്തതാണ് യുഎസിനെ ചൊടിപ്പിച്ചത്.
ഇസ്ലാമിക രാജ്യമാകുമോ?
അഞ്ചുലക്ഷത്തിലേറെ ആളുകള്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ മരിച്ചത്. പലായനം ചെയ്യപ്പെട്ടത് 50 ലക്ഷത്തോളം പേരും.ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ വര്‍ഷം കൂനില്‍മേല്‍ കുരുവെന്നപോലെ, സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് വന്‍ ഭൂകമ്പമുണ്ടായി. ഇതിലും ആയിരങ്ങള്‍ മരിച്ചു. ഇതോടെ ശരിക്കും ഭൂമിയിലെ നരകം തന്നെയായി സിറിയ. ഇങ്ങനെ ജനം പട്ടിണികിടക്കുന്ന രാജ്യത്താണ് അധികാരമാറ്റം ഉണ്ടായിരിക്കുന്നത്. പക്ഷേ ഇതോടെ സിറിയയുടെ കഷ്ടകാലം വീണ്ടും വര്‍ധിക്കായാണ് ചെയ്യുക എന്ന് കരുതുന്നവരും ഉണ്ട്. കാരണം തീവ്ര മതമൗലികവാദികളാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.
ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം'' എന്നാണ് സിറിയന്‍ സര്‍ക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിര്‍ അല്‍-ഷാം (എച്ച്ടിഎസ്) മേധാവി അബു മുഹമ്മദ് അല്‍-ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. അള്ളാഹു അക്ബര്‍ മുഴക്കിയാണ് സിറിയന്‍ ജനതയെ ഗൊലാനി അഭിസംബോധന ചെയ്തത്. ഇറാന്റെ അതിമോഹങ്ങളും അത്യാഗ്രഹങ്ങളും വിളവെടുക്കുന്നതിന് സിറിയയെ കൃഷിയിടമാക്കി മാറ്റിയത് അസദ് കുടുംബത്തിന്റെ ഭരണമായിരുന്നുവെന്നും അല്‍ഗൊലാനി പ്രതികരിച്ചു.
ഡമാസ്‌ക്കസ് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ച മിന്നല്‍ വിമത ആക്രമണത്തിന് നേതൃത്വം നല്‍കിയത് എച്ച്ടിഎസ് നേതാവ് അല്‍ ഗാലാനി ആയിരുന്നു. രണ്ടാഴ്ച മുന്‍പ് ടെലഗ്രാം ചാനലിലൂടെ ആഹ്വാനം ചെയ്ത ക്യാമ്പയിന് പിന്നാലെയാണ് രാജ്യത്തെ ഭരണം അട്ടിമറിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. അമേരിക്ക പത്തുമില്യണ്‍ ഡോളര്‍ തലക്ക് വിലയിട്ട നേതാവാണ് ഗൊലാനി. നേരത്തെ അല്‍ഖായിദയുടെ നേതാവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വലംകൈയായിരുന്നു ഇദ്ദേഹം.
ഇപ്പോള്‍ ബാഷല്‍ അല്‍ അസദ് വീണതില്‍ എല്ലാവരും ആഹ്ലാദിക്കുന്നു. ബാഷര്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയെ ചരിത്രപരമായ ദിനമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പത്. ''അസദിന്റെ തകര്‍ച്ച അവരെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയ്ക്കും ഇറാനുമേറ്റ വലിയ തിരിച്ചടിയാണ്. സ്വേച്ഛാധിപത്യത്തില്‍ നിന്ന് മോചിതരാകാന്‍ ആഗ്രഹിച്ച ഒരു ജനതയുടെ പ്രതികരണമാണിത്''- നെതന്യാഹു പറയുന്നു. സിറിയന്‍ ജനതയ്ക്ക് തങ്ങളുടെ രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നാണ് ജോ ബൈഡന്‍ അസദ് ഭരണകൂടത്തിന്റെ പതനത്തെ വിശേഷിപ്പിച്ചത്.
പക്ഷേ ബാഷര്‍ കാലത്തേക്കാള്‍ ഇരുണ്ട ദിനങ്ങളാണ് സിറിയയയെ കാത്തിരിക്കുന്നത്. സിറിയില്‍ എത്തിയാല്‍ കൊല്ലപ്പെടുക എന്നത് തന്നെയാവും ബാഷര്‍ അസദിന്റെയും വിധി. പക്ഷേ ഇപ്പോഴും ഇറാന്റെയും, റഷ്യയുടെയും വന്‍ പിന്തുണ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ബാഷറിന്റെ പൂര്‍ണ്ണമായി എഴുതിതള്ളാന്‍ കഴിയില്ല. റഷ്യയില്‍ ഇരുന്നുകൊണ്ടുതന്നെ, മറ്റൊരു സേനയെ കെട്ടിപ്പെടുക്കാനും അട്ടിമറിയിലുടെ തിരിച്ചുവരാനും അയാള്‍ ശ്രമിച്ചേക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ്. സിറിയയുടെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കില്ല. ഇനിയും ഒുപാട് രക്തം ആ രാജ്യത്തിലൂടെ ഒഴുകും എന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: ബംഗ്ലാദേശില്‍ ഷേയ്ഖ് ഹസീനയെ പുറത്താക്കിയപ്പോള്‍ അതിനേക്കാള്‍ ഭീകരന്‍മ്മാരായ ജമാഅത്തെ ഇസ്ലാമിപോലുള്ളവക്കായി അധികാരം നിയന്ത്രണം. അതുപോലെ സിറിയയും, മറ്റൊരു അഫ്ഗാനിസ്ഥാന്‍ ആവുമോ എന്നാണ് ആശങ്ക ഉയരുന്നത്.