73 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അജ്ഞാതന്‍; മറഞ്ഞിരിക്കുന്ന ക്രിപ്റ്റോ രാജാവിനെ കണ്ടെത്തിയെന്ന് എച്ച്ബിഒ; സതോഷി നകാമോട്ടോ എന്ന വ്യാജപേരില്‍ അറിയപ്പെട്ടയാള്‍ ആര്? നിഷേധിച്ച് 'ആരോപണ വിധേയന്‍'; ബിറ്റ് കോയിന്റെ പിതാവിനെ തേടി ആഗോള ബിസിനസ് ലോകം
കാണാമറയത്തെ ക്രിപ്‌റ്റോ രാജാവ് ആര്?
ലോകത്തിലെ ഏറ്റവും മിടുക്കനായ സൈബര്‍ ഫിനാഷ്യല്‍ ജീനിയസ്! കാണാമറയത്തിരിക്കുന്ന ആ ശതകോടീശ്വരനെക്കുറിച്ചാണ് ബിസിനസ് ലോകം ഇന്ന് ചര്‍ച്ചചെയ്യുന്നത്. ബിറ്റ്കോയിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന, സതോഷി നകാമോട്ടോ എന്ന ജപ്പാന്‍ പേരുള്ളയാള്‍ ആരാണ്? ഒരു വ്യക്തിയാണോ ഒരു കുട്ടം ആളുകളാണോ? ആഗോള സാമ്പത്തിക രംഗത്തിന്റെ ഗതിവിഗതികള്‍ തന്നെ നിയന്ത്രിച്ച ബിറ്റ്കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സിയുടെ ഉപജ്ഞാതാവായി കരുതുന്ന, സതോഷി നകാമോട്ടോ ആരാണെന്ന് കണ്ടത്താന്‍ നിരവധി പഠനങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ആര്‍ക്കും അത് പിടികിട്ടിയിട്ടില്ല. ഇപ്പോഴിതാ ബിറ്റ്‌കോയിന്റെ പിതാവിലേയ്ക്ക് വെളിച്ചം വീശി എച്ച്ബിഒയുടെ ഒരു ഡോക്യൂമെന്ററി പുറത്തുവന്നിരിക്കയാണ്. സതോഷി നകാമോട്ടോ ആരാണെന്ന് തങ്ങള്‍ പഠനങ്ങളിലൂടെ കണ്ടെത്തിയെന്നാണ് എച്ച്ബിഒ അവകാശപ്പെടുന്നത്!
ബിറ്റ്കോയിന്‍ ഉന്നതങ്ങളിലേക്ക് നീങ്ങുമ്പോഴാണ് പുതിയ വെളിപ്പെടുത്തലും ഉണ്ടാവുന്നത്. അമേരിക്കയില്‍ ട്രംപ് ജയിച്ച ദിവസം ബിറ്റ് കോയിന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കയാണ്. ചരിത്രത്തില്‍ ആദ്യമായി ബിറ്റ് കോയിന്‍ 80,000 ഡോളറിന് സമീപം ക്ലോസിങ് നടത്തിയത് അന്നാണ്. ഡിജിറ്റല്‍ ആസ്തികളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ മികച്ച വിജയമാണ് ക്രിപ്റ്റോ വിപണികളെ അര്‍മാദത്തിലാക്കിയത്. ഡിജിറ്റല്‍ ആസ്തി വ്യവസായത്തില്‍ യു.എസിനെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു, ബിറ്റ് കോയിന്‍ സ്റ്റോക്ക് പൈല്‍ അടക്കമുള്ള പുതിയ ചുവടുകള്‍ വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിജിറ്റല്‍ അസറ്റുകളുമായി ബന്ധപ്പെട്ട് റെഗുലേറ്റര്‍മാരെ നിയമിക്കുമെന്നതും വിപണിക്ക് പ്രതീക്ഷ നല്‍കിയ പ്രഖ്യാപനമായിരുന്നു.
ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രതികൂലമായ നിലപാട് സ്വീകരിച്ച ജോ ബൈഡന്റ രീതികള്‍ക്ക് കടകവിരുദ്ധമാണ് ട്രംപിന്റെ നിലപാടുകള്‍. ഇതാണ് വിപണികള്‍ ആഘോഷമാക്കിയത്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ല്‍ സതോഷി നകാമോട്ടോ ആണ് ബിറ്റ്കോയിന്‍ അവതരിപ്പിച്ചത്. ഇത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ധര്‍ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. ആ രഹസ്യമാണ് ഇപ്പോള്‍ വെളിയില്‍ വന്നതായി പറയുന്നത്.
സതോഷി ആരാണെന്ന് അറിയുന്നതിന് മുമ്പ്, എന്താണ് ബിറ്റ്കോയിനെന്നും, ലോകത്ത് എന്തുമാറ്റമാണ് അത് ഉണ്ടാക്കിയതെന്നും പഠിക്കേണ്ടിയിരിക്കുന്നു.
എന്താണ് ബിറ്റ് കോയിന്‍?
ബിറ്റ്കോയിന്‍, ക്രിപ്‌റ്റോ കറന്‍സി എന്നൊക്കെ നാം ധാരാളം കേള്‍ക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അത് അത്രയൊന്നും പിടിയില്ല. കാരണം രൂപ, പൗണ്ട്, ഡോളര്‍, ദിര്‍ഹം തുടങ്ങിയ കറന്‍സി രൂപങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി കാണാനും തൊടാനും കഴിയാത്ത, കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിക്കുന്ന ഒരു നാണയവ്യവസ്ഥയാണ് അത്. ഇതിന് ദേശ, രാജ്യങ്ങളൊന്നും ബാധകമല്ല. ഡിജിറ്റലായി വിനിമയം ചെയ്യുന്ന, ഡിജിറ്റല്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്ന കാണാപ്പണം! ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും മൂല്യമുള്ള ടോക്കണ്‍ ആണ് ബിറ്റ്‌കോയിന്‍. ഡിജിറ്റല്‍ കോയിന്‍ എന്ന ആശയത്തിന്റെ തുടക്കം തന്നെ ബിറ്റ്‌കോയിനില്‍ നിന്നാണെന്നു പറയുന്നതിലും തെറ്റില്ല.
ക്രിപ്‌റ്റോ എന്നാല്‍ 'ഡാറ്റ ഇന്‍സ്‌ക്രിപ്ഷന്‍' എന്നാണര്‍ഥം. ക്രിപ്‌റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെര്‍ച്വല്‍ കറന്‍സികള്‍ ആണ് ക്രിപ്‌റ്റോ കറന്‍സി. എന്നുണ്ടായി, ആരുണ്ടാക്കി എന്നൊന്നും കൃത്യമായ വ്യക്തത വന്നിട്ടില്ലെങ്കിലും 1980കളില്‍ ആരംഭിച്ച സൈബര്‍ കറന്‍സി എന്ന സങ്കല്പമാണ് ഇതിന്റെ തുടക്കക്കാരന്‍. 2008-ലെ സാമ്പത്തികമാന്ദ്യമാണ് ഇത്തരമൊരു നിയന്ത്രണങ്ങളില്ലാത്ത കറന്‍സിയെക്കുറിച്ചുള്ള ചിന്തയുദിക്കാന്‍ കാരണമെന്നും പറയുന്നുണ്ട്.
2008-ല്‍ സതോഷി നകാമോട്ടോ എന്ന വ്യാജപ്പേരുകാരനായ ഒരാളോ ഒരുകൂട്ടം ഡിജിറ്റല്‍ വിദഗ്ധരോ ആണ് ഇതിനുപിന്നിലെന്നാണ് ഇപ്പോഴുള്ള ധാരണ. സതോഷി നകാമോട്ടോ 'ബിറ്റ്‌കോയിന്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ഒരു ഇ- പേപ്പര്‍ പ്രസേന്റഷന്‍ ആണ് ക്രിപ്റ്റോയുഗത്തിന് തുടക്കമിട്ടത്. 2009-ല്‍ തന്നെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറില്‍ സതോഷി നകാമോട്ടോ ബിറ്റ്‌കോയിന്‍ പ്രോട്ടോകോള്‍ ഉണ്ടാക്കി പുറത്തുവിട്ടു. 2009 ജനുവരി 12-ന് നക്കമോട്ടോയും ഹാള്‍ ഫെന്നിയും തമ്മില്‍ ആദ്യത്തെ 10,000 ബിറ്റ്‌കോയിന്‍ ഇടപാട് നടത്തി. ഫെബ്രുവരിയില്‍ 10,000 ബിറ്റ്‌കോയിന്‍ കൊടുത്ത് രണ്ട് പപ്പാ ജോണ്‍സ് പീസ കൈമാറിയതോടെ ഇന്ന് ട്രില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ട്രാന്‍സാക്ഷെന്റ തുടക്കം കുറിച്ചു. 2017 മുതലാണ് ക്രിപ്‌റ്റോ കറന്‍സി തരംഗം ആരംഭിക്കുന്നത്. ഇന്ന് ബിറ്റ്‌കോയിന്‍ പോലെ പത്തിലധികം ക്രിപ്‌റ്റോ കറന്‍സികള്‍ രംഗത്തുണ്ട്.2018ല്‍ 820 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ വിവിധ ആളുകളുടെ ഡിജിറ്റല്‍ വാലറ്റുകളില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കുകയുണ്ടായി.
'ബ്ലോക് ചെയിന്‍' സാങ്കേതികവിദ്യയിലൂടെയാണ് ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്. ട്രിപ്പിള്‍ എന്‍ട്രി ബുക്ക് കീപ്പിങ് സംവിധാനത്തിലൂടെയാണ് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. അതായത് ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുന്ന രണ്ടുപേരുടെ ഇടപാട് മൂന്നാമതൊരാള്‍ കണ്‍ഫേം ചെയ്യുകയും ഇവ മൂന്നും ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ഇതോടെ ബിറ്റ്‌കോയിന്റെ സഞ്ചാരപഥങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയും എന്നാണ് ബിറ്റ്‌കോയിന്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ബിറ്റ്‌കോയിന്‍ തന്നെയാണ്. Ethereum, Binance Coin, Tether, Cardano, Polkadot, XRP, Uniswap, Lite Coin, Theta തുടങ്ങി പത്തിലധികം ക്രിപ്‌റ്റോ കറന്‍സികള്‍ നിലവിലുണ്ട്.
ഡിജിറ്റല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താണ് ക്രിപ്‌റ്റോ ഇടപാടുകള്‍ ആരംഭിക്കുന്നത്. ഡിജിറ്റലായി ഉണ്ടാക്കിയ ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകള്‍ വഴിയാണ് ഇടപാടുകള്‍ പ്രധാനമായും നടക്കുന്നത്. ഇപ്പോള്‍ ധാരാളം ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകള്‍ ലോകത്ത് നിലവിലുണ്ട്. ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാര്‍ ഒരു ബിറ്റ് കോയിന്‍ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കില്‍ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിന്‍ വാങ്ങാന്‍ ഉപയോഗിക്കാം. ബിറ്റ് കോയിനുകള്‍ വാലറ്റിലോ, കമ്പ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറന്‍സി പോലെ ഉപയോഗിക്കാവുന്നതല്ല.
ഇത് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
ലളിതമായ ഒരു ഉദാഹരണം വഴി ബിറ്റ്കോയിന്റെ പ്രവര്‍ത്തനം ഇങ്ങനെ വിശദീകരിക്കാം. നിങ്ങളുടെ കൈയ്യില്‍ ഒരു പുസ്തകമുണ്ട്, ഒരു ലൈബ്രറിയില്‍ നിന്ന് വാങ്ങിയതാണ്. അടുത്തയാള്‍ക്ക് കൊടുക്കാം. അതോടെ ആ പുസ്തകം വാങ്ങിയ ആളുടെ കൈയ്യിലാണ്. നിങ്ങളുടെ കൈയ്യില്‍ ഒന്നുമില്ല.ഇങ്ങനെയാണ് സാധാരണ ഏതൊരു വസ്തുവും നാം നല്‍കുക. ഈ സംഭവം നമുക്ക് ഡിജിറ്റലാക്കാം. ഡിജിറ്റല്‍ പുസ്തകം അഥവാ പിഡിഎഫ് ആണ് കൊടുക്കുന്നതെങ്കിലോ?. അത് ഒരാള്‍ക്ക് മാത്രമായി സ്വന്തമായി കൊടുക്കാനാകുമോ?.ഇല്ല, കാരണം വാട്സ് ആപ്പിലോ മെയിലിലോ മെസഞ്ചറിലോ ഒക്കെ എത്ര പേര്‍ക്ക് വേണമെങ്കിലും ഡിജിറ്റല്‍ പുസ്തകം കൊടുക്കാം. എത്ര കോപ്പികള്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം.
സാധാരണ ഡിജിറ്റല്‍ കൈമാറ്റത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. ഇതേ പ്രശ്നം കംപ്യൂട്ടറില്‍ സൃഷ്ടിക്കുന്ന പണത്തിനുമുണ്ടാവില്ലേ എന്നാണ് സംശയം?. ന്യായമായ സംശയം, കമ്പൂട്ടര്‍ വിദഗ്ധര്‍ ഇങ്ങനെ നിരവധി തവണ പണം ചിലവാക്കുന്നതിനെ ഡബിള്‍ സ്പെന്‍ഡിംഗ് പ്രോബ്ളം എന്നു പറയുന്നു. അടുത്ത സംശയം പുസ്തകത്തിന്റെ കള്ളപതിപ്പുകള്‍ ലൈബ്രറി ഷെല്‍ഫില്‍ ഇടയില്‍ ആരെങ്കിലും തിരുകിയാല്‍ കുളമാവില്ലേ?. അതോപോലെയല്ലേ പണത്തിന്റെ ഫേക്ക് രൂപമുണ്ടാക്കി. ആര്‍ക്കും ബിറ്റ്കോയിനുണ്ടാക്കാനിവില്ലേ?. എന്നാല്‍ നമ്മുടെ ലൈബ്രറിയില്‍ ഒരു പുസ്തകം കൈമാറ്റം ചെയ്യുന്നത് രേഖപ്പെടുത്താനായി പുസ്തകം സൂക്ഷിച്ചാലോ?. അതേപോലെ കൊടുക്കുന്നയാള്‍ക്ക് മാത്രം ഷെല്‍ഫ് തുറന്ന്. പുസ്തകമെടുക്കാനാവുന്ന ഒരു താക്കോലും നല്‍കിയാലോ?, അതെ ലൈബ്രറി ചില്ലിലൂടെ പുസ്തകങ്ങളും ലെഡ്ജറുമെല്ലാം ലൈബ്രറിയിലെല്ലാവര്‍ക്കും കാണാം. ഇതോപോലെ ബിറ്റ്കോയിന്റെ വരവു ചിലവറിയാന്‍ ഒരു ലെഡ്ജറുണ്ട്.
അപ്പോള്‍ നമ്മുടെ കൈയ്യിലെ ലെഡ്ജര്‍, നമ്മുടെ പേന, ലെഡ്ജറില്‍ എന്തും എഴുതി വെയ്ക്കാമല്ലോ?, അതേപോലെ ഈ ആരെങ്കിലും മാറ്റങ്ങള്‍ വരുത്തിയാലോ?അതിനും പരിഹാരമുണ്ട്. ഈ ലെഡ്ജറിന്റെ ഒരു കോപ്പി എല്ലാവരുടെയും കൈയ്യില്‍ തത്സമയം ലഭിച്ചാലോ?പുസ്തക കൈമാറ്റം സുഗമമാകും. പുസ്തകം ഇപ്പോള്‍ ആരുടെ കൈയ്യിലാണെന്നും ആര്‍ക്ക് കൈമാറിയെന്നും കണ്ടെത്താം. പണം കൈമാറുന്ന എല്ലാ കംപ്യൂട്ടറിലും വിവരങ്ങള്‍ സൂക്ഷിക്കുന്നു, ഓരോ തവണയും കൈമാറ്റം സംഭവിക്കുമ്പോള്‍ വിവരങ്ങള്‍ റെക്കോര്ഡാവുന്നു.
ഇത്തരമൊരു ലെഡ്ജറുണ്ടാക്കുന്നതും ഇടപാട് ആദ്യം തുടങ്ങിയതും ആരായിരിക്കും. അതെ പുസ്തകത്തെ ഒരു ബിറ്റ്കോയി, കരുതിയാല്‍ ആദ്യ ഷെല്‍ഫും പുസ്തകവും നിയമവുമൊക്കെ എഴുതിയുണ്ടാക്കിയത് സതോഷി നക്കാമൊതോ എന്ന അജ്ഞാതനാണ്.ക്രിപ്‌റ്റോഗ്രാഫി അഥവാ രഹസ്യകോഡുകളാണ്.ഈ 'ഇല്ലാ' കറന്‍സിയുടെ അടിസ്ഥാനം. ഓരോ കോഡിലും കൈമാറ്റം ചെയ്ത വിവരങ്ങളുണ്ടായിരിക്കും.
കൈമാറ്റത്തില്‍ നടക്കുന്ന ഓരോ ഇടപാടും കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ പരസ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പരസ്യമായി ഒരു ഐഡി മാത്രമേ കാണൂ. ഏത് നാണയം അഥവാ പുസ്തകം ആരുടെ ഉടമസ്ഥതയിലാണോയെന്ന് ചെയിന്‍ വഴി മനസ്സിലാക്കാനാവും. മറ്റാരുടെയും ഉടമസ്ഥതയിലല്ല അസലാണ് ബിറ്റ് കോയിനെന്ന, തിരിച്ചറിയാന്‍ ലെഡ്ജറുകളിലെ ബ്ളോക്ക് ചെയിനുകള്‍ സഹായിക്കും. ഈ ലെഡ്ജര്‍ ആവുന്ന, ബിറ്റ്കോയിന്റെ ആദ്യത്തെ ബ്ലോക്ക്ചെയിനും ഡാറ്റാബേസും നാകാമോട്ടോയാണ് ആവിഷ്‌കരിച്ചു.
2010 പകുതി വരെ നകാമോട്ടോ ബിറ്റ്‌കോയിന്റെ സോഫ്‌റ്റ്വെയറില്‍ മറ്റ് ഡെവലപ്പര്‍മാരുമായി സഹകരിക്കുന്നത് തുടര്‍ന്നു. സോഴ്‌സ് കോഡില്‍ തന്നെ എല്ലാ പരിഷ്‌ക്കരണങ്ങളും വരുത്തി. തുടര്‍ന്ന് അദ്ദേഹം സോഴ്സ് കോഡ് റിപ്പോസിറ്ററിയുടെയും നെറ്റ്വര്‍ക്ക് അലേര്‍ട്ട് കീയുടെയും നിയന്ത്രണം ഗാവിന്‍ ആന്‍ഡ്രെസെന് നല്‍കി. കൂടാതെ നിരവധി അനുബന്ധ ഡൊമെയ്‌നുകള്‍ ബിറ്റ്‌കോയിന്‍ കമ്മ്യൂണിറ്റിയിലെ വിവിധ പ്രമുഖര്‍ക്ക് കൈമാറുകയും ചെയ്തു.
2021-ലെ കണക്കനുസരിച്ച്, 750,000-നും 11,00,000-നും ഇടയില്‍ ബിറ്റ്‌കോയിന്‍ നകാമോട്ടോയുടെ ഉടമസ്ഥതയിലുള്ളതായി കണക്കാക്കപ്പെടുന്നു. 2021 നവംബറില്‍, ബിറ്റ്കോയിന്‍ 68,000 ഡോളറില്‍ കൂടുതല്‍ മൂല്യത്തില്‍ എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ആസ്തി 73 ബില്യണ്‍ ഡോളര്‍ വരെയാകുമായിരുന്നു, അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ 15-ാമത്തെ വ്യക്തിയായി.
ലോകത്തിന്റെ സമ്പദ്ഘടനയെ മാറ്റിമറിച്ചു
ശക്തമായ നിയന്ത്രണസംവിധാനങ്ങള്‍ കൊണ്ടുവന്നില്ലായെങ്കില്‍ രാജ്യാന്തര സമ്പദ്വ്യവസ്ഥയെ ബാധിക്കാനും ഉപഭോക്താക്കള്‍ വലിയതോതില്‍ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട് എന്ന ക്രിപ്റ്റോ കറന്‍സികള്‍ക്കുനേരെ വിമര്‍ശനം ഉണ്ട്. ഇപ്പോള്‍ ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളില്‍ പോലും ക്രിപ്‌റ്റോ കറന്‍സിയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമ സംവിധാനങ്ങളില്ല. അമേരിക്കയില്‍ നാഷണല്‍ ക്രിപ്‌റ്റോ കറന്‍സി എന്‍ഫോഴ്‌സ്മെന്റ് ടീം ഉണ്ടാക്കി ക്രിപ്‌റ്റോ കറന്‍സിയുടെയും മറ്റു ഡിജിറ്റല്‍ ആസ്തികളുടെയും ദുരുപയോഗം കണ്ടുപിടിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ചൈനയും റഷ്യയും ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിരോധിച്ചിരിക്കയാണ്. യു.കെ. അല്പം ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും നിയമനിര്‍മാണമൊന്നും ഉണ്ടായിട്ടില്ല. ഡിജിറ്റല്‍ അസറ്റുകളില്‍നിന്നും 30 ശതമാനം നികുതി പിരിക്കുമെന്ന ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. പൊതുവെ, ബാങ്കുകളൊന്നും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി സ്വീകരിച്ചുതുടങ്ങിയിട്ടില്ലെങ്കിലും അമേരിക്കയിലെ ഭീമന്‍ ബാങ്കുകളായ മോര്‍ദാന്‍ സ്റ്റാന്‍ലിനും ബി.എന്‍.വൈ. ബാങ്കും അവരുടെ വിശ്വാസയോഗ്യരായ ഉപഭോക്താക്കളില്‍നിന്ന് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സ്വീകരിക്കുന്നുണ്ട്.
ബിറ്റ്‌കോയിന്‍ സുരക്ഷിത ഇടപാടുകള്‍ ഉറപ്പുതരുന്നു എന്ന് പറയുന്നത് കാപട്യമാണെന്ന് 2021 ഏപ്രിലിലെ സൗത്ത് ആഫ്രിക്കന്‍ സ്‌കാം തെളിയിച്ചുകഴിഞ്ഞു. ആഫ്രിക്കയിലെ ക്രിപ്‌റ്റോ കറന്‍സി ഏജന്‍സി ഉടമകളായ റെയ്‌സ്‌കാജിയും അമീര്‍കാജിയും കൂടി 3.8 ബില്യന്‍ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുമായി അപ്രത്യക്ഷമായി. മറ്റൊരു കമ്പനിയായ മിറര്‍ ട്രേഡിങ് ഇന്റര്‍നാഷണല്‍ മുങ്ങിയത് 170 മില്യണ്‍ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുമായാണ്. 2014ല്‍ ലോകത്തെ ഏറ്റവും വലിയ ബിറ്റ്‌കോയിന്‍ എക്‌സ്ചേഞ്ചായ എടിഗോക്സ് അവരുടെ ഇടപാടുകാരുടെ ഹാക്കിങ്ങും, കളവും മൂലം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. 2017 നവംബര്‍ 21-ന് ടെതര്‍ ക്രിപ്റ്റോ കറന്‍സി ഹാക്കര്‍മാരാല്‍ കൊള്ളചെയ്യപ്പെട്ടു. ഇത്തരത്തില്‍ പുറത്തുവന്നിട്ടുള്ളതും ഇല്ലാത്തതുമായ ക്രിപ്‌റ്റോ ലൂട്ടിങ് അനുബന്ധമായിത്തന്നെ നടക്കുന്നുണ്ട് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും, ലഹരി വില്‍പ്പന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു ബിറ്റ്കോയിന്‍ സഹായകമാകും എന്ന ആശങ്കയാല്‍ പല രാജ്യങ്ങളിലും ബിറ്റ്കോയിന് നിയന്ത്രണമുണ്ട്.
പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തിന്റെ സമ്പദ് ഘടനയെതന്നെ ബിറ്റ്കോയിന്‍ മാറ്റിമറിച്ചു. അതിപിന്നില്‍ പ്രവര്‍ത്തിച്ച തല ആരാണെന്ന് അറിയാന്‍ ലോകം ആകാക്ഷയോടെ കാത്തിരിക്കയായിരുന്നു. അപ്പോഴാണ് എച്ച്ബിഒ ഡോക്യൂമെന്റി എത്തുന്നത്.
പീറ്റര്‍ ടോഡ് ആണോ സതോഷി?
ഒടുവില്‍ ഡിജിറ്റല്‍ കറന്‍സി ലോകത്തെ രാജാവ് എന്നു വാഴ്ത്തപ്പെടുന്ന ബിറ്റ്‌കോയിന് പിന്നിലെ തല പുറത്തായതായി ലോക മാധ്യമങ്ങള്‍ പറയുകയാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ സൃഷ്ടാവ് കനേഡിയന്‍ സോഫ്റ്റെവയര്‍ എന്‍ജിനീയര്‍ പീറ്റര്‍ ടോഡ് ആണെന്ന് എച്ച്ബിഒ ഡോക്യൂമെന്ററിയായ മണി ഇലക്ട്രിക് പറയുന്നത്. നാളിന്നു വരെ സതോഷി നകാമോട്ടോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തി പീറ്റര്‍ ആണെന്നാണ് ഡോക്യൂമെന്ററി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഈ അവകാശവാദം വന്‍ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു.
അതേസമയം എച്ച്ബിഒ ഡോക്യുമെന്ററിയുടെ അവകാശവാദങ്ങള്‍ ടോഡ് തന്നെ തള്ളിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ നിഗമനങ്ങളെ 'പരിഹാസ്യമായത്' എന്നും, സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കി താന്‍ സതോഷി അല്ല എന്നും ടോഡ് സോഷ്യല്‍ മീഡിയകളില്‍ സമര്‍ത്ഥിക്കുന്നു. സംവിധായകനായ കലന്‍ ഹോബാക്കിന്റെ ചിത്രം ബിറ്റ്‌കോയിന്റെ ഉത്ഭവം പര്യവേക്ഷണം ചെയ്യുന്നതാണ്. ബിറ്റ്‌കോയിന്റെ വികസനത്തിലെ പ്രധാന വ്യക്തികളെ അദ്ദേഹം അഭിമുഖം ചെയ്യുന്നു. ടോഡിന്റെ 2010 -ലെ ഒരു ഫോറം പോസ്റ്റാണ് ഡോക്യുമെന്ററിയുടെ സുപ്രധാനമായ അവകാശവാദങ്ങളിലൊന്ന്. സതോഷി ആരംഭിച്ച ഒരു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്താണ് ടോഡാണ് സതോഷി എന്ന നിഗമനത്തിലേക്ക് എത്തുന്നത്. അതേസമയം ഈ ബന്ധത്തിന് കാര്യമായ തെളിവുകളില്ലെന്നും, ഗൂഢാലോചന സിദ്ധാന്തങ്ങളുടെ സ്ഥിരീകരണ പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നുണ്ട്.
ബിറ്റ്കോയിന്റെ ധവളപത്രം പ്രസിദ്ധീകരിക്കുമ്പോള്‍ ടോഡിന് 23 വയസ് മാത്രമാണ് പ്രായം. അക്കാലത്ത് ജോലിയോടുള്ള തന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി ക്രിപ്റ്റോ കറന്‍സിയുടെ സൃഷ്ടിയില്‍ തന്റെ പരിമിതമായ പങ്കാളിത്തം മാത്രമാണ് ടോഡ് ഊന്നിപ്പറയുന്നത്. 2009 -ല്‍ ബിറ്റ്കോയിന്റെ ഉത്ഭവം മുതല്‍ തന്നെ സതോഷി നകാമോട്ടോ എന്ന് അജ്്ഞാതനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.ഏകദേശം 69 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന 1.1 ദശലക്ഷം ബിറ്റ്കോയിനുകള്‍ ഈ അജ്ഞാത സൃഷ്ടാവിന് മാത്രം അറിയുന്ന ഒരു രഹസ്യ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നതാണ് സത്യം. സതോഷി എന്ന അജ്ഞാതന്‍ ഇന്നു തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും ഇതായിരിക്കാം. ഐഡന്റിറ്റി സ്ഥിരീകരിച്ചാല്‍ ഇക്കാര്യങ്ങളും തുറന്നു കാട്ടേണ്ടിവരും. അതായത് ഒറ്റയടിക്ക് ആഗോള കോടീശ്വരനായി ഇദ്ദേഹം മാറും.
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കള്‍ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വര്‍ഷം കൊണ്ടു പൂര്‍ണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറന്‍സികളുടെ മൂല്യം എപ്പോള്‍ വേണമെങ്കിലും ഇടിയാന്‍ സാധ്യതയുള്ളപ്പോള്‍ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറന്‍സി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാന്‍ കേന്ദ്രബാങ്കുകള്‍ക്കു സാധിക്കും. പക്ഷേ ബിറ്റ്കോയിന് അത് പറ്റില്ല.
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിന്‍ 2013- ല്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായി തീര്‍ന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിറ്റ്കോയിന്‍ ഉടമകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് നിലവിലെ വിതരണത്തിലുള്ളത്. ഇതുവരെ 1,125,150 ബിടിസി ടോക്കണുകള്‍ ഖനനം ചെയ്തതായായാണ് പറയുന്നത്. നകാമോട്ടോയാണ് ഇതില്‍ പകുതിയിലധികവും സൂക്ഷിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 30 ബില്യണ്‍ ഡോളറിന് തുല്യമാണെന്ന് ഓര്‍ക്കണം. ഇത്രയും വലിയ തുക കൈയിലുള്ളത്, സുരക്ഷാഭീഷണിയാവുമെന്ന് കരുതിയുമാണ് നകാമോട്ടാ ഐഡന്റിറ്റി വെളിപ്പെടുത്താത്തത് എന്നും പറയുന്നു.
അവകാശവാദവുമായും പലര്‍
ഓരോകാലത്തും, ഒരോരുത്തര്‍ താനാണ് നകാമോട്ടാ എന്ന് അവകാശപ്പെട്ട് രംഗത്ത് എത്താറുണ്ട്. ഡോറിയന്‍ നാകമോട്ടാ, ക്രെയ്ഗ് റൈറ്റ് എന്നിവരും നേരത്തേ ബിറ്റ്‌കോയിന്റെ സൃഷ്ടാവ് എന്ന പേരില്‍ സംശയിക്കപ്പെട്ടിരുന്നു. ഒരുവേള ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിന് എതിരേയും ഈ സംശയം നീണ്ടിരുന്നു. ഇലോണ്‍ മസ്‌കിന്റെ ക്രിപ്‌റ്റോകറന്‍സിളോടുള്ള പ്രണയമായിരുന്നു ഇതിനു കാരണം. എന്നാല്‍ ഇടയ്ക്കു വച്ചു അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്നു മുഴുവന്‍ ബിറ്റ്‌കോയിനുകളും വിറ്റിരുന്നു.
ബിറ്റ്കോയിന്റെ തുടക്കത്തിലുള്ള ബിസിനസില്‍ പങ്കാളികളായി ഏറ്റവും കൂടുതല്‍ ബിറ്റ്കോയിനുകള്‍ കൈയിലുള്ള ശതകോടീശ്വരന്‍മ്മാര്‍ തന്നെയാണ് നകാമോട്ടോയാണെന്ന് സംശയിക്കപ്പെട്ടത്. സഹോദരന്മാരായ കാമറോണ്‍, ടൈലര്‍ വിങ്ക്ലെവോസ് എന്നിവരാണ് നകാമോട്ടാ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബിറ്റ്കോയില്‍ കൈയിലുള്ളത. ഇവരാണ് ക്രിപ്റ്റോ കറന്‍സ് എക്സ്ചേഞ്ചായ ജെമിനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും 430 കോടി ഡോളറിന്റെ മൂല്യമുണ്ട്. നേരത്തെ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി തെറ്റിപ്പിരിഞ്ഞാണ് ഇവര്‍ നിക്ഷേപ രംഗത്തേക്ക് എത്തിയത്. ഇതില്‍ നഷ്ടപരിഹാരമായി 65 ദശലക്ഷം ഡോളര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
2013ല്‍ തങ്ങളുടെ നിക്ഷേപ സ്ഥാപനം വഴി 11 ദശലക്ഷം ഡോളര്‍ ക്രിപ്‌റ്റോകറന്‍സി സ്വന്തമാക്കിയതായി ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. 2019-ല്‍ മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബ്ലോക്കിഫൈയിലും അവര്‍ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇന്ന്, വിങ്ക്ലെവോസ് സഹോദരങ്ങള്‍ക്ക് ബിറ്റ്കോയിനില്‍ ഏകദേശം ആറ് ബില്യണ്‍ ഡോളര്‍ ഉണ്ട്. നകാമോട്ടാ എന്നത് ഇവരുടെ സ്യൂഡോ നെയിം ആണോ എന്നറിയാന്‍ അന്വേഷണം നടത്തിരുന്നു. പക്ഷേ അത് ഇവര്‍ അല്ലെന്ന് തെളിഞ്ഞു. അതുപോലെ ബിറ്റ്കോയിന്‍ എറ്റവും കൂടുതല്‍ കൈവശം വെച്ചിട്ടുള്ള അടുത്ത വ്യക്തിയെന്ന് കരുതുന്ന, ബാരി സില്‍ബെര്‍ട്ടം നകാമോട്ടാ ആണെന്ന് സംശയിക്കപ്പെട്ടു. അതും തെറ്റായിരുന്നു. ഇടക്കിടെ നകാമോട്ടാ ആണെന്ന് അവകാശപ്പെട്ട് വ്യാജന്‍മാരും രംഗത്ത് വരാറുണ്ട്. 2016 മേയില്‍ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. പക്ഷേ അത് പരിശോധനയില്‍ പൊളിഞ്ഞു.
2012 ലെ തന്റെ പ്രൊഫൈലില്‍, ജപ്പാനില്‍ താമസിച്ചിരുന്ന 37-കാരന്‍ ആണെന്ന് നകാമോട്ടോ അവകാശപ്പെട്ടിരുന്നു. ജനനത്തീയതി 1975 ഏപ്രില്‍ 5 ആയി എന്നും പറഞ്ഞിരുന്നു. പക്ഷേ ഇതും ഫേക്ക് ആയിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ പ്രാദേശികമായ ഉപയോഗം പഠിച്ച വിദഗ്ധര്‍ പറയുന്നത്, ഇത് ജപ്പാന്‍കാരന്റെ ഇംഗ്ലീഷ് അല്ല എന്നാണ്. നകാമോട്ടോയുടെ വര്‍ക്ക് പാറ്റേണ്‍ പഠിച്ചവര്‍ക്ക് മനസ്സിലായത്, ഇത് ജപ്പാന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 2 മണിക്കും രാത്രി 8 മണിക്കും ഇടയിലാണ് അദ്ദേഹം ഇറങ്ങുന്നത് എന്നാണ്. ഇതില്‍നിന്നുതന്നെ അയാള്‍ ജപ്പാന്‍കാരനല്ല എന്നും വ്യക്തമാണ്.
ബിറ്റ്‌കോയിന്റെ കോഡ് വായിച്ച സുരക്ഷാ ഗവേഷകനായ ഡാന്‍ കാമിന്‍സ്‌കി ഇങ്ങനെ പറയുന്നു.''നകാമോട്ടോ ഒന്നുകില്‍ ഒരു 'ആളുകളുടെ ടീം അല്ലെങ്കില്‍ ഒരു ജീനിയസ് ആവണം. അദ്ദേഹം ഒരു ബ്രില്ലന്റ് കോഡറാണ്''. ഇംഗ്ലീഷ ഭാഷാ പ്രയോഗം നോക്കി ഇത് ഒരു പുരഷനാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. നകാമോട്ടോ കോമണ്‍വെല്‍ത്ത് വംശജനാാണ് എന്നാണ ചില ഗവേഷകുരടെ ഊഹം. ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യ ബിറ്റ്കോയിന്‍ ബ്ലോക്കിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്.
ഇങ്ങനെ കോടികള്‍ ചെലവിട്ട് ഒട്ടനവധി പഠനങ്ങള്‍ നടത്തിയിട്ടും, നകാമോട്ടോ ആരാണ് പിടികിട്ടിയിരുന്നില്ല. പക്ഷേ എച്ച്ബിഒ അത് ടോഡ് ആണെന്ന് വെടിപൊട്ടിക്കയാണ്. ടോഡ് കാര്യങ്ങള്‍ നിഷേധിച്ചെങ്കിലും ഊഹാപോഹങ്ങള്‍ നിര്‍ബാധം തുടരുന്നു. ഡോക്യുമെന്ററി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കാര്യം എന്തു തന്നെയായാലും ആധുനിക ധനകാര്യത്തിലെ ഏറ്റവും കൗതുകകരമായ നിഗൂഢതകളില്‍ ഒന്നായി ഇത് അവശേഷിക്കുന്നു. ഇപ്പോഴും ആര്‍ക്കും അറിയില്ല. ആരാണ് സതോഷി നകാമോട്ടോ? ശരിക്കും ഒരു ധനകാര്യ പ്രഹേളിക തന്നെ.
വാല്‍ക്കഷ്ണം: നമ്മുടെ അടഞ്ഞ കമ്യൂണിസ്റ്റ് പദാവലികളിലൂടെ നോക്കിയാല്‍, ക്രിപ്റ്റോ കറന്‍സിയും സാമ്രാജ്വത്വ കുത്തകകള്‍ക്ക് വേണ്ടിയുള്ള, തട്ടിപ്പ് ആയിരിക്കും. പക്ഷേ തട്ടിപ്പല്ല ക്രിപ്റ്റോ എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സൈബര്‍ ഫിനാഷ്യല്‍ ജീനിയസ് ആയിട്ടാണ് ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ സതോഷി നകാമോട്ടോയെ വിശേഷിപ്പിക്കുന്നത്.