ജിപിഎസിനെതിരെപോലും സമരം നടത്തിയ പ്രഭാകരന്‍ കോട്ടപ്പള്ളിമാരുടെ നാട്; കമ്പ്യൂട്ടര്‍ തൊട്ട് എക്പ്രസ്വേ വരെയുള്ള എത്രയെത്ര അനാവശ്യ സമരങ്ങള്‍; സ്വാശ്രയ സമരം നടത്തിയവര്‍ പിന്നീട് മലക്കംമറിഞ്ഞു; സീ പ്ലെയിനിലും വീണ്ടു വിചാരം; കേരളത്തെ പിറകോട്ടടിപ്പിച്ച ചുവപ്പന്‍ മണ്ടത്തരങ്ങളുടെ കഥ!

കേരളത്തെ പിറകോട്ടടിപ്പിച്ച ചുവപ്പന്‍ മണ്ടത്തരങ്ങളുടെ കഥ!

Update: 2024-11-12 10:00 GMT

രിത്രപരമായ മണ്ടത്തരങ്ങളുടെകൂടി ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. ചുവപ്പന്‍ മണ്ടത്തരങ്ങള്‍ അഥാവ റെഡ് ബ്ലണ്ടേഴ്സ് എന്ന സബ് ഹെഡ്ഡിങ്ങില്‍ അത്് ഇന്ന് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാര്‍ട്ടി നേതാവ് ബി ടി രണദിവെ പറഞ്ഞത്. 74 വര്‍ഷങ്ങള്‍ക്കു ശേഷമാണ്് അത് പാര്‍ട്ടി തിരുത്തയത്. ഇപ്പോള്‍ സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ്.

1943-ല്‍ കമ്യൂണിസ്റ്റുകാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ, ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജര്‍മനിയിലെ ഗീബല്‍സിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വര്‍ഷങ്ങള്‍ക്കു ശേഷം, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മാപ്പുപറഞ്ഞു!

1942-ല്‍ സി.പി.ഐ ഔദ്യോഗികമായി ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ കക്ഷിചേരാതിരുന്നു പാര്‍ട്ടി, ഹിറ്റ്‌ലര്‍ തന്റെ പഴയ സഖ്യകക്ഷിയായ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, പ്ലേറ്റ്  മാറ്റി. അത് നാസിസത്തിനെതിരായ ജനകീയ യുദ്ധമായി. ഈ രീതിയിലുള്ള കാര്യങ്ങള്‍ ഇന്ന് തിരഞ്ഞുനോക്കുമ്പാള്‍ മഹാ അബന്ധമായി പാര്‍ട്ടിക്കുതന്നെ ബോധ്യപ്പെട്ടുട്ടുണ്ട്. 1962 ല്‍, ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉണ്ടായപ്പോള്‍, ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ ' നാം നമ്മുടേതെന്നും അവര്‍ അവരുടെത് എന്നും പറയുന്ന ഭൂമി' എന്ന വാചകവും ഏറെ വിമര്‍ശിക്കപ്പെട്ടു. സ്വന്തം നാടിനുനേരെ ആക്രമണം വരുമ്പോഴും കമ്യൂണിസ്റ്റുകള്‍ക്ക് ചൈനാ പ്രേമമാണെന്ന് വിമര്‍ശകര്‍ ആക്രമിച്ചു. ഈ വാചകവും ഇന്ന് ചുവപ്പന്‍ മണ്ടത്തരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ 96-ല്‍ എല്ലാവരും ചേര്‍ന്ന് തങ്ങള്‍ക്ക് വെച്ചുനീട്ടിയ പ്രധാനമന്ത്രിസ്ഥാനം തട്ടിക്കളഞ്ഞപ്പോള്‍, ജ്യോതി ബസുതന്നെ പ്രതികരിച്ചത് 'ചരിത്രപരമായ വിഡ്ഡിത്തം' അഥവാ ഹിസ്റ്റോറിക്ക് ബ്ലണ്ടര്‍ എന്ന് പരിഹസിച്ചുകൊണ്ടാണ്.

കേരളത്തിലും അതുപോലെ ഒരു ഹിസ്റ്റോറിക്ക് ബ്ലണ്ടറിലുടെ പാര്‍ട്ടി കടന്നുപോവുകയാണ്. അതാണ് ഇപ്പോള്‍ ടുറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വന്ന സീ പ്ലെയിന്‍ എന്ന ജലവിമാനം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2013 ജൂണില്‍ സീ പ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്താണ്. എന്നാല്‍, ആലപ്പുഴയിലെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കയായിരുന്നു. മത്സ്യസമ്പത്ത് നശിക്കുമെന്നൊക്കെയുള്ള തൊടുന്യായം പറഞ്ഞ് അന്ന് സിപിഎം തന്നെയായിരുന്നു ഈ സമരത്തിന് മുന്നില്‍നിന്നത്. ഇപ്പോള്‍ 11 വര്‍ഷം കഴിഞ്ഞ് അതേ പദ്ധതി തന്നെ പൊടി തട്ടിയെടുക്കുമ്പോള്‍, വീണ്ടും ഓര്‍മ്മവരുന്നത് ഇത്തരം ചുവപ്പന്‍ മണ്ടത്തരമാണ്. കമ്പ്യൂട്ടര്‍ സമരം, ട്രാക്ടര്‍ ട്രില്ലര്‍ സമരം, വെട്ടിനിരത്തല്‍ സമരം, ഗ്യാസ് പൈപ്പ് ലൈന്‍, ദേശീയ പാത സമരം, കൂടങ്കുളം സമരം, സ്വാശ്രയസമരം തുടങ്ങി എത്രയെത്ര സമരങ്ങളാണ് ഒരു കാരണവുമില്ലാതെ കേരളത്തിലെ ഇടതുപക്ഷം നടത്തിയത് എന്നോര്‍ക്കണം. കേരള വികസനത്തെ നൂറുവര്‍ഷം പിറകോട്ട് അടുപ്പിച്ച കമ്യൂണിസ്റ്റ്മണ്ടത്തരങ്ങളുടെ കഥ വചിത്രവും രസകരമാണ്.

കമ്പ്യൂട്ടര്‍ സമരം തൊട്ട് സ്മാര്‍ട്ട്സിറ്റി വരെ

ഇന്ത്യന്‍ ഇടതുപക്ഷത്തിന് എന്നും കീറാമുട്ടിയായിരുന്നു കമ്പ്യൂട്ടര്‍. ലോകത്തിന്റെ ഗതിയെതന്നെ മാറ്റിമറിച്ച ആ ഉപകരണത്തെ 'തൊഴില്‍ തിന്നുന്ന ബകന്‍' ആയിട്ടായിരുന്നു പാര്‍ട്ടി വിലയിരുത്തിയത്. ആ പേരില്‍ ഒരു ലഘുലേഖ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 'തൊഴിലെത്തിക്കൂ, കൈകളിലാദ്യം പിന്നീടാവാം കമ്പ്യൂട്ടര്‍ എന്നായിരുന്നു' അക്കാലത്തെ മുദ്രാവാക്യം. എന്നാല്‍ ഇടതുപക്ഷം മാത്രമായിരുന്നില്ല, കോണ്‍ഗ്രസിനും ബിജെപിക്കുമൊക്കെ കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തില്‍ തങ്ങളുടേതായ പങ്കുണ്ട്. 84-ല്‍ ദേശീയ കമ്പ്യൂട്ടര്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുകയും രാജ്യമെങ്ങും കമ്പ്യൂട്ടര്‍ തല്ലി പൊളിക്കുകയും ചെയ്തത് ബിഎംഎസ് ആണ്. 1998-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിനെതിരെ നടന്ന പ്രചണ്ഡ സമരം ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നു. പിന്നീട് ബാങ്കുകളിലൊക്കെ കമ്പ്യൂട്ടറൈസേഷന്‍ വ്യാപകമായപ്പോള്‍, തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതി പ്രചരിപ്പിച്ച് ഇടതുപക്ഷം ആ സമരങ്ങളെ ഏറ്റെടുത്തു.




കേരളത്തില്‍ പിന്നീട് ടെക്നോപാര്‍ക്കുകളും, സ്മാര്‍ട്ട് സിറ്റികളുമൊക്കെ വന്നപ്പോഴും, അടഞ്ഞ കമ്യൂണിസ്റ്റ് ധാരണകള്‍ കേരള വികസനത്തില്‍ ഏറെ ദ്രോഹം ചെയ്തു. ടെക്നോപാര്‍ക്കിന് തുടക്കം കുറിച്ച സി ഇ ഒ ആയ വിജയരാഘവന്‍ എഴുതിയ 'വിജയവഴികള്‍ ' എന്ന പുസ്തകത്തില്‍ സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ കേരളത്തെ തകര്‍ക്കുന്ന വിധം പറയുന്നുണ്ട്. -''ഒരിക്കല്‍ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കാനുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വരുകയുണ്ടായി. വ്യാപാര വാണിജ്യ കാര്യങ്ങള്‍ സംബദ്ധിച്ച വിദേശരാജ്യ പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും മാത്രമല്ല, പ്രതിപക്ഷ നേതാവിനെയും മാര്‍കിസ്റ്റ് പാര്‍ട്ടിസെക്രട്ടറിയെയും സന്ദര്‍ശിക്കുക എന്നതും അദ്ദേഹത്തിന്റെ പരിപാടിയില്‍ ഉണ്ടായിരുന്നു.

അതനുസരിച്ച് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന നായനാരുമായി കൂടികാഴ്ചക്ക് എ കെ ജി സെന്ററില്‍ ചെന്നപ്പോള്‍ ഊഷ്മളമായ സ്വീകരണം ആണ് ലഭിച്ചത്. അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിച്ചിട്ടുള്ള നായനാര്‍ അതുപോലെയുള്ള സംവിധാനങ്ങള്‍ ഇവിടെയും ഉണ്ടാകണം എന്നാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അച്യുതാനന്ദനെ കാണാന്‍ ചെന്ന സംഘത്തിന് മോശമായ സ്വീകരണമാണ് കിട്ടിയത്.  അലോസരപ്പെടുത്തുന്ന കൂടിക്കാഴ്ച കഴിഞ്ഞ് ഇറങ്ങിയ കോണ്‍സല്‍ ജനറലിന്റെ പ്രതികരണം, വി എസ് എപ്പോഴെങ്കിലും കേരളത്തില്‍ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ അത് കേരളത്തിന്റെ ദുരന്തം ആയിരിക്കുമെന്നായിരുന്നു.





കേരളത്തിലെ തൊഴില്‍ ഇല്ലായ്മയ്ക്ക് ഒരളവ് വരെ അറുതി വരുത്തുവാന്‍ കഴിയുമായിരുന്ന കമ്പ്യുട്ടര്‍ ഹാര്‍ഡ്വെയര്‍ വ്യവസായം ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കപ്പെടാതെ പോയതും വിഎസിന്റെ വിപ്ലാവഭിമുഖ്യമാണെന്ന് വിജയരാഘവന്‍ പറയുന്നു. ''ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഡിസ്‌ക് നിര്‍മ്മാതാക്കളായ സീ ഗെറ്റ പ്രതിനിധികള്‍ ബംഗ്ലൂരില്‍ എത്തിയപ്പോള്‍, ഞങ്ങള്‍ അവരെ ടെക്നോപാര്‍ക്കിലേയ്ക്ക് ക്ഷണിച്ചു വരുത്തി. ടെക്നോ പാര്‍ക്കിലെ സൗകര്യങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട അവര്‍ അവരുടെ സ്ഥാപനം ടെക്നോപാര്‍ക്കില്‍ തുടങ്ങാം എന്ന് സമ്മതിച്ചു. അവര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ചിലത് ഇങ്ങനെയായിരുന്നു. ഐ ടി ഐ പാസ്സായ 5000 പെണ്‍കുട്ടികള്‍ക്ക് സീ ഗെറ്റ് നേരിട്ട് തൊഴില്‍ നല്‍കും. ഗവണ്മെന്റ് നിശ്ചയിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആയിരിക്കും അടിസ്ഥാന ശമ്പളം. ജീവനക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ , ഇനുഷറന്‍സ് പരിരക്ഷ. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളികള്‍ അംഗമായ ഫോറം.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ തിരികെ ആവശ്യപെട്ട ഏകകാര്യം ഇതായിരുന്നു. ഒരു മണിക്കൂര്‍ പോലും തങ്ങളുടെ കമ്പനി അടച്ചിടാന്‍ പാടില്ല എന്നതായിരുന്നു. എന്ന് പറഞ്ഞാല്‍ പണിമുടക്ക് പാടില്ല എന്നാണ്. മുഖ്യമന്ത്രി ആന്റണി, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഐഎന്‍ടിയുസി നതാക്കള്‍ എന്നിവര്‍ വ്യവസ്ഥ അംഗീകരിച്ചു.

മാര്‍ക്സ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ നായനാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'എല്ലാക്കാലത്തെയ്ക്കും പറ്റില്ല. പത്തുവര്‍ഷത്തെയ്ക്ക് ഒരു പണിമുടക്കും ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാം. താന്‍ പ്രതിപക്ഷ നേതാവിനെക്കൂടെ കാണ്..' എന്നാണ്. പ്രതിപക്ഷ നേതാവ് വിഎസിനെ കണ്ട് ഞാന്‍ വിവരങ്ങള്‍ ധരിപ്പിച്ചു.ഹാര്‍ഡ് ഡിസ്‌ക് വ്യവസായം, അതിന്റെ സാദ്ധ്യതകള്‍, അവരുടെ വാഗ്ദാനം , വ്യവസ്ഥകള്‍ എല്ലാം ഞാന്‍ അദ്ദേഹതോട് പറഞ്ഞൂ. അതിന് വി എസ് നല്‍കിയ മറുപടി 'അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട ' എന്നായിരുന്നു. ഞാന്‍ വീണ്ടും അവര്‍ വന്നാലുള്ള മെച്ചങ്ങള്‍ പറഞ്ഞൂ. 'സാദ്ധ്യമല്ല' ഇടത് കൈ ഉയര്‍ത്തി കനത്ത ശബ്ദത്തില്‍ പറഞ്ഞ് കൊണ്ട് വിഎസ് മുഖം തിരിച്ചു.

അയ്യായിരം പേര്‍ക്ക് നേരിട്ടും, അതിന്റെ ഇരട്ടിയില്‍ അധികം പേര്‍ക്ക് അല്ലാതെയും സര്‍ക്കാര്‍ ശമ്പളത്തിന്റെ ഇരട്ടിയില്‍ ലഭിക്കുന്നതും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍, ഇനുഷറന്‍സ് പരിരക്ഷ എന്നിവ ലഭിക്കുന്നത് ഒന്നും വിഎസിന് പ്രശ്നംമല്ല. വിഎസിന് പ്രശ്നം ഒന്ന് മാത്രം. പണിമുടക്കാന്‍ ഉള്ള അവസരംആണത്രേ പരമപ്രധാനം. എന്റെ ദേഷ്യം മുഴുവന്‍ പ്രകടമാക്കി ഞാന്‍ വാതില്‍ വലിച്ച് അടച്ച് പുറത്ത് കടന്നു.

കമ്മ്യുണിസ്റ്റ് ചൈനയിലേക്ക് ആണ് 'സീ ഗേറ്റ്' നേരെ പോയത്. അവിടത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റ് ഉം പാര്‍ട്ടിയും അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു.അവിടെ ഇന്ന് നേരിട്ട് 15,000 പേര്‍ക്ക് ജോലി കൊടുത്തിരിക്കുന്ന വമ്പന്‍ സ്ഥാപനം ആണ് സീ ഗെറ്റ്.

ഇതേപോലെ ആണ് സ്മാര്‍ട്ട് സിറ്റി പന്ധതിയും. ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പദ്ധതി ആയിരുന്നു സ്മാര്‍ട്ട്‌സിറ്റി. വി എസിന്റെ പിടിപ്പുകേടും പിടിവാശിയും ദീര്‍ഘവീക്ഷണമില്ലായ്മയും വഴി വെട്ടി ചുരുക്കപ്പെട്ടത് വഴി നഷ്ട്ടപ്പെട്ട തൊഴിലവസരങ്ങള്‍ക്ക് ആരും സമാധാനം പറയും.

വിഎസ് ഗവണ്മെന്റ് നഷ്ട്ടപ്പെടുത്തിയ ഇന്‍ഫോര്‍മേഷന്‍ ടെക്നോളോജിക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖല യുടെ നഷ്ടം കേരളത്തിന് താങ്ങാവുന്നതിനും അപ്പുറം ആണ്. വിഎസിന്റെ നിഷേധാത്മക നിലപാടുകള്‍ മൂലം ബിര്‍ളയുടെ രണ്ട് സ്ഥാപനങ്ങള്‍ ആണ് നമുക്ക് നഷ്ടപ്പെട്ടത് ...അടച്ചുപൂട്ടിയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥലം ഉപയോഗിച്ച് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി, ഐ.ടി.പാര്‍ക്ക് എന്നിവ സ്ഥാപിക്കാന്‍ മുന്നോട്ട് വന്ന ബിര്‍ള ഗ്രൂപ്പിനെ വി എസ് ഓടിക്കുകയാണ് ചെയ്തത്.''- വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു. ഇനന് തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ചുവപ്പന്‍ ബ്ലണ്ടറായി ചൂണ്ടിക്കാട്ടാനുണ്ടാവുക കമ്പ്യൂട്ടര്‍ സമരമായിരിക്കും.

ജിപിഎസിനെതിരെയും സമരം

പ്രഭാകരന്‍ കോട്ടപ്പള്ളി സഖാവിനെ ഓര്‍മ്മയില്ലേ! കുത്തക മുതലാളിമാര്‍ എന്ന കേട്ടാല്‍ ഞെട്ടിവിറക്കുന്ന, 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് പറയുന്ന 'സന്ദേശം' സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം. 1991-ല്‍ ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും കാലത്ത്, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സിപിഎം പ്രവര്‍ത്തകരില്‍ ക്ഷരാര്‍ത്ഥത്തില്‍, ഏറെയും പഭാകരന്‍ കോട്ടപ്പള്ളിയായിരുന്നു! ഗാട്ട് കരാറിലൂടെ ഇനി ഒരു തുളസിയില നുള്ളാന്‍പോലും കഴിയാത്ത അവസ്ഥയാണ് നമുക്ക് വന്നുചേരുകയെന്നും, അമേരിക്കയും ഐഎംഎഫുമൊക്കെ ഇന്ത്യയെ കൊള്ളയടിക്കുമെന്നുമൊക്കെയാണ് അവര്‍ പറഞ്ഞുപരത്തിയത്. അതിന്റെ പേരില്‍ നൂറുകണക്കിന് സമരങ്ങളാണ് ഒരുകാരണവുമില്ലാതെ കേരളത്തില്‍ നടന്നത്. അന്ന് 'ഗാട്ടും കാണാച്ചരടും' എന്ന പുസ്തകത്തിലൂടെ ലക്ഷണമൊത്ത ഭീതി വ്യാപരമാണ് എം പി വീരേന്ദ്രുകുമാര്‍ അടക്കമുള്ള സോഷ്യലിസ്റ്റുകള്‍ നടത്തിയത്. 25 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ആ പുസ്തകത്തിലൊന്നും ഒരു വരിപോലും ശരിയില്ലായിരുന്നുവെന്ന് മനസ്സിലാക്കാം.





പക്ഷേ ഇന്ന് ഇത്തരം സമരത്തില്‍ പങ്കെടുത്ത പലരും സാമ്രാജ്യത്വ കുത്തക ആയ അമേരിക്കന്‍ കമ്പനികളില്‍ ഇന്ന് ജോലിച്ചെയ്യുന്നു. മൈക്രോ സോഫ്റ്റിനും ബില്‍ഗേറ്റ്സിനുമെതിരായ ശക്തമായ പ്രചാരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഇന്ന് അതില്ലാതെ ജീവിക്കാന്‍ കഴിയുന്നില്ല. എന്തിന് ഗൂഗിള്‍ മാപ്പിങ്ങിനു വേണ്ടി ഗൂഗിള്‍ കമ്പനി ഉദോഗസ്ഥര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവരെക്കെതിരെയും പ്രതിഷേധം നടന്നിരുന്നു. ഇന്ന് ജിപിഎസ് ഇട്ട് യാത്രചെയ്യുമ്പോള്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും തല കുനിഞ്ഞുപോവേണ്ടതാണ്.

അതുപോലെ ആഗോളീകരണത്തിനും, ഉദാരീകരണത്തിനെതിരെയൊക്കെ കടുത്ത നുണകള്‍ പ്രചരിപ്പിക്കയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തത്.

1991-ല്‍ നരസിംഹറാവുവും മന്‍മോഹന്‍സിങും സ്വന്തം പാര്‍ട്ടിയില്‍നിന്നുവരെ പഴികേട്ടുകൊണ്ട് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം, ഒന്നും രണ്ടുമല്ല 30 കോടി ജനങ്ങളുടെ പട്ടിണിയാണ് മാറ്റിയതെന്നാണ് 'ദി ഇക്കണോമിസ്റ്റ്' എഴുതിയത്. ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ന് ഇന്ത്യക്ക് വളരാനുള്ള ശ്രമങ്ങള്‍ക്ക് അടിത്തറ പാകിയതും, കമ്യൂണിസ്റ്റുകള്‍ ഭീതിവ്യാപാരം നടത്തിയ സാമ്പത്തിക ഉദാരീകരണം തന്നെയാണ്.

ഉദാരീകരണത്തിന് മുമ്പുള്ള അടഞ്ഞ വിപണിയുള്ള ഇന്ത്യയില്‍, തികഞ്ഞ ലൈസന്‍സ് രാജാണ് നിലനിന്നത്. സൈക്കിളിനും, റേഡിയോക്കും, ലൈസന്‍സ് വേണ്ടിയിരുന്നു ഒരു കാലം ഈ രാജ്യത്തുണ്ടായിരുന്നു. സിമന്റ് വാങ്ങുന്നതിനുപോലും സര്‍ക്കാറില്‍ അപേക്ഷിക്കണം. അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നത്. പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണം.വിദേശത്തത് നിന്ന് മടങ്ങിവരുന്ന യാത്രക്കാര്‍ ലഗേജായി കൊണ്ടുവരുന്നത് ഒഴികെ, ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 1983-ല്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍.ആര്‍. നാരായണ മൂര്‍ത്തിക്ക് വിദേശത്ത് നിന്നും ഒരൊറ്റ കമ്പ്യൂട്ടറിന് ഇറക്കുമതി ലൈസന്‍സ് ലഭിക്കുന്നതിന് ഡല്‍ഹിയില്‍ പലതവണ അപേക്ഷിക്കേണ്ടി വന്നു. അവസാനം കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞപ്പോഴേക്കും അതിനേക്കാള്‍ ഗുണമേന്‍മയുള്ളതും വില കുറഞ്ഞതുമായ കമ്പ്യൂട്ടറുകള്‍ വിദേശ വിപണിയില്‍ വന്നു കഴിഞ്ഞിരുന്നു.

ഈ ഒരു സമയത്താണ് ഐഎംഎഫിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയില്‍ ഉദാരീകരണം നടപ്പായത്. അതിനുവേണ്ടി രൂപയുടെ മുല്യം കുറച്ച് അടക്കമുള്ള നടപടികള്‍ റാവു- മന്‍മോഹന്‍സിങ് ടീം ചെയ്തത് സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുപോലും മറികടന്നാണ്. രൂപയുടെ മൂല്യം കുറച്ച സമയത്തൊക്കെ കേരളത്തിലെ പ്രഭാകരന്‍ കോട്ടപ്പള്ളിമാര്‍ ഉണ്ടാക്കിയ ബഹളം ഓര്‍ത്താല്‍ ഇന്ന് ചിരിവരും. പക്ഷേ ഇന്ന് കാലം മാറി. ആഗോളീകരണവും ഉദാരീകരണവും ആപത്തായിരുന്നുവെന്ന കമ്യൂണിസ്റ്റ് പ്രൊപ്പഗന്‍ഡ തെറ്റായിരുന്നു എന്ന് അനുഭവത്തിലുടെ തെളിഞ്ഞു.

ആധുനിക കാലത്ത് ഇന്‍ര്‍നെറ്റില്‍ അല്‍പ്പമൊന്ന് സേര്‍ച്ച് ചെയ്താല്‍ ആര്‍ക്കും ഈ വിവരങ്ങള്‍ കിട്ടാമെന്നിരിക്കേ, എന്നിട്ടും ഐഎംഎഫ് ഭീതി ഇപ്പോഴും കേരളത്തില്‍ ചിലര്‍ അടിച്ചുവിടുന്നുണ്ട്. ഐഎംഎഫ് ഉദോഗസ്ഥയായ ഡോ ഗീതാഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആക്കിയപ്പോഴുള്ള ബഹളങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കുക. 'ഗീതോപദേശം വേണ്ട' എന്നൊക്കെ പറഞ്ഞ് പരിഹസിക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും മുന്നിലായിരുന്നു. ഇന്ന് പാക്കിസ്ഥാനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരയറ്റാന്‍ ഉപദേശം നല്‍കുന്നത് ഇതേ ഗീതയെന്ന കണ്ണൂര്‍ക്കാരിയാണ്. സാമ്പത്തിക അന്ധവിശ്വാസങ്ങളിലൂടെ മലയാളി വീണ്ടും വീണ്ടും പരിഹാസ്യനാവുന്നുവെന്ന് ചുരുക്കം.

സഖാവ് പുഷ്പനും ടി പി ശ്രീനിവാസനും

കേരളത്തിലെ ഏറ്റവും വലിയ ചുവപ്പുമണ്ടത്തരമായി പറയാന്‍ കഴിയുന്നത്, സ്വാശ്രയ കോളജ് സമരമായിരുന്നു. സ്വാശ്രയമെന്ന് കേള്‍ക്കുമ്പോള്‍ സമരത്തിനിറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു സി.പി.എമ്മിന്. 1994 നവംബര്‍ 25 ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പും അത് അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ജീവനെടുക്കുന്നതിലേക്കും നയിച്ചത് സ്വാശ്രയ സമരത്തിന്റെ ഭാഗമായിരുന്നു. അന്ന് വെടിയേറ്റ് അവശനിലയിലായ പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി. ഈയിടെയാണ്, പുഷ്പന്‍ അന്തരിച്ചത്. പക്ഷേ കാലം മാറിയപ്പോള്‍ പാര്‍ട്ടിയുടേ നേതൃത്വത്തില്‍ സ്വാശ്രയ കോളേജുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പോലും പഠിച്ചത്, മാതാ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജിലാണ്! പക്ഷേ പാര്‍ട്ടി ഇന്ന് പറയുക, അന്ന് എം വി രാഘവന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കച്ചവടത്തിനെതിയൊണ് പ്രതികരിച്ചത് എന്നാണ്. പക്ഷേ ഇന്ന് പാര്‍ട്ടിയുടെ തന്നെ മെഡിക്കല്‍ കോളജുകളില്‍ ഇതേ സീറ്റ് കച്ചവടം നടക്കുന്നു.





ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോളവിദ്യാഭ്യാസ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയ ടി.പി. ശ്രീനിവാസനെന്ന മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെ തെരുവില്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുന്നതിന് പോലും കേരളം സാക്ഷിയാകേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച് 2016 ജനുവരി 29 നായിരുന്നു സംഭവം. ഒടുവില്‍ നാണംകെട്ട് അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ടി.പി. ശ്രീനിവാസനോട് ക്ഷമ ചോദിക്കേണ്ടി വന്നു. സംഭവം ഏഴാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, 2023-ല്‍ മറ്റൊരു ജനുവരി മാസത്തില്‍ അന്ന് സ്വകാര്യ, വിദേശ സര്‍വകലാശാലകളെ എതിര്‍ത്ത ഇടതുപക്ഷം മനംമാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാണെങ്കില്‍ സ്വകാര്യ സര്‍വകലാശാലകളെ നിഷേധിക്കില്ലെന്നും, ആവശ്യമെങ്കില്‍ വിദേശ നിക്ഷേപമാവാമെന്നും എല്‍.ഡി.എഫ്. നിലപാടെടുത്തിരിക്കുന്നു.





ഈ നിലപാട് മാറ്റത്തെക്കുറിച്ച് ടി പി ശ്രീനിവാസന്‍ ഇങ്ങനെ പ്രതികരിക്കുന്നു-''

പത്ത് വര്‍ഷം നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് എനിക്ക് ഇതിനെ പറ്റി പറയാനുള്ളത്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ ഇടതുപക്ഷം അംഗീകരിച്ചിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്. അന്നേ അനുവാദം നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ സ്വകാര്യ സര്‍വകലാശാലകള്‍ ഇവിടെ വന്നിട്ടുണ്ടാകുമായിരുന്നു. വിദ്യാര്‍ഥികള്‍ പഠനം തുടങ്ങിയിട്ടുണ്ടാവുമായിരുന്നു. വിദേശ സര്‍വകലാശാകളെ സംബന്ധിച്ച് അത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നമുക്ക് നേരിട്ട് ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമായിരുന്നു. വൈകിയാലും ഇപ്പോഴെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. 2016-ജനുവരിയിലായിരുന്നു എനിക്കെതിരേ കോവളത്തുവെച്ച് എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ അക്രമമുണ്ടായത്. ഞാന്‍ നിലത്ത് വീണു. രക്ഷപ്പെട്ടോടിയത് അടുത്ത വീട്ടിലേക്കാണ്. അതിഥികളെ സ്വീകരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. അന്ന് എട്ട് സര്‍വകലാശാലകളിലെ വി.സിമാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പക്ഷെ എനിക്കെതിരേയുള്ള പ്രതിഷേധം കണ്ടപ്പോള്‍ അവരെല്ലാം ഭയപ്പെട്ട് പോവുകയാണുണ്ടായത്. നിങ്ങള്‍ക്കെതിരേ ഇങ്ങനെയാണെങ്കില്‍ ഞങ്ങളെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് അവരെന്നോട് ചോദിച്ചത്.''- ടി പി ശ്രീനിവാസന്‍ പറയുന്നു. ഇന്ന് സീപ്ലെയിനിന്റെ കാര്യമെടുത്താലും നമുക്ക് 11 വര്‍ഷമാണ് നഷ്ടമായത്.

എക്സ്പ്രസ്വെ തോട്ട് ഗെയില്‍ വരെ

കേരളത്തിലെ ചുവപ്പന്‍ മണ്ടത്തരങ്ങള്‍മൂലം ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഇവിടുത്തെ റോഡ് വികസനത്തിനാണ്. മുസ്ലീംലീഗ് നേതാവ് ഡോ എം കെ മുനീര്‍ എക്‌സ്പ്രസ്സ് ഹൈവേ എന്ന ആശയം കൊണ്ടുവന്നപ്പോള്‍ അത് കേരളത്തിനെ രണ്ടായി മുറിക്കമെന്ന് പറഞ്ഞ് കമ്യൂണിറ്റ്സറ്റുകള്‍ സമരം നയിച്ചു. ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെ എക്പ്രസ്വേകള്‍ കണ്ട് നാം അന്തംവിടുന്നു. ഇപ്പോഴിതാ എക്പ്രസ്വേയുടെ പകുതിപ്പോലും കുടിയൊഴിപ്പിക്കല്‍ വേണ്ടാത്ത കെ റെയില്‍ കേരളത്തില്‍ സിപിഎം വിചാരിച്ചിട്ടും നടപ്പാക്കാന്‍ കഴിയുന്നില്ല. സാമ്പത്തിക അന്ധവിശ്വാസങ്ങളുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും കാര്യം നോക്കുമ്പോള്‍, സിപിഎമ്മിന്റെ ബി ടീം തന്നെയാണ്, കേരളത്തിലെ കോണ്‍ഗ്രസും.

അതുപോലെ നേരത്തെ ഗെയില്‍ പദ്ധതി വന്നപ്പോള്‍ അത് പൊട്ടിത്തെറിക്കുമെന്നും, ഭൂമിക്കടിയിലെ ബോംബ് ആണെന്നുമൊക്കെപറഞ്ഞ് ജനങ്ങളെ കുത്തിത്തിരുപ്പാക്കാന്‍ സിപിഎമ്മും മുന്നില്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ അധികാരത്തില്‍ എത്തിയതോടെ നിലപാട് മാറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത്, മതമൗലകവാദ സംഘടനകളുടെയടക്കം ഭീഷണിക്ക് വഴങ്ങി, നിര്‍ത്തിവെച്ചതായിരുന്നു വാതകപൈെൈപ്പലന്‍ പദ്ധതി. പക്ഷേ അധികാരത്തിലേറിയപ്പോള്‍ സ്ഥലമെടുത്ത് പുര്‍ത്തീകരിച്ച് പിണറായി ശരിക്കും ഇരട്ടചങ്കനായി. അതുപോലെ തന്നെയാണ് നമ്മുടെ ദേശീയപാതാ സമരവും. നല്ലൊരു ദേശീയ പാതയില്ലാത്ത ഏക പ്രദേശമാണ് കേരളം. പക്ഷേ പ്രതിപക്ഷത്തിരിക്കുമ്പോള്‍, ദേശീയപാതാ വികസനത്തിനെതിരെ, ജനങ്ങളെ ഇറക്കിവിടുന്നതില്‍ ചെറുതല്ലാത്ത പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. ഇരുപതുകൊല്ലം മുമ്പ് നടക്കേണ്ട ദേശീയപാത വികസനമാണ്, ഇപ്പോള്‍ നടക്കുന്നത് എന്നോര്‍ക്കണം! അപ്പോഴേക്കും ഈ റോഡുകളില്‍ എത്രയേറെ ജീവന്‍ പൊലിഞ്ഞു.

കൂടങ്കുളം ആണവനിലയത്തിനെതിരെ സിപിഎം പ്രത്യക്ഷസമരം നടത്തിയില്ലെങ്കിലും, അതിവിപ്ലവകാരികള്‍, പരിസ്ഥിതി മൗലികവാദികള്‍ എന്ന് അറിയപ്പെടുന്ന, ആ ഴോണറില്‍ പെടുന്ന ആളുകള്‍ വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്. നിലയം കൊണ്ട് കടലിലെ മീന്‍ വരെ ചത്തുപോവുമെന്നായിരുന്നു പ്രചാരണം. പക്ഷേ ഇപ്പോള്‍ കൂടംകളും വൈദ്യുതി എല്ലാവര്‍ക്കും വേണം. അതുപോലെ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ഉണ്ടാക്കുമെന്നും, എന്തിന് ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നുമൊക്കെ ഈ സോ കോള്‍ഡ് ഇടതുബുജികള്‍ എഴുതി മറിച്ചിരുന്നു. ഇന്ന് ആധാറില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയുമോ?

പ്ലാച്ചിമടയിലെ കൊക്കേകോള ഫാക്ടറി തൊട്ട് എത്രയോപേരെ നാം കേരളത്തില്‍നിന്ന് ഓടിച്ചു. അവരൊക്കെ അന്യസംസ്ഥാനങ്ങളില്‍പോയി പ്രവര്‍ത്തിക്കുന്നു. ഏറ്റവും വിചിത്രം, ലോക പ്രശസ്തമായ, ജോണ്‍ ഹോപ്കിന്‍സിന്റെ ഓഫ് ക്യാമ്പസ് കേരളത്തില്‍ തുടങ്ങേണ്ടതായിരുന്നു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിക്കേ, മൂന്നാറില്‍ ഓഫ് കാമ്പസിനുള്ള പ്രോപ്പോസല്‍ വന്നതാണ്. പക്ഷേ ആഗോള സാമ്രാജ്വത്വം തുടങ്ങിയ ചപ്പടാച്ചികളില്‍ തട്ടി അത് ഇല്ലാതായി. ആ സ്ഥാപനം ഇന്ന് ഉണ്ടായിരുന്നെങ്കില്‍, മുഖ്യമന്ത്രി പിണറായി വിജയന്, ചികിത്സക്കായി അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോവേണ്ട കാര്യം വരില്ലായിരുന്നു. കേരള മുഖ്യമന്ത്രിക്ക് ഇവിടെ തന്നെ രാജകീയ ചികിത്സ കിട്ടുമായിരുന്നു. ഇപ്പോഴിതാ കേരളത്തിലേക്ക് അന്താരാഷ്ട്ര ആശുപത്രികളുടെ ശൃംഖല വരണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. വൈകി വന്ന വിവേകം അല്ലാതെ എന്തുപറയാന്‍.

അവര്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയുമോ?

ഇപ്പോള്‍ സി പ്ലെയിന്‍ വീണ്ടും വരുമ്പോള്‍ ഇടതുപക്ഷം ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയുമോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 2013-ല്‍ 15 കോടി ചെലവാക്കിയശേഷമാണ് സര്‍ക്കാറിന് പദ്ധതിയില്‍നിന്ന് പിന്‍മാറേണ്ടി വന്നത്. 'സീ പ്ലെയിന്‍ ഉദ്ഘാടനം ചെയ്തു നാണം കെട്ടു' എന്ന് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതും വലിയ വാര്‍ത്തയായി. 2013-ല്‍ കൊല്ലത്തെ അഷ്ടമുടിക്കായലില്‍നിന്ന് ആലപ്പുഴ പുന്നമടയിലേക്കായിരുന്നു ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനദിവസം ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കായലില്‍ വള്ളമിറക്കി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വള്ളത്തില്‍ കയറി പ്രതിഷേധിക്കുകയും വലയെറിയല്‍ സമരം നടത്തുകയും ചെയ്തു. മീന്‍പിടിത്തവും കക്കവാരലും തടസ്സപ്പെടുമെന്നും പാരിസ്ഥിതികാഘാതപഠനം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

ജല വിമാനമിറങ്ങുന്നതിന് പുന്നമടയില്‍ പ്രത്യേക ജെട്ടി നിര്‍മിച്ചിരുന്നു. സംഘര്‍ഷമുണ്ടാകുമെന്ന വിലയിരുത്തലില്‍ വിമാനമിറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. സമരത്തെത്തുടര്‍ന്ന് പദ്ധതിയില്‍നിന്നു കമ്പനി പിന്‍വാങ്ങി. സെസ്‌ന-206 എച്ച് ആംഫീരിയര്‍ എന്ന ചെറുവിമാനമാണ് പുന്നമടയില്‍ ഇറങ്ങേണ്ടിയിരുന്നത്. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്കു യാത്രചെയ്യാമായിരുന്നു. ലാന്‍ഡുചെയ്യുന്നതിന് സ്ഥിരംസംവിധാനം വേണ്ടാത്ത വിമാനമായിരുന്നിത്. അഷ്ടമുടി, പുന്നമട, ബോള്‍ഗാട്ടി, കുമരകം, ബേക്കല്‍ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. വിനോദസഞ്ചാര, പുരവഞ്ചി മേഖലയിലുള്ളവര്‍ ഒന്നടങ്കം ഇത് സ്വാഗതം ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ടൂറിസം മേഖലയില്‍ വന്‍കുതിപ്പുണ്ടാകുമായിരുന്നെന്നാണ് അവരുടെ വിലയിരുത്തല്‍.

ഇപ്പോള്‍ അതേ പദ്ധതി പൊടി തട്ടി 11 വര്‍ഷത്തിനുശേഷം വീണ്ടുമെത്തുകയാണ്. ബോള്‍ഗാട്ടി പാലസ് വാട്ടര്‍ഡ്രോമില്‍നിന്ന് മാട്ടുപ്പെട്ടിയിലേക്കായിരുന്നു സീ പ്ലെയിനിന്റെ ആദ്യ സര്‍വീസ് നടന്നത്. കനേഡിയന്‍ കമ്പനിയായ ഡിഹാവ് ലാന്‍ഡ് കാനഡയുടെ 17 സീറ്റുള്ള വിമാനമാണ് സ്പൈസ് ജെറ്റിന്റെ സഹകരണത്തോടെ സര്‍വീസ് നടത്തുന്നത്. ഫ്ലാഗ് ഓഫിനു മുന്‍പ് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി തുടങ്ങിയവര്‍ സീ പ്ലെയിനില്‍ ഹ്രസ്വയാത്രയും നടത്തി. ദേശീയപാതാ വികസനം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കുകയാണ്. സീപ്ലെയിന്‍ കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തില്‍, കുറഞ്ഞ ചെലവില്‍ എത്താനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, കുമരകം, മൂന്നാര്‍, പുന്നമട, ബോള്‍ഗാട്ടി, മലമ്പുഴ ഡാം, കാസര്‍കോട്ടെ ചന്ദ്രഗിരി പുഴ തുടങ്ങിയ സ്ഥലങ്ങളെ സീ പ്ലെയിനിനുള്ള വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. അങ്ങനെ ഒരു വലിയ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



പക്ഷേ പണ്ട് ഇടതുപക്ഷം തുറന്നുവിട്ട ഭീതിവ്യാപാര മനസ്സ് ഇന്നും പലരിലുമുണ്ട്. മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ എതിര്‍ക്കുമെന്നാണ് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന്‍ പറയുന്നത്. അടിയന്തരാവശ്യമല്ലാത്തതിനാല്‍ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. 2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നപ്പോള്‍, അന്ന് കായലില്‍ ചാടി സമരം ചെയ്ത ആളാണ് ചിത്തരഞ്ജന്‍. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വരുമ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് യു ടേണ്‍ എടുക്കാന്‍ സാധിക്കുന്നില്ല.




എന്നാല്‍പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്ന് ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇതിനിടെ ആനത്താര ഉള്ളതിനാല്‍ മാട്ടുപ്പെട്ടിയിലെ സി പ്ലെയിന്‍ ലാന്‍ഡിംഗില്‍ വനം വകുപ്പ് ആശങ്ക അറിയിച്ചു. ലാന്‍ഡിംഗിന് നടക്കുന്ന റിസര്‍വോയറിന് സമീപത്ത് ആനത്താരയുള്ളതാണ് വനം വകുപ്പിന്റെ ആശങ്ക. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും, എതിര്‍പ്പ് പറയുന്നവരെ ശകമായി എതിര്‍ക്കുമെന്ന് എംഎം മണിയും പറഞ്ഞു. നോക്കുക, ഇതാണ് ടിപ്പിക്കല്‍ കമ്യൂണിസ്റ്റ് മനസ്സ്. ഞങ്ങള്‍ കൊണ്ടുവന്നാല്‍ അത് ശരി. നിങ്ങള്‍ കൊണ്ടുവന്നാല്‍ അത് തെറ്റ്!


വാല്‍ക്കഷ്ണം: മതാന്ധവിശ്വാസത്തേക്കള്‍ കേരളത്തെ പിറകോട്ട് അടുപ്പിച്ചത് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞ നടപ്പാകുന്ന സീ പ്ലെയിന്‍ അതിന്റെ ടിപ്പിക്കല്‍ ഉദാഹരണം മാത്രം. ബംഗാളില്‍ ജോ്യതി ബസു സര്‍ക്കാര്‍ പുട്ടിക്കയും ഓടിക്കയും ചെയ്ത വ്യവസായികള്‍ ഏറെയുണ്ട്. ഒടുവില്‍ വ്യാവസായികമായി ബംഗാള്‍ പിറകോട്ട് അടിച്ചപ്പോള്‍ വീണ്ടും മുതലാളിമാരെ ക്ഷണിച്ചുവരുത്തി. അങ്ങനെയുണ്ടായ സിംഗുര്‍-നന്ദിഗ്രാം പ്രശ്നം പാര്‍ട്ടിയുടെ ബംഗാളിലെ അന്തകവിത്താവുന്നതും നാം കണ്ടു.

Tags:    

Similar News