ലൈംഗിക അടിമകളായി വര്‍ഷങ്ങള്‍ ഉപയോഗിച്ച ശേഷം വൃക്ക വിറ്റ് പണം തട്ടുന്നു! സെക്സിനായി അഞ്ച് സ്ത്രീകളെ സമ്മാനമായി സ്വീകരിച്ച് ഹോളിവുഡ് നടന്‍; 250 ബില്യണിന്റെ 'വ്യവസായത്തില്‍' സഞ്ചരിക്കുന്ന വേശ്യാലയങ്ങളും; പഞ്ചാബില്‍ വരെ എത്തുന്ന വേരുകള്‍; ആധുനിക അടിമത്തം ഞെട്ടിക്കുമ്പോള്‍
ആധുനിക അടിമത്തം ഞെട്ടിക്കുമ്പോള്‍
സ്ത്രീകളെ ലൈംഗികബന്ധത്തിനായി സമ്മാനമായി നല്‍കുക! ഗ്രോത്രകാലഘട്ടത്തിലൊക്കെ അടിമസ്ത്രീകളെ കൈമാറിയിരുന്നതിന്റെ കഥകള്‍ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആധുനിക കാലത്തും ലോകത്ത് ഇങ്ങനെയൊക്കെ നടക്കുക എന്നത് ചെറുതല്ലാത്ത ഞെട്ടലുണ്ടാക്കും. അത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം, റുമേനിയ സാക്ഷിയായത്. അനധികൃതമായി കടത്തപ്പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണത്തില്‍ ആയോധന കലാകാരനും, ഹോളിവുഡ് നടനുമായ ജീന്‍ ക്ലോഡ് വാന്‍ഡാമെക്കെതിരെ റൊമാനിയയില്‍ കേസ് വന്നിരിക്കയാണ്. ഒരു ക്രിമിനല്‍ ശൃംഖലയില്‍നിന്ന് ലൈംഗികതയ്ക്കായി അഞ്ച് സ്ത്രീകളെ 64-കാരനായ നടന്‍ സമ്മാനമായി സ്വീകരിച്ചെന്നാണ് ആരോപണം. മനുഷ്യക്കടത്തില്‍ അകപ്പെട്ട സ്ത്രീകളാണ് ഇതെന്ന് അറിഞ്ഞുകൊണ്ട് നടന്‍ ഇത്തരമൊരു സമ്മാനം സ്വീകരിച്ചതെന്നാണ് റൊമാനിയന്‍ അധികൃരുടെ വാദം.
ഫ്രാന്‍സിലെ കാനില്‍ വാന്‍ ഡാം സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിലകപ്പെട്ട ഒരു സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്ന് റൊമാനിയന്‍ ഏജന്‍സി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 'ക്രിമിനല്‍ സംഘം രൂപീകരിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും അന്വേഷണം നേരിടുന്ന നിരവധി റൊമാനിയക്കാര്‍ അഞ്ച് റൊമാനിയന്‍ സ്ത്രീകളെ വാഗ്ദാനം ചെയ്തു. ഡാമെയ്ക്ക് അവരുടെ അവസ്ഥ അറിയാമായിരുന്നു. എന്നിട്ടും അവരെ ചൂഷണം ചെയ്തു''- ഇരകളുടെ അഭിഭാഷകന്‍ പറഞ്ഞു. 2020 ആരംഭിച്ച മനുഷ്യക്കടത്തുമായി അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജീന്‍ ക്ലോഡ് വാന്‍ഡാമെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. ഏറ്റവും വിചിത്രം, നേരത്തെ ജീന്‍ ക്ലോഡ് വന്‍ഡാമെ ഇവര്‍ക്ക് ചെയ്തുകൊടുത്ത സേവനത്തിന്റെ സമ്മാനമായണത്രേ ഇങ്ങനെ സ്ത്രീകളെ കൊടുത്തത്!
ജീന്‍ ക്ലോഡിനുനേരെ വന്ന ആരോപണം ലോകവ്യാപകമായി വളരുന്ന ഒരു വലിയ മാഫിയയെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. അതാണ് മനുഷ്യക്കടത്ത് മാഫിയ. അമേരിക്കയും യുറോപ്പും മയക്കുമരുന്ന്, ആയുധ മാഫിയപ്പോലെ ഇന്ന് ഭയക്കുന്നത് മനുഷ്യക്കടത്ത് മാഫിയയൊണ്. കോടികള്‍ ഒഴുകുന്ന ബിസിനസ്. അര്‍ജന്റീന അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും, ആഫ്രിക്കയില്‍ നിന്നുമൊക്കെ ജനം വലിയ രീതിയില്‍ ഒഴുകിയെത്തുന്നതോടെ സ്ത്രീകളെ സമ്മാനമായി കൊടുക്കുന്ന രീതിപോലും വന്നിരിക്കയാണ്. ശരിക്കും ആധുനിക അടിമത്തം.!
250 ബില്യണിന്റെ 'വ്യവസായം'
ഒന്നും രണ്ടുമല്ല, 250 ബില്യന്‍ ഡോളറിന്റെ വലിയ 'വ്യവസായമായി' മനുഷ്യക്കടത്ത് ഇന്ന് മാറിക്കഴിഞ്ഞുവെന്നാണ്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ(ഐഎല്‍ഒ) കണക്ക്. ഇതിന് കാരണമായി അവര്‍ പറയുന്നതും, സാമ്പത്തിക അസമത്വം തന്നെതാണ്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ആളുകള്‍, അമേരിക്കയിലേക്കും യൂറോപ്പിലേക്കും മാത്രമല്ല, ഗള്‍ഫ്രാജ്യങ്ങളിലേക്കും ജപ്പാനിലേക്കും എന്തിന് ചൈനയിലേക്കും വരെ വന്‍ തോതില്‍ എത്തുകയാണ്.
ഡിസ്പോസിബിള്‍ പീപ്പിള്‍ (2004) എന്ന പുസ്തകത്തിന്റെ രചയിതാവായ പണ്ഡിതനായ കെവിന്‍ ബെയ്ല്‍സിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി 27 ദശലക്ഷം ആളുകള്‍ 'ആധുനിക അടിമത്തത്തില്‍' കഴിയുന്നു. 2008-ല്‍, ആഗോള വാണിജ്യ ലൈംഗിക വ്യാപാര റിപ്പോര്‍ട്ടില്‍ 2 ദശലക്ഷം കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. അതേ വര്‍ഷം, ലോകമെമ്പാടുമുള്ള 12.3 ദശലക്ഷം വ്യക്തികളെ 'നിര്‍ബന്ധിത തൊഴിലാളികള്‍, ബോണ്ടഡ് തൊഴിലാളികള്‍, ലൈംഗിക കടത്ത് ഇരകള്‍' എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഈ വ്യക്തികളില്‍ ഏകദേശം 1.39 ദശലക്ഷം പേര്‍ വാണിജ്യ ലൈംഗിക അടിമകളായി ജോലി ചെയ്തു. അതില്‍ 98% പെണ്‍കുട്ടികളുമാണ്. ഇത് 2008ലെ കണക്കാണ്. പുതിയ പഠനങ്ങള്‍ പ്രകാരം ഇത് ഓരോന്നും, രണ്ടിരട്ടിയായി വര്‍ധിക്കയാണ്.
ഇപ്പോള്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍, തീവ്രവാദപ്രശ്നങ്ങളും മറ്റും കണക്കിലെടുത്ത് കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ട്. ഇത് മനുഷ്യക്കടത്തുകാരെയും നന്നായി ബാധിക്കുന്നുണ്ട്. അതിന് അവര്‍ കണ്ടെത്തിയ പ്രതിവിധിയാണ് റുമാനിയ, പോളണ്ട് തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളെ ഇടത്താവളമാക്കുകയെന്നത്. അമേരിക്കക്കും മറ്റും കൊണ്ടുപോവാമെന്ന് പറഞ്ഞ് കടത്തപ്പെടുന്ന, പെണ്‍കുട്ടികളെ റുമാനിയയില്‍ ഇടത്താവളമാക്കി, ഫ്രാന്‍സിലേക്കും ജര്‍മ്മനിയിലേക്കും, നെതര്‍ലന്‍ഡിസിലുമൊക്കെ കൊണ്ടുനടന്ന് വില്‍ക്കുന്ന, സഞ്ചരിക്കുന്ന ഒരു വേശ്യാലയമാണ് ഇപ്പോള്‍, റുമാനിയന്‍ അധികൃതരുടെ അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ കേരളത്തിലടക്കം പ്രശസ്തനായ ഒരു നടനാണ് സ്ത്രീകളെ സമ്മാനം വാങ്ങിയതിലുടെ വിവാദ നായകനായ, ബെല്‍ജിയം സ്വദേശിയായ ജീന്‍ക്ലോഡ് വാന്‍ഡാമെ. ആയോധന കലാകാരനും, നടനും, ചലച്ചിത്ര നിര്‍മ്മാതാവുമാണ് ഇദ്ദേഹം. ബ്ലഡ്സ്പോര്‍ട് (1988), കിക്ക്ബോക്സര്‍ (1989), യൂണിവേഴ്സല്‍ സോള്‍ജിയര്‍ (1992) തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. 1960-ല്‍ ബെല്‍ജിയത്തില്‍ ജനിച്ച അദ്ദേഹം 1980-കളില്‍ ഹോളിവുഡിലേക്ക് മാറുന്നതിന് മുമ്പ് കരാട്ടെയിലും കിക്ക്‌ബോക്‌സിംഗിലും പരിശീലനം നേടി. 79-ല്‍ യൂറോപ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നേടിയ ബെല്‍ജിയം കരാട്ടെ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 'ദി മസില്‍സ് ഫ്രം ബ്രസ്സല്‍സ്' എന്ന വിളിപ്പേരുള്ള അദ്ദേഹം 90കളില്‍ ഒരു പ്രധാന ആക്ഷന്‍ താരമായിരുന്നു. ലഹരിക്കേസുകളിലും ഗാര്‍ഹിക പീഡന പരാതികളിലും നേരത്തെയും അദ്ദേഹം നിയമനടപടി നേരിട്ടിരുന്നു. വിശദമായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അധികൃതര്‍ക്ക് കിട്ടിയത്. മനുഷ്യക്കടത്ത് മാഫിയയുടെ ഒരു അറ്റം മാത്രമാണ്, ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത് എന്നാണ് ദ ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.
ലൈംഗിക കടത്തും അവയവ മോഷണവും
ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വ്യാപകമായ ഒന്നാണ് ലൈംഗിക ആവശ്യങ്ങള്‍ക്കായി കുട്ടികളെ അടക്കമുള്ളവരുടെ മനുഷ്യക്കടത്ത്. ലൈംഗിക വ്യവസായത്തിലെ നിര്‍ബന്ധിത തൊഴില്‍ ലോകമെമ്പാടുമുള്ള 4.5 ദശലക്ഷം ആളുകളെ ബാധിക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുവരുന്ന സ്ത്രീകള്‍ പലപ്പോഴും എത്തിപ്പെടുന്നത് വേശ്യാലയങ്ങളിലാണ്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ്, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നൊക്കെ ഇപ്പോള്‍ യൂറോപ്പിലേക്ക് വന്‍ തോതില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്.
ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ തുടങ്ങിയ ചില രാജ്യങ്ങളിലെ നിര്‍ബന്ധിത വിവാഹങ്ങളും മനുഷ്യക്കടത്തില്‍ തന്നെയാണ് പെടുത്തിയിരിക്കുന്നത്. മ്യാന്‍മറില്‍ നിന്നും കംബോഡിയയില്‍ നിന്നുമുള്ള സ്ത്രീകളെ ചൈനയില്‍ എത്തിച്ച് നിര്‍ബന്ധിത വിവാഹം നടത്തിപ്പിക്കയാണ്. ബോണ്ടഡ് ലേബര്‍പോലും, ആധുനിക അടിമത്തമായാണ് വിലയിരുത്തപ്പെടുന്നത്.
ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത മനുഷ്യക്കടത്തിന്റെ ഭാഗമായി അവയവമാഫിയയും പ്രവര്‍ത്തിക്കുന്നുവെന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍, ഇര ഒരു അവയവം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നു. മറ്റ് സന്ദര്‍ഭങ്ങളില്‍, ഇര പണത്തിനോ സാധനങ്ങള്‍ക്കോ പകരമായി ഒരു അവയവം വില്‍ക്കാന്‍ സമ്മതിക്കുന്നു. പലപ്പോഴും ഇരയുടെ സമ്മതമില്ലാതെയും അവയവങ്ങള്‍ എടുക്കുന്നുണ്ട്. അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന്, അമേരിക്കയിലേക്കും യുറോപ്പിലേക്കും കടത്തിയ പല സ്ത്രീകളുടെയും കഥ ദയനീയമാണ്. റുമാനിയയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസ് പ്രകാരം, ഒരു അര്‍ജന്റീനിയന്‍ യുവതിയെ മൂന്ന് വര്‍ഷത്തോളം ലൈംഗിക അടിമാക്കി ഉപയോഗിച്ച ശേഷം അവളുടെ കിഡ്നി തട്ടിയെടുത്തുവെന്നാണ്! തീരെ വിദ്യാഭ്യാസമില്ലാത്ത കുടിയേറ്റ തൊഴിലാളികളാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് ഏറെയും വിധേയരാവുന്നത്.
അവയവ വ്യാപാരത്തില്‍ ഏറ്റവും ഡിമാന്റുള്ളത് വൃക്കയ്ക്കാണ്. അമേരിക്കയിലും യൂറോപ്പിലും അവയവങ്ങള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് പട്ടിക ഇതിന്റെ ഒരു അന്താരാഷ്ട്ര കരിഞ്ചന്ത സൃഷ്ടിച്ചിരിക്കയാണ്. ലാഭം കൊയ്യുന്നത് ആവട്ടെ ഇടനിലക്കാരും. ആഫ്രിക്കയില്‍ ഇപ്പോള്‍ ഈ മാഫിയക്ക് വലിയ വേരുകള്‍ ആയിക്കഴിഞ്ഞു. ഏറ്റവും ഒടുവിലെ വാര്‍ത്തകളില്‍ ദാരിദ്ര്യം സഹിക്കവയ്യാതെ, അഫ്ഗാനിലടക്കം ജനം അവയവ വില്‍പ്പനയിലേക്ക് തിരിയുന്നുവെന്നതാണ്! മ്യാന്‍മാറിലും, ബംഗ്ലാദേശിലും, പാക്കിസ്ഥാനിലുമൊക്കെ ഇതുപോലെ ഓര്‍ഗന്‍ മാഫിയ പിടിമുറുക്കിക്കഴിഞ്ഞു.
കംബോഡിയ, മ്യാന്‍മര്‍ , ലാവോസ്, നൈജീരിയ തുടങ്ങിയവിടങ്ങളിലെ തട്ടിപ്പ് ഫാക്ടറികളും കുപ്രസിദ്ധമാണ്. ഇതില്‍ മലയാളികള്‍ അടക്കം പെട്ടിട്ടുണ്ട്. ജോലിക്കെന്ന് പറഞ്ഞ്, ഇവിടേക്ക് ആളുകളെ എത്തിച്ച് പിന്നെ, സൈബര്‍ തട്ടിപ്പ് അടക്കമുള്ള പരിപാടിക്കാണ് കൊണ്ടുപോവുക.
അമേരിക്കയെ വിറപ്പിക്കുന്ന മെക്സിക്കന്‍ മാഫിയ
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്ത് മാഫിയ ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഒരു സംശയവും ഉണ്ടാവില്ല. അത് മെക്സിക്കന്‍ മാഫിയ തന്നെയാണ്. ലോകോത്തരമെന്ന് കരുതുന്ന അമേരിക്കന്‍ പൊലീസിന്റെയും, പട്ടാളത്തിന്റെയും കണ്ണുവെട്ടിച്ചാണ്, അവര്‍ ആയിരിക്കണക്കിന് ആളുകളെ ആ രാജ്യത്തേക്ക് കടുത്തുന്നത്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും അമേരിക്കയിലേക്ക് കടത്താന്‍ സംഘങ്ങള്‍ ഉണ്ടെങ്കിലും, മെക്സിക്കോയിലെപോലെ ഇത്തരം സുസംഘടിതമായ ഒരു നെറ്റ്വര്‍ക്ക് വേറെ എവിടെയുമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എന്തിന് കമ്യൂണിസ്റ്റ് ക്യൂബയില്‍പോലും അമേരിക്ക എന്ന സ്വപ്നഭൂമിയിലേക്ക് ആളെയത്തിക്കുന്ന സംഘങ്ങളുണ്ട്.
ഡോങ്കി റൂട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഡോങ്കി റൂട്ട് ഇങ്ങനെയാണ്. ആദ്യമായി നിങ്ങളെ ഏജന്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍, ബൊളിവിയ, ഗുയാന, ബ്രസീല്‍, വെനസ്വേല എന്നിവയില്‍ ഏതെങ്കിലും ഒരിടത്തേക്ക്, വിമാനം കയറ്റും. യാത്രയ്ക്കായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതും ബോധപൂര്‍വമാണ്. കാരണം, ഈ രാജ്യങ്ങളിലേക്ക് എത്താനുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പമാണ്. ഓണ്‍ അറൈവല്‍ വിസ മാത്രമല്ല, പ്രി വിസ അറൈവല്‍ വിസയും എളുപ്പത്തില്‍ ലഭിക്കും.
ലോകത്തിന്റെ പേടിസ്വപ്നമായ മെക്സിക്കന്‍ ഡ്രഗ് മാഫിയയുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൊളംമ്പിയന്‍ അതിര്‍ത്തിയില്‍നിന്ന് പനാമ കാടുകള്‍ കടത്തി അമേരിക്കയില്‍ എത്തിക്കുക എന്ന തീര്‍ത്തും ദുഷ്‌ക്കരമായ ദൗത്യമാണ് ഇവര്‍ പണം വാങ്ങി നിര്‍വഹിച്ചുകൊടുക്കുന്നത്. തീര്‍ത്തും വന്യമായ പ്രദേശമാണ് പനാമ കാടുകള്‍. കുടിവെള്ളംപോലും കൊണ്ടുപോവണം. വന്യ മൃഗങ്ങളുടെ ആക്രമണം പതിവാണ്. ഇത്തരം കുടിയേറ്റക്കാരെയും, കൊള്ളയടിക്കാന്‍ എന്തിനും തയ്യാറാകുന്ന ക്രിമിനല്‍ സംഘം ഈ നാട്ടിലുമുണ്ട്. സ്ത്രീകള്‍ പീഡനം ഭയന്ന് ഗര്‍ഭനിരോധന ഉറകള്‍ പോലും കയ്യില്‍ കരുതും. ഒട്ടേറെ സ്ത്രീകള്‍ ഇവിടെ വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പലരും അക്കാര്യം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇത് പുസ്തകങ്ങളും ചലച്ചിത്രവുമായിട്ടുണ്ട്. കാട്ടിലുടെ പോവുന്ന സ്ത്രീകള്‍ളുടെ കൈയില്‍ അവരുടെ സുരക്ഷയെതന്നെ കരുതി ഏജന്റുമാര്‍ കോണ്ടം കൊടുക്കാറുമുണ്ട്. ( ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിലും സമാനമായ രംഗമുണ്ട്)
ഈ റൂട്ടിലെ ഏറ്റവും ദുഷ്‌കരമായ കാര്യങ്ങളിലൊന്ന് ഡാരിയന്‍ ഗ്യാപ്പ് എന്നറിയപ്പെടുന്ന ഈ വനപ്രദേശം കടന്നുകിട്ടുക എന്നതാണ്. 97 കിലോമീറ്റര്‍ നീളമുള്ള, ഈ കൊടുംകാട്ടിലൂടെയുള്ള യാത്ര ദുരിതമയമാണ്. പനാമയെയും കൊളംബിയയെയും ബന്ധിപ്പിക്കുന്ന ഈ വനപാത ചതുപ്പുകളും, വന്യമൃഗങ്ങളുമടങ്ങുന്ന, പാതയാണ്. മോശം കാലാവസ്ഥയും, മോശം ഭൂപ്രകൃതിയും എല്ലാംകൊണ്ട് ആരും ഈ കൊടുംകാട്ടിലേക്ക് പ്രവേശിക്കുക പോലും ചെയ്യാറില്ല. എന്നാല്‍ യുഎസ് എന്ന സ്വപ്നവുമായി നടക്കുന്ന മനുഷ്യര്‍, വേറെ വഴിയില്ലാതെ ഈ പാത തിരഞ്ഞെടുക്കുകയാണ്. വിഷപ്പാമ്പുകള്‍, കുത്തിയൊഴുകുന്ന നദികള്‍, പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വനപാതയിലുണ്ട്.
എപ്പോഴും മരണം കൂടെയുള്ള പാത എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധിപേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ടവരും ഏറെയാണ്. . യാത്രയ്ക്കിടെ സംഘത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം അവിടെ ഉപേക്ഷിക്കേണ്ടി വരും. തിരിച്ച് നാട്ടിലെത്തിക്കാനുള്ള ഒരു സംവിധാനവുമുണ്ടാകില്ല. ആയിരക്കണക്കിന് ആളുകള്‍ ഈ കാടുകളില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒരിക്കല്‍ എച്ച് ബി ഒയുടെ ഒരു ഡോക്യൂമെന്റിക്കുവേണ്ടി, പനാമ കാടുകള്‍ പരിശോധിച്ചപ്പോള്‍, മനുഷ്യന്റെ നിരവധി അസ്ഥിക്കൂടങ്ങളാണ് കണ്ടത്. വെള്ളംപോലും കിട്ടാതെ ഒറ്റപ്പെട്ടുപോയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുമുണ്ട്. ഏറ്റവും വിചിത്രം പനാമയും മെക്സിക്കോയുമൊക്കെ ഇതും ഒരു അനൗദ്യോഗിക വരുമാന മാര്‍ഗമായി എടുത്തിരിക്കയാണെന്നാണ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ഏജന്റിന് കൊടുക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം പോവുന്നത് പോലീസിനാണ്. ഡ്രഗ് കാര്‍ട്ടലുകളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി പണം പിരിക്കുന്നു.
അങ്ങനെ, ഏറെ ക്ലേശിച്ച് പനാമാ കാടുകള്‍ നടന്ന് താണ്ടിയാലാണ്, അമേരിക്കയുടെ തൊട്ടടുത്തുള്ള മെക്സിക്കോയില്‍ പ്രവേശിക്കുക. മിക്ക കുടിയേറ്റക്കാരും തിരഞ്ഞെടുക്കുന്ന രാജ്യമാണ് മെക്സിക്കോ. രണ്ടുരാജ്യങ്ങളും തമ്മില്‍ 3140 കിലോ മീറ്റര്‍ ദൂരത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്. റിയോ ഗ്രാന്‍ഡ് നദിയാണ് ഇവരില്‍ കൂടുതല്‍ പേരും അതിര്‍ത്തി കടക്കാന്‍ ആശ്രയിക്കുന്നത്. ഇങ്ങനെ അതിര്‍ത്തിയിലേക്ക് എത്തുന്നവരില്‍ പലരും, യുഎസ് അതിര്‍ത്തി സുരക്ഷ സേനയുടെ കസ്റ്റഡിയില്‍ അകപ്പെടുന്നു. ചിലരെയൊക്കെ മാഫിയാ സംഘം അടിമകളാക്കാറുമുണ്ട്.
ഇന്ത്യയില്‍ പഞ്ചാബ് മാഫിയ
ഇന്ത്യയില്‍ മനുഷ്യക്കടത്തിന്റെ തലസ്ഥാനം എവിടെയാണെന്ന് ചോദിച്ചാല്‍ അതിന് പഞ്ചാബ് - ഹരിയാന എന്നാണ് ഉത്തരം. മറ്റൊരു രാജ്യത്തേക്ക് അനധികൃതമായി കുടിയേറാനുള്ള വഴിയെ ഇവിടെ ഡങ്കി റൂട്ട് എന്നാണ് പറയുക. കഴുതയുടെ പ്രാദേശിക ഉച്ചാരണമായ 'ഡങ്കി' പഞ്ചാബി ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം 'ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര' എന്നാണ് ഉദ്ദേശിക്കുന്നത്.
ഹരിയാനയില്‍ നിന്നുള്ളവര്‍ കൂടുതലായും അമേരിക്ക തിരഞ്ഞെടുക്കുമ്പോള്‍, പഞ്ചാബില്‍ നിന്നുള്ളവര്‍ കാനഡയാണ് ലക്ഷ്യം വയ്ക്കുന്നത്. വലിയ സാമ്പത്തിക ചെലവ് വേണ്ട ഒരു യാത്ര കൂടിയാണ് ഡോങ്കി റൂട്ടിലേത്. യുഎസിലേക്കുള്ള യാത്രയ്ക്ക് 15 മുതല്‍ 40 ലക്ഷം രൂപ വരെ ഒരാളില്‍ നിന്നും ചെലവാകും. 70 ലക്ഷം വരെ ചെലവാക്കി ഇതുവഴി അനധികൃതമായി യുഎസില്‍ എത്തിയവരുമുണ്ട്. പണത്തിന്റെ തോത് കൂടുന്നതോടെ യാത്രയുടെ ബുദ്ധിമുട്ടും കുറയും.
ലാറ്റിനമേരിക്ക വഴിയുള്ളതാണ്, അമേരിക്കയിലേക്കുള്ള പ്രധാന ഡോങ്കി റൂട്ട്. പക്ഷേ അതല്ലാതെയും വഴിയുണ്ട്. ചിലപ്പോള്‍ യാത്രികനെ ദുബായിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് അസര്‍ബൈജാന്‍, തുര്‍ക്കിയെ വഴി പനാമയിലെത്തുന്നു. ഇവിടെ നിന്ന് മെക്സിക്കോ വഴി അമേരിക്കയിലേക് കടക്കുന്നു. അമേരിക്കയിലേക്ക് മാത്രമല്ല, യൂറോപ്പിലേക്കും ഡോങ്കി റൂട്ട് വഴിപോകാം. ഒരാള്‍ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവനെ ആദ്യം സെര്‍ബിയയിലേക്ക് അയയ്ക്കും. അത്ര കണിശതയില്ലാത്ത രാജ്യമാണ് ഇത്. സെര്‍ബിയയിലെ മനുഷ്യക്കടത്തുകാര്‍ ശരിയായ അവസരത്തിനായി കാത്തിരിക്കാന്‍ ആവശ്യപ്പെടും. ശരിയായ സമയം വരുമ്പോള്‍, അവര്‍ യാത്രികനെ മറ്റൊരു രാജ്യം വഴി യൂറോപ്പിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് കൊണ്ടുപോകും. ഈ പദ്ധതിയും പരാജയപ്പെടാം. അപ്പോള്‍ കാത്തിരിപ്പ് നീളും.
ഒരുകാലത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഡോങ്കി യാത്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട കര്‍ണിസേന തലവന്‍ സുഖ്‌ദേവ് സിംഗിന്റെ കൊലയാളി രോഹിത് ഗോദ്ര ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. പഞ്ചാബില്‍ നടക്കുന്ന മിക്കാവാറും ഗ്യാങ്ങ് സ്റ്റര്‍ വാറുകള്‍ക്കും ഈ ഹ്യൂമന്‍ ട്രാഫിക്കിങ്ങുമായി ബന്ധമുണ്ട്. നേരത്തെ ഗായകന്‍ സിദ്ദു മൂസെവാല കൊല്ലപ്പെട്ടപ്പോള്‍ അതിലും കാനഡ കേന്ദ്രീകരിച്ച മാഫിയയിലേക്കാണ് സംശയം ഉയര്‍ന്നത്. ഇപ്പോള്‍ ലോറന്‍സ് ബിഷ്ണോയ് അടക്കമുള്ളവര്‍ക്കും പണം വരുന്നത്, കാനഡയില്‍നിന്നാണ്. പഞ്ചാബിലെ റാപ്പര്‍മാരും ബിസിനസുകാരുമൊക്കെ ഈ ലോബിയില്‍ ഉണ്ട്. സംഗീതപരിപാടികളുടെ മറവില്‍ വിദേശത്ത് ആളെയെത്തിക്കുന്ന രീതി വ്യാപകമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗായകന്‍ ഡാലര്‍ മെഹന്ദി ഇങ്ങനെ മനുഷ്യക്കടത്തിന് അറസ്റ്റിലുമായിരുന്നു.
കേരളത്തെ ഞെട്ടിച്ച മുനമ്പം മനുഷ്യക്കടത്ത്
മനുഷ്യക്കടത്തിന്റെ ആഗോളവ്യാപന നിരക്കും, ദേശീയ നിരക്കുമൊക്കെ നോക്കുമ്പോള്‍ കേരളത്തിന് ആശ്വസിക്കാവുന്നതാണ്. പഞ്ചാബിലെയൊക്കെപ്പോലെ സംഘടിത മനുഷ്യക്കടത്ത് സംഘങ്ങള്‍ ഇവിടെയില്ല. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. നമ്മുടെ കുറച്ച് ചെറുപ്പക്കാര്‍ കംബോഡിയയില്‍ ഐ ടിജോലിക്കെന്ന് പറഞ്ഞുപോയി, സൈബര്‍ തട്ടിപ്പ് മാഫിയയുടെ വലയിലായത് നേരത്തെ വാര്‍ത്തയായിരുന്നു.
അതുപോലെ തന്നെ ഈ വര്‍ഷം തുടക്കത്തില്‍ നാം കേട്ടതാണ്, റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പോയി ഏതാനും മലയാളികള്‍ കുടുങ്ങിയ ദയനീയ സംഭവങ്ങള്‍. കഴിഞ്ഞ സെപ്തംബറില്‍ റഷ്യ- ഉക്രയ്ന്‍ യുദ്ധത്തിനിടയില്‍ തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ കൊല്ലപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു വിവരം പുറംലോകം അറിഞ്ഞത്. ഷെല്ലാക്രമണത്തില്‍ ഈയിടെ ബിനില്‍ എന്ന മലയാളിയും റഷ്യയില്‍ കൊല്ലപ്പെട്ടതോടെയാണ് കൂടുതല്‍ മലയാളികള്‍ റഷ്യന്‍ സൈന്യത്തിലുണ്ടെന്ന സംശയം ഉയര്‍ന്നത്.
കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ളവരെ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം സ്വദേശി സന്ദീപ് തോമസാണെന്ന് തെളിഞ്ഞു. ഇയാള്‍ റഷ്യയില്‍ സ്ഥിര താമസക്കാരനാണ്. സന്ദീപ് മുഖേന റഷ്യന്‍ വിസ ലഭിച്ചവരാണ് സൈന്യത്തില്‍ അകപ്പെട്ടത്. പലരേയും ഇടനിലക്കാരാക്കിയാണ് സൈന്യത്തിലേക്ക് ആളുകളെ എത്തിച്ചത്. ചാലക്കുടിയില്‍ സ്റ്റീവ് എന്നറിയപ്പെടുന്ന സുമേഷ് ആന്റണിയെയാണ് ആദ്യം ഇടനിലക്കാരനാക്കിയത്. ഇയാള്‍ മുഖേന ആറു പേരെ ആദ്യഘട്ടത്തില്‍ റഷ്യയിലേക്ക് കൊണ്ടുപോയി. ഇതേ സമയത്ത് തൃശൂര്‍ തയ്യൂര്‍ സ്വദേശി പി ഒ സിബി വഴി രണ്ട് പേരെ സൈന്യത്തിലെത്തിച്ചു. ഉയര്‍ന്ന ശമ്പളത്തില്‍ ഹോട്ടല്‍ ജോലി, പ്ലംബിങ്, ഇലക്ട്രീഷ്യന്‍ തുടങ്ങി വിവിധ ജോലി വാഗ്ദാനം ചെയ്ത് റഷ്യയില്‍ എത്തിച്ച് സൈന്യത്തിന് കൈമാറുകയാണ് ചെയ്യുന്നത്. വിമാനത്താവളത്തില്‍ എത്തിയ ഇവരെ റഷ്യന്‍ സൈനികര്‍ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ വാങ്ങിയശേഷം റഷ്യന്‍ പാസ്പോര്‍ട്ട് നല്‍കുകയാണ് ഉണ്ടായത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കയാണ്.
അതുപോലെതന്നെ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു മുനമ്പം മനുഷ്യക്കടത്ത്. 2019 ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ടുജെട്ടിയില്‍നിന്ന് ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള 87 പേര്‍ വിദേശത്തേക്ക് കടന്നതായാണ് കേസ്. ഇവരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ നിരക്കില്‍ ബോട്ട് മാര്‍ഗം, ന്യൂസിലന്‍ഡിലും ഓസ്ട്രേലിയിലും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ഡല്‍ഹി അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ്വംശജര്‍, ശ്രീലങ്കന്‍ പൗരന്‍മ്മാര്‍, എത്തിവരെ ബോട്ടില്‍ കടത്തുകയായിരുന്നു. ഒരാളില്‍നിന്ന് 3 ലക്ഷം രൂപ വീതം ഈടാക്കിയെന്നാണ് കേസ്.
കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായെങ്കിലും, ബോട്ടില്‍പോയവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇനിയും പിടികിട്ടിയില്ല. ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനും പുറമേ, തായ്ലന്‍ഡ്, ഇന്തോനീഷ്യ, അള്‍ജീരിയ, തുടങ്ങിയ രാജ്യങ്ങളിലും തിരിച്ചില്‍ നടത്തിയിരുന്നു. കാണാതായവരുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് അള്‍ജീരിയയില്‍നിന്ന് വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ( വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട അഖില്‍ പി ധര്‍മ്മജന്റെ 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന നോവല്‍ മുനമ്പം മനുഷ്യക്കടത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്)
വാല്‍ക്കഷ്ണം: കൃത്യമായ രേഖകള്‍ പരിശോധിച്ച് അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം, വിദേശരാജ്യങ്ങളിലേക്ക് ജോലിക്ക് പോവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. മനുഷ്യക്കടത്ത് സംഘങ്ങളും, കെണികളും ലോകത്ത് എമ്പാടുമുണ്ടെന്ന് മറന്നുപോവരുത്.