പ്രണയച്ചതിയിലുടെ ഇമ്രാന്റെ ജീവിത സഖിയായി; ഇപ്പോള്‍ 'ജിന്നുമ്മയില്‍' നിന്ന് ജനകീയ നേതാവിലേക്ക്; ഇമ്രാനു വേണ്ടി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മൂന്നാം ഭാര്യ ബുഷ്റ ബീവി; വിശുദ്ധയായ വനിത എന്നറിയപ്പെട്ടിരുന്ന മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ?

മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ?

Update: 2024-11-29 09:33 GMT

ദ്യപിക്കുകയും, പാര്‍സി സ്ത്രീയെ വിവാഹം കഴിക്കുയും ചെയ്ത ഒരാള്‍, ഇസ്ലാമിന്റെ പേരില്‍ രൂപം കൊണ്ട ഒരു രാഷ്ട്രത്തിന്റെ പിതാവായി ഉയര്‍ന്നുവരിക എന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നാല്‍ മുഹമ്മദലി ജിന്നയുടെയും പാക്കിസ്ഥാന്റെയും, അനുഭവം അതാണ്. ഒരിക്കലും ഇസ്ലാമികമായ ജീവിതം നയിച്ചിട്ടില്ലാത്ത ജിന്നയാണ്, മത ഫത്വകള്‍ നിരന്തരം ഉയര്‍ത്തി പാക്കിസ്ഥാന്‍ പിടിച്ചുവാങ്ങിയത്. തുടര്‍ന്ന് അങ്ങോട്ടും അതി വിചിത്രമായ രാഷ്ട്രീയമായിരുന്നു പാക്കിസ്ഥാനില്‍ കണ്ടുവന്നിരുന്നത്. ജനാധിപത്യം ഇല്ലാതാവുന്നൂ, ഇടക്കിടെ പട്ടാള ഭരണം വരുന്നു. ഒരു പുതിയ ഭരണാധികാരി വരുമ്പോള്‍ പഴയ ആളെ കൊല്ലുകയോ തുറുങ്കിലടക്കുകയോ ചെയ്യും. അയാള്‍ മാറി പുതിയ ആള്‍ വരുമ്പോള്‍ ആദ്യം ഉരുളുക പഴയ നേതൃത്വത്തിന്റെ തലയാണ്! അതായത് നിരന്തരമായ അവിശ്വസനീയതകള്‍ക്കിടയിലൂടെയാണ് പാക്കിസ്ഥാന്‍ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്.

സുള്‍ഫിക്കര്‍ അലി ഭൂട്ടോക്കും, ബേനസീര്‍ ഭൂട്ടോക്കും, നവാസ് ഷെരീഫിനുമൊക്കെ ഉണ്ടായ അതേ വിധിയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ മുന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുനേരെയും ഉണ്ടായിരിക്കുന്നത്. ഒരു നവ പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തുമെന്ന് പറഞ്ഞ്, ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിന്റെ ക്രീസില്‍ പാഡുകെട്ടിയ മുന്‍ ക്യാപ്റ്റന് പക്ഷേ മതരാഷ്ട്രീയത്തിന്റെ ബൗണ്‍സറുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിരവധി അഴിമതിക്കേസുകളില്‍പെട്ട് ജയിലിലാണ്, പാക്കിസ്ഥാനിലെ ഈ മൂന്‍പ്രധാനമന്ത്രി.

ഒരുകാലത്ത് ജിന്നയുമായിട്ടായിരുന്നു ഇമ്രാന്‍ താരതമ്യം ചെയ്യപ്പെട്ടിരുന്നത്. വ്യക്തിജീവിതത്തില്‍ മതേതരന്‍, പൊതു ജീവിതത്തില്‍ മതജീവി. ഇതായിരുന്നു ജിന്നയെപ്പോലെ ഇമ്രാന്റെയും ജീവിത ശൈലി. ഈ ഒരു മത-മതേതര സമവാക്യത്തിലുടെയും, പാക്കിസ്ഥാന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത കളിക്കാരന്‍ എന്ന നിലയിലുമാണ് അയാള്‍ രാഷ്ട്രീയത്തില്‍ ജയിച്ചുകയറിയതും. പക്ഷേ അധികാരം പോയതോടെ ഇമ്രാന് കഷ്ടകാലമായി. അഴിമതി കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് 72കാരനായ ഇമ്രാന്‍ ഖാന്‍.


 



കഴിഞ്ഞ ദിവസങ്ങളിലായി ഇമ്രാന്റെ മോചനത്തിനായി ആയിരിക്കണക്കിന് ആളുകളാണ് പാക്കിസ്ഥാനില്‍ പ്രേക്ഷോഭം നടത്തിയത്. ഇരച്ചെത്തിയ പ്രക്ഷോഭകാരികളെ കണ്ട് ഷഹബാസ് ഷരീഫ് ഭരണകൂടം നടുങ്ങിപ്പോയെന്നാണ്, രാജ്യത്തെ പ്രമുഖ മാധ്യമമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് നേതൃത്വം കൊടുത്തതാവട്ടെ, മുമ്പ് നമ്മുടെ നാട്ടിലെ ബീവിമാരെയും ജിന്നുമ്മമാരെയുപോലെ ആള്‍ദൈവ സമാനമായ ജീവിതം നയിച്ച, ഇമ്രാന്റെ മൂന്നാം ഭാര്യയായ ബുഷ്റ ബീവിയും!. സ്ത്രീകള്‍ പുറത്തിറങ്ങുന്നത് അത്രയോന്നും ഇഷ്ടമില്ലാത്ത മതമൗലികവാദികള്‍ ഏറെയുള്ള പാക്കിസ്ഥാനില്‍ വീണ്ടും ഒരു പെണ്ണിന്റെ സ്വരം ഭരണകൂടത്തെ വിറപ്പിക്കുകയാണ്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന്റെ അനൗദ്യോഗിക നേതൃത്വവും, ബുഷ്റാ ബീവിയിലേക്ക് വന്നിരിക്കയാണ്. സൂഫി പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഈ മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ, എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 'ജിന്നുമ്മയില്‍' നിന്ന് ജനകീയ നേതാവിലേക്ക് ഉയര്‍ന്ന ബുഷ്റയുടെ കഥ വിചിത്രമാണ്.

പ്രണയച്ചതിയിലൂടെ വിവാഹം!

വലിയ സുഫി പാരമ്പര്യമുള്ള പാക് പഞ്ചാബിലെ കുടുംബത്തില്‍ നിന്നാണ് ബുഷ്റ മനേഖയെന്ന യുവതി 2018-ല്‍ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്ത് ബുഷ്റ ബീവിയായി മാറുന്നത്. ഇമ്രാന്റെ മൂന്നാം വിവാഹവും ബുഷ്റയുടെ രണ്ടാം വിവാഹവുമാണ്. തന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തുന്നതിന് മുന്‍പുതന്നെ ഇമ്രാനെ വിവാഹം ചെയ്തതിനേത്തുടര്‍ന്നുണ്ടായ നിയമപ്രശ്നമെല്ലാം കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്.

സത്യത്തില്‍ തന്റെ ഒരു പ്രണയബന്ധത്തെക്കുറിച്ച് ഉപദേശം നേടനാണ് ഇമ്രാന്‍ ബുഷ്റയുടെ അടുത്ത് എത്തുന്നത്. ഒരുകാലത്ത് നിരന്തരം പ്രണയ ബന്ധങ്ങളിലുടെ, 'സെക്സ്, ഡ്രഗ്, റോക്ക് ആന്‍ റോള്‍' എന്ന നിലയില്‍ അടിപൊളി ജീവിതമായിരുന്ന ഇമ്രാന്‍ നയിച്ചിരുന്നത്. രണ്ടു വിവാഹങ്ങള്‍ പരിഞ്ഞ സമയത്താണ് ക്രിസ്റ്റീന ബേക്കര്‍ എന്ന വിദേശ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ യുവതിയുമായി അദ്ദേഹം പ്രണയത്തിലായത്. ക്രിസ്റ്റീന ഇമ്രാനെ വിവാഹം കഴിക്കാനായി ഇസ്ലാമിലേക്ക് മാറി. അവര്‍ പാക്കിസ്ഥാനിലെത്തി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇമ്രാന് ഒപ്പം കഴിഞ്ഞു. പക്ഷേ പിന്നെ അവര്‍ അറിയുന്നത് ഇമ്രാ ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നാണ്. അത് നമ്മുടെ ബുഷ്റാ ബീവിയാണ്. ആ ചതിയില്‍ മനംനൊന്ത ക്രിസ്റ്റീന എഴുതിയ പുസ്തകമാണ് 'ഫ്രം എംടിവി ടു മെക്ക'. അവര്‍ എംടിവി യൂറോപ്പിലെ ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. അങ്ങനെയാണ് അവള്‍ ഇമ്രാനെ പരിചയപ്പെടുന്നത്. '' ഞാന്‍ ഇമ്രാനെ ഉപേക്ഷിച്ചു. പക്ഷേ ഇസ്ലാം സ്വീകരിച്ചു.' എന്നാണ് അവര്‍ പറയുന്നത്. മലയാളത്തില്‍ മാധവിക്കുട്ടിയെപ്പോലെ സ്നേഹത്തിന് വേണ്ടി മതം മാറേണ്ടിവന്ന മറ്റൊരു സ്ത്രീ!

സത്യത്തില്‍, ക്രിസ്റ്റീന ബേക്കറിനെ വിവാഹം കഴിച്ചാല്‍ അത് ദുരന്തമാവുമെന്ന് ഇമ്രാനോട് പറഞ്ഞത് ഈ ആത്മീയ പ്രഭാഷകയായ ബുഷ്‌റ മനേഖയാണ്. ഇമ്രാന്‍ഖാന്റെ വ്യക്തി ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു, ബുഷ്‌റ മനേഖയുമായുള്ള വിവാഹ ബന്ധം. ഇടക്കാലത്ത് പാശ്ചാത്യ ജീവിത ശൈലിയൊക്കെ വിട്ട് കടുത്ത അന്ധവിശ്വാസിയായ ഇമ്രാന്‍, ബാബാ ഫരീദ് ഖഞ്ച്ശകര്‍ ദര്‍ഗയിലെ നിത്യ സന്ദര്‍ശകനായിരുന്നൂ. 2015ഭ ലാണ് ആദ്യമായി സന്ദര്‍ശിക്കുന്നത്. അവിടെവെച്ചാണ് ഒരു അര്‍ധ ആള്‍ദൈവം പോലെയുള്ള ബുഷ്റയെ കാണുന്നത്. തന്റെ പാര്‍ട്ടിയെ കുറിച്ചും രാഷ്ട്രീയ ഭാവിയെ കുറിച്ചും ബുഷ്റ നടത്തിയ പ്രവചനങ്ങള്‍ സത്യമായതോടെ ആ ബന്ധം ശക്തിപ്പെട്ടു. പിന്നീട് വിവാഹമോചിതയായ ബുഷ്‌റ മനേഖയെ ഇമ്രാന്‍ ഖാന്‍ തന്റെ മൂന്നാമത്തെ സഖിയായി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാര്യയോളം അധ്യാത്മിക തെളിച്ചമുള്ള ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇമ്രാന്‍ പറയുന്നത്.


 



ലാഹോറില്‍ 2018-ല്‍ നടന്ന ഒരു ചെറിയ ചടങ്ങിലാണ് ഇമ്രാന്‍ ഖാന്‍ ബുഷ്‌റയെ വിവാഹം ചെയ്തത്. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുഷ്‌റ ബീവിക്ക് നിഗൂഡമായ അദ്ധ്യാത്മികമായ ശക്തികളുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ബുഷ്‌റ പിങ്കി പിര്‍നി (വിശുദ്ധയായ വനിത) അഥവാ പിങ്ങി ബീവി എന്നാണ് പാകിസ്ഥാനില്‍ അറിയപ്പെടുന്നത്. .

പ്രവാചകന്‍ നബി സ്വപ്നത്തിലെത്തി, രാജ്യത്തിന്റെ നന്മയ്ക്കായി ഇമ്രാനെ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ബുഷ്റ പറയുന്നത്. മറ്റൊരു രസകരമായ കാര്യം വിവാഹം കഴിയുന്നതുവരെ ഖാന്‍ ഭാര്യയുടെ മുഖം കണ്ടിട്ടില്ലെന്നതാണ്. അവരുടെ വീട്ടില്‍ നിന്നു ലഭിച്ച ഒരു പഴയ ഓട്ടോഗ്രാഫിലാണ് അവര്‍ എങ്ങനെയാണെന്നുള്ള ഒരു രൂപം കിട്ടിയതെന്ന് ഇമ്രാന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. കസ്റ്റംസ് ഓഫീസറായ ഖവാര്‍ ഫാരിദ് മനേഖയുടെ മുന്‍ ഭാര്യയായിരുന്നു ബുഷ്‌റ.

മതേതരനില്‍നിന്ന് മതജീവിയിലേക്ക്

ബുഷ്റ ബീവിയെ വിവാഹം കഴിച്ചതോടെയാണ് ഇമ്രാന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. അതുവരെ അദ്ദേഹം 'കുടിക്കുക, വലിക്കുക, ആനന്ദിക്കുക' എന്ന ഫ്രീക്കന്‍ ടൈപ്പായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെ ഒരു വികസിത പുരോഗമന രാജ്യമാക്കണമെന്നായിരുന്നു, ഇമ്രാന്റെ ലക്ഷ്യം. പക്ഷേ ബുഷ്റ ബീവിയുടെ സ്വാധീനംമൂലം അയാള്‍ തീര്‍ത്തും ഒരു മതജീവിയായി. നിസ്‌ക്കാരവും നോമ്പുമടക്കമുള്ള എല്ലാകാര്യങ്ങളും അയാളുടെ ജീവിതത്തില്‍ തിരിച്ചുവന്നു. മദ്യവും, പോര്‍ക്കുമടക്കമുള്ള അനിസ്ലാമികമായ എല്ലകാര്യങ്ങളും, ഇമ്രാന്‍ വിവാഹത്തിനുശേഷം നിര്‍ത്തിയെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

പണം കുത്തിയൊഴകുന്ന ക്രിക്കറ്റാണ് 16ാം വയസ്സുമുതല്‍ ഇമ്രാന്റെ ജീവിതം. 1971 മുതല്‍ 1992 വരെ ഏകദേശം 21 വര്‍ഷത്തോളം അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിച്ചു. 92-ലെ ലോക കപ്പ് കിരീടം അദ്ദേഹത്തിന് വലിയ കീര്‍ത്തിയുണ്ടാക്കിക്കൊടുത്തു. ഇമ്രാന്‍ പന്തെടുക്കുമുള്ള എതിരാളികള്‍ നടുങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. സ്വര്‍ണ്ണത്തലമുടി ഒന്ന് കോതിയൊതുക്കി, നീണ്ട റണ്ണപ്പുമായി വന്ന് തീപാറുന്ന രീതിയില്‍ പന്തുകള്‍ എറിയുന്ന ഇമ്രാനെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. വിക്കറ്റുകള്‍ വായുവില്‍ കറങ്ങിക്കൊണ്ട് തെറിച്ചുപോകുന്ന ഇമ്രാന്‍ മാജിക്ക്! അതുപോലെ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇമ്രാന്റെ പ്രത്യേകത. ഇതൊക്കെ ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു. എവിടെപോയാലും ഇമ്രാന്റെ ഓട്ടോഗ്രാഫിനുവേണ്ടി സുന്ദരികളുടെ ഒരു നീണ്ട നിര ഉണ്ടാവുമായിരുന്നു.

സ്ത്രീകളും മദ്യവും ഡ്രഗ്സും പാര്‍ട്ടികളും ആദ്യകാലത്ത് ഇമ്രാന്‍ഖാന്റെ വീക്ക്സെനസ്സുകള്‍ ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ബ്രിട്ടീഷുകാരിയായ ടെലവിഷന്‍ പ്രൊഡ്യുസറും, എഴുത്തുകാരിയുമായ ജെമിമ ഗോള്‍ഡ് സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. ഡയനാ രാജകുമാരിയുടെ വരെ സുഹൃത്തായിരുന്ന ഇവര്‍. 1995 മെയ് 16ന് പാരീസില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങിലാണ് ഗോള്‍ഡ്സ്മിത്തും ഇമ്രാന്‍ ഖാനും വിവാഹിതരായത്. തുടര്‍ന്ന് ജെമിമ ഇസ്ലാം മതം സ്വീകരിച്ചു. ഖാനുമായുള്ള വിവാഹശേഷം, അവള്‍ അദ്ദേഹത്തിന്റെ ജന്മനാടായ പാകിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറ്റി, അവിടെ അവള്‍ ഉറുദു സംസാരിക്കാന്‍ പഠിച്ചു. പരമ്പരാഗത പാകിസ്ഥാന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. പിതാവിന്റെ പാരമ്പര്യം വെച്ചു നോക്കുമ്പോള്‍, ജെമിമ ഗോള്‍ഡിന് ഒരു ജൂത ബന്ധമുണ്ട്. ഇത് പാക്കിസ്ഥാനില്‍ വാര്‍ത്തയായി. ഇതും കണക്കിലെടുത്താണ് അവര്‍ ഇസ്ലാമിലേക്ക് മാറിയത്.


 



ഖാനുമായുള്ള വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍ ഉണ്ട്. സുലൈമാന്‍ ഈസ, കാസിം എന്ന് പേരുള്ള മക്കള്‍ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഇസ്ലാമിക കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ അനധികൃതമായി കയറ്റുമതി ചെയ്തതിന് 1999-ല്‍, പാക്കിസ്ഥാനില്‍ ജെമീമക്കെതിരെ കേസ് വന്നിരുന്നു. എന്നാല്‍ പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ട് കോടതി അവരെ വെറുതെ വിട്ടു. ജെമിമയുടെ കൈയിലുള്ളത് പുരാവസ്തുക്കള്‍ ആയിരുന്നില്ലെന്നും ഇമ്രാനോടുള്ള പകപോക്കലായിരുന്നു ഇതെന്നും പിന്നീട് വെളിപ്പെട്ടു.

2004 ജൂണ്‍ 22ന്, ഒമ്പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ദമ്പതികള്‍ വിവാഹമോചനം നേടി. 'പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ജീവിതവുമായി പൊരുത്തപ്പെടാന്‍ ് ബുദ്ധിമുട്ടായിരുന്നു' എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ യാഥാര്‍ഥ കാരണം ഇമ്രാന്റെ സത്രീ വിഷയം തന്നെയായിരുന്നു. അപ്പോഴേക്കും മറ്റ് പല ബന്ധങ്ങളും അയാള്‍ക്ക് ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. വിവാഹമോചനത്തിനുശേഷം ജെമിമ മക്കളോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങി. 2014 ഡിസംബര്‍ വരെ ഇമ്രാന്‍ ഖാന്‍ വാര്‍ത്താ അവതാരകയായ രെഹാം ഖാനെ വിവാഹം കഴിക്കുന്നത് വരെ ജെമീമ 'ഖാന്‍' എന്നത് തന്റെ സര്‍നേയിമായി നിലനിര്‍ത്തിയിരുന്നു. ഒരിക്കലും അവര്‍ ഇമ്രാനെതിരെ തിരിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ഇമ്രാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ജമീമ നടത്തിയ ട്വീറ്റും വലിയ ചര്‍ച്ചയായി. മുഹമ്മദാലി ജിന്നയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആ ലക്ഷ്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെയാണ് അവര്‍ പ്രതികരിച്ചത. 'ഇനിയുള്ള വെല്ലുവിളി അദ്ദേഹം എന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് മറക്കാതിരിക്കലാണ്' എന്നാണ ജമീമ ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകയും സിനിമാനിര്‍മ്മാതാവുമായ രെഹം ഖാനെയാണ് ഇമ്രാന്‍ രണ്ടാമത് വിവാഹം ചെയ്തത്. ഒമ്പതു മാസം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസ്സ്. 2015ലായിരുന്നു വിവാഹം. തട്ടമിട്ട് തലമറയ്ക്കാതെ രെഹത്തെ അക്കാലത്ത് കാണാന്‍ കഴിയുമായിരുന്നില്ല. പാരമ്പര്യവിശ്വാസങ്ങളോട് ഇമ്രാന്‍ അടുത്ത് തുടങ്ങിയതിന്റെ സൂചന കൂടിയായിരുന്നു അത്. ഇതിനുശേഷമാണ്,

ബുഷ്‌റ ബീവിയെയാണ് ഇമ്രാന്‍ വിവാഹം ചെയ്തത്. കടുത്ത മതവിശ്വാസിയായ അവരെ ബുര്‍ഖയില്‍ ആവരണം ചെയ്ത നിലയില്ലാതെ കാണാനേ കഴിയില്ല. ഇമ്രാന്‍ തികഞ്ഞ യാഥാസ്ഥിതികനായി എന്നതിന് തെളിവായാണ് ബുഷ്‌റയുമായുള്ള വിവാഹത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

താലിബാന്‍ ഖാന്‍ പിറക്കുന്നു!

ബുഷ്റയുമായുള്ള വിവാഹത്തിനുശേഷം, താലിബാന്‍ ഖാന്‍ എന്ന് വിളിപ്പേര് വീഴത്തക്ക രീതിയില്‍ പൂര്‍ണ്ണമായി മതമൗലികവാദത്തിന് അടിമപ്പെടുന്ന ഒരു ഇമ്രാന്‍ ഖാനെയാണ് പിന്നീട് ലോകം കണ്ടത്. ഇത് കേവലം ഒരു വിവാഹം കൊണ്ട് മാത്രം സംഭവിച്ചതല്ല എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മ്മാര്‍ വിലയിരുത്തുന്നത്. മതവും, ഇന്ത്യാവിരുദ്ധതയുമാണ് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ചരക്ക്. ഇമ്രാനും അതേ നിലപാടുകള്‍ പുറത്തെടുത്തു.

മൂന്‍കാല ആധുനിക ജനാധിപത്യ നിലപാടുകള്‍ ഇമ്രാന്‍ വിഴുങ്ങി. മതനിന്ദാ നിയമം റദ്ദാക്കുന്നതിനെ എതിര്‍ക്കുകയും അഹമ്മദിയ്യ വിഭാഗത്തെ അമുസലീമായി കണക്കാക്കുകയും ചെയ്യുന്നയാളാണ് പുതിയ ഇമ്രാന്‍. സൈന്യത്തിന്റെ താലിബാന്‍ വിരുദ്ധ നടപടികളെ അനുകൂലിക്കുമ്പോഴും, തീവ്രവാദികളായ തെഹ്രീക് ഇ ലബ്ബാക്ക് പാക്കിഥാന്റെയും, സിപാ ഇ സഹബയുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെയാണ് ഇരട്ടത്താപ്പുകളുടെ രാജകുമാരന്‍ എന്നും അദ്ദേഹത്തിന് പേര് വീഴുന്നത്.


 



പാര്‍ട്ടികളുടെ അഴിമതിയിലും, പട്ടാളഭരണത്തിനും മടുത്ത ജനം മറ്റൊരു ഓപ്ഷനായി കാത്തിരിക്കയായിരുന്നു. അവിടെയാണ്, 'അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും'എന്ന് പറഞ്ഞ് ഇമ്രാന്‍ ഖാന്റെ രംഗപ്രവേശം. ഒരേസമയം മതേതരനായി അഭിനയിക്കുകയും, കിട്ടാവുന്നിടത്തൊക്കെ മതത്തിന്റെ പേരില്‍ വോട്ടുപിടിക്കയാമായിരുന്നു ഇമ്രാന്റെ ശൈലി. പ്രവാചകന്‍ കഴിഞ്ഞാല്‍ പാക്കിസ്ഥാന്റെ രാഷട്രപിതാവായിരുന്ന മുഹമ്മദാലി ജിന്നയായിരുന്നു, ഖാന്റെ തുറുപ്പു ചീട്ട്. ജിന്നയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം ആളെക്കൂട്ടിയത്.

കൊടും തീവ്രാദിയായ ഫാഫിസ് സെയ്ദിനെക്കൊണ്ട് റാലികളില്‍ അഭിസംബോധന ചെയ്യിച്ച ചരിത്രമുണ്ട് ഇമ്രാന്. പാക് താലിബാനെതിരായ സൈനിക നടപടിയെ അദ്ദേഹം തുറന്നെതിര്‍ക്കുകയും ചെയ്തു. താലിബാനെ പ്രശംസിച്ചതിന്റെ പേരില്‍ താലിബാന്‍ ഖാന്‍ എന്ന വിളിപ്പേര് പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആ നിലപാടുകളോട് ഇമ്രാന്‍ മുഖം തിരിക്കുന്നത് നൂറിലധികം കുട്ടികളുടെ മരണത്തിന് കാരണമായ പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തോടെയാണ്. പിന്നെയെല്ലായ്‌പ്പോഴും ഇമ്രാനും തെഹ്രീക് ഇ ഇന്‍സാഫും സൈനിക നിലപാടുകളോട് തന്നെ ചേര്‍ന്നുനിന്നു.

പാക് സൈന്യം പാലൂട്ടി വളര്‍ത്തിയ അരുമസന്തതിയാണ് ഇമ്രാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി. ഇലക്റ്റഡ് അല്ല, സെലക്റ്റഡ് പ്രധാനമന്ത്രിയാണ് ഇമ്രാന്‍ എന്നായിരുന്നു അക്കാലത്ത് ഒരു സൈനിക ഉദ്യോഗ്ഥന്‍ പറഞ്ഞത്. ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ്(എന്‍) പാര്‍ട്ടിയെയും രാഷ്ട്രീയഅടരുകളില്‍ നിന്ന് ഇല്ലായ്മ ചെയ്യലാണ് തെഹ്രിക് ഇന്‍സാഫിന്റെ അവതാര ലക്ഷ്യം. അതിന സൈന്യം ഇമ്രാനെ സഹായിച്ചു. പക്ഷേ സൈന്യത്തോട് തെറ്റിയതോടെ ഇമ്രാന്റെയും കഷ്ടകാലം തുടങ്ങി. പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതോടെ അദ്ദേഹം ജയിലിലുമായി.

മോചനത്തിനായി വന്‍ പ്രേക്ഷോഭം

ഇക്കഴിഞ്ഞ ആഴ്ച നാട് വിറപ്പിക്കുന്ന രീതിയിലുള്ള വലിയ പ്രക്ഷോഭമാണ്, സാമ്പത്തിക കതര്‍ച്ചമൂലം പിച്ചയെടുക്കേണ്ടി വന്ന ഗതികേടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന് ഉണ്ടായത്. ഇമ്രാന്‍ ഖാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇസ്ലാമാബാദില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. ആയുധം കയ്യിലുള്ള പ്രക്ഷോഭകരെ കണ്ടാല്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പൊലീസ് അടച്ചു. മൊബൈല്‍ ഫോണ്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നിട്ടും ഇസ്ലാമാബാദിനെ സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പൊലീസ് അടച്ച റോഡുകള്‍ ബലം പ്രയോഗിച്ച് തുറന്നാണ് ഇമ്രാന്‍ അനുകൂലികള്‍ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധക്കാര്‍ സഞ്ചരിച്ച വാഹനം ഇടിച്ചു കയറി സുരക്ഷാ സേനയിലെ നാല് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രതിഷേധക്കാരനും കൊല്ലപ്പെട്ടു. മറ്റൊരു സംഘര്‍ഷത്തിനിടെ വേറൊരു പൊലീസുകാരനും കൊല്ലപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ബെലാറസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെയാണ് പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രക്ഷോഭം നടത്തിയത്. മാസങ്ങളായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് ചെയ്തത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ രാജ്യ തലസ്ഥാനത്ത് തുടരാനുള്ള നിര്‍ദ്ദേശമാണ് ഖാന്‍ അനുയായികള്‍ക്ക് നല്‍കിയിട്ടുള്ളത്.

പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പൊതുജീവിതം തടസ്സപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ബുഷ്റയുടെ താരോദയമോ?

അതിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രിയും ഇമ്രാന്‍ ഖാന്റെ സഹായിയുമായ അലി അമിന്‍ ഗണ്ഡാപൂര്‍, ഡി ചൗക്ക് എന്നറിയപ്പെടുന്ന നഗരത്തിന്റെ റെഡ് സോണിന്റെ പ്രവേശന കവാടത്തിന് സമീപം ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തു. ഈ റെഡ് സോണിലാണ് പാര്‍ലമെന്റ് കെട്ടിടം, പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എംബസികള്‍, വിദേശ ഓഫീസുകള്‍ എന്നിവയുള്ളത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ അവിടെ തുടരാന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ടെന്ന് അലി അമിന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഈ ആഹ്വാനം കേട്ട് ആയിരങ്ങളാണ് തടിച്ചുകൂടിയത്.


 



ഇവിടെയാണ് ഒരു കരുത്തുറ്റ സ്ത്രീ ശബ്ദം ഉയര്‍ന്ന് കേട്ടത്. അത് ഇമ്രാന്‍ഖാന്റെ മൂന്നാം ഭാര്യ ബുഷ്റ ബീവിയുടേതായിരുന്നു.ആദ്യമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അവര്‍ ഇങ്ങനെ പറഞ്ഞു: -''ഇത് കേവലം എന്റെ ഭര്‍ത്താവിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, രാജ്യത്തിന്റെ ഭാവിക്ക് കൂടിയുള്ള പോരാട്ടമാണ്''. വന്‍ കരഘോഷത്തോടെയാണ് ജനം ഈ പ്രസഗം ഏറ്റെടുത്തത്. ഡി.ചൗക്കിലെ പ്രക്ഷോഭത്തിന് ശേഷം ബുഷ്റ ബീവി സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും ഇമ്രാന്റെ പാത പിന്തുടര്‍ന്ന് അവര്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇമ്രാന്‍ഖാന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഈ ആഴ്ച ആദ്യമാണ് ബുഷ്റ ബീബി ഇസ്ലമാബാദിലെത്തിയത്. റാലിയെ നേരിടാന്‍ വന്‍ പോലീസ് സന്നാഹങ്ങളെ സര്‍ക്കാര്‍ ഒരുക്കി നിര്‍ത്തിയെങ്കിലും ഇതിനെയെല്ലാം മറികടന്നുകൊണ്ടായിരുന്നു, ഡി.ചൗക്കിലെ പ്രസംഗം. വലിയ കണ്ടെയ്നര്‍ ബാരിക്കേഡിനെ പോലും സമരക്കാര്‍ മറികടന്നു. ഇമ്രാന്‍ ഖാന്‍ നമുക്കിടയില്‍ എത്തുന്നതുവരെ ഡി-ചൗക്ക് വിടില്ലെന്ന് നിങ്ങള്‍ എല്ലാവരും ഉറപ്പുനല്‍കണമെന്ന് പറഞ്ഞ് ബുഷ്റ തുടങ്ങിയ പ്രസംഗം വന്‍ ആരവത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.

സൂഫി പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുവന്ന, ആത്മീയ പശ്ചാത്തലമുള്ള വനിതയെന്ന നിലയില്‍ ബുഷ്റയ്ക്ക് നേരത്തെ തന്നെ ലഭിച്ച വലിയ സ്വീകാര്യത രാഷ്ട്രീയത്തില്‍ ഉപകരിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടു തന്നെയായിരുന്നു സമരനിരയില്‍ അവര്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതും. ഇമ്രാന്‍ഖാന്റെ ആവശ്യപ്രകാരമാണ് ബുഷ്റ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതെന്ന വാദവും ഉയരുന്നുണ്ട്. ബുഷ്റ ബീവിയുടെ പ്രസംഗത്തിന് ശേഷം പാക്കിസ്ഥാനില്‍ ഉയര്‍ന്നുകേട്ടത് ഒരു ചോദ്യമായിരുന്നു. ബുഷ്റയുടേത് മറ്റൊരു വനിതാ രാഷ്ട്രീയ നേതാവിന്റെ ഉദയമാണോ?

വാല്‍ക്കഷ്ണം: ഇമ്രാന്‍ ആരായിരുന്ന് അറിയണമെങ്കില്‍, രണ്ടാം ഭാര്യ എഴുതിയ 'രേഹം ഖാന്‍' എന്ന ആത്മകഥ വായിക്കണം. ഇമ്രാന്‍ ഖാന് സ്വവര്‍ബന്ധത്തില്‍പോലും താല്‍പ്പര്യമുള്ള ഹെട്രോസെക്ഷ്വല്‍ ആണെന്നും, ബ്രിട്ടനില്‍ വെച്ച് പല മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടിരുന്നെന്നും രേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. പാക് മുന്‍ ക്യാപ്റ്റനാല്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചിരുന്നു. അവിഹിത ബന്ധത്തില്‍ ഇമ്രാന് പല സ്ത്രീകളിലായാണ് അഞ്ച് മക്കളുണ്ട്. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഇത് തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ചര്‍ച്ചയാക്കിയപ്പോള്‍ മതം എടുത്തിട്ടാണ് ഇമ്രാന്‍ പ്രതിരോധിച്ചത്. -''അന്ന് ഞാന്‍ ഇസ്ലാമിനെ പൂര്‍ണ്ണമായും അറിഞ്ഞിരുന്നില്ല, ഇന്ന് അങ്ങനെയല്ല, ഇസ്ലാമിന്റെ വെളിച്ചം എന്റെ കുടെയുണ്ട്''- ഈ ഒറ്റമറുപടിയില്‍ എല്ലാവരും ഫ്ളാറ്റായി. അന്ന് ഇമ്രാന്‍ പറഞ്ഞ ഇസ്ലാമിന്റെ വെളിച്ചം ഈ ബുഷ്റാ ബീവിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

Tags:    

Similar News