നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?

ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?

Update: 2025-04-17 08:46 GMT

തിരുവനന്തപുരം: മലയാള സിനിമയില്‍ ഇന്ന് പ്രത്യേകിച്ച് ഒരു ആമുഖമോ മുഖവുരയോ വേണ്ടത്ത നടനാണ് ഷൈന്‍ ടോം ചാക്കോ.പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു മലയാളിയുടെയും മനസിലേക്ക് ആ മുഖം തെളിഞ്ഞുവരും.പക്ഷെ ഇത് കുപ്രസിദ്ധി കൊണ്ട് കൂടിയാണെന്നതാണ് യഥാര്‍ത്ഥ വസ്തുത.മലയാളത്തിലെ സമകാലീകരും സമപ്രായക്കാരുമായ മറ്റ് നടന്മാരെപ്പോലെ അല്ല ഷൈന്‍.എത് വിഷയത്തിലും അത് ഇനി വിവാദമാണെങ്കില്‍ക്കൂടി ഷൈന്‍ തന്റെ അഭിപ്രായം തുറന്നുപറയുന്നു.ഷൈനിന്റെ പേരില്‍ വരുന്ന ആരോപണത്തിനൊപ്പം ഇത്തരം തുറന്നു പറച്ചിലുകളും കൂടിയാകുന്നതോടെ സിനിമക്കഥകളെ വെല്ലുന്ന സംഭവബഹുലമായ ജീവിതമാകുന്നു ഷൈനിന്റെത്.

ഏറ്റവും ഒടുവിലിതാ വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും അതിന് സിനിമ സംഘടനകള്‍ ഒരേ മനസ്സോടെ പിന്തുണയും നല്‍കുന്നതോടെ ഇനി താരത്തിന്റെ സിനിമാ ജീവിതം എങ്ങിനെയാകുമെന്നത് വലിയ ചോദ്യം തന്നെയാകുകയാണ്.സിനിമയുടെ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് ഷൈന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് വിന്‍സി ഉന്നയിച്ചിരിക്കുന്ന പരാതി.വെളിപ്പെടുത്തല്‍ വരുന്ന അതേ മണിക്കൂറിലാണ് കഴിഞ്ഞ ദിവസം ഹോട്ടലിലെ ഡാന്‍സാഫിന്റെ പരിശോധനക്കിടെ നടന്‍ അന്വേഷണത്തസംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ നടനെതിരെ സിനിമാ മേഖലയില്‍ നിന്നും കടുത്ത നടപടി ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഒപ്പം അന്വേഷണസംഘത്തിന്റെ നടപടികള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കടുക്കുമെന്നതില്‍ തര്‍ക്കമില്ല.മലയാളത്തിനൊപ്പം തന്നെ ഇതരഭാഷയിലെ സൂപ്പര്‍ സ്റ്റാറുകളുടെ ബിഗ്ബജറ്റ് സിനിമകളിലും സജീവസാന്നിദ്ധ്യമാകുമ്പോഴാണ് ഷൈനിന് വീണ്ടും തിരിച്ചടി നേരിടുന്നത്.തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന അജിത്തിന്റെ ഗുഡ് ബാഡ അഗ്ലിയിലം ഷൈനിന്റെ കഥാപാത്രം കൈയ്യടി നേടിയിരുന്നു.തുടക്കകാരനായി നില്‍ക്കുമ്പോള്‍ ഒരുപക്ഷെ കരിയര്‍ തന്നെ അവസാനിച്ചേക്കാവുന്ന കേസില്‍ നിന്ന് മോചിതനായി വന്നാണ് ഷൈന്‍ സിനിമാസ്വാദകരുടെ കൈയ്യടി നേടിയത്.അത്തരത്തില്‍ നോക്കുമ്പോള്‍ ഇനിയുളള നടന്റെ ജീവിതം സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് പോലെ അപ്രവചനീയമാവുകയാണ്.

നടനാകാന്‍ സംവിധായകന്റെ സഹായിയായി തുടങ്ങി..ഇന്ന് അന്യഭാഷ ബിഗ്ബജറ്റ് ചിത്രങ്ങളിലെയും താരം

1983 സെപ്റ്റംബര്‍ 15ന് കൊച്ചിയിലാണ് ഷൈന്‍ ടോം ചാക്കോ ജനിച്ചത്.യാതൊരു സിനിമാ ബന്ധവുമില്ലാത്ത ഒരു കുടുംബമായിരുന്നു ഷൈനിന്റെത്.പഠിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്.അവിടുത്തെ ജില്ലാ സ്‌കുള്‍ കലോത്സവങ്ങളാണ് തന്നിലെ നടനെ കണ്ടെത്തിയെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു.''ഞാന്‍ വളരെ ചെറുപ്പത്തിലെ സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ച് എത്തിയതാണ്. വളരെ ചെറുപ്പത്തിലെ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മള്‍ പഠിച്ചുവയ്ക്കും.കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും.ഇതൊക്കെ നമ്മുടെ സ്‌കൂളുകളില്‍ കാണുന്ന പരിപാടിയല്ലേ. കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്-ഷൈന്‍ പറയുന്നു.''യുകെജിയില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നാടകം കളിക്കുന്നത്.പിന്നീട് ഞാനൊരു നാടകം ചെയ്യുന്നത് ഒമ്പതില്‍ പഠിക്കുമ്പോഴാണ്. അതുപോലെ, പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തില്‍ രണ്ടുവര്‍ഷവും നാടകം ചെയ്തു. മലപ്പുറം ജില്ലായുവജനോത്സവത്തില്‍ രണ്ടുതവണയും ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. അതെല്ലാം ഞാന്‍ ചെയ്യുമ്പോഴും, സിനിമയിലേക്ക് എത്തണമെന്ന മോഹമാണ് ഉള്ളിലുള്ളത്. - ഷൈന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


 



സിനിമാമോഹം കലശലായതോടെ പഠനത്തില്‍ താല്‍പ്പര്യം കുറഞ്ഞു.അതോടെ ഒരു ദിവസം ആ പയ്യന്‍ സംവിധായകന്‍ കമലിന്റെ സഹായിയായി കൂടി.'' 12-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാന്‍ കമല്‍ സാറിന്റെ അടുത്ത് സംവിധാനം പഠിക്കാന്‍ ചെല്ലുന്നത്.ആ സമയത്ത് എനിക്ക് അഭിനയിക്കണം എന്നു പറഞ്ഞാല്‍ എന്തു റോള്‍ കിട്ടാനാണ്അഭിനയത്തിലേക്ക് എനിക്കെത്തിപ്പെടണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു ജോലി വേണമായിരുന്നു.സത്യത്തില്‍, എന്റെ ഡിഗ്രിയും പിജിയുമൊക്കെ സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെയാണ്. സഹസംവിധായകന്റെ വേഷം സത്യത്തില്‍ എനിക്ക് സിനിമ പഠിക്കാനുള്ള വേദിയായിരുന്നു.പത്തുവര്‍ഷം ഞാനെല്ലാം കണ്ടും മനസ്സിലാക്കിയും നിന്നു''-ഷൈന്‍ പറയുന്നു.

ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. ബെന്യാമിന്റെ ആടു ജീവിതത്തിലെ നജീബിനെ ഓര്‍മ്മിപ്പിക്കുന്ന ആ ശക്തമായ കഥാപാത്രം ഷൈനിന് ബ്രേക്ക് ആയി.2012ല്‍ ഈ അടുത്ത കാലത്ത്, ചാപ്റ്റോഴ്സ് എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചു.2013ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതും വമ്പന്‍ ഹിറ്റായി. അതില്‍ പുരുഷ ശരീരവും സ്ത്രീയുടെ മനസ്സുമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഷൈന്‍ കൈയടി നേടി. ഇതാ ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന കരുത്തനായ ഒരു യുവ നടന്‍ എന്ന് മാധ്യമങ്ങള്‍ എഴുതി.

ഈ സമയത്താണ് കൊക്കൈന്‍ കേസ് വരുന്നത്.പക്ഷെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് തള്ളിപ്പോവുകയായിരുന്നു.ജയിലില്‍ നിന്ന് തിരിച്ചിറങ്ങിയതിന് ശേഷവും ചെറിയ വേഷങ്ങളില്‍ തുടങ്ങി നായക കഥാപാത്രങ്ങള്‍ വരെ നടനെ തേടിയെത്തി.കേസിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും അക്കാലത്ത് തന്റെ അഭിനയത്തിന് കൈയ്യടിപ്പിക്കാന്‍ ഷൈനിന് സാധിച്ചു.വൈകാതെ തന്നെ കൂടുതല്‍ മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.ഇഷ്്ക്,ലൗ,ഉണ്ട,കുറുപ്പ്,വൂള്‍ഫ്,കുരുതി,ഭീഷമപര്‍വ്വം തുടങ്ങി മുന്‍നിര നായകരുടെ സിനിമകളില്‍ ഉള്‍പ്പടെ ഷൈന്‍ സ്ഥിരം സാന്നിദ്ധ്യവും ശ്രദ്ധേയ കഥാപാത്രവുമായി.

2022 ല്‍ വിജയ് ചിത്രം ബീസ്റ്റ് ലുടെയാണ് ഷൈന്‍ ഇതരഭാഷയില്‍ അരങ്ങേറ്റം കുറിക്കുന്നത്.തൊട്ടടുത്ത വര്‍ഷം തന്നെ ദസറയിലൂടെ തെലുങ്കിലും ഷൈന്‍ അരങ്ങേറി.തൊട്ടുപിന്നാലെ രംഗബാലി,ജിഗര്‍താണ്ട ഡബിള്‍ എക്സ്,24 ല്‍ ദേവര പാര്‍ട്ട് 1,ദാക്കു മഹരാജ്,ഇപ്പോള്‍ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലയില്‍ വരെ ഷൈന്‍ പ്രധാനസാന്നിദ്ധ്യമാണ്.

സിനിമ ലോകത്തെ ഞെട്ടിച്ച കൊക്കെയ്ന്‍ കേസ്..തെളിവില്ലാത്തതിനാല്‍ തള്ളിപ്പോയത് വര്‍ഷങ്ങള്‍ക്കിപ്പുറം

ഷൈന്‍ ടോം ചാക്കോയുടെ സിനിമാ ജീവിതത്തെ പിന്തുടരുന്നവര്‍ക്ക് വിന്‍സിയുടെ വെളിപ്പെടുത്തല്‍ എത്രത്തോളം ഞെട്ടലുണ്ടാക്കിയെന്നത് സംശയമാണ്.കാരണം ഇതാദ്യമായല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്.അന്ന് ഇതിഹാസ എന്ന ചിത്രത്തില്‍ നായകനാവുകയും സിനിമ സൂപ്പര്‍ ഹിറ്റായി നില്‍ക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായ വാര്‍ത്ത പുറംലോകമറിഞ്ഞത്.


 



സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂര്‍ വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍,കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി,ബെംഗളൂരുവില്‍ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു,ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു എന്നിവരെയാണ് ഷൈനിനൊപ്പം അന്ന് പിടികൂടിയത്.കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്ലാറ്റില്‍ പുലര്‍ച്ചെ ഒരു മണിക്ക് നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്.ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ന്‍.

തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കിങ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഫ്ലാറ്റ്.നിസാമില്‍ നിന്ന് താനാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു.ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. പിടിയിലായവര്‍ ഉപയോഗി ച്ചതിന്റെ ബാക്കി ലഹരിമരുന്നായിരുന്നു അന്ന് പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ സംഘത്തിലെ രണ്ടു പേര്‍ കൊക്കെയ്ന്‍ ലഹരിയിലായിരുന്നു.കൊച്ചിയില്‍ നടക്കുന്ന നിശാ പാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

സ്മോക്ക് പാര്‍ട്ടി എന്ന പേരിലാണ് ഇത്തരം സംഘംചേരലുകള്‍ അറിയപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ പരിശോധനയ്ക്കിടെയാണ് ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.എന്നാല്‍ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ന്‍ അല്ലെന്നാണ് ഷൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.പാര്‍ട്ടിക്ക് ശേഷം ഷൈനും കൂട്ടരും ലഹരിയിലായിരുന്ന സമയത്തായിരുന്നു റെയ്ഡ് എന്നാണ് പോലീസ് അന്ന് പറഞ്ഞത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് വലയിലാക്കിയത്.പിടിയിലാവുന്ന അവസരത്തില്‍ ഷൈനും സംഘവും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

പത്ത് ഗ്രാം ലഹരിയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇതിന് ഗ്രാമിന് 20,000 രൂപ വില വരുമെന്നാണ് കണക്കാക്കിയത്.പ്രതികള്‍ താമസിച്ചു വന്ന ഫ്ലാറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ യുവതീ യുവാക്കള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡിന് തീരുമാനിച്ചത്.എന്നാല്‍ വേണ്ടത്ര തെളിവില്ലെന്നുപറഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം കേസ് തള്ളിപ്പോവുകയായിരുന്നു. ഈ കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് രണ്ടുദിവസങ്ങള്‍ക്കുമുന്‍പും കോടതി നിരീക്ഷിച്ചു.ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി വിമര്‍ശിച്ചു.

രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക.എന്നാല്‍, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായതായാണ് കോടതിയുടെ കണ്ടെത്തിയത്.

മദ്യപിച്ച് അഭിമുഖമെന്ന പരാതി..പുതിയ കുരുക്കായി വിന്‍സിയുടെ വെളിപ്പെടുത്തല്‍

ലഹരിയുമായി ബന്ധപ്പെട്ട് എന്നും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഷൈനിന്റെത്.താരത്തിന് നെരെ ഉയര്‍ന്ന വിവാദങ്ങള്‍ ഭൂരിഭാഗവും ലഹരിയുടെ പേരില്‍ തന്നെയായിരുന്നു.മദ്യപിച്ച് അഭിമുഖത്തിനെത്തി എന്ന തരത്തിലെ വിവാദം അത്തരത്തിലുള്ളതാണ്.'വെയില്‍' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.ഷൈന്‍ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്റുകള്‍ ഈ അഭിമുഖങ്ങള്‍ക്കു താഴെ നിറഞ്ഞിരുന്നു.ട്രോള്‍ വീഡിയോകളും ഈ ദൃശ്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു.


 



എന്നാല്‍ യഥാര്‍ഥത്തില്‍ ഷൈന്‍ പരുക്കിനെ തുടര്‍ന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു.ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്നും ഷൈനിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.ഒപ്പം ഷൈനിന്റെ സംസാര രീതിയും മദ്യപിച്ചാണോ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങളുമുണ്ടാക്കി.

മയക്കുമരുന്ന് ഉപയോഗിച്ചാണ് ഷൈന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും ഇക്കാരണത്താലാണ് സംഭാഷണങ്ങള്‍ വ്യക്തമാവാത്തതെന്നും വരെ നടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.ഇവിടെയും തീര്‍ന്നില്ല ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈന്‍ ടോം ചാക്കോ വിവാദത്തിലകപ്പെട്ടിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് ഒന്നരക്കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ പിടിയിലായപ്പോഴും ഷൈനുള്‍പ്പടെയുള്ള സിനിമ താരങ്ങളിലേക്ക് അന്വേഷണം നീണ്ടിരുന്നു.ഷൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഹരി കൈമാറിയിരുന്നു എന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്.ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ലഹരി ഉപയോഗിക്കണമെന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു.ഇതും വലിയ വിവാദത്തിലേക്ക് വഴിവെച്ചു.

ഇതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിന്‍സി അലോഷ്യസിന്റെ പുതിയ വെളിപ്പെടുത്തല്‍ വരുന്നത്.സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു.ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു നടന്‍ സിനിമാ സെറ്റില്‍വച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍.

പിന്നാലെ ഇന്ന് രാവിലെയോടെയാണ് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് തുറന്ന് പറഞ്ഞത്.സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നല്‍കി.ലഹരി ഉപയോഗിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ കണ്ണുകള്‍ തടിച്ചുവന്നുവെന്നും തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു.ഷൈന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിലുണ്ട്.കഴിഞ്ഞദിവസം രാത്രി പത്തരയ്ക്കാണ് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.

കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.വീടിനടുത്ത് തന്നെയായിരുന്നു സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. അതുകൊണ്ടുതന്നെ ദിവസേന സെറ്റിലേക്കും തിരിച്ചും വന്നുപോവുകയായിരുന്നു.ഇതിനിടയിലാണ് ലൈംഗികച്ചുവയോടെയുള്ള സംസാരമുള്‍പ്പെടെ തനിക്ക് നേരിടേണ്ടിവന്നതെന്ന് വിന്‍ സി പരാതിയില്‍ പറഞ്ഞു.വസ്ത്രം മാറാന്‍ റൂമിലേക്ക് പോകുമ്പോള്‍ താന്‍ വന്ന് ശരിയാക്കിത്തരാമെന്ന് ഷൈന്‍ പറഞ്ഞെന്ന് പരാതിയില്‍ നടി പറയുന്നുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.തനിക്കുമാത്രമല്ല,സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഷൈനില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നും വിന്‍സിയുടെ പരാതിയിലുണ്ട്.ഇനി ലഹരി ഉപയോഗിക്കില്ല എന്ന തീരുമാനമെടുത്താല്‍ മാത്രം ഇത്തരത്തിലുള്ളവര്‍ക്ക് സിനിമയില്‍ അവസരം നല്‍കിയാല്‍ മതിയെന്ന അപേക്ഷകൂടി വിന്‍സി മുന്നോട്ടുവെച്ചു.

അന്ന് പറഞ്ഞത് ജീവിതമാണ് വലിയ ലഹരിയെന്ന്.. പക്ഷെ സംഭവിച്ചത്!

കൊക്കെയ്ന്‍ കേസില്‍ ജയിലിലായി പുറത്തിറങ്ങിയതിന് പിന്നാലെ അനുഭവങ്ങളെക്കുറിച്ച് നടന്‍ പ്രതികരിച്ചിരുന്നു.അക്കാലം ഏറെ പ്രയാസമുള്ളതായിരുന്നുവെന്നാണ് ഷൈന്‍ പിന്നീട് പറഞ്ഞത്.''ജയിലില്‍ ആയപ്പോള്‍ തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കും എന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രതീക്ഷയൊക്കെ ഇല്ലാതായി,ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് പാവ്‌ലോ കൊയലോയുടെ ഫിഫ്ത് മൗണ്ടൈന്‍.

അത് എടുത്ത് ഞാന്‍ വായിച്ച് തുടങ്ങി. ഇത് വായിച്ച് തുടങ്ങിയാലായിരിക്കും ചിലപ്പോള്‍ ജാമ്യം കിട്ടുക എന്നതൊക്കെയായിരുന്നു മനസിലെ തോന്നല്‍. എങ്കിലും വായിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ദിവസങ്ങളെടുത്താണ് ഓരോ പേജും പൂര്‍ത്തിയാക്കിയത്. ജയിലില്‍ രാത്രി ലൈറ്റ് ഇട്ടു വായിക്കാന്‍ അവര്‍ സമ്മതിക്കില്ല. അങ്ങനെ ഓരോ ദിവസവും പകല്‍ ആകാന്‍ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം. അതൊരു പ്രതീക്ഷയാണ്. വായിക്കുമ്പോള്‍ എനിക്ക് ചെറിയ രീതിയില്‍ ജീവിതത്തില്‍ പ്രതീക്ഷകള്‍ വന്ന് തുടങ്ങി. അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു പുസ്തകത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. ജയിലിനെ പുറത്തേക്ക് വന്നാല്‍ കരിയറിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു.'കുറുപ്പില്‍' പൊന്നപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാര്‍ ഒരിക്കല്‍ എന്നെ ജയിലില്‍ കാണാന്‍ വന്നിരുന്നു.


 



കമ്മട്ടിപാടം എന്ന പടം തുടങ്ങാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി വിളിക്കുമോ നമ്മളെയൊക്കെ അഭിനയിക്കാന്‍ എന്നാണ് ഞാന്‍ ചോദിച്ചത്.അപ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആ അതൊക്കെ വിളിക്കുമെടാ' എന്നായിരുന്നു.ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു.എന്താണ് സംഭവിച്ചതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ട്''- ഷൈന്‍ പറയുന്നു. പുറത്തിറങ്ങിയ അന്ന് ഷൈന്‍ ടോം പറഞ്ഞ വാക്കുകളും വൈറലായി. സ്വാതന്ത്രമാണ് എറ്റവും വലിയ ലഹരിയെന്ന്.

കൊക്കെയ്ന്‍ കേസിന്റെ അനുഭവത്തില്‍ ഇത്തരമൊരു അഭിപ്രായം നടത്തിയ.. തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ ഇപ്പഴും കൈയ്യടിപ്പിക്കുന്ന ഒരു നടനാണ് ഷൈന്‍.വിന്‍സിയുടെ വെളിപ്പെടുത്തലിന് ശേഷവും മാലാപാര്‍വ്വതിയും സ്വാസികയും ഒക്കെ ഷൈന്‍ എന്ന നടനെക്കുറിച്ച് പറയുന്നതും അയാളുടെ പ്രൊഫഷണലിസത്തെക്കുറിച്ചാണ്..ഇങ്ങനെ പെരുമാറാന്‍ പറ്റുന്ന ഒരു മനുഷ്യന് എവിടെയാണ് ചുവടുകള്‍ പിഴയ്ക്കുന്നതെന്ന ചോദ്യമാണ് ബാക്കി.


(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News