പിണറായിയെപ്പോലും വിറപ്പിച്ച നേതാവ്; ഇടഞ്ഞാല്‍ മുണ്ട് മടക്കിക്കുത്തി പൊലീസിനെതിരെയും; ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പത്തുപൈസ സമ്പാദിക്കാത്ത 'വിപ്ലവ സന്യാസി'; പി വി അന്‍വര്‍ അഴിമതിക്കാരനാക്കുന്ന വെളിയത്തിന്റെ യഥാര്‍ത്ഥ ചരിത്രം
പിണറായിയെപ്പോലും വിറപ്പിച്ച നേതാവ്
വിപ്ലവ സന്യാസി! വെളിയം ഭാര്‍ഗവന്‍ എന്ന കമ്യുണിസ്റ്റ് നേതാവ് മരിച്ചപ്പോള്‍ ചില പത്രങ്ങള്‍ തലക്കെട്ടിട്ടത് ഇങ്ങനെയായിരുന്നു. ചെറുപ്പത്തിലെ സന്യാസിയാവാന്‍ പോയി അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട് കമ്യൂണിസ്റ്റായി, കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി വളര്‍ന്ന വെളിയം ഭാര്‍ഗവന്‍, പക്ഷേ ജീവിതത്തില്‍ ഒരു സര്‍വസംഗപരിത്യാഗിയായിരുന്നു. ആറുപതിറ്റാണ്ടുകാലം, കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ കഴിയുന്ന, ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നിട്ടും, പത്തുപൈസ സമ്പാദിക്കാതെ മരിച്ച ഒരു മനുഷ്യനായിരുന്നു, നാട്ടുകാരുടെ പ്രിയപ്പെട്ട ആശാന്‍.
പക്ഷേ ആ വെളിയം ഇപ്പോള്‍ വിവാദത്തിലായിരിക്കയാണ്. സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച് പി.വി.അന്‍വര്‍ എം.എല്‍.എയാണ്, വെളിയത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കുനേരെ കാറിത്തുപ്പുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ സിപിഐ എന്ന് അന്‍വറിന്റെ ആരോപണം. അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും അന്‍വര്‍ ആരോപിച്ചു. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ മുസ്ലിം ലീഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാര്‍ഗവനെയാണെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐ നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
'സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചുനടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ സിപിഐയുടെ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത് പ്രകാരം 50രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വരാനാണ് തന്നോട് പറഞ്ഞിരുന്നത്. സിപിഐയുടെ ഭാഗമായി നില്‍ക്കുമെന്നും നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുവിക്കുവാനായിരുന്നു തീരുമാനം. പിന്നീട് അന്നത്തെ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ഇടപെടല്‍ ഉണ്ടായെന്നും അതിനുശേഷമാണ് സ്ഥാനാര്‍ഥിത്വം മാറ്റി പ്രഖ്യാപിക്കപ്പെട്ടത്''- അന്‍വര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ 49000 വോട്ടിന് താന്‍ രണ്ടാമതെത്തിയെങ്കിലും സിപിഐ സ്ഥാനാര്‍ഥിക്ക് 2300 വോട്ടുമാത്രമാണ് ലഭിച്ചതെന്നും കെട്ടിവെച്ച കാശ് പോയെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രസ്താവിച്ചിരുന്നു. അന്‍വറിനെപ്പോലുള്ളവര്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റുകയാണ് ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇതെന്നും സിപിഎമ്മിന് മാത്രമല്ല, തങ്ങള്‍ക്കും അത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അന്‍വര്‍ വെളിയത്തെയടക്കം ആക്രമിച്ചത്.
പക്ഷേ കേരളരാഷ്ട്രീയത്തെക്കുറിച്ചും വെളിയം ഭാര്‍ഗവനെക്കുറിച്ചം പഠിച്ചവര്‍ക്ക് അറിയാം, 'മഹാത്മാഗാന്ധി നാലുപേരെ കുത്തിക്കൊന്നു' എന്ന് ഒരാള്‍ ഇന്ന് ആരോപിച്ചാല്‍ ഉണ്ടാവുന്നതുപോലുള്ള പരിഹാസ്യമായ ആരോപണമാണ് ഇതെന്ന്. അത്രക്കും സുതാര്യവും, സത്യസന്ധവുമാണ് വെളിയം എന്ന വിപ്ലവസന്യാസിയുടെ ജീവിതം.
സന്യാസം വിട്ട് കമ്യൂണിസത്തിലേക്ക്
കൊല്ലം ജില്ലയിലെ വെളിയത്ത് 1928 മേയിലാണ് വെളിയം ഭാര്‍ഗവന്റെ ജനനം.
ചെറുപ്പകാലത്ത് സന്യാസിയാവുന്നതിനായി കാഷായ വസ്ത്രം മണിഞ്ഞത് വെളിയം പറഞ്ഞിട്ടുണ്ട്. പൂര്‍വാശ്രമത്തില്‍ വീടും നാടും വിട്ട്, കാടും മേടും കയറി, കാഷായം ധരിച്ച് അലഞ്ഞ കാലം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. മനുഷ്യദുഃഖങ്ങളുടെ മോചനമാര്‍ഗം അന്വേഷിച്ചപ്പോഴാണ് വെളിയം എന്ന സ്ഥലത്തെ നെയ്ത്തുകുടുംബത്തിലെ ഈ ചെറുപ്പക്കാരന്‍ സന്യാസിയായത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്‌കൃതവും വേദങ്ങളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കഠിനതപസ്യയിലൂടെ നിരന്തരം അദ്ദേഹം തന്നോടുതന്നെയും സംവാദം നടത്തുമായിരുന്നു.
പിന്നീട്, സന്യാസത്തിന്റെ നിരര്‍ത്ഥകത ബോധ്യമായപ്പോള്‍ വെളിയം ഭാര്‍ഗവന്‍ സ്തംഭിച്ചുനിന്നില്ല. എന്നാല്‍, ഗഹനമായ വായനയും അറിവിനോടുള്ള ആകാംക്ഷയും അദ്ദേഹത്തെ മാര്‍ക്‌സിസത്തിലേക്ക് നയിച്ചു. സന്യാസം വിട്ടപ്പോഴും അതിലെ സര്‍വസംഗപരിത്യാഗ ബോധം വെളിയം കൈവിട്ടില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനങ്ങള്‍ കയ്യാളുമ്പോഴും അധികാരം ഒരിക്കലും വെളിയം ഭാര്‍ഗവനെ പ്രലോഭിപ്പിക്കാതിരുന്നത് അതിനാലാണെന്ന് പിന്നീട് പലരും എഴുതി.
എന്നാല്‍ സദാസമയവും രാഷ്ട്രീയം മാത്രം തലയിലിട്ട് കൊണ്ടുനടന്നിരുന്ന ഒരു മുരുടന്‍ കമ്യൂണിസ്റ്റുമായിരുന്നില്ല വെളിയം. ചരിത്രവും ധനശാസ്ത്രവും സാഹിത്യവും തത്വചിന്തയും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. അപൂര്‍വമായി കിട്ടുന്ന വിശ്രമവേളകളില്‍ ശാസ്ത്രീയസംഗീതത്തിന്റെ ശീലുകള്‍ക്കു മുമ്പില്‍ എല്ലാം മറന്ന് തലയാട്ടി ഇരിക്കുമായിരുന്നു. കാളിദാസ കൃതികള്‍ തൊട്ട് പുരാണ- ഇതിഹാസങ്ങളില്‍വരെ അദ്ദേഹത്തിന് നല്ല പാണ്ഡിത്യമായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം വെളിയവുമൊത്തുള്ള ഒരു അനുഭവം ഇങ്ങനെ എഴുതുന്നു-''തൊണ്ണൂറുകളിലാണ്, ദേശീയ കൗണ്‍സില്‍ യോഗത്തിനു ഞങ്ങള്‍ പോയിരുന്നത് ട്രെയിനിലാണ്. മൂന്നുദിവസം അങ്ങോട്ടും മൂന്നുദിവസം ഇങ്ങോട്ടും. പലപ്പോഴും ആ യാത്രകളില്‍ വെളിയത്തിന്റെ സഹയാത്രികനായിട്ടുണ്ട്. ആ ദീര്‍ഘയാത്രകള്‍ ഒരനുഭവം തന്നെയായിരുന്നു. ം.
ഒരിക്കല്‍ വിന്ധ്യാപര്‍വതനിരകള്‍ അകലെ കാണാനായപ്പോള്‍ ആശാന്‍ മേഘസന്ദേശത്തിലെ ശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. വിരഹാര്‍ത്തനായ യക്ഷന്‍ മേഘത്തോട് സന്ദേശം കൈമാറുമ്പോള്‍ കടന്നുപോകുന്ന വഴിയിലെ കാഴ്ചകളോരോന്നും ആശാന് ഹൃദിസ്ഥമായിരുന്നു. ഭാരതത്തിന്റെ സാംസ്‌കാരികചരിത്രത്തിലേക്കുള്ള ഒരു ചര്‍ച്ചയാകും തുടര്‍ന്നുണ്ടാവുക. ചിലപ്പോള്‍ ദേബിപ്രസാദ് ചതോപാധ്യായയും ഡി ഡി കൊസാംബിയും ചര്‍ച്ചയിലേക്കു കടന്നുവരും. വായനയാണ് പൂര്‍ണനായ വിപ്ലവകാരിയെ സൃഷ്ടിക്കുന്നതെന്ന് അപ്പോള്‍ ആശാന്‍ പറയും. ''- ബിനോയ് വിശ്വം ഓര്‍ക്കുന്നു.
മീശ പിഴുതും നട്ടെല്ലു തകര്‍ത്തും മര്‍ദനം
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ്, പില്‍ക്കാലത്ത് ആശാന്‍ എന്ന പേരില്‍ അറിയപ്പെട്ട വെളിയം ഭാര്‍ഗവന്‍ പൊതു രംഗത്ത് കടന്നു വരുന്നത്. ആത്മീയചിന്തയെ കമ്യൂണിസത്തിന്റെ ചുവന്ന മണ്ണിലേക്ക് കൈപിടിച്ചു നയിച്ചത് കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ഥി ജീവിതമാണ്. സ്വാധീനിച്ചതാകട്ടെ എം എന്‍ ഗോവിന്ദന്‍ നായരും. ഒ എന്‍ വി കുറുപ്പിനും, തെങ്ങമത്തിനും, ഒ മാധവനും, പുതുശ്ശേരിക്കുമെല്ലാമൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായി. ബിഎ ബിരുദധാരിയായ വെളിയം, 1950 മുതല്‍ 52 വരെ എഐഎസ്എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്ന് 20-ാം വയസില്‍ അദ്ദേഹത്തെ ജയിലിടച്ചു. പിന്നീട് എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്കും തൊഴിലാളി സംഘടന സമരങ്ങള്‍ക്കും വെളിയം നേതൃത്വം നല്‍കി. 1954-ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തതിനു വെളിയം അനുഭവിക്കേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു. പോലീസുകാര്‍ കൊടില്‍ ഉപയോഗിച്ച് മീശ പിഴുതെടുത്തു. എന്നിട്ടും മതിവരാതെ കൊടിയ മര്‍ദനമാണ് പൊലീസ് അഴിച്ചുവിട്ടത്. വെളിയത്തിനു നട്ടെല്ലിനു പരുക്കേറ്റെങ്കിലും ആ നട്ടെല്ല് നിവര്‍ന്നുതന്നെ നിന്നു. കൊല്ലം പ്രാക്കുളം സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കി.
ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് വെളിയം ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960ലും അദ്ദേഹം ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരില്‍ ഒരാളായിരുന്നു വെളിയം. എതിരാളികളുടെ മര്‍മ്മം തകര്‍ക്കുന്ന വാക്ചാതുരിയും, ജനകീയ പ്രശ്‌നങ്ങളും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളും ഉന്നയിക്കുന്നതിലുള്ള വൈദഗ്ധ്യവുമായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനത്തിന്റെ സവിശേഷത.
അതുപോലെ തന്നെ വെളിയത്തിന്റെ കവല പ്രസംഗവും നൂറുകണക്കിന് ആളുകളെ ആകര്‍ഷിച്ചു. ഇടതുനേതാക്കളുടെ സ്ഥിരം ജാര്‍ഗണായ 'ത്വാതികമായ അവലോകനം' ആയിരുന്നില്ല, വെട്ടിത്തുറന്നുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റെത്. പ്രസംഗം കേട്ടാല്‍ നാട്ടുമ്പുറത്തുകാരന്‍ കാര്യം പറയുന്നതു പോലെയേ തോന്നൂ. അതിനാല്‍ വലിയ പ്രാസംഗികരെ ശ്രവിക്കുന്നതിനേക്കാള്‍ വെളിയത്തെ കേള്‍ക്കാന്‍ ആള് കൂടി. സ്വന്തം കുടുംബത്തിലെ കാരണവരുടെ ഉപദേശം പോലെ നാട്ടുകാര്‍ വെളിയത്തെ കേട്ടിരുന്നു. വെളിയം ഭാര്‍ഗവന്‍ എന്ന പേര് തനിക്ക് പത്രക്കാര്‍ നല്‍കിയതാണെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ''പേര് ചേര്‍ത്ത് വിശേഷിപ്പിക്കുന്ന രീതിയൊന്നും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. വിവിധ വിഷയങ്ങളില്‍ പത്രക്കാര്‍ എഴുതിയെഴുതി ഞാന്‍ വെളിയം ഭാര്‍ഗവനായി''- ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
പാര്‍ട്ടി പിളര്‍ന്നതില്‍ ദു:ഖം
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി വെളിയം കാണുന്നത് 64-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പാണ്. അഭിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐയും സിപിഎമ്മുമായി പിളര്‍ന്നപ്പോള്‍, അന്ന് സിപിഐക്കുവേണ്ടി അതി ശക്തമായ വെളിയം നിന്നു. വലതുപക്ഷമെന്ന ആക്ഷേപവും ആള്‍ബലമില്ലാത്തതിന്റെ ക്ഷീണവും പിളര്‍പ്പുകാല പാര്‍ട്ടിയെ ആക്രമിച്ചപ്പോള്‍ പ്രതിരോധത്തിന് വെളിയം ഉശിരോടെ മുന്നില്‍ നിന്നു. ആളും അര്‍ഥവും കൈവിട്ടു പോകുന്ന ഒഴുക്കിലകപ്പെട്ട പാര്‍ട്ടിക്ക് തടയണ കെട്ടിയ കപ്പിത്താനായിരുന്നു അയാള്‍. പാര്‍ട്ടി പിളര്‍ന്നതോടെ അതുവരെ ഒരു പായയില്‍ കിടന്ന ഉറങ്ങിയവര്‍ ഇരുട്ടിവെളുത്തപ്പോഴേക്കും, രണ്ടുചേരികളിലായി.
പക്ഷേ പിന്നീടുള്ള സിപിഐയുടെ പോക്കില്‍ വെളിയം നിരാശനായിരുന്നു. കോണ്‍ഗ്രസിന്റെ വാലായി കൂടെചെന്ന സിപിഐയെ തിരുത്തുന്നതിന് പാര്‍ട്ടിയുടെ പോക്ക് സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ വിരുദ്ധ ദിശയിലേക്കാണെന്നും പറഞ്ഞ് അദ്ദേഹം ഉള്‍പാര്‍ട്ടി സമരം നടത്തി. ഒടുവില്‍ കോണ്‍ഗ്രസിനോട് വിട പറഞ്ഞ് തെറ്റു തിരുത്തി സിപിഐ ഇടതുമുന്നണിയിലേക്ക് മടങ്ങാനിടയാക്കിയതിലും വെളിയം അടക്കമുള്ളവരുടെ പങ്ക് വലുതായിരുന്നു.
1965ല്‍ കണ്‍ട്രോള്‍ കമീഷന്‍ അംഗം. 67ല്‍ സെക്രട്ടേറിയറ്റിലും 71ല്‍ ദേശീയ കൗണ്‍സിലിലുമെത്തി. 1970-കളില്‍ വെളിയത്തിന്റെ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറി. മാറ്റി. തുടര്‍ന്ന് ഏഴുവര്‍ഷക്കാലം ഐക്യമുന്നണി ഏകോപനസമിതി കണ്‍വീനര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിച്ചു. അച്യുതമേനോന്‍ ഗവണ്മെന്റിന്റെ സ്ഥായിയായ പല നേട്ടങ്ങളുടെയും അണിയറ ശില്‍പ്പികളില്‍ ഒരാളായിരുന്നു അദ്ദേഹം. മുന്നണിരാഷ്ട്രീയം ഇന്ത്യയെ പഠിപ്പിച്ചത് കേരളമാണ്. സംസ്ഥാനത്തെ മുന്നണിരാഷ്ട്രീയത്തിന്റെ രാജശില്പികളില്‍ പ്രമുഖനായിരുന്നു വെളിയം ഭാര്‍ഗവന്‍. എന്നാല്‍, ഒരിക്കലും അദ്ദേഹം അത് കൊട്ടിഘോഷിച്ചില്ല.
പാര്‍ട്ടി സ്‌കൂളിലെ പ്രധാനപ്പെട്ട അദ്ധ്യാപകരില്‍ ഒരാള്‍ വെളിയം ഭാര്‍ഗ്ഗവനായിരുന്നു. ചെറുപ്പക്കാരായ കേഡര്‍മാരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു.1984 മുതല്‍ 98 വരെ നാല് തവണ വെളിയം പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി. അവിടെ നിന്നാണ് സെക്രട്ടറിയാകുന്നത്.
നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2010 നവംബര്‍ 14-വരെ പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സെക്രട്ടറി സ്ഥാനം സി.കെ. ചന്ദ്രപ്പന് നല്‍കിയത്. അവസാനകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ചാണ് വെളിയം പറഞ്ഞിരുന്നത്. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലും, വെളിയം പറഞ്ഞത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ലയനത്തെക്കുറിച്ചായിരുന്നു. എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി കാണാന്‍ ആവാതെയാണ് അദ്ദേഹം അന്തരിച്ചത്.
പിണറായിയെ വരെ വിറപ്പിച്ച നേതാവ്
പി കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി വെളിയം പാര്‍ട്ടിയുടെ അമരത്ത്. 1998ലായിരുന്നു അത്. പാര്‍ട്ടിയെ നയിക്കുക മാത്രമായിരുന്നില്ല വെളിയത്തിന്റെ പണി. മുന്നണിക്കകത്ത് മേല്‍വിലാസം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വം കൂടിയുണ്ടായിരുന്നു. മുഖം നോക്കാതെ പറയാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ കാത്തിരുന്ന പാര്‍ട്ടിക്ക് വെളിയം നല്‍കിയത് പുതുജീവന്‍. വെളിയത്തിന്റെ കാര്‍ക്കശ്യവും ഗര്‍ജനവും കേരള രാഷ്ട്രീയത്തിലെ സി പി ഐയുടെ അടയാളമായി. ഒപ്പം നടക്കുന്നവര്‍ സമവായത്തിനായി നാവടക്കിയപ്പോള്‍ വെളിയം അടങ്ങിനിന്നില്ല. നട്ടെല്ലോടെ വെളിയം ഒറ്റക്ക് നേരിട്ടു.
എല്ലാം ക്ഷമിക്കുന്ന പികെവിയുടെ ശൈലിയായിരുന്നില്ല വെളിയത്തിന്റെത്. സിപിഎം എന്ന 'വല്യേട്ടനു' മുന്നില്‍ റാന്‍ മൂളാന്‍ വെളിയേട്ടന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ അദ്ദേഹം കലഹിച്ചു. തന്റെ മുന്നിലുള്ള മുഖം ആരുടേതെന്ന് നോക്കിയില്ല. തനിക്ക് തോന്നുന്ന ശരി എന്ത് എന്ന് മനസ്സിലാക്കി തുറന്നു പറഞ്ഞു. വെളിയത്തിന്റെ വാക്കുകളില്‍ മുറിവേറ്റവര്‍ നിരവധി. യാഥാര്‍ഥ്യം അറിയുന്നവരായതിനാല്‍ അവരാരും വെളിയത്തോടു പിണങ്ങിയതുമില്ല. കാര്‍ക്കശ്യമുള്ള കമ്യൂണിസ്റ്റെന്ന വിശേഷണത്തില്‍ മറുപടിയൊതുക്കി.
പലപ്പോഴും ഇടതുമുന്നണി യോഗങ്ങളില്‍ അവസാനത്തെ വാക്ക് ആശാന്റെതായിരുന്നു. എല്ലാവരും അല്‍പ്പം ബഹുമാനത്തോടെ മാത്രം ഇടപെടുന്ന, ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടിസെക്രട്ടറിമായ പിണറായി വിജയനെവരെ വിറപ്പിച്ച നേതാവാണ് വെളിയം. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ വയനാട്, പൊന്നാനി സീറ്റുകളില്‍ ഒന്ന് പിടിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. അന്ന് വെളിയം അതി ക്ഷുഭിതനായാണ് പരസ്യമായി പ്രതികരിച്ചത്. 'എടോ വിജയാ' എന്ന് പറഞ്ഞുകൊണ്ട് മുന്നണിക്കത്തും അദ്ദേഹം ആഞ്ഞടിച്ചു. ഇതിന് മറുപടിയായി സിപിഐയുടെ ചരിത്രം പറഞ്ഞുകൊണ്ടുള്ള പിണറായിയുടെ മറുപടിയും വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് വെളിയം നടത്തിയ ശക്തമായ പോരാട്ടത്തെ തുടര്‍ന്ന് തങ്ങളുടെ സീറ്റ് സംരക്ഷിക്കാന്‍ സിപിഐക്കായി. എന്നാല്‍ ജനതാദള്‍ മത്സരിച്ച കോഴിക്കോട് സീറ്റ് സിപിഎം എടുത്തു. അതോടെ വീരേന്ദ്രുകമാറും കൂട്ടരും മുന്നണി വിട്ടുപോയതും വാര്‍ത്തയയിരുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസിനെ വിമര്‍ശിക്കാനും വെളിയത്തിന് മടിയുണ്ടായിരുന്നില്ല.
ലളിത സുന്ദര ജീവിതം
എന്നും അഴിമതിക്കെതിരെ അതിശക്തമായ നിലപാടാണ് വെളിയം എടുത്തത്. ഇന്ന് സ്വര്‍ണ്ണക്കടത്തില്‍ തൊട്ട് ക്വാറി- ഖനന അഴിമതികളില്‍വരെ ആരോപിതനായ പി വി അന്‍വറിനൊന്നും അദ്ദേഹത്തിന്റെ കാല്‍കഴുകിയ വെള്ളം കുടിക്കാന്‍പോലും യോഗ്യതയില്ല. സിപിഐ മുന്‍ സെക്രട്ടറിയും എംപിയുമായ പന്ന്യന്‍ രവീന്ദ്രന്‍ വെളിയം നല്‍കിയ പാഠങ്ങളെക്കുറിച്ച് മറുനാടന്‍ ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഒരു പാര്‍ട്ടി അനുഭാവി സ്വര്‍ണ്ണ നിറത്തിലുള്ള ഒരു പുതിയ വാച്ച് പന്ന്യന് സമ്മാനിച്ചു. അതും കെട്ടി പന്ന്യന്‍ വന്നപ്പോള്‍ വെളിയം ഒന്നേ ചോദിച്ചുള്ളൂ, ' സ്വര്‍ണ്ണവാച്ചൊക്കെ കെട്ടിയാണെല്ലോ വരവ്' എന്ന്. പന്ന്യന് കാര്യം പിടികിട്ടി. അപ്പോള്‍ തന്നെ അത് അഴിച്ച് തന്നയാള്‍ക്ക് കൊടുത്തു. ഒരു രീതിയിലുള്ള സമ്മാനങ്ങളും പാരിതോഷികങ്ങളും സ്വീകരിക്കുന്നതിന് എതിരായിരുന്നു അദ്ദേഹം.
അതുപോലെ ഒരു തരത്തിലുള്ള ആഡംബരങ്ങളും വെളിയത്തിന് ഇല്ലായിരുന്നു. പന്ന്യന്‍ ആ അഭിമുഖത്തില്‍ മറ്റൊരു അനുഭവം കൂടി പറയുന്നുണ്ട്. ഒരിക്കല്‍ ചടയമംഗലത്ത് പാര്‍ട്ടി സമ്മേളനത്തില്‍പോയി, ഒരു എംഎല്‍എയുടെ ഔദ്യോഗികകാറില്‍ മടങ്ങിയ അനുഭവം. അന്ന് അതുകണ്ട വെളിയം പറഞ്ഞത് സര്‍ക്കാര്‍ കാര്‍ ഉപയോഗിക്കരുത് എന്നാണ്. സര്‍ക്കാറിനേക്കാള്‍ മുകളിലാണ് പാര്‍ട്ടിയെന്ന് പറയാനും വെളിയം മടിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം നേരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പികെവിയായിരുന്നു, ഇക്കാര്യത്തിലൊക്കെ അദ്ദേഹത്തിന്റെ മാതൃക. ജീവിതകാലത്ത് ഉടനീളം കാര്യമായ ഒരു സാമ്പത്തിക ആരോപണവും വെളിയത്തിനുനേരെ ഉണ്ടായിട്ടില്ല. ആറു പതിറ്റാണ്ടുനീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിലൂടെ ഒന്നും സമ്പാദിച്ചിട്ടുമില്ല.
നടപ്പിലും വേഷത്തിലും ലാളിത്യം സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. ജനങ്ങളെ കൂടുതല്‍ വെളിയത്തോട് അടുപ്പിച്ചതും ഈ ശൈലി തന്നെ. വേദിയില്‍ നിന്നിറങ്ങിയാലും സാധാരണക്കാര്‍ക്കിടയില്‍ മുണ്ട് മടക്കിക്കുത്തി നടന്നു. റോഡുവക്കിലെ തട്ടുകടയില്‍ കയറി കട്ടന്‍ ചായ കുടിച്ചു. അടുപ്പക്കാരുടെ തോളില്‍ കൈ വെച്ച് പരിചയം പുതുക്കി. വേദനിക്കുന്നവരോടൊപ്പം അദ്ദേഹം എന്നും നിന്നു. പഴയ സഹപ്രവര്‍ത്തകര്‍ അവശരായാല്‍ അവരെ കാണാന്‍ എല്ലാ തിരക്കിനുമിടയില്‍ സമയം കണ്ടെത്തി. മുന്നണി രാഷ്ട്രീയത്തിന്റെ അടവുനയങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സര്‍ക്കാരുകളുടെ കര്‍മ്മപരിപാടികള്‍ രൂപീകരിക്കുന്നതിലും അറുപതുകളുടെ അവസാനം മുതല്‍ വെളിയം മുന്‍പന്തിയിലുണ്ടായിരുന്നു. അധികാരത്തോട് ഏറ്റവും അടുത്താണ് നാലഞ്ചു ദശാബ്ദങ്ങള്‍ നിലകൊണ്ടത്. എന്നാല്‍, അധികാരരാഷ്ട്രീയത്തോട് പുലര്‍ത്തിയ നിര്‍മമത്വം അത്ഭുതമുളവാക്കുന്നതായിരുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് തരപ്പെടുത്താവുന്ന ഉറച്ച സീറ്റുകളിലേക്ക് ആ കണ്ണുകള്‍ ഒരിക്കലും നീണ്ടില്ല. 60-ല്‍ അഴിച്ചുവെച്ച പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ കുപ്പായം പിന്നീട് ഒരിക്കലും ധരിക്കാന്‍ അദ്ദേഹം മോഹിച്ചതു പോലുമില്ല.
60-ലാണ് വെളിയം ഭാര്‍ഗവന്‍ അവസാനമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.. തുടര്‍ന്നുള്ള അരനൂറ്റാണ്ട്, പാര്‍ലമെന്ററി വ്യാമോഹമില്ലാതെ, നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് 'ആശാനാ'യി. ജനകീയ നേതാക്കള്‍ക്ക് വഴികാട്ടിയായി വെളിയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ നിന്നു. എം.പി.യായോ മന്ത്രിയോ, മാറാവുന്ന നിരവധി അവസരങ്ങളാണ്, തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ആശാന്‍ പലപ്പോഴായി ഉപേക്ഷിച്ചത്..ആധുനിക ലോകത്ത് ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകളില്‍ പരതുമ്പോള്‍ വെളിയത്തിനൊപ്പം ചേര്‍ക്കാന്‍ എം.പി.യെന്നോ മന്ത്രിയെന്നോ ഉള്ള വിശേഷണങ്ങളൊന്നും നമുക്കു കണ്ടെത്താന്‍ കഴിയില്ല... 'കമ്മ്യൂണിസ്റ്റ് ലീഡര്‍' എന്ന വിശേഷണം തന്നെയാണ് അദ്ദേഹത്തിനൊപ്പം ചേര്‍ത്തുകൊണ്ട് സെര്‍ച്ച് എന്‍ജിനുകള്‍ നമുക്ക് നല്‍കുന്നത്... അതു തന്നെയാണ് വെളിയം ഭാര്‍ഗവന്‍ എന്ന മനുഷ്യനോടുള്ള ബഹുമാനം കൂട്ടുന്നതും. ഈ രീതിയില്‍ സന്യാസിയെപ്പോലെ, രാഷ്ട്രീയം വഴി പത്തുപൈസ സമ്പാദിക്കാതെ നിസ്വനായി മരിച്ച ഒരു നേതാവിനെയാണ് പി വി അന്‍വര്‍ അപമാനിക്കുന്നത് എന്നോര്‍ക്കണം.
തല്ലിയാല്‍ പൊലീസിനെയും തിരിച്ചുതല്ലും
ഇടഞ്ഞാല്‍ മംഗലശ്ശേരി നീലകണ്ഠന്റെ സ്വഭാവമാണ് വെളിയത്തിന്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍, കള്ളക്കേസില്‍ കുടുക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ മുണ്ട് മടിക്കിക്കുത്തി വെളിയം സ്റ്റേഷനിലെത്തിയത് വാര്‍ത്തയായിരുന്നു. 2007-ല്‍ തിരുവനന്തപുരത്ത് കുത്തകവിരുദ്ധ സമരത്തില്‍ അറസ്റ്റിലായ വനിതകള്‍ ഉള്‍പ്പെടെയുള്ള എഐവൈഎഫ് പ്രവര്‍ത്തകരെയാണ് സിപിഐയുടെ മന്ത്രിമാര്‍ക്കൊപ്പം ചെന്ന് വെളിയം, പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കികൊണ്ടുപോയത്. കിഴക്കേകോട്ടയിലെ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാറിനെയും ലൈലയെയുമാണ് സിപിഐ മന്ത്രിമാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കയറി മോചിപ്പിച്ചത്. അതിനു നേതൃത്വം നല്‍കിയതാകട്ടെ വെളിയം ഭാര്‍ഗവനും. സിപിഐയുടെ രണ്ടു മന്ത്രിമാരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയായിരുന്നു വെളിയത്തിന്റെ ഇടപെടല്‍. അന്ന് വെളിയം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു-'' സമരം ചെയ്യുന്ന പ്രവര്‍ത്തകരെ തല്ലാന്‍ പൊലീസിന് അധികാരമില്ല. അങ്ങനെ തല്ലിയവരെ തിരിച്ചുതല്ലിയ ചരിത്രം സിപിഐയ്ക്കുണ്ട്...'കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ, എഐവൈഎഫ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ നിന്നിറക്കിയ വെളിയത്തിന്റെ നടപടി വന്‍ വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനു മുന്നില്‍ കോടിയേരി കടുത്ത പ്രതിഷേധം അറിയിക്കുകപോലും ചെയ്തു.
വെളിയത്തിന്റെയും മന്തിമാരായ കെ.പി. രാജേന്ദ്രന്‍, സി. ദിവാകരന്‍ എന്നിവരുടെയും നടപടിയാണ് അന്ന് കോടിയേരിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചത്. ഫോര്‍ട് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ പരസ്യമായി മര്‍ദിച്ചെന്ന പേരിലായിരുന്നു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകയെ തടഞ്ഞുനിര്‍ത്തി കൈപിടിച്ചു തിരിച്ച പൊലീസുകാരിക്ക് അഹങ്കാരമാണെന്നായിരുന്നു വെളിയത്തിന്റെ പരാമര്‍ശം. ഇത്തരക്കാരെ തല്ലേണ്ടിവരും. ഇപ്പോള്‍ ചെയ്യുന്നില്ലെന്നേയുള്ളൂ. കാലം അതല്ലാത്തതാണു കാരണമെന്നും അന്നു വെളിയം പറഞ്ഞു.
വെളിയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച്, കൂട്ടുകക്ഷി സര്‍ക്കാരിനു യോജിച്ച നടപടിയല്ല ഇതെന്നു കോടിയേരിക്കു പറയേണ്ടി വന്നു. സംഭവം മുന്നണിമര്യാദയുടെ ലംഘനമാണെന്നു കാണിച്ച് സിപിഎം സംസ്ഥാനസെക്രട്ടറിക്ക് കത്തും നല്‍കി. വിഷയം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാമെന്നു പറഞ്ഞാണ് അന്ന് വി.എസ് തല്‍ക്കാലത്തേക്ക് കോടിയേരിയെയും നിയമമന്ത്രി വിജയകുമാറിനെയും സമാധാനിപ്പിച്ചയച്ചത്.
പൊലീസിനെതിരെയുള്ള വെളിയത്തിന്റെ പ്രതിഷേധം അവിടെയും തീര്‍ന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെത്തന്നെ 2008 ജൂലൈയിലായിരുന്നു അടുത്ത വെടിപൊട്ടിക്കല്‍. പൊലീസ് ധിക്കാരവും അധികപ്പറ്റും അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നായിരുന്നു അത്. പണ്ടു കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോള്‍ കാട്ടിയിരുന്ന മര്യാദ പോലും ഇപ്പോഴത്തെ പൊലീസ് കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുള്ള സംഘര്‍ഷത്തില്‍ മുന്‍ പുനലൂര്‍ എംഎല്‍എയും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായി പി.എസ്.സുപാലിനെ വീട്ടില്‍ കയറി അര്‍ധരാത്രി അറസ്റ്റ് ചെയ്തതിന്മേലായിരുന്നു വെളിയത്തിന്റെ പ്രതിഷേധം.
രണ്ടുവട്ടം എംഎല്‍എയായ പി.എസ്. സുപാലിനെപ്പോലെ ഒരു നേതാവിനെ അര്‍ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഇതിനെപ്പറ്റി വെളിയത്തിന്റെ പരാമര്‍ശം.
വെളിയം തന്റെ മറ്റൊരു ഓര്‍മയും പങ്കുവച്ചു. 'പണ്ട് എന്നെ അറസ്റ്റ് ചെയ്യാന്‍ കൊട്ടാരക്കരയിലെ പാര്‍ട്ടി ഓഫിസിനു മുന്നില്‍ എത്തിയ പൊലീസുകാരെ അകത്തു കയറ്റരുതെന്നു ഞാന്‍ പാര്‍ട്ടിക്കാരോടു നിര്‍ദേശിച്ചു. രണ്ടു മണിക്കൂര്‍ കാത്തുനിന്നാണ് അവര്‍ എന്നെ അറസ്റ്റ് ചെയ്തത്...' എന്നായിരുന്നു വെളിയത്തിന്റെ വാക്കുകള്‍. പാര്‍ട്ടി ഓഫിസില്‍ പൊലീസ് കയറിയാല്‍ എന്തു സംഭവിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്തും സംഭവിക്കാമെന്നായിരുന്നു അന്ന് വെളിയത്തിന്റെ മറുപടി. അതാണ് വെളിയം. പിന്നീട് പൊലീസിന്റെ അടിയേറ്റു കയ്യൊടിഞ്ഞ സിപിഐ എംഎല്‍എ എല്‍ദോ ഏബ്രഹാമിനെ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായത് വെളിയത്തിന്റെ പഴയ ഓപ്പറേഷനാണ്. ഇപ്പോള്‍ വെളിയം ജീവിച്ചിരിപ്പില്ലാഞ്ഞത് അന്‍വറിന് നന്നായി. ഇല്ലെങ്കില്‍ ആശാന്‍ മുണ്ടും മടക്കിക്കുത്തിവന്ന് നിലമ്പൂര്‍ എംഎല്‍എയെ നേരിട്ടേനെ!
വാല്‍ക്കഷ്ണം: ഇപ്പോള്‍ താന്‍ കണ്ട് ശീലിച്ച, കാശിനും കള്ളിനും മുന്നില്‍ മറിയുന്ന കമ്യൂണിസ്റ്റ് നേതാക്കളാണ്, എല്ലാവരുമെന്ന് അന്‍വര്‍ കരുതരുത്. ചരിത്രത്തില്‍ ഇങ്ങനെയും കുറേ വിപ്ലവ സന്യാസിമാര്‍ ഉണ്ട്.