ഷങ്കറിന്റെ ചതിയില്‍ നഷ്ടമായത് 200 കോടി; രജനിയുടെ മകള്‍ വഴിയും കോടികളുടെ നഷ്ടം; വേട്ടയ്യനും വിടാമുയര്‍ച്ചിയും അടക്കം ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് അഞ്ച് ചിത്രങ്ങള്‍; ഒടുവില്‍ എമ്പുരാനില്‍ നിന്ന് പിന്‍മാറ്റം; കോടികള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ലൈക്കക്ക് പിഴച്ചതെവിടെ?

Update: 2025-04-07 09:26 GMT

'' എന്റെ കമ്പനിയുടെ വെറും രണ്ടുദിവസത്തെ ടേണ്‍ ഓവര്‍ മാത്രം മതി ഈ സിനിമക്ക്. ഇവിടെ വന്ന് പണം ഉണ്ടാക്കേണ്ട കാര്യമൊന്നും എനിക്കില്ല''- 2014-ല്‍ വിജയ് നായകനായ 'കത്തി' എന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ അദ്യ ചിത്രം, നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധം ചൂണ്ടിക്കാട്ടി വിവാദമായപ്പോള്‍, സുബാസ്‌ക്കരന്‍ അല്ലിരാജ എന്ന ആ വ്യവസായി പറഞ്ഞ വാക്കുകളായിരുന്നു അത്. കാര്യം ശരിയാണ്. ബ്രിട്ടീഷ് പൗരനായ ശ്രീലങ്കന്‍ വ്യവസായി സുബാസ്‌ക്കരന്റെ അന്നത്തെ വരുമാനം വെച്ചുനോക്കുമ്പോള്‍ ഒരു വിജയ് പടത്തിന് മുടക്കിയ 150 കോടിയെന്നൊക്കെപ്പറയുന്നത്, വെറും രണ്ടുദിവസത്തെ വരുമാനം മാത്രമായിരുന്നു! ലൈക്ക മൊബൈല്‍ കമ്പനിയും, ടൂറിസം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കോടികളുടെ ഇന്‍വസ്റ്റ്മെന്റുമൊക്കെയായി അന്ന് കത്തിനില്‍ക്കായിരുന്നു, സുബാസ്‌ക്കരന്‍ എന്ന ശീലങ്കയില്‍ ജനിച്ച ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ആ വ്യവസായി.

ലൈക്കയുടെ ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്കുള്ള കടന്നുവരവ് ടോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ ഫിംലിം ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ മാറ്റിമറച്ചുകളഞ്ഞു. കാരണം പണം വാരിവിതറിയായിരുന്നു അവരുടെ പ്രവര്‍ത്തനം. നടന്‍മ്മാര്‍ക്കും ടെക്ക്നീഷ്യന്‍സിനുമൊക്കെ ചോദിച്ച തുക കൊടുത്തു. ഒരു തമിഴ് പടത്തിന്റെ ലോകത്തിന്റെ എത് മുലയില്‍ ലൊക്കേഷന്‍വെച്ചാലും അത് ലൈക്കയുടെ പടമാണെങ്കില്‍ നടന്നിരിക്കും. 2018-ല്‍ 600 കോടിരൂപ മുടക്കിലാണ് ലൈക്ക എന്തിരന്‍-2 എടുത്തത് എന്നോര്‍ക്കണം! അന്നും ഇന്നും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. ഈ പടത്തിന് രജനീകാന്തിന്റെ പ്രതിഫലം മാത്രം നൂറുകോടിയായിരുന്നു.

സണ്‍ പിക്ച്ചേഴ്സും, റെഡ് ജയന്റ്സും അടക്കമുള്ള പരമ്പരാഗത തമിഴ് പ്രൊഡക്ഷന്‍ കമ്പനികളെ പിന്തള്ളി ലൈക്ക കുതിച്ചുയര്‍ന്നു. വെറും 11 വര്‍ഷംകൊണ്ട് 34 ചിത്രങ്ങള്‍. നാല് രജനീകാന്ത് ചിത്രങ്ങള്‍, രണ്ട് കമലഹാസന്‍ ചിത്രങ്ങള്‍, ഒരു വിജയ് ചിത്രം, മണിരത്നത്തിന്റെയും ഷങ്കറിന്റെയുമടക്കം മൂന്ന് ചിത്രങ്ങള്‍. അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ലൈക്കയുടെ വളര്‍ച്ച. തമിഴ് ഫിലിം ഇന്‍ഡസ്ട്രി ലൈക്കക്ക് മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടു.

പക്ഷേ ഇപ്പോള്‍ ലൈക്കയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളും അമ്പരപ്പിക്കുന്നതാണ്. തുടര്‍ച്ചയായ അഞ്ച് ചിത്രങ്ങള്‍, അതില്‍ രജനികാന്തിന്റെത് അടക്കമുണ്ട് ബോക്സോഫീസില്‍ പൊട്ടിത്തകര്‍ന്നതോടെ ലൈക്ക പ്രതിസന്ധിയിലേക്ക് നീങ്ങി. മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാനില്‍നിന്ന് അവര്‍ പിന്‍മാറി. പകരം 80 കോടി നല്‍കി ഗോകുലം ഗോപാലന്‍ വന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിമൂലം അവര്‍ പ്രൊഡക്ഷന്‍ നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. കോടികള്‍കൊണ്ട് അമ്മാനമാടിയിരുന്നു ലൈക്ക സുബാസ്‌ക്കരന് എന്താണ് സംഭവിച്ചത്? എവിടെയാണ് പിഴച്ചത്.

രാവണന്റെ നാട്ടിലെ ശതകോടീശ്വരന്‍

ലൈക്കയുടെ ഉടമ സുബാസ്‌ക്കരന്‍ അല്ലിരാജയുടെ വളര്‍ച്ചയും ശരവേഗത്തിലായിരുന്നു. 1972 മാര്‍ച്ച് 2ന് ശ്രീലങ്കയിലാണ് ജനനം. ഒരു ഇടത്തരം ബിസിനസ് ഫാമിലിയായിരുന്നു ഇവര്‍. അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറി ബ്രിട്ടീഷ് പൗരനായി. ബ്രിട്ടിനില്‍ ആദ്യം ടുറിസം - റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്നു സുബാസ്‌ക്കരന്റെ പ്രവര്‍ത്തനം.

പക്ഷേ അദ്ദേഹം ശതകോടീശ്വര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്, 2006-ല്‍ ലൈക്ക മൊബൈല്‍ തുടങ്ങിയപ്പോഴാണ്. സ്വന്തമായി മൊബൈല്‍ നെറ്റ്വര്‍ക്കിങ്ങ് സിസ്റ്റം ഇല്ലാതിരുന്നിട്ടും അവര്‍ വിജയിച്ചുകയറി. പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരില്‍നിന്ന് റേഡിയോ ഫ്രീക്വന്‍സി ലീസിന് എടുത്താണ് അവര്‍ പ്രവര്‍ത്തിച്ചത്. 10 വര്‍ഷംകൊണ്ട് ഒന്നര കോടി ഉപഭോക്താക്കളിലേക്ക് ലൈക്ക മൈാബൈല്‍ വളര്‍ന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ചെന്നൈയിലും എത്തുന്നത്. തുടക്കം മുതലേ വിവാദങ്ങളും ലൈക്കയുടെ കൂടെയുണ്ടായിരുന്നു. ഫ്രാന്‍സില്‍വെച്ച് 20 ലൈക്ക മൊബൈല്‍സ്റ്റാഫുകള്‍ അറസ്റ്റിലായതായിരുന്നു ഇതില്‍ പ്രധാനം. അവരില്‍ പകുതിയോളം പേര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികളായി. ലങ്കയിലും ലൈക്കയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുമായുള്ള, സുബാസ്‌ക്കന്റെ ബന്ധവും വിവാദമായിരുന്നു.


 



അങ്ങനെ, തന്റെ മൈാബൈല്‍ കമ്പനിയുമായി ചെന്നൈയില്‍ എത്തിയപ്പോഴാണ്, സുബാസ്‌ക്കരന് ഫിലിം പ്രൊഡക്ഷന്‍ എന്ന ആശയം ഉദിക്കുന്നത്. ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് അദ്ദേഹം കൂട്ടുനില്‍ക്കയായിരുന്നുവെന്നാണ് ചില സിനിമാമാസികകള്‍ പറയുന്നത്. അങ്ങനെ സുബാസ്‌ക്കരന്‍ സ്ഥാപിച്ച ഫിലം കമ്പനിയാണ് ജ്ഞാനം ഫിലിംസ്. അതിന്റെ ബാനറില്‍ 2008-ല്‍, കരുപളനിയപ്പന്‍ എഴുതി സംവിധാനം ചെയ്ത, ചേരനും സ്നേഹയും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ, 'പിരിവോം സന്ധിപ്പോം' എന്ന ചിത്രമാണ് സുബാസ്‌ക്കരന്റെ ആദ്യ ചിത്രം. ഇത് ഒരു ശരാശരി വിജയം മാത്രമായിരുന്നു. പക്ഷേ അതോടെയാണ് വ്യാവസായികമായി, പ്രൊഫഷനല്‍ ആയി ഒരു കമ്പനി തുടങ്ങാം എന്ന് അദ്ദേഹം തീരുമാനിക്കുന്നത്.

അതാണ് 2014-ല്‍ ലൈക്ക പ്രൊഡക്ഷനിലേക്ക് എത്തുന്നത്. 2014, ജൂണ്‍ 21ന് വിജയുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു പോസ്റ്ററുമായി ലൈക്ക പ്രൊഡക്ഷന്‍സ് എത്തി. പേപ്പറ്റുകള്‍കൊണ്ട് നിര്‍മ്മിച്ച വിജയുടെ പോസ്റ്റര്‍ വെച്ചാണ് 'കത്തി' എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. അത് ഒരു തുടക്കമായിരുന്നു. പക്ഷേ അതോടെ വിവാദങ്ങളും തുടങ്ങി.

'കത്തി'യില്‍ തുടങ്ങിയ വിജയങ്ങള്‍

എ ആര്‍ മുരഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രം കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു. തമിഴ്നാട്ടിലെ കര്‍ഷക ആത്മഹത്യകളും, കോര്‍പ്പറേറ്റുകളുടെ ചൂഷണവുമായിരുന്നു പ്രതിപാദ്യ വിഷയം. ചിത്രത്തിന്റെ റിലീസ് പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍, സുബാസ്‌ക്കരന്റെ ശ്രീലങ്കന്‍ ബന്ധം വിവാദമായി. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ്സ് സ്ഥാപനത്തിന് തമിഴ്‌നാട്ടില്‍ ഒരു തമിഴ് സിനിമ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതിനെതിരെ പല സംഘടനകളും തിരിഞ്ഞു. ശീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനുശേഷം ആ രാജ്യവുമായുള്ള ബിസിനസ് ബന്ധങ്ങള്‍ തമിഴ്നാട് മുറിച്ചുകളഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ തനിക്ക് മഹീന്ദ രജപക്സെയുമായി ബന്ധമില്ല എന്ന സുബാസ്‌ക്കരന്റെ വാദങ്ങള്‍ ആരും ചെവിക്കൊണ്ടില്ല. ലങ്കയില്‍ ജനിച്ചവന്‍ ഇന്ത്യയില്‍ വന്ന് പണം ഉണ്ടാക്കുന്ന എന്ന ആരോപണം ഉയര്‍ന്നപ്പോഴാണ്, 'എന്റെ കമ്പനിയുടെ വെറും രണ്ടുദിവസത്തെ ടേണ്‍ ഓവര്‍ മാത്രം മതി ഈ സിനിമക്ക്. ഇവിടെ വന്ന് പണം ഉണ്ടാക്കേണ്ട കാര്യമൊന്നും എനിക്കില്ല' എന്ന സുബാസ്‌ക്കരന്റെ മറുപടി വന്നത്.

പക്ഷേ അതുകൊണ്ട് ഒന്നും അന്ന് കത്തിനില്‍ക്കുന്ന തമിഴ് വികാരത്തെ ശമിപ്പിക്കാനായില്ല. ഒടുവില്‍, സിനിമയുടെ പ്രിന്റിലും പോസ്റ്റിലും അടക്കം ലൈക്ക പ്രൊഡക്ഷന്‍സിന്റെ പേര് വെട്ടിമാറ്റിയാണ് ചിത്രം റിലീസ് ചെയ്ത്. ബഹിഷ്‌കരണവും അക്രമവും ഭയന്ന്, അവര്‍ക്ക് അതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. പക്ഷേ 2014 ഒക്ടോബറില്‍ ഇറങ്ങിയ 'കത്തി' വെറും രണ്ടാഴ്ച കൊണ്ട് നൂറുകോടി നേടി ബ്ലോക്ക് ബസ്റ്ററായി. ഇന്നും, ലൈക്കയുടെ ഏറ്റവും ലാഭമുണ്ടാക്കിയ ചിത്രവും കത്തി തന്നെയാണ്.

തുടക്കം തന്നെ ഗംഭീരമായതോടെ ലൈക്ക, ടോളിവുഡിന് രാശിയായി.2015 അവസാനത്തോടെ, ലൈക്ക പ്രൊഡക്ഷന്‍സ് ധനുഷിന്റെ രണ്ട് നിര്‍മ്മാണ ചിത്രങ്ങളായ നാനും റൗഡിതാന്‍ (2015), വിസാരണൈ (2016) എന്നിവയുടെ ലോകമെമ്പാടുമുള്ള വിതരണാവകാശത്തിനായി കരാര്‍ ഒപ്പിട്ടു. ഈ ചിത്രത്തിനും പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്നു, എന്നിരുന്നാലും നാനും റൗഡിതാന്‍ ഒരു പ്രശ്നവുമില്ലാതെ റിലീസ് ചെയ്യുകയും വിജയമാവുകയും ചെയ്തു. പിന്നെ ലൈക്ക തിരിഞ്ഞുനോക്കിയിട്ടില്ല.


 



അവിടുന്നങ്ങോട്ട് തുരുതുരാ ചിത്രങ്ങളാണ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്ക്നീഷ്യന്‍സിനുമൊക്കെ ലൈക്ക നന്നായി പണം കൊടുത്തു. ലൈക്ക എന്ന പേര് വിശ്വസ്ത്വതയുടെ ബ്രാന്‍ഡ് നെയിം ആയി. അവരുടെ ഒരു ചെക്കും മുടങ്ങിയില്ല. കൃത്യമായി കരാര്‍ ഉണ്ടാക്കി, ഒരു കോര്‍പ്പറേറ്റ് ഫേം പ്രവര്‍ത്തിക്കുന്നതുപോലെയായിരുന്നു അവരുടെ പ്രവര്‍ത്തനം. സണ്‍ പിക്ച്ചേഴ്സും, റെഡ് ജയന്റ്സിനുമൊക്കെ രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നു. എന്നിട്ടും ഇതൊന്നുമില്ലാത്ത, ഈ രാജ്യക്കാരന്‍പോലുമല്ലാത്ത സുബാസ്‌ക്കരന്‍ എല്ലാവരെയും കടത്തിവെട്ടി.

വെട്രിമാരന്‍ -ധുനഷ് ചിത്രം വടചെന്നൈ, നെല്‍സന്റെ കോലമാവ് കോകില തുടങ്ങിയ കലാമൂല്യമുള്ള നിരവധി ചിത്രങ്ങളും ലൈക്ക എടുത്തു. ഇപ്പോള്‍ ജയിലര്‍ സിനിമയെടുത്ത് തിളങ്ങി നില്‍ക്കുന്ന ഡയറക്ടര്‍ നെല്‍സണ് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കോലമാവ് കോകില. തുടര്‍ന്ന്, ഷങ്കറിന്റെ ബ്രഹ്‌മാണ്ഡ ചലച്ചിത്രം യന്തിരന്‍ 2.0, മണിരത്്നത്തിന്റെ പൊന്നിയന്‍ സെല്‍വല്‍ ഒന്നും രണ്ടും ഭാഗങ്ങള്‍, അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. 2018-ല്‍ 600 കോടിയോളം രൂപ, യന്തിരന്വേണ്ടി സുബാസ്‌ക്കരന്‍ ചെലവിട്ടപ്പോള്‍, ഇന്ത്യന്‍ സിനിമാലോകത്തിന്റെ വരെ കണ്ണുതള്ളി. പുഷ്പ, ആര്‍ആര്‍ആര്‍, തുടങ്ങിയ ചിത്രങ്ങള്‍ വിതരണത്തിനെടുത്തും, ലൈക്ക കോടികള്‍ നേടി. പൊന്നിയല്‍ സെല്‍വന്‍ ഒന്നാംഭാഗവും കോടികളുടെ ലാഭമുണ്ടാക്കി.

രജനി -കമല്‍ ചിത്രങ്ങള്‍ പൊട്ടുമ്പോള്‍

പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷമായി ലൈക്കക്ക് തിരിച്ചടികളുടെ കാലമാണ്. ഒന്നും രണ്ടുമല്ല 5 ചിത്രങ്ങളാണ് തുടര്‍ച്ചയായി ബോക്സോഫീസില്‍ എട്ടുനിലയിലല്ല, പതിനാറ് നിലയില്‍ പൊട്ടിയത്. പി വാസുവിന്റെ സംവിധാനത്തിലെടുത്ത രജനി ചിത്രം ചന്ദ്രമുഖി -2, ഷങ്കറിന്റെ കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2, രജനിയുടെതന്നെ വേട്ടയ്യന്‍, ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍സലാം, അജിത്തിന്റെ വിടുമുയര്‍ച്ചി എന്നിവയെല്ലാം ബോക്സോഫീസില്‍ വന്‍ ദുരന്തങ്ങളായി. ഏകദേശം ആയിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇതുമൂലം ലൈക്കക്ക് ഉണ്ടായി എന്നാണ് സിനിമാ മാഗസിനുകള്‍ പറയുന്നത്.

2020-ല്‍ സണ്‍ പിക്ച്ചേഴ്സ് അനൗന്‍സ് ചെയ്ത് നടക്കാതെപോലെ ചന്ദ്രമുഖി-2, 2022-ല്‍ സുബാസ്‌ക്കരന്‍ ഏറ്റെടുക്കയായിരുന്നു. ചന്ദ്രമുഖി ഒന്നിന്റെ വന്‍ വിജയം ആവര്‍ത്തിക്കുമെന്ന് കരുതി എടുത്ത ചിത്രം പക്ഷേ, രജനീകാന്ത് ഉണ്ടായിട്ടും പരാജയപ്പെട്ടു. 65 കോടി മുടക്കിയെടുത്ത ചിത്രത്തിന് വെറും 40 കോടി മാത്രമാണ് നേടാനായത്. പിന്നാലെ വന്ന ഇന്ത്യന്‍ 2 എന്ന ഒറ്റ സിനിമയിലുടെ മാത്രം കോടികളുടെ നഷ്ടമാണ് ലൈക്കക്കുണ്ടായത്. അതിനുശേഷം ഇറങ്ങിയ, ജയ്ഭീം സംവിധായകന്‍ ജ്ഞാനവേലിന്റെ വേട്ടയ്യന്‍, ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. രജനീകാന്തും മഞ്ജുവാര്യരും മുഖ്യവേഷത്തില്‍ എത്തുന്നതും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. സ്റ്റെല്‍ മന്നനാവട്ടെ ജയിലറിന്റെ വന്‍ വിജയത്തിന്റെ തിളക്കത്തിലുമായിരുന്നു. പക്ഷേ ഇനീഷ്യന്‍ കളക്ഷന് അപ്പുറം വേട്ടയ്യന്‍ ഒന്നുമായില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മാഫിയ എന്ന പ്രസ്‌കതമായ വിഷയമാണ് ചിത്രം പറഞ്ഞിരുന്നെങ്കിലും, രജനിഫാന്‍സ് ചിത്രത്തെ കൈയൊഴിഞ്ഞു.

തുടര്‍ന്ന് ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍സലാം എന്ന ചിത്രവും ഫ്ളോപ്പായി. രജീനീകാന്ത് ഗസ്റ്റ് റോളില്‍ വന്നിട്ടും ചിത്രത്തെ രക്ഷിക്കാനായില്ല. ചിത്രത്തില്‍ ഏറെ വിവാദമായത്, ഹാര്‍ഡ്ഡിസ്‌ക്ക് ന്ഷടപ്പെട്ട് 21 ദിവസത്തെ ഷൂട്ട് ചെയ്തത് മുഴുവന്‍ പോയി എന്നതിലൂടെയാണ്. തുടര്‍ന്ന് ആ ഭാഗം റീ ഷൂട്ട് ചെയ്ത് തട്ടിക്കൂട്ടുകയായിരുന്നു. ഇതിലുടെ കോടികളുടെ നഷ്ടമാണ് സുബാസ്‌ക്കരന് ഉണ്ടായത്. എന്നിട്ടും അദ്ദേഹം പരസ്യമായി ഐശ്വര്യയെ കുറ്റപ്പെടുത്തി വിഴുപ്പലക്കിയില്ല. ( ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സൂക്ഷിക്കാന്‍പോലും കഴിയാത്ത ഒരു ടീം എന്തൊരു ദുരന്തമാണ്!) ഐശ്വര്യയാവട്ടെ, ടെക്ക്നീഷ്യന്‍സിനെ പഴച്ച് തടിയൂരി. 90 കോടി ചെലവിട്ട ചിത്രം വെറും 19 കോടിയാണ് ബോക്സോഫീസില്‍നിന്ന് നേടിയത്.


 



ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ അജിത്തിന്റെ വിടാമുയര്‍ച്ചിയായിരുന്നു ലൈക്കയുടെ അവസാന ചിത്രം. മഗിഴ തിരുമേനി സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് ചിത്രവും ഇനീഷ്യന്‍ന്‍ കളക്ഷന് അപ്പുറം ഒന്നുമെത്തിയില്ല. ഒരു ഹോളിവുഡ് ചിത്രവുമായി വിടാമുയര്‍ച്ചിക്ക് ഉണ്ടായിരുന്നു സാമ്യവും വിവാദമായി. അവര്‍ കേസിന് പോയതോടെ ചിത്രത്തിന്റെ റിലീസ് നീണ്ടു. ഒടുവില്‍ നല്ല തുക അവര്‍ക്ക് കൊടുത്താണ് വിഷയം സെറ്റിലാക്കിയത്. 97-ല്‍ റിലീസ് ചെയ്ത ബ്രേക്ക്ഡൗണ്‍ എന്ന സിനിമയുടെ റീമേക്കാണ് ചിത്രമെന്ന് അവസാനം അണിയറക്കാര്‍ക്ക് സമ്മതിക്കേണ്ടിയും വന്നു. ഇതെല്ലാം ലൈക്കയില്‍നിന്ന് മറച്ചുവെക്കുകയാണ് സംവിധായകനും കൂട്ടരും ചെയ്തത്. ശരിക്കും ഫ്രോഡ് പരിപാടി. പക്ഷേ ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് റിലീസ് ചെയ്തിട്ടും, ചിത്രം ദുരന്തമായി. 175- മുതല്‍ 350 കോടിവരെ, നിര്‍മ്മാണ ചെലവുള്ള ചിത്രത്തിന് വെറും 138 കോടിയാണ് തീയേറ്ററില്‍നിന്ന് പരിഞ്ഞ് കിട്ടിയത്.

ഷങ്കര്‍ തുലച്ച കോടികള്‍

പക്ഷേ ലൈക്കയുടെ നട്ടെല്ലൊടിച്ചത് ഇവര്‍ ആരുമല്ല. അത് സാക്ഷാല്‍ ഷങ്കര്‍ തന്നെയാണ്. ഷങ്കറിന്റെ യന്തിരന്‍ 2.0ക്ക് ലൈക്ക മുടക്കിയത് 600 കോടിയോളം രൂപയാണ്. അന്നുതന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. ചിത്രത്തില്‍ വില്ലനായി ഹോളിവുഡ് താരം അര്‍നോഡ് ഷ്വാസനഗറുമായി കരാര്‍ ഒപ്പിട്ടെങ്കിലും അത് നടന്നില്ല. അതിലുടെയും ലൈക്കക്ക് നഷ്ടമുണ്ടായി. ചിത്രത്തിന്റെ ബജറ്റ് 600 കോടിയോളം എത്തിയെങ്കിലും, 800 കോടിയോളം രൂപ കളക്റ്റ് ചെയ്ത് ചിത്രം വന്‍ വിജയമായി.

ഈ വിജയത്തെ തുടര്‍ന്നാണ് ലൈക്ക, ഷങ്കര്‍ -കമല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിന് തുനിഞ്ഞത്. പക്ഷേ ഷൂട്ടിങ്ങ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളായിരുന്നു. 2020 ഫെബ്രുവരില്‍, പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിനിടെ നടന്ന അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍. എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.

ഇത് വലിയ കോളിളക്കം ഉണ്ടാക്കി. കമലും, ഷങ്കറും, സുബാസ്‌ക്കരനും അടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷന്‍ കയറി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതകാലത്തേക്ക് മുടങ്ങി. ഇതോടെയും കോടികളുടെ നഷ്ടമാണ് ലൈക്കക്ക് ഉണ്ടായത്. പക്ഷേ ഇതോടെ സിനിമാ സെറ്റുകളിലെ സുരക്ഷയെക്കുറിച്ചുള്ള വന്‍ ചര്‍ച്ചയും തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി കമലഹാസന്‍ എഴുതിയ കത്തും വിവാദമായി. ഇതിലും പരോക്ഷമായ കുത്ത് പ്രൊഡ്യൂസേഴ്സിന് നേരയായിരുന്നു. സത്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഏറ്റവും നല്ല ശമ്പളവും, ഭക്ഷണവും, സുരക്ഷയുമൊക്കെ ഒരുക്കിക്കൊടുക്കുന്നതില്‍ പേരുകേട്ടവരാണ് ലൈക്ക പ്രൊഡക്ഷന്‍സ്. പക്ഷേ സെറ്റിന്റെ നിയന്ത്രണം ഡയറക്ടറുടെ കൈയിലാണ്. ഷങ്കര്‍ ആവശ്യപ്പെടുന്ന സുരക്ഷ അവര്‍ ഒരുക്കിക്കൊടുത്തിരുന്നു. പക്ഷേ ഒരു പ്രശ്നം വന്നപ്പോള്‍ എല്ലാവരും അത് ലൈക്കയുടെ തലയിലിട്ടു.

ഇന്ത്യന്‍ 2 പുര്‍ത്തികരിക്കാനും പിന്നീട് ഷങ്കറിന് താല്‍പ്പര്യമുണ്ടായില്ല. അദ്ദേഹം ഗെയിം ചേഞ്ചര്‍ എന്ന തന്റെ രാം ചരണ്‍ നായകനായ തെലുഗ് ചിത്രത്തിലേക്ക് കടന്നു. ഇതിനെതിരെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി ലൈക്ക കോടതിയില്‍ പോയി. അങ്ങനെയുണ്ടായ കോമ്പ്രമൈസിന്റെ അടിസ്ഥാനത്തിലാണ് ഷങ്കര്‍ വീണ്ടും ചിത്രം തുടങ്ങിയത്. അപ്പോള്‍ മറ്റൊരു ഫ്രോഡ് പണിയും ഷങ്കര്‍ ഒപ്പിച്ചു. ഇന്ത്യന്‍ 2വില്‍നിന്ന ഒരു ഭാഗം കൂടി അടര്‍ത്തിയെടുത്ത് ഇന്ത്യന്‍ 3 ഉണ്ടാക്കുക എന്നതായിരുന്നു അത്. അങ്ങനെ ഒരു സിനിമയില്‍നിന്ന് അയാള്‍ രണ്ടു സിനിമ തട്ടിക്കൂട്ടിയുണ്ടാക്കി! അതോടെ ചിത്രത്തിന്റെ ക്വാളിറ്റിപോയി. ഇന്ത്യന്‍ 2 കണ്ടവര്‍ക്ക് അറിയാം അത് വെറും ഒപ്പിക്കല്‍ പടമാണെന്ന്. ഇപ്പോള്‍ ലൈക്കയുടെ ബാനറില്‍തന്നെ ഇന്ത്യന്‍ 3 ഇറക്കുമെന്നാണ് ഷങ്കര്‍ പറയുന്നത്. ഏകദേശം 200 കോടിരൂപയാണ് ഷങ്കറിന്റെ ഫ്രോഡ് പണിമൂലം ലൈക്കക്ക് നഷ്ടമായത്.


 



വരുമോ ലൈക്ക 2.൦?

ഇത്തരത്തിലുള്ള തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്നാണ് ലൈക്ക എമ്പുരാനില്‍നിന്ന് പിന്‍മാറുന്നത്. 80 കോടിയോളം രൂപ അവര്‍ ഈ ചിത്രത്തില്‍ ഇന്‍വെസ്റ്റ് ചെയതിരുന്നു. അത് പിന്നീട് ഗോകുലം ഗോപാലന്‍ വാങ്ങുകയായിരുന്നു. അന്ന് ഉണ്ടായിരുന്നു ഒരു പ്രചാരണം, ചിത്രം കണ്ട് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ലൈക്ക പിന്‍മാറിയാത് എന്നായിരുന്നു. ഇത് ശരിയല്ല. അവര്‍ ചിത്രം കണ്ടിട്ടില്ല. മാത്രമല്ല, മോഹന്‍ലാലിനെയും പൃഥിരാജിനെയും സുബാസ്‌ക്കരന് പൂര്‍ണ്ണവിശ്വാസവുമാണ്. പക്ഷേ ഒടിടിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതാണ് അദ്ദേഹത്തിന്റ പിന്‍മാറ്റത്തിന് കാരണം എന്നാണ് 'ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍' എന്ന ഓണ്‍ലൈന്‍ മാഗസിന്‍ പറയുന്നത്. കാരാര്‍ പ്രകാരം സാറ്റലൈറ്റ് -ഒടിടി റൈറ്റുകള്‍ക്ക് ശേഷമാണ് ലൈക്കയുടെ മുടക്കുമുതലും ലാഭവും കൊടുക്കാന്‍ കഴിയുക. സമീപകാലത്തായി ഒടിടി റൈറ്റുകള്‍ വല്ലാതെ കുറയുന്നതാണ് ലൈക്കയെ പ്രൊജക്്റ്റില്‍നിന്ന് പിന്‍മാറാന്‍ ഇടയാക്കിച്ചത്.

പക്ഷേ ഇതിന്റെ പേരില്‍ യാതൊരു തര്‍ക്കവും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവുരുമായി ലൈക്ക ഉണ്ടാക്കിയില്ല. അവര്‍ തങ്ങളുടെ പ്രതിസന്ധി പറഞ്ഞ് മാന്യമായി പിരിയുകയായിരുന്നു. എന്നിട്ടും തങ്ങള്‍ ചെയ്യേണ്ട എല്ലാ മാര്‍ക്കറ്റിങ്ങ് പരിപാടിയും ലൈക്ക എമ്പുരാന് വേണ്ടി ചെയ്തിട്ടുണ്ട്. സിനിമയുടെ ടൈറ്റിലുകളില്‍നിന്ന് അവരുടെ പേര് മാറ്റാത്തതും അതുകൊണ്ട് ആയിരുക്കുമെന്നാണ്, ' ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍' പറയുന്നത്.


 



എല്ലാവര്‍ഷവും രണ്ടുമൂന്നും ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യാറുള്ള ലൈക്ക ഇപ്പോള്‍ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ഈ വര്‍ഷത്തോടെ അവര്‍ പ്രൊഡക്ഷന്‍ നിര്‍ത്തുമെന്നും കേള്‍ക്കുന്നുണ്ട്. പക്ഷേ ചില സിനിമാ മാഗസിനുകള്‍ ലൈക്കയുടെ തിരിച്ചുവരവും പ്രവചിക്കുന്നുണ്ട്. ആദ്യ ചിത്രമായി 'കത്തി' തൊട്ട് തിരിച്ചടികളിലുടെ കടന്നുവന്നരാണ് അവര്‍. ഇപ്പോള്‍ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈക്കയുടെതായി ഇനി വരാനുള്ളത്. ഒപ്പം ഇന്തന്‍ 3യും. ഇതില്‍ ഇന്ത്യന്‍ 3യില്‍ വലിയ പ്രതീക്ഷകള്‍ ഇല്ലെങ്കിലും ജേസണ്‍ സഞ്ജയുടെ ചിത്രത്തില്‍ ഏവര്‍ക്കും പ്രതീക്ഷയുണ്ട്. അതിലുടെ ലൈക്ക തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

വാല്‍ക്കഷ്ണം: ഗോകുലത്തിന്റെ ഓഫീസില്‍ ഇ ഡിയെത്തിയപ്പോഴായിരിക്കണം, എമ്പൂരാനില്‍നിന്ന് പിന്‍മാറിയതിന്റെ ഗുണം ലൈക്കക്ക് ബോധ്യപ്പെട്ടിരിക്കുക. എന്നിട്ടും ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ ലൈക്കയെ കുറ്റപ്പെടുത്തുന്നുണ്ട്. എമ്പൂരാന് എല്‍ടിടിയുടെ ഫണ്ട് കിട്ടുന്നുണ്ടെന്ന് ഓര്‍ഗനൈസര്‍ പറഞ്ഞത് ലൈക്കയെ ചൂണ്ടിക്കാട്ടിയാണ്. നേരത്തെ ലൈക്ക വന്നപ്പോള്‍ അവര്‍ രജപക്സെയുടെ ആളുകള്‍ ആയിരുന്നു. ഇപ്പോഴത് എല്‍ടിടിഇ അനുഭാവികള്‍ ആയി!

Tags:    

Similar News