ഗസ്സയിലും യുക്രൈനിലും കണ്ടപോലെ ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ ഇന്ത്യയിലും! സത്രീകളും കുട്ടികളും കലാപത്തിന്റെ മൂന്‍നിരയില്‍; പിന്നില്‍ ചൈനയോ നാര്‍ക്കോട്ടിക്ക് മാഫിയയോ? മണിപ്പൂരില്‍ നടക്കുന്നത് അസാധാരണ കലാപം
ഗോത്രമനുഷ്യനെ ആധുനിക മനുഷ്യനാക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം, ഗോത്ര വൈരത്തിന് വര്‍ഗീയ നിറംകൂടി നല്‍കുന്നവര്‍, പ്രശ്നങ്ങള്‍ വഷളാക്കുകായാണ്.
എം റിജു
ഗസ്സയിലും, യൂക്രൈന്‍ യുദ്ധത്തിലുമൊക്കെ ലോകം കണ്ട ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ ഇതാ ഇന്ത്യയിലേക്കും! കഴിഞ്ഞ ദിവസങ്ങളിലായി മണിപ്പൂരില്‍ ഉണ്ടായ ആക്രമണ പരമ്പരകള്‍, ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന് തന്നെ നാണക്കേടാവുകയാണ്. ഗ്രോത്രപ്പോരില്‍ കലാപകലുഷിതമായിരുന്ന മണിപ്പുരില്‍, ഒന്നരവര്‍ഷത്തിനുശേഷം സംഘര്‍ഷം വീണ്ടും ഉണ്ടായപ്പോള്‍, ആയുധങ്ങള്‍ വടിവാളും, കത്തിയും, ഹോക്കിസ്റ്റിക്കും, ( ഉത്തരേന്ത്യയിലെ കലാപങ്ങളിലെ പ്രധാന ആയയുധം ഹോക്കി വടിയാണ്) തോക്കുമൊന്നുമല്ല. ഡ്രോണ്‍ ആക്രമണങ്ങളും, റോക്കറ്റും, ഗ്രനേഡുമൊക്കെയാണ്! കാശ്മീര്‍ തീവ്രവാദം അതിന്റെ ഉച്ചിയില്‍നില്‍ക്കുന്ന 90കളിലൊക്കെ, ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ റോക്കറ്റ് ആക്രമണം നടത്തിയത് ഒഴിച്ചാല്‍, ഇന്ത്യയില്‍ ഇത്തരം മാരക ആക്രമണങ്ങള്‍ പതിവില്ലായിരുന്നു. എന്നാല്‍ കാശ്മീര്‍ ഭീകരരെപ്പോലും ഒതുക്കാനും, സമാധാനം കൊണ്ടുവരാനും ഭാരതത്തിന് കഴിഞ്ഞു. പക്ഷേ എന്നിട്ടും മണിപ്പൂരിലെ ഈ ഗോത്രയുദ്ധത്തിന് തടയിടാന്‍ നമുക്കാവുന്നില്ല.
എവിടെനിന്നാണ് ഇത്രും ആധുനികമായ കൂട്ട നശീകരണ ആയുധങ്ങള്‍ എത്തുന്നത് എന്നും കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന്് ഇടയാക്കിയ, വിദ്യാര്‍ത്ഥി പ്രക്ഷോഭംപോലെ, മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നിലും ഒരു ട്രോജന്‍ കുതിരയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭം എന്ന് പുറമേ പറയുന്നുണ്ടെങ്കിലും, പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയും, മതമൗലികവാദികളായ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായിരുന്നു, ബംഗ്ലാ പ്രക്ഷോഭത്തിന് പിന്നിലെന്ന് പിന്നീട് വെളിപ്പെട്ടു. അതുപോലെ പുറമെനിന്ന് നോക്കുമ്പോള്‍, ഗോത്രങ്ങള്‍ തമ്മിലുള്ള സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭമാണിത്. പക്ഷേ ആരാണ് ഇവര്‍ക്ക് ഇത്രയും ആധുങ്ങള്‍ എത്തിക്കുന്നത്? മയക്കുമരുന്ന് മാഫിയക്കും, ചൈനക്കും എന്താണ് ഈ മേഖലയിലെ താല്‍പ്പര്യം? ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃത്യമായി പഠിക്കേണ്ട കാര്യങ്ങളാണിവ.
ഞെട്ടിച്ച് 'മിസൈല്‍ ആക്രമണം'
മണിപ്പുരില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്ന അസ്വസ്ഥജനകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആറുപേര്‍ കൊല്ലപ്പെട്ടതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അവസാനമായി വന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് രാജ്യത്തെ ഞെട്ടിച്ചത്. ജനക്കൂട്ടം മണിപ്പുര്‍ റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു.
2023 മേയ് മൂന്നിന് ആരംഭിച്ച കലാപമാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ടുനിന്ന കലാപങ്ങള്‍ വിരളമാണ്. മണിപ്പുര്‍ താഴ് വരയിലെ പ്രബല വിഭാഗമായ മെയ്ത്തികള്‍ക്ക് പട്ടികവര്‍ഗപദവി കൊടുക്കുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിവിധിയുടെ ചുവടുപിടിച്ചായിരുന്നു സംഘര്‍ഷം തുടങ്ങിയത്. ഭൂരിഭാഗം മെയ്ത്തികളും ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഈ വിധിയെ പിന്നീട് സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ കുക്കി വിഭാഗത്തിനു മേല്‍ക്കൈയുള്ള മണിപ്പുരിലെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിഷേധമാര്‍ച്ച് നടത്തി. തുടര്‍ന്ന് ചുരാചന്ദ്പുര്‍, ബിഷ്ണുപുര്‍ ജില്ലകളില്‍ സംഘര്‍ഷം ഉടലെടുത്തു.
ഗോത്രവംശീയതയില്‍ മതം കലരുകയും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തതോടെ പരസ്പരസംശയവും പകയും കുമിഞ്ഞുകൂടി. ബലാത്കാരങ്ങളും പ്രാകൃതമായ ഹത്യാരീതികളും തീവെപ്പുകളും അവിടെ നടമാടി. മറ്റ് കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളും കുട്ടികളും ആക്രമണോത്സുകരായി മണിപ്പൂരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. മെയ്തികളും കുക്കികളും എതിര്‍ഗോത്രത്തിലെ സ്ത്രീകളെ പൊതുസ്ഥലത്ത് വിവസ്ത്രരാക്കി ക്രൂരമായി റേപ്പ് ചെയ്തു. പതിനായിരക്കണക്കിന് വീടുകള്‍ പരസ്പരം ആക്രമിച്ചു. രണ്ട് കൂട്ടരുടെയും ആരാധനാലയങ്ങള്‍ തകര്‍ത്തു. കേരളത്തിലെ പോലെയുള്ള കൂറ്റന്‍ എടുപ്പുകളൊന്നുമല്ലാത്തതിനാല്‍ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കാന്‍ എളുപ്പമായിരുന്നു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് മെയ്തി ഗോത്രക്കാരനാണ്. അദ്ദേഹം ആ സമുദായ പക്ഷപാതിയുമാണ്. പക്ഷേ മറുഭാഗത്തും പ്രശ്നമാണ്. മന്ത്രിസഭയിലെ കുക്കികള്‍ക്ക് കൂറ് അവരുടെ ട്രൈബിനോടാണ്. ഇങ്ങനെ ഒരു നാട് ഗോത്രപ്പകയാല്‍ വെട്ടിമുറിക്കപ്പെട്ട് ചോര ചീറ്റുന്ന ഭീകരമായ സ്ഥിതിവിശേഷത്തെയാണ് ഇവിടെ ചിലര്‍ ഹിന്ദു - ക്രിസ്ത്യന്‍ വര്‍ഗീയ ലഹളയായി ചിത്രീകരിച്ചത്. കേരളത്തിലെ ചിലര്‍ മണിപ്പൂരില്‍ ക്രൈസ്തവരെ കൊല്ലുന്നേ എന്ന് അലമുറയിടുന്നുണ്ട്. അതേസമയം കുക്കികള്‍ നടത്തിയ റേപ്പും കൊലപാതകങ്ങളും അവര്‍ക്ക് വിഷയമേയല്ല. ഇപ്പോള്‍ നടത്തിയ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിന് പിന്നിലും കുക്കികളാണ്.
പിന്നില്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍?
എവിടെനിന്നാണ് കലാപകാരികള്‍ക്ക് ഇത്രയും ആയുധങ്ങള്‍ കിട്ടുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, ചൈന. മണിപ്പൂരില്‍ ഉപയോഗിച്ച, റോക്കറ്റുകളും ഡ്രോണുകളും മാത്രല്ല, തോക്കുകള്‍ പോലും ചൈനീസ് നിര്‍മ്മിതമാണ്. അയല്‍രാജ്യമായ മ്യാന്‍മ്മാര്‍ വഴിയാണ് ഇവിടേക്ക് വന്‍ തോതില്‍ അയുധങ്ങള്‍ എത്തുന്നതെന്ന്, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-മാന്‍മ്മ്യാര്‍ അതിര്‍ത്തിയില്‍ പലയിടത്തും ഫെന്‍സിങ്് ഇല്ലാത്തതും പ്രശ്നമാണ്്. മാത്രമല്ല, മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമായ ഈ റൂട്ടിലൂടെയൊക്കെ നേരത്തെ തന്നെ അതിര്‍ത്തി കടക്കാനുള്ള ഊടുവഴികളുമുണ്ട്.
കൃഷി, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന രീതി മാ്യന്‍മ്മാറില്‍ വ്യാപകമാണ്. ഇതെല്ലാം വരുന്നത് ചൈനയില്‍ നിന്നാണ്. പക്ഷേ മരുന്നടിക്കാനും, കിളികളെ ഓടിക്കാനുമുള്ള ഡ്രോണ്‍ ഉപയോഗിക്കുന്നതുപോലെ, ബോംബും റോക്കറ്റും പ്രവര്‍ത്തിപ്പിക്കാനാവില്ല. അതിന് പ്രത്യേക പരിശീലനം വേണം. അതാണ് രാജ്യത്തിന്റെ സുരക്ഷ ഏജന്‍സികളെ ഞെട്ടിക്കുന്നത്. ഇത്തരം സാധനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍, കലാപകാരികള്‍ക്ക് കൃത്യമായ പരിശീലനം കിട്ടിയെന്ന് ചുരുക്കം. മ്യാന്‍മ്മാറിലെ ചിന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍ക്കുന്നത് ചൈനയാണ്. ഈ വഴിയാണ്, ഇത് മണിപ്പൂര്‍ കലാപകാരികളില്‍ എത്തിയത് എന്നാണ് ഒരു നിഗമനം.
ഇപ്പോള്‍ അപകടം മണത്ത് സൈന്യവും പൊലീസുമൊക്കെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മണിപ്പൂര്‍ പൊലീസ് ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ദീര്‍ഘദൂരെ ബൈനോക്കുലറുകള്‍ എല്ലായിത്തും ഒരുക്കിയിട്ടുണ്ട്. സൈന്യമാകട്ടെ കലാപ പ്രദേശങ്ങളില്‍ പ്രതിരോധ ബങ്കറുകളും തീര്‍ത്തിട്ടുണ്ട്. ഏറ്റവും പ്രധാന വിഷയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമൊന്നും പ്രതികരിച്ചിട്ടില്ല എന്നതാണ്. അതിഗുരുതരമായ ഒരു സുരക്ഷാപ്രശ്നത്തെ കേന്ദ്രം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്നും വിമര്‍ശനമുണ്ട്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താല്‍ ചൈന തക്കം പാര്‍ത്തിരിക്കയാണെന്ന വിവരങ്ങള്‍ നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയുന്നതാണ്. അരുണാചലിനെ ചൈനീസ് കൈയേറ്റം ഈയിടെയും വിവാദമായതാണ്. നിലവില്‍ പാക്കിസ്ഥാനും, ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ചൈനയില്‍നിന്ന് വായ്പ്പയെടുത്ത് വന്‍ കെണിയിലാണ്. അതുകൊണ്ടുതന്നെ മേഖലയിലെ ആധിപത്യം തുടരാന്‍, ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് ചൈനയുടെ ഒരു ദീര്‍ഘകാല പദ്ധതി തന്നെയാണ്. അതുകൊണ്ടുതന്നെ ഈ കലാപത്തിനുപിന്നിലും, ചൈനയുടെ കരങ്ങള്‍ സംശയിക്കപ്പെടുന്നുണ്ട്. പക്ഷേ അത്തരം ആരോപണത്തെ സ്വാധീനിക്കുന്ന, കൃത്യമായ തെളിവുകള്‍ ഇല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദികള്‍ക്ക് ഫണ്ട് എവിടെനിന്ന്?
ചെറുതും വലുതുമായ നാല്‍പ്പതോളം തീവ്രവാദി സംഘങ്ങളുടെ നാടാണ് ഇപ്പോഴും മണിപ്പൂര്‍. ദേശീയ പതാക പോലും ഉയര്‍ത്താന്‍ പറ്റാത്ത സ്ഥലങ്ങള്‍ ഇപ്പോളും ആ നാട്ടിലുണ്ട്. നാഗന്‍മ്മാര്‍ക്കും, കുക്കികള്‍ക്കും, മെയ്തികള്‍ക്കും വേറെവേറെ തീവ്രവാദി സംഘങ്ങള്‍ ഉണ്ട്. നാഷണലിസിസ്റ്റ് സോഷ്യല്‍ കൗണ്‍സില്‍ ഫോര്‍ നാഗാലാന്‍ഡ് ആണ് നാഗാസിന്റെ സംഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മാവോ സെ തൂങ്ങിന്റെ ആശയങ്ങളില്‍ അധിഷ്ഠിതമായ എന്നാല്‍ ജീസസിന്റെ വിശ്വാസികള്‍ ആയ സ്പിരിച്വല്‍ കമ്മ്യൂണിസ്റ്റുകള്‍ ആണ് നാഷണല്‍ സോഷ്യലിസ്‌റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് എന്നാണ് പറയുക. 1980-മുതല്‍ ഇവര്‍ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് ചൈനീസ് സഹായം കിട്ടുന്നുവെന്ന്് നേരത്തെ വ്യക്തമാണ്.
നാഗാസും കുക്കികളും തമ്മിലുള്ള വൈരത്തിനും കൊളോണിയല്‍ കാലത്തോളം പഴക്കമുണ്ട്. കുക്കികള്‍ക്ക് ആണെങ്കില്‍ കുക്കി ലിബറേഷന്‍ ആര്‍മി എന്ന സായുധ സേന തന്നെയുണ്ട്. ഇവര്‍ പലതവണ നാഗന്‍മ്മാരെയും, മെയ്തികളെയും കൊന്നൊടുക്കിയിട്ടുണ്ട്. ഇനി മെയ്തികള്‍ തമ്മില്‍ മതം നോക്കി പോരടിച്ച സംഭവവം ഉണ്ട്. മെയ്തി വിഭാഗത്തിലുള്ള മുസ്ലീങ്ങള്‍ അറിയപ്പെടുന്നത് മെയ്തി പങ്കല്‍ എന്നാണ്. ഇവരും മെയ്തികളും തമ്മിലും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. 1993-ല്‍ മുസ്ലിം യാത്രക്കാരുമായി പോയിരുന്ന ഒരു ബസ് തീ വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഏതാണ്ട് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇത് മെയ്തി ഹിന്ദുക്കളും മെയ്തി മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നമായിരുന്നു.
ഹെഡ് ഹണ്ടിങ് എന്ന് നാം കേട്ടിട്ടുള്ളത്, പലപ്പോഴും 17ാം നൂറ്റാണ്ടിലെയൊക്കെ യൂറോപ്യന്‍ ഗ്രോതയുദ്ധങ്ങളുടെ കഥകള്‍ വായിക്കുമ്പോളാണ്. ഇവിടെ എത്ര പേരുടെ തലയെടുക്കുന്നോ അവനാണ് ഹീറോ. പക്ഷേ നമ്മുടെ നാട്ടിലും ഇതുപോലെ ഗ്രോത്രയുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെയും നാഗാലാന്‍ഡിലെയും നാഗന്‍മ്മാരുടെയും കുക്കികളുടെയുമൊക്കെ ചരിത്രം എടുത്തുനോക്കിയാല്‍, അത് പ്രകടമാണ്. എന്തിന് 1960-വരെയും ഇവിടെയും ഹെഡ് ഹണ്ടിങ്ങ് നടന്നിട്ടുണ്ട്. അതായത് നേരെ ആയുധവുമായി എതിര്‍ ഗോത്രത്തിന്റെ പാളയത്തിലേക്ക് പോവുക, അവരുടെ തലവെട്ടിക്കൊണ്ടുവരിക. ഇതില്‍ എത്രപേരുടെ തലവെട്ടി എന്നതിന് അനുസരിച്ച് വെട്ടിയവന്റെ സ്റ്റാറ്റസും അധികാരചിഹ്നങ്ങളും മാറും. പ്രത്യേക ആടയാഭരണങ്ങള്‍ ഉള്ള ഒരു യോദ്ധാവ് ആയിട്ടാണ്, അയാള്‍ പരിഗണിക്കപ്പെടുക. ജീവിതാവസാനംവരെ അയാള്‍ സ്വന്തം ഗ്രോത്രത്തിന്റെ ഹീറോയുമായിക്കും. പക്ഷേ കാലം കഴിഞ്ഞതോടെ അത്തരം ഭീകരമായ കൊലകള്‍ നിന്നു. പക്ഷേ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നവയും.
പക്ഷേ ഈ സംഘടനകളുയൊക്കെ സ്പോണ്‍സര്‍മാര്‍ ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. അവിടെയാണ് നാര്‍ക്കോട്ടിക്ക് ലോബിയിലേക്ക് സംശയങ്ങള്‍ നീളുന്നത്.
നാര്‍ക്കോട്ടിക്ക് ഗോള്‍ഡന്‍ ട്രയാംഗിള്‍
മണിപ്പുര്‍ കലാപത്തിന് പിന്നില്‍ കൃത്യമായ ചില സാമ്പത്തിക കാരണമുണ്ടെന്നും സംശയമുണ്ട്. ലോകത്തിന്റെ നര്‍ക്കോട്ടിക്ക് ക്യാപിറ്റല്‍, എന്ന് അറിയപ്പെടുന്ന 'ദ ഗോള്‍ഡന്‍ ട്രയാംഗിള്‍', മ്യാന്‍മ്മാര്‍ അതിര്‍ത്തിയിലാണ്. അതിന്റെ ഒരു ഭാഗം മണിപ്പൂരിലും വന്നു. പോപ്പികൃഷിയും അതിലൂടെയുള്ള കോടികളുടെ ഹെറോയില്‍ ബിസിനസുമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. മ്യാന്‍മ്മാറില്‍ നിന്നുള്ള സ്വര്‍ണ കടത്തും വലിയ ബിസിനസാണ്. 2022-വരെ അഫ്ഗാനിസ്ഥാന് ശേഷം ലോകത്തിലെ ഏറ്റവും വലിയ കറുപ്പിന്റെ രണ്ടാമത്തെ സ്രോതസ്സായിരുന്നു മ്യാന്‍മ്മര്‍. ലോകത്തിലെ കറുപ്പിന്റെ 25% ഉത്പാദിപ്പിക്കന്നത് ഇപ്പോഴും ഈ സുവര്‍ണ്ണ ത്രികോണത്തിലാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ ഡേര്‍ട്ടി ബിസിനസ്. അഫ്ഗാനിലെ താലിബാന്റെയൊക്കെ പ്രധാന വരുമാനം കുടില്‍ വ്യവസായംപോലെ, പോപ്പിച്ചെടികള്‍ ഗ്രാമങ്ങളില്‍ നട്ടുവളര്‍ത്തി അതില്‍നിന്നുളള ആദായമാണ്. ഇതാണ് ഒരു പരിധിവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പോകുന്നത്.
ഇവിടെ മണിപ്പൂര്‍ കലാപത്തിലും, നാര്‍ക്കോട്ടിക്ക് ബിസിനസ് ഒരു പ്രധാന ഘടകമാണ്. മണിപ്പൂരിലും വ്യാപകമാണ് പോപ്പികൃഷി. മെയ്തി സമുദായത്തില്‍ പെട്ട മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംങിന്റെ നേതൃത്വത്തിലാണ് പോപ്പികൃഷിക്കെതിരെ ആദ്യമായി യുദ്ധ പ്രഖ്യാപനം നടത്തിയത്. 2017 മുതല്‍ ഏകദേശം പതിനെണ്ണായിരം ഏക്കറിലധികം പോപ്പി കൃഷി നശിപ്പിച്ചതാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ 18,000, ഏക്കറില്‍ അധികവും പോപ്പി ഫാമുകള്‍ സ്ഥിതി ചെയ്തിരുന്നത് കുക്കി ജനവാസ മേഖലയിലാണ്.
രാജ്യത്തു ഉടനീളം ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് മണിപ്പൂരിലെ ജനങ്ങളുടെ മയക്കുമരുന്ന് ആസക്തിയും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും. സംസ്ഥാനത്തെ മയക്കുമരുന്ന് വിതരണ മേഖലയില്‍ ഒരു വലിയ ഇടിവു വരുത്താന്‍ ഈ 2017 മുതലുള്ള വാര്‍ ഓണ്‍ ഡ്രസ്സിനു കഴിഞ്ഞു. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കറുപ്പ് ഉല്‍പാദക രാജ്യമായ മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. സര്‍ക്കാരിന്റെ മയക്കുമരുന്ന് നോടുള്ള ഈ സന്ധിയില്ലാത്ത സമരം കുക്കികളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത വളരെ രൂക്ഷമാക്കി. പോപ്പി കൃഷി ചെയ്യുന്ന ഗ്രാമങ്ങള്‍ക്ക് വളരെ ശക്തമായ താകീതാണ് ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയിരുന്നത്.
പോപ്പി കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ അംഗീകരിക്കുകയില്ല അതുമാത്രമല്ല അവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാം ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. മാര്‍ച്ച് മാസത്തില്‍ തന്നെ ഒരു ന്യൂസ് ചാനലിന് അദ്ദേഹം നടത്തിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുകയുണ്ടായി. കുക്കികള്‍ എല്ലാം സ്ഥലങ്ങളും കയ്യേറി കൊണ്ടിരിക്കുകയാണ് സംരക്ഷിക്കപ്പെടേണ്ട വനമേഖലയും റിസര്‍വ്ഡ് ആയിട്ടുള്ള വനമേഖലയും വന്‍തോതില്‍ ഉള്ള പോപ്പി കൃഷിക്കും മയക്കുമരുന്ന് വ്യാപാരത്തിനുമായി അവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മറുപടിയൊന്നും അതേമാസം തന്നെ കുക്കികള്‍ വളരെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് ഈ മലയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു സര്‍ക്കാരിനെതിരെ നടത്തിയത്. അതേസമയം കുക്കികള്‍ പോപ്പികൃഷി ചെയ്യുന്നവര്‍ മാത്രാണ്. ലാഭം കൊയ്യുന്നത് മുഴുവന്‍ ഇതിന്റെ ഇടനിലക്കാരും കടത്തുകാരുമാണ്. അവര്‍ക്കെതിരെതൊന്നും ഒരു നടപടിയും എടുക്കാതെ കുക്കികള്‍ക്ക് നേരെ തിരിയുന്നത് തികഞ്ഞ വംശീയതയാണെന്നാണ് കുക്കി സമുദായക്കാര്‍ പറയുന്നത്. എന്തായാലും ശതകോടികളുടെ മയക്കുമരുന്ന് മാഫിയക്കാണ്, മണിപ്പൂര്‍ തടയിട്ടത്. കലാപത്തിന് പിന്നില്‍ അതുകൊണ്ടുതന്നെ നാര്‍ക്കോട്ടിക്ക് ലോബിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു.
ഇന്ത്യയൂടെ രത്നം, രക്തമാവുമ്പോള്‍!
ഇന്ത്യയുടെ രത്നമെന്ന അപരനാമമുള്ള മണിപ്പുര്‍ ഇപ്പോള്‍ ഇന്ത്യയുടെ രക്്തമാവുകയാണ്. കലാപം സംസ്ഥാനത്തെ മുപ്പതുവര്‍ഷം പുറകോട്ടടിപ്പിച്ചെന്ന് ആ നാട്ടിലൂടെ യാത്ര ചെയ്തവര്‍ പറയുന്നു. തലസ്ഥാനമായ ഇംഫാല്‍ സ്തംഭിച്ചു. വ്യാപാരം സുഗമമായി നടക്കുന്നില്ല. കച്ചവടക്കാരില്‍ പലരും ജീവന്‍ കൊതിച്ച് നാടുവിട്ടു. തങ്ങളുടെ മേഖലകളില്‍ സായുധഗ്രൂപ്പുകളുടെ ഗുണ്ടാപിരിവ് അനുസ്യൂതം നടക്കുന്നു. പിരിവെടുത്ത പണംകൊണ്ട് പരസ്പരം കൊല്ലാന്‍ ആയുധങ്ങള്‍ സംഭരിക്കുന്നു. ആയുധപ്പുരകള്‍ കൊള്ളയടിക്കുന്നു. മെയ്ത്തികളും കുക്കികളും അവരവരുടെ മേഖലയില്‍ സ്വയംഭരണം നടപ്പാക്കിയപോലെയാണ് കാര്യങ്ങള്‍. ചില കലാപങ്ങളില്‍ പോലീസുകാരും ഒപ്പംചേര്‍ന്ന സംഭവങ്ങളുണ്ടായി. ഇവിടെയാണ് ഭരണകൂടത്തിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നത്. സംസ്ഥാന മുഖ്യമന്ത്രി ബിരേന്‍ സിങ് കലാപം കൈകാര്യചെയ്ത രീതി കഠിനമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. മുഖ്യമന്ത്രി മെയ്ത്തിപക്ഷപാതം കാണിക്കുന്നെന്നാരോപിച്ച കുക്കികള്‍ ഡല്‍ഹിയില്‍ പ്രകടനംനടത്തി.
ചുരുക്കത്തില്‍ മെയ്തി- കുക്കി സിവില്‍ വാറാണ് മണിപ്പൂരില്‍ നടക്കുന്നത്. പോലീസ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും ഗോത്രാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസേനയെ രണ്ട് കൂട്ടരുടെയും ഭീകരസംഘടനകള്‍ ആക്രമിക്കുന്നു.കലാപത്തിന് ഇറങ്ങുന്നവരെ മുഴുവന്‍ കണ്ടാലുടന്‍ വെടിവെച്ചിട്ടാല്‍ അക്രമം ശമിച്ചേക്കും. പക്ഷെ മരണസംഖ്യ വല്ലാതെ ഉയരും. അപ്പോള്‍ പട്ടാളം അതിക്രമം കാട്ടുന്നേയെന്നുള്ള മനുഷ്യാവകാശനിലവിളി ഉയരും. ഇറോം ശര്‍മിളമാര്‍ വര്‍ഷങ്ങള്‍ നിരാഹാരം കിടക്കും. മണിപ്പൂരിലെ അമ്മമാര്‍ അഫപ്സ നിയമത്തിനെതിരെ നഗ്നരായി സൈനിക ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. അതിനെ കൊണ്ടാടി കാല്‍പ്പനിക കവിതകളും ലേഖനങ്ങളും നിറയും. ഇത് ശരിക്കും ഇരട്ടത്താപ്പാണ്. ഈ കലാപത്തില്‍ എവിടെയും, ഇറോം ശര്‍മ്മിളയുടേതായി ഒരു സ്റ്റേറ്റ്മെന്റ് പോലും വന്നിട്ടില്ല.
ഒരു കാലത്ത് ഇന്ത്യന്‍ സ്ത്രീ മുന്നേറ്റങ്ങളിലെ ഒരുകാലത്ത് ജ്വലിക്കുന്ന അധ്യായമായി മാറിയിരുന്ന മണിപ്പൂരിലെ മെയ് രാ പെയ്ബി ( വിളക്കേന്തിയ വനികള്‍) പ്രവര്‍ത്തകര്‍. മണിപ്പൂര്‍ സ്ത്രീകള്‍ക്ക് നേരെ ഇന്ത്യന്‍ പട്ടാളം നടത്തിയ ക്രൂരതകള്‍ക്കെതിരെ, തങ്ജാം മനോരമയെന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' എന്ന് തെരുവില്‍ നഗ്‌നരായി നിന്ന് വിളിച്ചു പറഞ്ഞ, അഫപ്‌സ് നിയമത്തിനെതിരെ അത്യുജ്വല പോരാട്ടം നടത്തിയവരാണ് ഇവര്‍. പക്ഷേ അവര്‍ ഇപ്പോള്‍ കുക്കി, നാഗാ അടക്കമുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് സെജീവമായിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഡല്‍ഹിയിലെത്തിയ നൂറോളം മെയ് രാ പെയ്ബി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആവശ്യം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം എന്നതായിരുന്നു. അതിനുമപ്പുറം, കലാപ പ്രദേശങ്ങളില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ അടക്കം നേരിട്ട് പങ്ക് വഹിക്കുകയും, ഗോത്ര വര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് അവര്‍ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഗവേഷകര്‍ എഴുതുന്നുണ്ട്. അത്രക്ക് രൂക്ഷമാണ് ഇവിടുത്തെ ഗ്രോത്രീയത. ഈയിടെ ഒരു മെയത്തി സ്ത്രീ സ്വന്തം മകനോട് 'നീ എന്തുകൊണ്ട് അവരെ റേപ്പ് ചെയ്തില്ല' എന്ന് ചോദിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
പ്രശ്നം സങ്കീര്‍ണ്ണമാണെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ദുരന്തചിത്രമാണ് നാം മണിപ്പുരില്‍ കാണുന്നത്. ഇപ്പോഴിതാ റോക്കറ്റും, ഡ്രോണുമടക്കം ഇറങ്ങുന്ന, വലിയ ഒരു യുദ്ധമായി ഈ ഗോത്രപ്പോര് മാറിയിരിക്കുന്നു. ഇനിയും വൈകിക്കൂടാ. മുഖം നോക്കാതെയുള്ള നടപടികളിലൂടെ മണിപ്പൂരിനെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തേണ്ടത്.
വാല്‍ക്കഷ്ണം: മണിപ്പൂരിലെ ഗോത്രപ്പകയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നും മനസ്സിലാക്കാതെ അത് സംഘപരിവാര്‍ ആക്രമണവും, വര്‍ഗീയ സംഘര്‍ഷവുമാക്കി മാറ്റുകയാണ് കേരളത്തിലടക്കം മാധ്യമങ്ങള്‍ ചെയ്യുന്നത്. ഗോത്രമനുഷ്യനെ ആധുനിക മനുഷ്യനാക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം, ഗോത്ര വൈരത്തിന് വര്‍ഗീയ നിറംകൂടി നല്‍കുന്നവര്‍, പ്രശ്നങ്ങള്‍ വഷളാക്കുകായാണ്.