ചൈനീസ് ടാങ്കുകള്‍ 500 മീറ്റര്‍ അടുത്തെത്തിയിട്ടും ഉത്തരവ് കിട്ടിയില്ല; ഒടുവില്‍ മോദിയുമായി സംസാരിച്ച് പ്രതിരോധമന്ത്രി പറഞ്ഞത്, 'ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍'; അഗ്നിപഥ് പദ്ധതിയിലും വെള്ളം ചേര്‍ത്തു; ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ! ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ വാക്കുകള്‍ കോളിളക്കമാകുമ്പോള്‍..!

ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ!

Update: 2026-02-03 09:37 GMT

ഒരു ഇടവേളക്കുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൈന തിളക്കുകയാണ്. അതിനിടയാക്കിയതാവട്ടെ, മുന്‍ കരസേനാ മേധാവി, ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡിസ്റ്റിനി' എന്ന ആത്മകഥയും. സുരക്ഷകാരണങ്ങളാല്‍ തടഞ്ഞുവെക്കപ്പെട്ട ഈ പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങള്‍ 'ദ കാരവന്‍' മാഗസിന്‍ പുറത്തുവിട്ടപ്പോള്‍ തന്നെ അത് വന്‍ വിവാദമായി. കഴിഞ്ഞ ദിവസം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത് വലിയ വാഗ്വാദങ്ങള്‍ക്കും സഭാനടപടികള്‍ തടസ്സപ്പെടുന്നതിനും കാരണമായി.

കോണ്‍ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത ബിജെപി എംപി തേജസ്വി സൂര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് താന്‍ നരവനെയുടെ പുസ്തകം പരാമര്‍ശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ആരാണ് യഥാര്‍ത്ഥ ദേശസ്നേഹിയെന്ന് ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും' എന്ന ആമുഖത്തോടെയാണ് അദ്ദേഹം പുസ്തകത്തിലെ ഭാഗങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് ടാങ്കുകള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് തൊട്ടടുത്ത് എത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ '52 ഇഞ്ച് നെഞ്ചളവ്' എവിടെപ്പോയി എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചൈനീസ് ടാങ്കുകള്‍ മുന്നേറിയപ്പോള്‍ സൈന്യത്തിന് വ്യക്തമായ ഉത്തരവ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ലെന്നും, പകരം 'ഉചിതമെന്ന് തോന്നുന്നത് ചെയ്യൂ' എന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അദ്ദേഹം പുസ്തസില്‍ നിന്ന് ഉദ്ധരിച്ച് ആരോപിച്ചു.

എന്നാല്‍, പ്രസിദ്ധീകരിക്കാത്തതും ആധികാരികമല്ലാത്തതുമായ പുസ്തകം ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ശക്തമായി വാദിച്ചു. ബഹളംമൂലം സഭ പലതവണ നിര്‍ത്തിവെക്കേണ്ടി വന്നു. ഔദ്യോഗിക രഹസ്യനിയമം ലംഘിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയം പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞു വെച്ചിരിക്കുകയാണ്. എന്നാല്‍ സത്യങ്ങള്‍ പുറത്തുവരുന്നത് തടയാനാണ് സര്‍ക്കാര്‍ പുസ്തകം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.


 



ഈ ആരോപണം നടക്കുമ്പോള്‍ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും, മൂന്നുമണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ എത്തിയില്ല. ഇതോടെ അവര്‍ പേടിച്ചോടിയെന്നും ശക്തമായ വിമര്‍ശനം വന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഈ പുസ്തകത്തെ ഭയക്കുകയാണ്. തങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് ബിജെപി കെട്ടിപ്പൊക്കിയ വാദങ്ങളാണ്, മൂന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തലോടെ ആവിയാവുന്നത്.

ആരാണ് ജനറല്‍ നരവനെ?

സാധാരണ തങ്ങള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണങ്ങളെയും രാജ്യസ്നേഹത്തിന്റെപേരില്‍ പ്രതിരോധിക്കാന്‍ പറ്റുന്ന സംഘപരിവാര്‍, ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ ആരോപണങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നത് അദ്ദേഹത്തിന്റെ ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡുകള്‍കൊണ്ടാണ്. മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പരമ വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ നേടിയിട്ടള്ളയാളാണ് അദ്ദേഹം. രാജ്യദ്രോഹിയെന്നോ, ഡീപ്പ് സ്റ്റേറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നയാള്‍ എന്നോ ഒന്നും, നരവനെക്കെതിരെ ആരോപിക്കാന്‍ കഴിയില്ല.

1960 ഏപ്രില്‍ 22-ന് മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു മറാത്തി കുടുംബത്തിലാണ്, നരവനെ ജനിച്ചത്. ഒരു ആര്‍മി കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. പിതാവ് മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായിരുന്നു. മാതാവ് സുധ നരവനെ ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായിരുന്നു. പൂനെയിലെ ജ്ഞാനപ്രബോധിനി പ്രശാലയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പ്രതിരോധ പഠനത്തില്‍ മാസ്റ്റേഴ്സ് ബിരുദവും (മദ്രാസ് സര്‍വ്വകലാശാല), എം.ഫിലും (ദേവി അഹല്യ വിശ്വവിദ്യാലയം) കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ മനസ്സില്‍ ആര്‍മിയായിരുന്നുവെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. 1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടത്. പിന്നീടങ്ങോട്ട് നിരവധി ദൗത്യങ്ങളുടെ ഭാഗമായി. ശ്രീലങ്കയിലെ സമാധാന സേനയുടെ ഭാഗമായി 'ഓപ്പറേഷന്‍ പവന്‍' എന്ന ദൗത്യത്തില്‍ പങ്കെടുത്തു. മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെ ആയി സേവനമനുഷ്ഠിച്ചു. ജമ്മു കാശ്മീരില്‍ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെയും നാഗാലാന്‍ഡില്‍ അസം റൈഫിള്‍സിന്റെയും നേതൃത്വം വഹിച്ചു.വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തുടര്‍ന്നാണ്, ഇന്ത്യന്‍ കരസേനയുടെ 28-ാമത് മേധാവിയായി ജനറല്‍ മനോജ് മുകുന്ദ നരവനെ ചുമതലയേറ്റത്്. 2019 ഡിസംബര്‍ 31 മുതല്‍ 2022 ഏപ്രില്‍ 30 വരെ അദ്ദേഹം ഈ പദവി വഹിച്ചു.


 



ജനറല്‍ ബിപിന്‍ റാവത്തിന് ശേഷമാണ് അദ്ദേഹം കരസേനാ മേധാവിയായി ചുമതലയേറ്റത്. ചൈനയുമായുള്ള ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം ഉണ്ടാവുന്നത് ഈ സമയത്താണ്. കൊവിഡ്-19 കാലത്ത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തിന് ശേഷം കുറച്ചു കാലം ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ താത്കാലിക അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2022 ഏപ്രിലില്‍ വിരമിച്ച ശേഷം അദ്ദേഹം എഴുത്തുരംഗത്ത് സജീവമാണ്. ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വിവാദമായത്.

മണിക്കൂറുകള്‍ വൈകിയ തീരുമാനം

2020 ഓഗസ്റ്റ് 31-ന് കിഴക്കന്‍ ലഡാക്കിലെ റെചിന്‍ ലാ മേഖലയില്‍ ഉണ്ടായ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പുസ്തകം വിവരിക്കുന്നു. ചൈനീസ് ടാങ്കുകളും സൈനികരും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് തൊട്ടടുത്തെത്തിയതോടെ ഇരു രാജ്യങ്ങളും ഒരു യുദ്ധത്തിന്റെ വക്കിലായിരുന്നുവെന്ന് നരവനെ വിവരിക്കുന്നു. ആ നിര്‍ണ്ണായക രാത്രിയില്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവരുമായി ജനറല്‍ നരവനെ നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ച് 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 2020 ഓഗസ്റ്റ് 31-ന് രാത്രി 8:15-ഓടെ ചൈനീസ് നീക്കത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ നരവനെ അജിത് ഡോവല്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സി.ഡി.എസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് വ്യക്തമായ ഉത്തരവ് വേണമെന്നതായിരുന്നു അന്നത്തെ പ്രോട്ടോക്കോള്‍. അതിന് ഒരു രാഷ്ട്രീയ തീരുമാനം വേണം. സൈന്യത്തിന് തീരുമാനിക്കാന്‍ കഴിയില്ല.

ചൈനീസ് ടാങ്കുകള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് വെറും 500 മീറ്റര്‍ മാത്രം അടുത്തെത്തിയപ്പോഴും എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ രാഷ്ട്രീയ നിര്‍ദ്ദേശം ലഭിച്ചിരുന്നില്ല. എന്തുചെയ്യണമെന്ന് താന്‍ ഡോവല്‍ ഉള്‍പ്പെടെയുള്ള ഉന്നതരോട് ആവര്‍ത്തിച്ച് ചോദിച്ചതായി നരവനെ വെളിപ്പെടുത്തുന്നു.ആ രാത്രിയില്‍ ഉടനീളം അജിത് ഡോവല്‍, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായി നരവനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ രാത്രി 10:30-ഓടെയാണ് രാജ്‌നാഥ് സിംഗ് നരവനെയെ തിരിച്ചുവിളിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി, 'നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക' എന്നായിരുന്നുവെന്ന് നരവാനെ പറയുന്നു. ഈ നിര്‍ദ്ദേശം ഒരു യുദ്ധത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ മേല്‍ ചാരുന്നതായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. വെടിയുതിര്‍ക്കണോ എന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ലഭിക്കാന്‍ രണ്ടേകാല്‍ മണിക്കൂര്‍ വൈകിയെന്നും ഇത് സൈനിക മേധാവിയെ സംബന്ധിച്ചിടത്തോളം വലിയ സമ്മര്‍ദ്ദമുണ്ടാക്കിയെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. അതിര്‍ത്തിയില്‍ ചൈന ആയുധം പ്രയോഗിക്കാന്‍ തയ്യാറായി വന്ന ഘട്ടത്തില്‍ ഉടനടി തീരുമാനമെടുക്കാന്‍ കഴിയാതെ ദേശീയ സുരക്ഷാ സംവിധാനം കുഴങ്ങിയെന്നും വ്യക്തമാണ്.


 



പ്രതിരോധകാര്യങ്ങളിലടക്കം ഇരട്ടച്ചങ്കുള്ളവരാണ് മോദി- അമിത്ഷാ- രാജ്നാഥ്സിങ്- അജിത് ഡോവല്‍ ടീം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അത് പൊളിക്കുന്ന വെളിപ്പെടുത്തലാണ്, ജനറല്‍ നരവനെ നടത്തുന്നത്. ഇവിടെ രാജ്നാഥ് സിങ്് പ്രധാനമന്ത്രിയോട് ചോദിച്ചാണ് തീരുമാനം എടുത്തത്. അതും എത്രമാത്രം വൈകി. കൃത്യമായ ഒരു തീരുമാനം എടുക്കാതെ അത് സൈന്യത്തിന്റെ തലയില്‍ തന്ത്രപൂര്‍വം കെട്ടിവെക്കുയാണ് ഫലത്തില്‍ അവര്‍ ചെയ്തത്. ഈ നാണക്കേടുകൊണ്ടുകൂടിയാവണം ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിപറയാതെ ബിജെപി നേതാക്കള്‍ ഒച്ച ഉയര്‍ത്തി സഭയില്‍ പ്രതികരോധിക്കുന്നതും. ഇന്ത്യയുടെ രാജ്യസുരക്ഷ, കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അപകടത്തിലാണെന്നും തങ്ങള്‍ മാത്രമാണ് രക്ഷകര്‍ എന്നുമെന്നുമുള്ള ബിജെപിയുടെ വാദത്തിന്‍മേലാണ് ചോദ്യമുയരുന്നത്.

എന്നിട്ടും പ്രതിരോധിച്ച് ഇന്ത്യന്‍ ആര്‍മി

ഇന്ത്യയെ സംബന്ധിച്ച് എന്നും തലവേദനമാണ് ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍. 1962-ലെ യുദ്ധത്തിലുണ്ടായ തോല്‍വി ഇന്നും രാജ്യത്തിന് കളങ്കമായി നില്‍ക്കുന്നു. 1962 ഒക്ടോബര്‍ 20-ന് ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഒരേസമയം ചൈനീസ് സൈന്യം ആക്രമണം ആരംഭിച്ചത് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനെ ഞെട്ടിച്ചിരുന്നു. 'ഇന്ത്യാ- ചൈന ഭായിഭായീ' എന്ന മുദ്രാവാക്യം നിലനില്‍ക്കുന്ന ഒരുകാലത്ത് ഇതുപോലെ ഒരു ചതി അദ്ദേഹം പ്രതീക്ഷിച്ചില്ല. അക്സായി ചിന്‍ മേഖലയിലൂടെ ചൈന റോഡ് നിര്‍മ്മിച്ചതും, ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 14,000 അടിയിലധികം ഉയരമുള്ള ദുര്‍ഘടമായ പര്‍വതനിരകളിലായിരുന്നു യുദ്ധം നടന്നത്. കഠിനമായ തണുപ്പും മതിയായ യുദ്ധസാമഗ്രികളുടെ കുറവും ഇന്ത്യന്‍ സൈന്യത്തിന് വലിയ തിരിച്ചടിയായി. ഈ യുദ്ധത്തില്‍ 1,383 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും 3,968 പേര്‍ തടവുകാരാക്കപ്പെടുകയും ചെയ്തു. ചൈനയുടെ ഭാഗത്ത് 722 സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 1962 നവംബര്‍ 21-ന് ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കയായിരുന്നു. യുദ്ധത്തിന് ശേഷം അക്സായി ചിന്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലായി.

പക്ഷേ ഇന്ത്യയുടെ പ്രതിരോധ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനും സൈന്യത്തെ ആധുനികീകരിക്കുന്നതിനും ഈ പരാജയം കാരണമായി. ഇന്ന് പഴയ ഇന്ത്യയല്ല. ന്യൂക്ലിയര്‍ ഇന്ത്യയാണ്. ചൈനയോട് കിടപിടിക്കുന്ന ആയുധ സമ്പത്ത് ഇന്ത്യക്കുമുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് കൃത്യമായി തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. എന്നിട്ടും ഇന്ത്യന്‍ ആര്‍മി വീരോചിതമായി ചെറുത്തുനിന്ന് ഒരു യുദ്ധം ഒഴിവാക്കിയതിന്റെ കഥയാണ്, ജനറല്‍ മനോജ് മുകുന്ദ് നരവനെ പറയുന്നത്.

'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയിലെ വിവരണമനുസരിച്ച്, റെചിന്‍ ലാ മേഖലയില്‍, 2020 ഓഗസ്റ്റ് 31-ന് ആ നിര്‍ണ്ണായക രാത്രിയിലെ സംഭവങ്ങള്‍ അവസാനിച്ചത് സൈന്യത്തിന്റെ ഇടപെടലോടെയാണ്. പ്രതിരോധ മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതോടെ, നരവനെ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ ഉത്തരവിട്ടു. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ടാങ്കുകളുടെ പീരങ്കികള്‍ നേരിട്ട് ചൈനീസ് ടാങ്കുകള്‍ക്ക് നേരെ തിരിച്ചു. ഇരുവശത്തെയും ടാങ്കുകള്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ആരും വെടിയുതിര്‍ത്തില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ ശക്തമായ നിലപാട് കണ്ടപ്പോള്‍ ചൈനീസ് ടാങ്കുകള്‍ അവരുടെ മുന്നേറ്റം നിര്‍ത്തി. ഒരു ഘട്ടത്തില്‍ ചൈനീസ് സൈന്യം ആദ്യം 'കണ്ണുചിമ്മി' (ബ്ലിങ്ക്ഡ്് ഫസ്റ്റ്) എന്നും അതോടെ യുദ്ധസാഹചര്യം ഒഴിവായെന്നും നരവാനെ പുസ്തകത്തില്‍ വിവരിക്കുന്നു.


 



ഈ സംഭവത്തിന് ശേഷം പിറ്റേന്നുതന്നെ ഇരു സൈന്യങ്ങളിലെയും പ്രാദേശിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി നടന്ന നയതന്ത്ര-സൈനിക ചര്‍ച്ചകളിലേക്ക് നയിച്ചു. ചുരുക്കത്തില്‍, രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിക്കാത്ത സാഹചര്യത്തിലും സൈനികമായ കരുത്ത് കാണിച്ച് ചൈനയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് നരവാനെ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നത്.

തിരിച്ചടിയും മികച്ച പ്രതിരോധം

നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോഴും ചൈനയുടെ ചതിയെക്കുറിച്ചും അവര്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും പുസ്തകം പറയുന്നതായി അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം പരിഹരിക്കാന്‍ നടന്ന ചര്‍ച്ചകളില്‍ ചൈനീസ് ജനറല്‍മാരുടെ പിടിവാശിയെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തെക്കുറിച്ചും നരവനെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 2020-ലെ ലഡാക്ക് അതിക്രമങ്ങള്‍ കേവലം പ്രാദേശിക കമാന്‍ഡര്‍മാരുടെ പിഴവല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചൈനയുടെ രാഷ്ട്രീയ നേതൃത്വമോ, അല്ലെങ്കില്‍ അവരുടെ പടിഞ്ഞാറന്‍ കമാന്‍ഡോ അറിയാതെ ഇത്രയും വലിയൊരു നീക്കം നടക്കില്ലെന്ന് അദ്ദേഹം എഴുതുന്നു.

ഇന്ത്യയുമായി ഒത്തുതീര്‍പ്പിന് വരുന്നതിനേക്കാള്‍, തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കാനും ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കാനുമാണ് ചൈനീസ് കമാന്‍ഡര്‍മാര്‍ ശ്രമിച്ചത്. റെചിന്‍ ലാ മേഖലയില്‍ ചൈനീസ് ടാങ്കുകള്‍ മുന്നോട്ട് വന്നത് ഇന്ത്യയെ ഭയപ്പെടുത്താനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മീഡിയം ടാങ്കുകള്‍ പീരങ്കികള്‍ താഴ്ത്തി അവരെ നേരിടാന്‍ തയ്യാറായപ്പോള്‍ ചൈനയുടെ ഭീഷണി വിലപ്പോയില്ല. ഇന്ത്യന്‍ സൈന്യം ഒട്ടും പിന്നോട്ടില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് ചൈനീസ് ജനറല്‍മാര്‍ തങ്ങളുടെ നീക്കം നിര്‍ത്തിയത് (ഇതിനെയാണ് അദ്ദേഹം 'ചൈന ആദ്യം കണ്ണുചിമ്മി' എന്ന് വിശേഷിപ്പിച്ചത്).

ചൈനയോട് മാന്യമായും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പെരുമാറിയാല്‍ അവര്‍ അത് തിരിച്ചും ചെയ്യുമെന്ന് ഇന്ത്യ ദീര്‍ഘകാലം വിശ്വസിച്ചിരുന്നു. എന്നാല്‍ 2020-ലെ സംഭവങ്ങള്‍ ആ വിശ്വാസം തെറ്റാണെന്ന് തെളിയിച്ചുവെന്നും ചൈനയെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവായി കാണാന്‍ ഈ സംഭവങ്ങള്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. ചൈനീസ് സൈനിക നീക്കങ്ങള്‍ വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും, ശക്തമായ പ്രതിരോധം കാട്ടിയാല്‍ മാത്രമേ അവര്‍ പിന്‍വാങ്ങുകയുള്ളൂ എന്നും നരവനെ തന്റെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു.

തിരിച്ചടി തന്നെയാണ് മികച്ച പ്രതിരോധമെന്നും, ജനറല്‍ നരവനെ എഴുതുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും തന്ത്രപ്രധാനമായ നീക്കമായിരുന്നു 'ഓപ്പറേഷന്‍ സ്നോ ലെപ്പാര്‍ഡ്'. 2020 ഓഗസ്റ്റ് 29-30 രാത്രിയില്‍, ചൈനീസ് സൈന്യം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഇന്ത്യന്‍ സൈന്യം പാങ്കോങ് തടാകത്തിന്റെ തെക്കന്‍ കരയിലുള്ള മഗര്‍ ഹില്‍, ഗുരുങ് ഹില്‍ , റെചിന്‍ ലാ, റെസാങ് ലാ എന്നീ കുന്നുകള്‍ പിടിച്ചെടുത്തു. ടിബറ്റന്‍ വംശജരായ സൈനികര്‍ ഉള്‍പ്പെട്ട സേന ഉയരത്തിലുള്ള മലനിരകളില്‍ അതിവേഗം നീങ്ങി ചൈനയെ ഞെട്ടിച്ചു. ഈ കുന്നുകള്‍ പിടിച്ചെടുത്തതോടെ ചൈനയുടെ 'മോള്‍ഡോ ഗാരിസണ്‍' എന്ന സൈനിക താവളം നേരിട്ട് ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണ പരിധിയിലായി. അതായത്, മുകളില്‍ നിന്ന് ചൈനീസ് ടാങ്കുകളെയും സൈനിക നീക്കങ്ങളെയും ലക്ഷ്യം വെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അതുവരെ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റങ്ങളെക്കാള്‍ വലിയ ആഘാതം ഈ നീക്കം അവര്‍ക്ക് നല്‍കി. ചര്‍ച്ചകളില്‍ ചൈനയെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കാന്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും വലിയ 'തുറുപ്പുചീട്ട്' ഈ കുന്നുകളുടെ നിയന്ത്രണമായിരുന്നു.


 



ഏകദേശം 16,000 മുതല്‍ 18,000 അടി വരെ ഉയരമുള്ള, ഓക്സിജന്‍ കുറഞ്ഞ കൊടുംതണുപ്പുള്ള മലനിരകളിലായിരുന്നു ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചത്.ഈ സൈനിക നീക്കമാണ് പിന്നീട് ചൈനയെ പല മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ചര്‍ച്ചകള്‍ മാത്രമല്ല. സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിലെ ഒരു കമ്പനി ലീഡറായിരുന്നു സുബേദാര്‍ നൈമ ടെന്‍സിന്‍ അടക്കമുള്ളവരുടെ ജീവന്‍ ബലികൊടുത്താണ് ഇന്ത്യന്‍ സമാധാനം കൊണ്ടുവന്നത്.

അഗ്നിപഥ് പദ്ധതിയിലും ഭിന്നത

ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്ന, അഗ്നിപഥ് പദ്ധതി താനും മൂന്‍ കരസേനാ മേധാവി വിപിന്‍ റാവത്തും ഉദ്ദേശിച്ച രീതിയില്ല നടപ്പാവുന്നത് എന്നും അദ്ദേഹം തുറന്നടിക്കുന്നു. സൈന്യം നിര്‍ദേശിച്ച 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്ന ആശയത്തില്‍ നിന്നും വിഭിന്നമായ രൂപത്തിലാണ് സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയതെന്നും, ഇത് കരസേനയ്ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ജനറല്‍ മനോജ് മുകുന്ദ നരവാനെ 2020-ല്‍ മുന്നോട്ടുവെച്ച സൈനിക റിക്രൂട്ട്‌മെന്റ് ആശയമാണ് 'ടൂര്‍ ഓഫ് ഡ്യൂട്ടി'. ഇത് പിന്നീട് നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയുടെ അടിസ്ഥാന രൂപമായി കരുതപ്പെടുന്നുവെങ്കിലും, ഇവ രണ്ടും തമ്മില്‍ നിര്‍ണ്ണായക വ്യത്യാസങ്ങളുണ്ട്. യുവാക്കള്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ,ഉദാഹരണത്തിന് 3 വര്‍ഷം, സന്നദ്ധസേവനം നടത്താന്‍ അവസരം നല്‍കുക എന്നതായിരുന്നു ടൂര്‍ ഓഫ് ഡ്യൂട്ടി ആശയത്തിന്റെ ലക്ഷ്യം. സ്ഥിരമായി സൈന്യത്തില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും സൈനിക ജീവിതം അനുഭവിച്ചറിയാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. ഏകദേശം ആറ് മുതല്‍ ഒമ്പത് മാസം വരെ നീളുന്ന ചുരുങ്ങിയ കാലത്തെ പരിശീലനമാണ് വിഭാവനം ചെയ്തിരുന്നത്.

സൈനിക സേവനത്തിന് ശേഷം തിരികെ വരുന്ന യുവാക്കളിലെ അച്ചടക്കവും ആത്മവിശ്വാസവും സിവില്‍ മേഖലയിലെ ജോലികള്‍ക്കും ഗുണകരമാകുമെന്ന് നരവനെ വിശ്വസിച്ചിരുന്നു. പെന്‍ഷന്‍ ഇനത്തിലുള്ള വലിയ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ആ പണം സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനായി ഉപയോഗിക്കാനും ഈ പദ്ധതി ലക്ഷ്യമിട്ടു.

എന്നാല്‍ അഗ്നിപഥ് അങ്ങനെയല്ല നടപ്പായത്. നരവനെയുടെ ആത്മകഥയില്‍ പറയുന്നതനുസരിച്ച്, അദ്ദേഹം നിര്‍ദ്ദേശിച്ച പദ്ധതിയില്‍ 75% പേരെ സൈന്യത്തില്‍ നിലനിര്‍ത്താനും ബാക്കി 25% പേരെ മാത്രം ഒഴിവാക്കാനുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയില്‍ ഇത് നേരെ തിരിച്ചാണ്. 25% പേരെ മാത്രം നിലനിര്‍ത്തുന്നു. 75% പേരെ സൈന്യത്തില്‍ നിലനിര്‍ത്തണമെന്നായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെയും നിലപാട്. എന്നാല്‍ പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 25% പേരെ മാത്രം നിലനിര്‍ത്തുന്ന രീതിയില്‍ സര്‍ക്കാര്‍ ഇത് നടപ്പിലാക്കി. ഇത് കരസേനയ്ക്ക് മാത്രമായുള്ള ഒരു പരീക്ഷണ പദ്ധതിയായിട്ടാണ് നരവനെ കണ്ടിരുന്നതെങ്കിലും സര്‍ക്കാര്‍ ഇത് മൂന്ന് സേനകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

തുടക്കത്തില്‍ നിശ്ചയിച്ചിരുന്ന 20,000 എന്ന ശമ്പളം ഒരു സൈനികന് ഒട്ടും സ്വീകാര്യമല്ലെന്ന് നരവാനെ വാദിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറാകുന്ന ഒരാളെ ദിവസവേതനക്കാരനോട് താരതമ്യം ചെയ്യരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സൈന്യത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇത് പിന്നീട് 30,000 ആക്കി ഉയര്‍ത്തിയത്. പക്ഷേ ഇപ്പോഴും അഗ്നിവീറുകളുടെ പ്രശ്നം പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ല.


 



നാല് വര്‍ഷത്തെ സൈനിക പരിശീലനത്തിന് ശേഷം തൊഴിലില്ലാതെ പുറത്തിറങ്ങുന്ന യുവാക്കള്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചൊക്കെ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കയാണ്. കേന്ദ്രത്തിന് ഈ പ്രശ്നങ്ങള്‍ ഒന്നും ആത്മാര്‍ത്ഥമായി പരിഹരിക്കാന്‍ ആഗ്രഹമില്ല എന്നാണ്, മുന്‍ സൈനിക മേധാവി നേരിട്ട് പറയാതെ പറയുന്നത്.

വാല്‍ക്കഷ്ണം: മോദിക്കുമുമ്പ് ഇന്ത്യയില്‍ യാതൊന്നുമില്ലായിരുന്നുവെന്ന് നരേറ്റീവുകള്‍ ചമക്കുന്നതിലും കഥയില്ല. 71-ലെ ബംഗ്ലാദേശ് യുദ്ധം ഇന്ദിരാഗാന്ധിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തിനൊടുവില്‍ 93,000 പാകിസ്താന്‍ സൈനികരാണ് ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ നിരുപാധികം കീഴടങ്ങിയത്! സൈന്യം എത്ര ശക്തമായിരുന്നിട്ടും കാര്യമില്ല, രാഷ്ട്രീയ നേതൃത്വം കൂടി ശക്തമാവണം.

Tags:    

Similar News