എവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്‍; ബിഎല്‍എയുടെ മുന്നേറ്റത്തില്‍ ബീജിങ്ങിനും ഞെട്ടല്‍; പാക്കിസ്ഥാനില്‍ ചൈന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്‍ഷത്തില്‍ ചൈനക്കും ചങ്കിടിക്കുമ്പോള്‍!
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ കൊല്ലപ്പെടുന്ന സ്ഥലം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, പാക്കിസ്ഥാന്‍. എവിടെവെച്ച് കണ്ടാലും ചൈനക്കാരനെ തീര്‍ക്കുക എന്നതാണ് ബലൂച് പ്രക്ഷോഭകാരികളുടെയൊക്കെ 'കര്‍മ്മപരിപാടി'യാണ്. അവര്‍ അത് പരസ്യമായും പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 14 വ്യത്യസ്ത സംഭവങ്ങളിലായി അമ്പതോളം ചൈനീസ് പൗരന്മാര്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരു വിദേശ രാജ്യത്ത്് ഏറ്റവും കൂടുതല്‍ ചൈനീസ് മരണങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. ഇതിനു വിപരീതമായി, ഇന്ത്യയില്‍ ഒരു ചൈനാക്കാരനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. പാക്കിസ്ഥാനില്‍ താമസിക്കുന്ന മിക്ക ചൈനക്കാരും സുരക്ഷയ്ക്കായി കവചിത വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. പക്ഷേ ഇന്ത്യയില്‍ ആവസ്ഥയില്ല. എന്നിട്ടും, എല്ലാ യുക്തികളെയും മറികടന്ന്, ചൈന പാകിസ്ഥാനെ പിന്തുണക്കുന്നു!
എന്താണിതിന്റെ കാരണം എന്ന് ചോദിച്ചാല്‍ അത് കൃത്യമായ സാമ്പത്തിക താല്‍പ്പര്യം എന്നേ പറയാന്‍ കഴിയൂ. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് കാണുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ആശങ്കയുള്ളൊരു രാജ്യം ചൈനയാകും. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം വഷളാകുന്നതിലെ വിഷമമല്ല ചൈനയുടെ സ്വസ്ഥത കെടുത്തുന്നത്. മറിച്ച്, പാക്കിസ്ഥാന്റെ മണ്ണില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ശതകോടികള്‍ ഒലിച്ചുപോവുമോ എന്ന ഭയമാണ്!
ബലൂചികള്‍ ക്വറ്റ പിടിക്കുമ്പോള്‍
പുറമേ നിന്ന് നോക്കുന്നതുപോലെ, ഇപ്പോള്‍ അതിശക്തമൊന്നുമല്ല ചൈനയുടെ സമ്പദ് വ്യവസ്ഥ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ പുറമേ പരിക്കില്ലെന്ന് പറയുമ്പോഴും ചൈനയ്ക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ചൈനയിലെ ഫാക്ടറികളില്‍ പണിമുടക്കും തൊഴില്‍ നഷ്ടവും വര്‍ധിച്ചു. കയറ്റുമതി ഇടിഞ്ഞതോടെ സമ്പദ് വ്യവസ്ഥക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ ആക്രമണത്തോട് പരസ്യമായി വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ബീജിംഗ് മാറിനിന്നതിന് കാരണം മറ്റൊന്നുമല്ല. പരസ്യമായി പാക് അനുകൂല നിലപാട് എടുത്താല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏതു നിലപാടെടുക്കുമെന്ന ആശയക്കുഴപ്പവും, ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിലക്കുമെന്നതും ബീജിംഗിനെ പിന്നോട്ടടിക്കുന്നു. ഒപ്പം നില്‍ക്കുമെന്ന്, പാക്കിസ്ഥാന്‍ ഉറച്ച് വിശ്വസിച്ചിരുന്ന പങ്കാളിയായിരുന്നു ചൈന. അവരുടെ ഈ മൃദുനിലപാട് ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.
പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനക്കുള്ളത്. തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഇന്ത്യ്‌ക്കെതിരേ ഒരു പങ്കാളിയെയും ചൈന പാക്കിസ്ഥാനില്‍ കാണുന്നു. ഇപ്പോള്‍ ചൈനയുടെ ഏറാന്‍ മൂളികളായ ഒരു ഭരണകൂടം തന്നെയാണ് പാക്കിസ്ഥാനിലുള്ളത്. പക്ഷേ ബലൂചിസ്ഥാന്‍ എന്ന പാക്കിസ്ഥാന്റെ 40 ശതമാനം ഭൂമി വരുന്ന പ്രവിശ്യയില്‍, പാക് പട്ടാളത്തെ പിന്‍തള്ളി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ കൊടി ഉയര്‍ന്നുവെന്നത് ഞെട്ടലോടെയാണ്, ചൈനയും കാണുന്നത്.
പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈന്ക്ക് വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ല. എന്നാല്‍ സൈന്യത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാല്‍ പ്രത്യക്ഷ പ്രതിഷേധമില്ലെന്ന് മാത്രം. എന്നാല്‍ സ്വതന്ത്രരാജ്യമാകാന്‍ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാനില്‍ അങ്ങനെയല്ല. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ചൈനീസ് എന്‍ജിനിയര്‍മാരെയും പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഈ മേഖലയിലെ അളവില്ലാത്ത ധാതുവിഭവങ്ങളിലും ചൈനയ്‌ക്കൊരു കണ്ണുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ പോലെ ചൈനയെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ ബലൂചികള്‍ ഒരു സ്വതന്ത്രരാജ്യമായി മാറുകയാണെങ്കില്‍ ചൈനക്കും കോടികളുടെ നഷ്ടമാണ് ഉണ്ടാവുക. അതുതന്നെയാണ് പാക്കിസ്ഥാന്റെ പ്രതീക്ഷയും. അവസാന നിമിഷം ബലൂചികളെ തുരത്താന്‍ ചൈനയുണ്ടാവുമെന്ന് അവര്‍ കണക്കൂകൂട്ടുന്നു.
ചൈനക്കാര്‍ ഇവിടെ ചതുര്‍ത്ഥി
ബലൂചികള്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്തവരാണ് ചൈനക്കാര്‍. പാലങ്ങളും തുറമുഖങ്ങളും പാക്കിസ്ഥാന്‍, ചൈനക്ക് തീറെഴുതുകയാണെന്നാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആരോപിക്കുന്നത്. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കടക്കെണിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല.
രാജ്യത്തെ ചൈനക്ക് വില്‍ക്കുന്നു, ഒരു സാമന്ത രാജ്യമാക്കി മാറ്റുന്നു, പാക്കിസ്ഥാന്റെ അത്മാഭിമാനം പണയും വെക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഉന്നിയിക്കുന്നത്. മാത്രമല്ല 770 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. ചൈനയുടെ ഇടപെടല്‍ മൂലം ഇവിടെ തദ്ദേശീയര്‍ക്ക് മീന്‍ പിടിക്കാന്‍പോലും ആവുന്നില്ല. ചൈനയുടെ വന്‍കിട ട്രോളറുകള്‍ പിടിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. അതുപോലെ തുറമുഖ നവീകരണത്തില്‍ ഒന്നും തദ്ദേശീയര്‍ക്ക് ജോലി കൊടുത്തിരുന്നില്ല. എല്ലാം ചൈനക്കാര്‍ തന്നെ ആയിരുന്നു.
പാക്കിസ്ഥാനിലെഏറ്റവും വലുതും, വിഭവ സമൃദ്ധമായ പ്രവിശ്യയുമാണിത്. പാക്കിസ്ഥാനിലെ 'സ്ഥാന്‍' വിഭാവനം ചെയ്യുന്നതും ഇവരെ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാന്‍ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 44 ശതമാനം. അതേ സമയം, രാജസ്ഥാന്‍ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. പക്ഷേ ബലൂചിസ്ഥാനില്‍ ജനസംഖ്യ കുറവാണ്. 22 കോടിവരുന്ന രാജ്യ ജനസംഖ്യയില്‍ വെറും ഒരു കോടി 20 ലക്ഷം മാത്രമാണ് ബലൂചികള്‍. അതുകൊണ്ടുതന്നെ വെറും 6 സീറ്റുകളാണ് പാക് പാര്‍ലിമെന്റിലേക്ക് ഇവിടെനിന്നുള്ളത്.
ഒരു സന്നി ഭൂരുപക്ഷ മേഖലയിയാണിത്. മലനിരകളും ഊഷരഭൂമിയുമാണ് ഏറെയും. പക്ഷേ കോപ്പര്‍, ഗോള്‍ഡ്, മിനറല്‍സ് നാച്ച്വറല്‍ ഗ്യാസ് എന്നിവകൊണ്ട് സമ്പുഷ്ടമായ മേഖലയുമാണ്. ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാന്‍. മിഡില്‍ ഈസ്റ്റ്, സൗത്ത്വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോര്‍മൂസ് ഉള്‍ക്കടല്‍ കിടക്കുന്ന ഇവിടെയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. അങ്ങനെ അതീവ തന്ത്ര പ്രധാനമായ മേഖലയാണ് ഇവിടം.
60 ബില്യന്‍ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി വരുന്നത് ഇവിടെയാണ്. എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി ഇത് മാറി. അങ്ങനെ പാക്കിസ്ഥാന്റെ അവഗണ പറഞ്ഞാണ് ബലൂചികള്‍ ആയുധമെടുത്ത്. അവര്‍ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബലൂചികള്‍ പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനാവട്ടെ ഇവര്‍ക്ക് പിന്നില്‍ ഇന്ത്യയാണ് എന്നാണ് ആരോപിക്കുന്നത്.
ഖ്വാദിര്‍ തുറമുഖം ചൈനക്ക്
വികസനത്തിന്റെ മറവില്‍ തങ്ങളെ ചൈന കൊള്ളയടിക്കുകയാണെന്ന് പറയുന്ന ബലൂചികള്‍ അതിന് ഉദാഹരണമായി കാണിക്കുന്നത്, ഒമാന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ഖ്വാദിര്‍ തുറമുഖത്തെയാണ്. ഇത് പാക്കിസ്ഥാന്‍ ചൈനക്ക് 40 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവര്‍ത്തിച്ചത്. കടം തിരിച്ചുകൊടുക്കാന്‍ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോര്‍ട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയര്‍ പ്രതിസന്ധിയിലായി. ഇതിനെതിരെ നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു.
ചരിത്രം ഏറെ പറയാനുള്ള തന്ത്ര പ്രധാനമായ തുറമുഖമാണ് ഖ്വാദിര്‍. ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ ഇവിടം 1950 കളില്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അന്ന് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന ഇവിടം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ ഒമാന്‍ ശ്രമിച്ചിരുന്നു. അന്ന് ഒമാന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ വാഗ്ദാനം നിരസിച്ചു, 1958-ല്‍ പാകിസ്ഥാന്‍ മൂന്ന് ദശലക്ഷം പൗണ്ടിന് അത് വാങ്ങി. അതോടെ ഇതന്ത്രപ്രധാനമായ ഒരു പ്രദേശം ഇന്ത്യക്ക് നഷ്ടമായി.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ നടത്തിയ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചത്, കച്ചത്തീവ് ശ്രീലങ്കക്ക് കൊടുത്തത് (1974) തുടങ്ങിയ കാര്യങ്ങള്‍പോലുള്ള ഇന്ത്യയുടെ ഒരു അബദ്ധമായി തന്നെയാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഈ യുദ്ധസാഹചര്യത്തില്‍ അതുപോലെ ഒരു തുറമുഖം കൈയിലുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യക്ക് ഉണ്ടാക്കുന്ന നേട്ടം ചെറുതാവുമായിരുന്നില്ല.
വളരെക്കാലമായി ആഗോള ശക്തികളുടെ താല്‍പ്പര്യം ഈ പ്രദേശത്തുണ്ട്. ഇവിടം ഒരു ആഴക്കടല്‍ തുറമുഖമായി വികസിപ്പിക്കുന്നതിനായി പാകിസ്ഥാന്‍ വളരെ മുമ്പ് സര്‍വേ നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായത് 2008 -ല്‍ മാത്രമാണ്. ചൈനീസ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) യുടെ ഫലമായിരുന്നു ഇവിടം തുറമുഖമായി വികസിച്ചത്. ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെ 80% വും മലാക്ക കടലിടുക്കിലൂടെയാണ് കടന്നുപോയിരുന്നത്. ഇത് ഇപ്പോള്‍ ഖ്വാദിറിലൂടെയാണ് പോവുന്നത്. അതുവഴി ചൈനക്ക് വന്‍ ലാഭവമുണ്ട്. പക്ഷേ എന്നിട്ടും കടത്തിന്റെ പേരില്‍ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കയാണ് ചൈന.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015-ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഇതുപ്രകാരം ഖ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്‍കുന്നു. ദക്ഷിണേഷ്യന്‍ വ്യാപാരം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഈ പദ്ധതി കൊണ്ട് ചൈന ലക്ഷ്യംവച്ചത് ഇന്ത്യയെയാണ്. ഇന്ത്യയെ ഒറ്റപ്പെടുത്താനും അയല്‍രാജ്യങ്ങളെ ഒപ്പംനിര്‍ത്താനുമായിരുന്നു പദ്ധതി. ഈ പദ്ധതി. പക്ഷേ ചൈന വിചാരിച്ച പോലുള്ള വേഗം ഉണ്ടായില്ല. പാക് ഭാഗത്ത് വര്‍ധിച്ചുവന്ന പ്രതിഷേധങ്ങളും തീവ്രവാദി അക്രമങ്ങളുമായിരുന്നു കാരണം.
സിന്ധിലും ഇതേ പ്രശ്‌നം ഉണ്ട്. ഇപ്പോള്‍ കറാച്ചിയിലെ രണ്ട് ദ്വീപികള്‍ ചൈനക്ക് വിട്ടുകൊടുക്കാന്‍ പോകയാണ്. അതിനെതിരെയും പ്രദേശവാസികള്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതായത് പാക്കിസ്ഥാനില്‍ മൊത്തമായി ഒരു ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിഎല്‍എ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് സാമ്പത്തികമായും മറ്റും നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അതൊക്കെ അവഗണിച്ചു. അതോടെയാണ് മേഖലയില്‍ ചൈന വിരുദ്ധ വികാരം കരുത്താര്‍ജിച്ചത്.
ചൈനാക്കാരെ കൊന്നു തള്ളുന്നു
തഞ്ചത്തിന് കിട്ടിയാല്‍ എവിടെവെച്ചായാലും ചൈനക്കാരെ കൊന്നുതള്ളുക എന്നാണ് ബലൂച് തീവ്രാവാദികളുടെ രീതി. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 70 ഓളം ചൈനക്കാര്‍ ഇവിടെ കാലപുരി പൂകി. ആക്രമണം ഭയന്ന് കനത്ത സെക്യൂരിറ്റിയിലാണ് ഇവിടെ ചൈനക്കാര്‍ ജീവിക്കുന്നതും. 2018-ല്‍ ചൈനാക്കാരെ ലക്ഷ്യമിട്ട് ഒരു പയ്യന്‍ പൊട്ടിത്തെറിച്ചിരുന്നു. രണ്ടുവര്‍ഷംമുമ്പ്, കറാച്ചി സര്‍വകലാശാലയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി കൊലപ്പെടുത്തിയതോടെയാണ് ബലൂചികളുടെ പ്രക്ഷോഭം വീണ്ടും സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചാവേറായ സ്ത്രീയെക്കുറിച്ച് പുറത്തുവരുന്നത് വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയ, അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയാണ് കറാച്ചിയില്‍ സ്വയം പൊട്ടിത്തറിച്ചത്. ബലൂചിസ്ഥാനിലെ ടര്‍ബാത് മേഖലയിലുള്ള നിസാര്‍ അബാദ് സ്വദേശി ഷാരി ബലോച് ആയിരുന്നു ആ ചാവേര്‍. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്നാണ് ഷാരിയുടെ ഭര്‍ത്താവ് ഹബിതാന്‍ ബഷിര്‍ ബലോച് പ്രതികരിച്ചത്. ബഷിര്‍ ബലോച് ദന്തഡോക്ടറാണെന്നും ഇവര്‍ക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു മക്കളാണുള്ളതെന്നും രഹസ്യ സങ്കേതത്തിലുള്ള ഭര്‍ത്താവിനെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകനായ ബഷിര്‍ അഹമ്മദ് ഗ്വാഖ് പറഞ്ഞു. എംഎസ്സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഷാരിയെന്ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രസ്താവനയില്‍ അറിയിച്ചു.
ബിഎല്‍എയുടെ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന പറയുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഷാരി ഈ ചാവേര്‍ സ്‌ക്വാഡില്‍ അംഗത്വമെടുത്തത്. രണ്ട് കുട്ടികള്‍ ഉള്ള സാഹചര്യത്തില്‍ സ്‌കാഡില്‍നിന്നു പിന്മാറാന്‍ ഷാരിക്ക് അവസരം നല്‍കിയെങ്കിലും അവര്‍ അതിനു തയാറായില്ലെന്ന് സംഘടന പറയുന്നു. ബലൂചിസ്ഥാനിലെയും പാക്കിസ്ഥാനിലെ മറ്റു സ്ഥലങ്ങളിലേയും ചൈനീസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ബിഎല്‍എ പറയുന്നത്.
വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ ഷാരി 'ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷ'ന്റെ ഭാഗമായിരുന്നെന്നും ബലൂചി വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു. മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികള്‍ അനുസരിച്ച് തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ഷാരിക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ അവര്‍ 'സേവനമനുഷ്ഠിച്ചു'. പിന്നീടാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിനുശേഷം ഇക്കാര്യം നടപ്പാക്കാനായി ശ്രമിക്കുകയായിരുന്നു അവരെന്ന് സംഘടന പറയുന്നു.
ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും, ചില ചൈനീസ് പദ്ധതികള്‍ക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് ചുരുക്കിപ്പറഞ്ഞാല്‍, നമ്മള്‍ പഴയ തമിഴ് സിനിമകളിലൊക്കെ കണ്ടിട്ടുള്ള അതേ പാറ്റേണ്‍. അപ്പനെയും സഹോദരങ്ങളെയും ഭൂമി തട്ടിയെടുത്ത് വെട്ടിക്കൊന്ന ജന്‍മിയോട് രജിനീകാന്തിന്റെ മകന്‍ പ്രതികാരം ചെയ്യുന്നപോലെ!
കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്തിന്?
ഇനി ഷാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരാണെന്ന് നോക്കാം. കറാച്ചി സര്‍വകാലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെന്‍സാ എന്നിവരും പാക്കിസ്ഥാന്‍കാരനായ വാന്‍ ഡ്രൈവറുമാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസ്റ്റ് ഹൗസില്‍നിന്ന് അധ്യാപകരെ കൊണ്ടുവന്ന വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തില്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ കണ്ട് ലോകം നടുങ്ങിയിരുന്നു.
അപ്പോഴാണ് പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. എന്തിനാണ് ചൈന, പാക്കിസ്ഥാനില്‍ പലയിടത്തുമായി കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇത് അവരുടെ പിആര്‍ വര്‍ക്കിനായി സ്ഥാപിക്കപ്പെട്ട ഒന്നാണ് എന്നാണ് വിമര്‍ശനം. ഇവിടെനിന്ന് ചാരപ്പണി വരെ നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. നേരത്തെ മാവോയുടെ കാലത്ത് ചൈന ഓടിച്ചതാണ് കണ്‍ഫ്യൂഷസിന്റെ ചിന്തകളെ. ഇപ്പോള്‍ അത് പൊടി തട്ടി ചൈന മാര്‍ക്കറ്റ് ചെയ്യുകയാണ്.
തങ്ങളുടെ മൂന്ന് പൗരന്‍മ്മാര്‍ കൊല്ലപ്പെട്ടതോടെ ബലൂചികള്‍ക്കെതിരെ കൊലവിളിയുമായാണ് ചൈന രംഗത്ത് എത്തിയത്. 'പാക്കിസ്ഥാനില്‍ തൊഴിലെടുക്കുന്ന ചൈനീസ് പൗരന്മാര്‍ക്കുള്ള സുരക്ഷ ആ രാജ്യം വര്‍ധിപ്പിക്കണം. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ചൈനക്കാരുടെ രക്തം ചിന്തിയതു പാഴാകാന്‍ സമ്മതിക്കില്ല. ഈ ആക്രമണത്തിനു പിന്നില്‍ ആരാണെങ്കിലും അവരതിനു വലിയ വില കൊടുക്കേണ്ടി വരും' -ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. പക്ഷേ പിന്നോട്ടില്ല എന്ന നിലപാടിലാണ് ബലൂലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എടുത്തത്-'' ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്ഥാനില്‍ അനുവദിക്കാന്‍ പറ്റില്ല എന്നതാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടതു വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്'' - ബിഎല്‍എ വക്താവ് ജീയാന്ത് ബലോച് പറഞ്ഞു.
ചൈനീസ് പൗരന്‍മ്മാര്‍ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനും ഹാലിളകിയിരുന്നു. ബലൂചികള്‍ക്കെതിരെ അവര്‍ കടുത്ത നടപടിയെടുത്തു. പക്ഷേ ഒന്നും ഏശിയില്ല. ഈയിടെ അവര്‍ ഒരു ട്രയിന്‍ വരെ റാഞ്ചി. ഇപ്പോള്‍ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയുടെ അധികാരം തന്നെ ബലൂച് ആര്‍മി പിടിച്ചെടുത്തുവെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍പിന്നെ ചൈനയക്ക് ചങ്കിടിക്കുന്നതില്‍ അത്ഭുതമില്ല.
ഇപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും സമാധാനം പാലിക്കണമെന്നാണ് ചൈന പറയുന്നത്. തങ്ങളുടെ രാജ്യത്തിലെ ഉയിഗൂരികള്‍ എന്ന മുസ്ലീങ്ങളെ ക്രുരമായി പീഡിപ്പിക്കുന്ന ചൈനയാണ് ഒരു ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നത് എന്നോര്‍ക്കണം. അഫ്ഗാനിസ്ഥാനിലെ അല്‍-ഖ്വയ്ദ/ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലെ ഉയ്ഗൂര്‍ സാന്നിധ്യം തടയാന്‍ ചൈന താലിബാനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സിറിയയിലേക്ക് രക്ഷപ്പെടുന്ന ഉയിഗൂരികളെ കൈമാറാന്‍ ചൈന നടപടി എടുത്തിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഉയിഗൂരികളെ പിടിക്കാന്‍ ചൈനയുടെ സൈനിക ഉദ്യോഗസ്ഥര്‍ സിറിയയിലേക്ക് പോലും പോയി. അതിര്‍ത്തി കടന്നുള്ള ടിബറ്റന്‍ അഭയാര്‍ത്ഥികളെ പിടികൂടുന്നതിനായി ചൈനയുടെ പീപ്പിള്‍സ് ആംഡ് പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നേപ്പാളിലേക്ക് ഇടയ്ക്കിടെ നുഴഞ്ഞുകയറുന്നു. ഈ രാജ്യമാണ് ഇന്ന് സമാധാനത്തെക്കുറിച്ച് പറയുന്നത്! കാരണം പാക്കിസ്ഥാനില്‍ സമാധാനം വന്നില്ലെങ്കില്‍ ചൈനക്ക് നഷ്ടപ്പെടുക ശതകോടികളാണ്.
വാല്‍ക്കഷ്ണം: എന്നിരുന്നാലും പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷ ചൈനയിലാണ്. തക്ക സമയത്ത് പുറത്തിറങ്ങി തങ്ങളെ 'വല്യട്ടേന്‍' കാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പക്ഷേ ചൈനക്ക് പാക്കിസ്ഥാനോട് എന്നല്ല, ഒരാളോടും വികാരവായ്പ്പുകള്‍ ഒന്നുമില്ല. അവര്‍ക്ക് കച്ചവടം നടക്കണം. മാത്രമല്ല, ചൈന പാക്കിസ്ഥാനെ സഹായിച്ചാല്‍ 'വല്ല്യേട്ടന്‍മ്മാരുടെ വല്ല്യേട്ടനായ അമേരിക്ക' ഇന്ത്യയെ സഹായിക്കാനും ഇടയുണ്ടെന്ന് അവര്‍ ഭയക്കുന്നു.