34കോടി ജനങ്ങള്‍ക്ക് 50 കോടി തോക്ക്! രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് പിതാവ് മരിക്കുന്ന കാലം; മതവാദികളും ട്രാന്‍സ്ജെന്‍ഡറുകളും, ഇടത്- വലത് ആക്റ്റിവിസ്റ്റുകളും ഒരുപോലെ തോക്കെടുക്കുന്നു; ഒടുവിലത്തെ ഇര ട്രംപിന്റെ വിജയ ശില്‍പ്പി ചാര്‍ലി കിര്‍ക്ക്; യുഎസ് രാഷ്ട്രീയത്തില്‍ വീണ്ടും ചോരക്കളി

യുഎസ് രാഷ്ട്രീയത്തില്‍ വീണ്ടും ചോരക്കളി

Update: 2025-09-11 10:18 GMT

'അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിന് പോകുന്നതിനേക്കാള്‍ യുഎസില്‍ താമസിക്കുന്നതാണ് അപകടകരം''- രണ്ടിടത്തേയും മരണ നിരക്കുകള്‍ താരതമ്യം ചെയ്ത നോം ചോംസ്‌ക്കി മുമ്പ് നടത്തിയ ഒരു കമന്റ് ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ യുഎസില്‍ വെടിവെപ്പുകള്‍ തുടര്‍ക്കഥയാവുമ്പോള്‍ ട്വിറ്ററില്‍ ഈ കമന്റും ട്രന്‍ഡിങ്ങാണ്! അമേരിക്കന്‍ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവി മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഭാവി അമേരിക്കന്‍ പ്രസിഡന്റ് എന്നുപോലും വിലയിരുത്തപ്പെട്ട വ്യക്തിയായിരുന്നു യൂട്ടാവാലി സര്‍വകലാശാലയില്‍ വെച്ച്, ഏതാണ്ട് 3000 പേരുടെ കണ്‍മുന്നില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി എന്ന നിലയിലും, യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനെന്ന നിലയിലും, അമേരിക്കന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.

മരിച്ചുവീഴുന്നതിന് തൊട്ടുമുമ്പ്, യു.എസിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ട വെടിവെപ്പുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് കിര്‍ക്ക് മറുപടി നല്‍കിയിരുന്നു. 'കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര ട്രാന്‍സ്ജെന്‍ഡര്‍ അമേരിക്കക്കാര്‍ കൂട്ട വെടിവെപ്പുകാരായിട്ടുണ്ട് എന്ന് താങ്കള്‍ക്കറിയാമോ?' എന്ന ചോദ്യത്തിന് അത് ഒരുപാട് കൂടുതലാണ് എന്നായിരുന്നു കിര്‍ക്ക് മറുപടി പറഞ്ഞത്. തൊട്ടുപിന്നാലെയാണ് വെടിയൊച്ച കേട്ടതെന്ന് യൂട്ടാ മുന്‍ കോണ്‍ഗ്രസ് അംഗം ജേസണ്‍ ഷാഫെറ്റ്സ് പറയുന്നത്. ഒരു തവണ മാത്രമാണ് വെടിയുതിര്‍ത്തത്. ഈ പരിപാടിയില്‍ ആറ് ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 47,000 വിദ്യാര്‍ഥികളുള്ള യൂട്ടായിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റി ആക്രമണത്തെ തുടര്‍ന്ന് അടച്ചു. കിര്‍ക്കിനെ പ്രഭാഷണത്തിന് ക്ഷണിച്ചതിനെതിരെ കാമ്പസില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം ആളുകള്‍ ഒപ്പിട്ട ഒരു നിവേദനം സര്‍വകലാശാലക്ക് ലഭിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.




യുഎസ് രാഷ്ട്രീയത്തില്‍ ഇടക്കാലത്തിനുശേഷം ചോര കലരുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈ വര്‍ഷം ആദ്യം മിനസോട്ടയിലെ രണ്ട് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളെ വീടുകളില്‍ വെടിവെപ്പുണ്ടായി. അതില്‍ ഒരാള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം, ഡൊണാള്‍ഡ് ട്രംപ് രണ്ടുതവണ വധശ്രമത്തിന് ഇരയായി. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന ഒരു ഔട്ട്‌ഡോര്‍ റാലിയില്‍ അദ്ദേഹത്തിനുനേരെ നടന്ന വെടിവെപ്പും, ഇപ്പോള്‍ കിര്‍ക്കിന്റെ കൊലയും തുറന്ന വേദിയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ്, ഒരു പ്രമുഖ ഡെമോക്രാറ്റും അന്നത്തെ സ്പീക്കറുമായി നാന്‍സി പെലോസിയുടെ വീട്ടില്‍ ചുറ്റികയെടുത്ത് ഒരു അക്രമി അതിക്രമിച്ചു കയറിയിരുന്നു. 2017- ല്‍, വടക്കന്‍ വിര്‍ജീനിയയിലെ ഒരു ബേസ്ബോള്‍ മൈതാനത്ത് പരിശീലനം നടത്തിയിരുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെയെും വെടിവെപ്പുണ്ടായി.

ഇതെല്ലാം കൂട്ടിവായിച്ചാണ് അമേരിക്കന്‍ രാഷ്ട്രീയം വീണ്ടും രക്തച്ചൊരിച്ചിലേക്ക് പോവുന്നു എന്ന് ബിബിസിയടക്കം വിലയിരുത്തുന്നത്. മതവാദികളും ട്രാന്‍സ്ജെന്‍ഡറുകളും, ഇടത്- വലത് തീവ്രവാദികളും, ഒരുപോലെ തോക്കെടുക്കയാണ്. അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭീതിയാണ് സ്‌കൂള്‍ വെടിവെപ്പുകള്‍. ഈ സംഭവങ്ങളില്‍ മിക്കതിലും, കൊലയാളികള്‍ ഭ്രാന്തന്മാരായ യുവാക്കളായിരുന്നു. ഇപ്പോള്‍ തീവ്രവലതുപക്ഷ വാദിയായ ചാര്‍ളി കിര്‍ക്കിന്റെ കൊലയും സ്വതവേ അസ്വസ്ഥരായ അയാളുടെ അണികളില്‍ തീപടര്‍ത്തിയിരിക്കയാണ്. അതോടൊപ്പം 2022നുശേഷം അമേരിക്കയുടെ തോക്ക് നിയമത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുകയാണ്. ആര്‍ക്കും തോക്ക് വാങ്ങിക്കാന്‍ കഴിയുന്ന അവസ്ഥ മാറണമെന്ന്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ വീണ്ടും എഴുതുകയാണ്.

34 കോടി ജനങ്ങള്‍ക്ക് 50 കോടി തോക്ക്!

തീര്‍ത്തു അവിശ്വസനീയമാണ് അമേരിക്കയിലെ തോക്ക് സംസ്‌ക്കാരം. 34 കോടിയിലേറെ ജനങ്ങള്‍ താമസിക്കുന്ന ഈ നാട്ടില്‍ 50 കോടിയോളം ചെറുതും വലുതുമായ തോക്കുകളുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 -ലെ സര്‍വേ പ്രകാരം, 32 ശതമാനം അമേരിക്കക്കാര്‍ക്കും കുറഞ്ഞത് ഒരു തോക്കെങ്കിലും സ്വന്തമായുണ്ട്. 1994 മുതല്‍ 2023 വരെ, അമേരിക്കയില്‍ 28% തോക്ക് ഉടമസ്ഥത വര്‍ദ്ധിച്ചു. ഇതില്‍ സ്ത്രീകളുടെ ഉടമസ്ഥത 13.6% വര്‍ദ്ധിച്ചു. 2022-ല്‍ നടത്തിയ ഒരു പഠനം പറയുന്നത്, കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, തോക്കുമൂലം രാജ്യത്ത് ഏകദേശം 20,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യുഎസില്‍ തോക്കുകള്‍ വാങ്ങുന്നത് എളുപ്പമാണ്. ആയിരക്കണക്കിന് കടകളില്‍ നിന്ന് പച്ചക്കറികള്‍ പോലെ തന്നെ വാങ്ങാം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തോക്കുകള്‍ കുട്ടികളുടെ വരെ കൈയിലെത്താം.

ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, തോക്ക് വാങ്ങാന്‍ യുഎസില്‍ ഒരാള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. ഫോം പൂരിപ്പിച്ചുകൊണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ മതി. വിവരങ്ങള്‍ പൂരിപ്പിച്ചതിന് മിനിറ്റുകള്‍ക്കുള്ളില്‍, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പരിശോധന നടത്തുകയും തോക്ക് വാങ്ങുന്നയാളുടെ കൈകളിലെത്തുകയും ചെയ്യും. 2022നുശേഷമുള്ള ദേഗതി പ്രകാരം, അമേരിക്കയില്‍ ഒരു തോക്ക് വാങ്ങാനുള്ള മാനദണ്ഡങ്ങള്‍ ഫെഡറല്‍ നിയമങ്ങള്‍ക്കും സംസ്ഥാന നിയമങ്ങള്‍ക്കും അനുസൃതമാണ്. ഇപ്പോള്‍ ഹാന്‍ഡ്ഗണ്‍ (പിസ്റ്റള്‍/റിവോള്‍വര്‍) വാങ്ങാന്‍ കുറഞ്ഞത് 21 വയസ്സ് വേണം. റൈഫിള്‍/ഷോട്ട്ഗണ്‍ വാങ്ങാന്‍ കുറഞ്ഞത് 18 വയസ്സ് വേണം. തോക്ക് വാങ്ങുന്നതിന് മുമ്പ് നാഷണല്‍ ഇന്‍്സ്റ്റന്റ് ക്രിമനില്‍ ബാക്ക് ഗ്രൗണ്ട് ചെക്കപ്പ് വഴി പശ്ചാത്തല പരിശോധന നിര്‍ബന്ധമാണ്.ക്രിമിനല്‍ കേസുകള്‍, മാനസിക രോഗങ്ങള്‍, ഡ്രഗ് ഉപയോഗം, ദോഷകരമായ പെരുമാറ്റം തുടങ്ങിയവയുണ്ടെങ്കില്‍ തോക്ക് വാങ്ങാന്‍ സാധിക്കില്ല.




ഓരോ സംസ്ഥാനത്തിന്റെയും നിയമങ്ങള്‍ ചെറിയ മാറ്റമുണ്ട്. ഉദാഹരണമായി കാലിഫോര്‍ണിയയില്‍ തോക്ക്വാങ്ങാന്‍ കര്‍ശനമായ പശ്ചാത്തല പരിശോധനയും 10 ദിവസത്തെ കാത്തിരിപ്പ് കാലവും ഉണ്ട്. എന്നാല്‍, ടെക്സസില്‍ നിയന്ത്രണങ്ങള്‍ കുറവാണ്. തോക്ക് കൊണ്ടുപോവുന്നതും ചില സംസ്ഥാനങ്ങളില്‍ അനുവദനീയമാണ്. എന്നാല്‍ പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. പക്ഷേ ഈ പരിശോധനയെല്ലാം പുഷ്പംപോലെ മറികടക്കാനുള്ള കുറുക്കുവഴികളുണ്ട്. എഫ്ബിഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, കഴിഞ്ഞ ഒരു ദശകത്തില്‍, 10 കോടി കേസുകളില്‍ അന്വേഷണം നടത്തുകയും 7 ലക്ഷം പേര്‍ മാത്രമേ തോക്ക് വാങ്ങാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളൂ, അതായത്, മൊത്തം കേസുകളുടെ ഒരു ശതമാനത്തില്‍ താഴെയാണ് അയോഗ്യരായിട്ടുള്ളത്!

തോക്കുകളും അമേരിക്കയും ഏതാണ്ട് ഒരേ സമയത്താണ് ജനിച്ചത് എന്നാണ് പറയുക. പരസ്പരം പോരടിക്കുന്ന ബന്ധുക്കളെപ്പോലെ അവര്‍ വളര്‍ന്നു. തോക്കുകളില്ലാതെ അമേരിക്കന്‍ വിപ്ലവം വിജയിക്കുമായിരുന്നില്ല. ഐക്യനാടുകള്‍ ഒരു കാര്‍ഷിക രാഷ്ട്രമായിരുന്ന കാലത്താണ് വേട്ടയാടലും ഒപ്പം തോക്ക് സംസ്്ക്കാരവും ഉടലെടുത്തത്. മുമ്പ് കന്നുകാലി പരിപാലനം അമേരിക്കന്‍ ജനതയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. കന്നുകാലി മോഷണം വ്യാപകമായിരുന്ന ആ കാലത്ത് കര്‍ഷര്‍ക്ക് തോക്ക് പോലെയുള്ള ആയുധങ്ങള്‍ ആവശ്യമായിരുന്നു. മാത്രമല്ല ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന അടിമകളെ അച്ചടക്കം പഠിപ്പിക്കാനും അവരുടെ വ്യാപാരം നിയന്ത്രിക്കാനും അമേരിക്കക്കാര്‍ തോക്കുകള്‍ ഉപയോഗിച്ചിരുന്നു. പഴയകാല അമേരിക്കന്‍ ചരിത്രം പരിശോധിച്ചാല്‍ അന്നത്തെ ജനതയില്‍ വലിയൊരു ശതമാനവും സാക്ഷരതയും പൗരബോധവും കുറഞ്ഞവരായിരുന്നു.

വിദേശ സൈന്യങ്ങളില്‍ നിന്നും ശത്രുക്കളായ തദ്ദേശീയരില്‍നിന്നും സ്വയം സംരക്ഷിക്കാന്‍ അമേരിക്കക്കാര്‍ ആയുധങ്ങളെ ആശ്രയിച്ചിരുന്നതില്‍ നിന്നാണ് മിലീഷ്യ എന്ന ആശയം ഉരുത്തിരിഞ്ഞത്. അന്ന് എത്രപേര്‍ ആയുധം ഉപയോഗിക്കാന്‍ പ്രാപ്തരാകുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു അവരുടെ അതിജീവനം. അമേരിക്കന്‍ വിപ്ലവത്തിന് മുമ്പ്, മുഴുവന്‍ സമയ സൈന്യത്തെ അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍, സായുധരായ പൗര-സൈനികന്‍ ഉത്തരവാദിത്തം വഹിച്ചു. സ്വന്തം വെടിക്കോപ്പുകളും ആയുധങ്ങളും നല്‍കുന്നത് ഉള്‍പ്പെടെയുള്ള മിലിഷ്യയിലെ സേവനം എല്ലാ പുരുഷന്മാര്‍ക്കും നിര്‍ബന്ധമായിരുന്നു. ആ കാലമാണ് അമേരിക്കയില്‍ തോക്ക് സംസ്‌ക്കാരത്തിന് തുടക്കം കുറച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൗബോയ് കള്‍ച്ചര്‍ വേരുപിടിച്ചതോടെ തോക്ക് അന്തസിന്റെയും പുരുഷത്വത്തിന്റെയും ലക്ഷണമായി. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയിട്ടും സ്വയരക്ഷയ്ക്ക് ഉപയോഗിക്കേണ്ട ആയുധങ്ങള്‍ കുട്ടികളുടെ കയ്യിലെവരെ കളിപ്പാട്ടങ്ങളായിവരെ എത്തുന്നുവെന്നാണ് വിമര്‍ശനം.

അനിയന്ത്രിതമായ തോക്ക് ഉപയോഗത്തിന്റെ കാരണങ്ങളില്‍ പ്രധാനം 1791-യില്‍ നടന്ന അമേരിക്കന്‍ ഭരണഘടന ഭേദഗതി ബില്ലാണ്. ഇതനുസരിച്ച് ആളുകള്‍ക്ക് സ്വയം രക്ഷയ്ക്കായി തോക്ക് കൈവശം സൂക്ഷിക്കാം. 1776-ല്‍ അമേരിക്കയ്ക്ക് ലഭിച്ച സ്വാതന്ത്യം സംരക്ഷിക്കാന്‍ അവര്‍ തങ്ങളുടെ എല്ലാ പൗരന്മാരെയും പട്ടാളക്കാര്‍ക്ക് തുല്യമായാണ് കരുതുന്നത്. അതുകൊണ്ട് തോക്ക് ഉപയോഗം അവര്‍ രാജ്യ സംരക്ഷണത്തിന്റെ ഭാഗമായി കൂടി കാണുന്നു എന്നുവേണം കരുതാന്‍.




തോക്കുലോബിയും സജീവം

അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിനുള്ള ആവശ്യം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്, പല രാഷ്ട്രീയ നേതാക്കളും തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, അവര്‍ അവരുടെ ശ്രമങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു. ഇതിന് പിന്നില്‍ ശക്തമായ ഒരു തോക്ക് ലോബിയുണ്ട്. 1871 മുതല്‍, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) എന്ന പേരില്‍ ഒരു ശക്തമായ സംഘടനയുണ്ട്, അത് 1934 മുതല്‍ ദുര്‍ബലമായ തോക്ക് നിയമങ്ങള്‍ക്കായി രാഷ്ട്രീയ ലോബിയില്‍ നേരിട്ട് ഏര്‍പ്പെട്ടിട്ടുണ്ട്. അസോസിയേഷനു വേണ്ടി സംഭാവന ചെയ്യുന്ന ഏകദേശം 50 ലക്ഷം എന്‍ആര്‍എ അംഗങ്ങള്‍ ഉണ്ടെങ്കിലും, ധനസഹായത്തിന്റെ ഒരു പ്രധാന ഭാഗം തോക്ക് നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ്. തോക്കുകള്‍ കൈവശം വയ്ക്കുന്നതിനെതിരെ കര്‍ശനമായ നിയമം ഉണ്ടാക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും ഇവര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും.

2020 -ല്‍ ഏകദേശം 250 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതില്‍ നിന്ന് ഈ തോക്ക് ലോബിയുടെ സ്വാധീനം മനസ്സിലാക്കാന്‍ കഴിയുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. ഇത് രാജ്യത്തെ എല്ലാ തോക്ക് നിയന്ത്രണ ഗ്രൂപ്പുകളും ഒരുമിച്ച് ചെലവഴിച്ചതിനേക്കാള്‍ വളരെ കൂടുതലാണ്. സെനറ്റ് അംഗങ്ങള്‍ക്ക് എന്‍ആര്‍എ ധനസഹായം നല്‍കുന്നു. തോക്കുകള്‍ വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചില ഭരണപരമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന് ഒബാമ പ്രസിന്റായിരിക്കുമ്പോള്‍ തോക്ക് ലോബിയില്‍ നിന്ന് ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടു. തോക്കുകള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ 2022-ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുന:രാംഭിച്ചപ്പോഴും ഉടക്കിട്ടവര്‍ ഇവര്‍ തന്നെയാണ്. 2022-ല്‍ 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരും അടക്കം 21 പേര്‍ കൊല്ലപ്പെട്ട ടെക്സാസിലെ സകൂള്‍ വെടിവെപ്പിനെ തുടര്‍ന്ന്, തോക്ക് നയത്തില്‍ കാര്യമായ മാറ്റം വരുത്താനുള്ള ശ്രമം അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയിരുന്നു. അക്രമങ്ങളില്‍ മനം മടുത്തുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്.




പക്ഷേ ഗണ്‍ ലോ മാറ്റാന്‍ ഭരണഘടനാ ദേദഗതി വേണം. അമേരിക്കയില്‍ ഭരണഘടനാ ഭേദഗതി നടത്താന്‍ പലതരം പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അമേരിക്കന്‍ സെനറ്റ് അംഗങ്ങളില്‍ 100 പേരും, ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സില്‍ 435 പേരും ആണുള്ളത്. ഏതെങ്കിലും ബില്‍ പാസാക്കാന്‍ അവര്‍ക്ക് മൂന്നില്‍രണ്ട് പേരുടെയെങ്കിലും ഭൂരിപക്ഷം വേണം. കൂടാതെ അമേരിക്കയുടെ 50 സംസ്ഥാനങ്ങളില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടാകുന്നെങ്കില്‍ മാത്രമേ എക്സിക്യൂട്ടിവ് ഹെഡ് ആയ പ്രസിഡന്റിന് പുതിയ നിയമഭേദഗതിയില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കൂ. രണ്ടു പാര്‍ട്ടികള്‍ മാത്രമുള്ള ഒരു സ്ഥലത്ത് ഇപ്രകാരം മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് അസാധ്യമായ കാര്യമാണ്.

അമേരിക്കന്‍ റൈഫിള്‍ അസോസിയേഷന് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വലിയ പിന്തുണ കൂടിയുണ്ട്. 2022-ലെ ടെക്സസ് വെടിവെപ്പു സമയത്ത് ട്രംപ് പറഞ്ഞത്, തോക്കുകള്‍ക്ക് നിയന്ത്രണം വേണ്ടെന്നും, ഇത് സംഭവിക്കാന്‍ ഇടയായതിനു പിന്നിലെ സാഹചര്യം മനസിലാക്കി അതാണ് നിയന്ത്രിക്കേണ്ടതെന്നുമാണ്. കുടുംബാന്തരീക്ഷത്തിലെ അസ്വസ്ഥതകളാണോ, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളാണോ, കുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികള്‍ തോക്ക് ഉപയോഗിക്കുമ്പോള്‍ പഠിക്കേണ്ടത് എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത്.

ചോരയുടെ നീണ്ട ചരിത്രം

കഴിഞ്ഞ വര്‍ഷം പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് ആക്രമിക്കപ്പെട്ടതും ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രസിഡന്റിനും പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും നേരേയുള്ള വധശ്രമങ്ങളും കൊലപാതകങ്ങളും അമേരിക്കയ്ക്ക് പുതുമയുള്ള കാര്യമല്ല. ശരിക്കും ചോരയില്‍ കുളിച്ചുതന്നെയാണ് യുഎസ് രാഷ്ട്രീയവും വളര്‍ന്നത്. അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു, അടിമത്തനിരോധനത്തിലൂടെ ചരിത്രം കുറിച്ച് യുഎസ് പ്രസിന്‍ഡ് എബ്രഹാം ലിങ്കണിന്റെ വധം. കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു എബ്രഹം ലിങ്കണ്‍.ലിങ്കണും ഭാര്യ മേരി ടോഡ് ലിങ്കണും 1865 ഏപ്രില്‍ 13ന് വാഷിങ്ടണിലെ ഫോര്‍ഡ്‌സ് തീയേറ്ററില്‍ നിന്ന് ഔര്‍ അമേരിക്കന്‍ കസിന്‍ എന്ന കോമഡി പെര്‍ഫോര്‍മന്‍സ് കാണുന്നതിനിടെയായിരുന്നു ആക്രമണം. ജോണ്‍ വില്‍കിസ് ബൂത്ത് എന്നയാളായിരുന്നു വെടിവെപ്പിന് പിന്നില്‍. കറുത്ത വര്‍ഗക്കാരെ പിന്തുണയ്ക്കുന്ന ലിങ്കന്റെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത് തീയേറ്ററിന്റെ പിന്നിലെ വാതില്‍ തുറന്നെത്തിയ കൊലപാതകി ലിങ്കന്റെ തലയ്ക്ക് പിന്നിലേക്ക് വെടിയുതിര്‍ത്തു. ചെവിയ്ക്ക് പിന്നില്‍ തലയോട്ടിയും തുളച്ച് തലച്ചോറിലൂടെ അത് കടന്നുപോയി. ലിങ്കണ്‍ ഉടന്‍ തന്നെ നിലംപതിച്ചു. 'സ്വാതന്ത്ര്യം' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്ന കൊലപാതകി ബൂത്ത് രക്ഷപ്പെട്ടത്. 12 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 26ന് ബൂത്തിനെ പോലീസ് പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.

അമേരിക്കയില്‍ പദവിയിലിരിക്കെ കൊല്ലപ്പെടുന്ന രണ്ടാത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ഗാര്‍ഫീല്‍ഡ്. 1881 ജൂലൈ രണ്ടിന് വാഷിങ്ടണിലെ ട്രെയിന്‍ സ്റ്റേഷനില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ന്യൂ ഇംഗ്ലണ്ടിലേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുമ്പോഴായിരുന്നു ചാള്‍സ് ഗിറ്റിയൂ എന്നയാള്‍ വെടിയുതിര്‍ത്തത്. മാരകമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം വൈറ്റ് ഹൗസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നെങ്കിലും സെപ്തംബറില്‍ മരണത്തിന് കീഴടങ്ങി.കൊലയാളി ഗിറ്റിയു,ഒരു രാഷ്ട്രീയക്കാരായിരുന്നു. 1880-ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ അദ്ദേഹം ഗാര്‍ഫീല്‍ഡിന്റെ എതിര്‍ ചേരിയായിലായിരുന്നു. തന്നെ യൂറോപ്യന്‍ കോണ്‍സല്‍ഷിപ്പില്‍ നിയമിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിതാണ് കൊലക്ക് പ്രകോപനം. ഗിറ്റിയു ആഴ്ചകളോളം ഗാര്‍ഫീല്‍ഡിനെ പിന്തുടര്‍ന്നാണ് അയാള്‍ കൊല നടത്തിയത്. പ്രസിഡന്റ് മരിച്ച ദിവസം, ഗിറ്റിയു പറഞ്ഞത് അത് കൊലപാതകമല്ല, ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ് എന്നാണ്്. തൂക്കിക്കൊല്ലന്‍ വിധിച്ചപ്പോഴും ദൈവം തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നായിരുന്നു കൊലപാതകിയുടെ മറുപടി!

സാമ്പത്തിക മാന്ദ്യത്തിന് കാരണക്കാരനെന്നപേരിലും ഒരു അമേരിക്കന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടിട്ടുണ്ട്. യു.എസ്സിന്റെ 25ാ-മത് പ്രസിഡന്റ് വില്ല്യം മക്ക്ന്‍ലിയുടെ കൊലപാതകം അങ്ങനെയാണ്. 1901 സെപ്തംബര്‍ ആറിന് ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ സ്ഥിതി ചെയ്യുന്ന ടെമ്പിള്‍ ഓഫ് മ്യൂസികില്‍ പ്രസംഗിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം. ആളുകള്‍ക്ക് കൈകൊടുത്ത് നടന്നുപോകുന്നതിനിടെയായിരുന്നു പോയിന്റെ ബ്ലാങ്കില്‍ നെഞ്ചിലേക്ക് ഒരാള്‍ രണ്ട് തവണ വെടിയുതിര്‍ത്തത്.ഒരാഴ്ചയ്ക്ക് ശേഷം സെപ്തംബര്‍ 14ന് അദ്ദേഹം മരണപ്പെട്ടു. ലിയോണ്‍ എഫ് സോള്‍ഗോസ് എന്ന 28 വയസ്സുകാരനായിരുന്നു ആക്രമണത്തിന് പിന്നില്‍. വെടിയുതിര്‍ത്തത് താനാണെന്ന് ലിയോണ്‍ സമ്മതിച്ചു. ഒരു മാസത്തെ കോടതി വിചാരണയ്ക്ക് ശേഷം വധശിക്ഷ വിധിച്ചു. അരാജകത്വവാദി ആയിരുന്ന ലിയോണിന് 1893-ലെ സാമ്പത്തിക മാന്ദ്യത്തില്‍ ജോലി നഷ്ടപ്പെട്ടിരുന്നു.ഇതാണ് കൊലക്ക് കാരണം!




ലോകത്തിലെ എവര്‍ഗ്രീന്‍ മര്‍ഡര്‍ മിസ്്റ്ററി ഏതാണെന്ന് ചോദിച്ചാല്‍ അത്, അമേരിക്കന്‍ പ്രസിഡന്റും, ലോകം മുഴുവന്‍ ആരാധകരുമുള്ള കെന്നഡിയുടെ വധമാണ്. നൂറുകണക്കിന് നോവലുകള്‍ക്കും, സിനിമകള്‍ക്കും വിഷയമായ ഈ സംഭവം ഇന്നും ലോകത്തിനുമുന്നില്‍ ഒരു പ്രഹേളികയാണ്. കെന്നഡി കൊലയുടെ യഥാര്‍ത്ഥകാരണം ഇന്നും പിടികിട്ടിയിട്ടില്ല. 1963 നവംബറില്‍ ഭാര്യ, ജാക്വലിന്‍ കെന്നഡിക്കൊപ്പം ഡാളസ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. ഹൈ പവര്‍ റൈഫിള്‍ ഉപയോഗിച്ച് കെന്നഡിക്ക് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കെന്നഡിയെ പാര്‍ക്ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകം നടത്തിയത് ലീ ഹാര്‍വി ഒസ്വാള്‍ഡ് എന്നയാളായിരുന്നു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം കൗണ്ടി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, കെന്നഡിയുടെ ആരാധകനായ ഒരു നിശാ ക്ലബ് ഉടമ ജാക്ക് റൂബി പ്രതി ലീ ഹാര്‍വിലെ വെടിവെച്ചു കൊന്നു. ഇതോടെ കേസിലെ ഗൂഢാലോചന അജ്ഞാതമായി തുടരുന്നു.്സിഐഎ, അമേരിക്കന്‍ മാഫിയ, ലിന്‍ഡന്‍ ജോണ്‍സണ്‍, ഫിദല്‍ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായെങ്കിലും ഇന്നുവരെ കൊലയുടെ യഥാര്‍ത്ഥ കാരണം പിടികിട്ടിയില്ല. സാക്ഷല്‍ റോണാള്‍ഡ് റീഗനും, ജോര്‍ജ് ബുഷും തലനാരിഴക്കാണ് മരണത്തില്‍നന്ന് രക്ഷപ്പെട്ടത്.

സ്‌കൂളുകളിലും കൊലവിളി

ബ്രേക്കപ്പിന്റെ പേരില്‍ പേരില്‍ തോക്കെടുത്ത് സ്‌കൂളിലെത്തി സകലരെയും വെടിവെച്ചിടുന്ന ഒരു 17കാരനെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നാല്‍ അമേരിക്കയില്‍ അത് പുതുമയുള്ളതല്ല. ആ രാജ്യത്തെ ഏറ്റവും വലിയ ഏറ്റവും വലിയ തലവേദനയാണ് സ്‌കൂള്‍ വെടിവെപ്പുകള്‍. 2025-ല്‍ ക്യാമ്പസ് ഷൂട്ടൗട്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 91 സ്‌കൂള്‍ വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതില്‍ 31 പേര്‍ മരിക്കുകയും 89 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൊളറാഡോയിലെ എവര്‍ഗ്രീന്‍ ഹൈസ്‌കൂളില്‍ ഈയിടെ വെടിവെപ്പുണ്ടായി. ഒരു വിദ്യാര്‍ത്ഥി രണ്ട് കൂട്ടുകാരെ വെടിവെച്ച്, പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരമായി പരിക്കേറ്റു. ഇതിനുശഷമാണ് യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ചാര്‍ലി കര്‍ക്ക് വെടിവെപ്പില്‍ മരിച്ചത്. സ്‌കൂളുകളിലെ ആവര്‍ത്തിക്കുന്ന, വെടിവെപ്പുകള്‍ക്ക് കാരണം ഗണ്‍ നിയമങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണെന്ന് പറയാം. ഈ പ്രശ്നം പരിഹരിക്കാന്‍, ശക്തമായ നിയമങ്ങള്‍, മികച്ച മാനസികാരോഗ്യ സേവനങ്ങള്‍, സാമൂഹിക പിന്തുണ എന്നിവ ആവശ്യമാണ്.

1999-ല്‍ കോളൊറാഡോ ഹൈസ്‌കൂളിലുണ്ടായ സംഭവമാണ്സ്‌കൂള്‍ വെടിവെപ്പ് കേസുകളില്‍ എടുത്ത് പറയേണ്ടത്. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു. 2005ലും 2007ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. 2005-ല്‍ റെഡ് ലേക്ക് സ്‌കൂളിലും 2007-ല്‍ വെര്‍ജീനിയ ടെക്ക് ക്യാംപസിലുമാണ് വെടിവെപ്പുണ്ടാകുന്നത്. റെഡ് ലേക്ക് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്വന്തം മുത്തശ്ശനെ കൊന്ന ശേഷം അക്രമി സ്‌കൂളിന് നേരെ വെടിയുതിര്‍ക്കുകയും സ്വയം മരിക്കുകയുമായിരുന്നു.

2007-ല്‍ 23കാരന്‍ 32 പേരെയാണ് കൊന്നത്. 23കാരനും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. 2012-ല്‍ സാന്‍ഡി ഹുക്ക് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 26പേരാണ് കൊല്ലപ്പെട്ടത്. ഈ അക്രമത്തിനും പിന്നില്‍ 19 കാരനാണെന്നത് ശ്രദ്ധേയം. 2015-ല്‍ യുഎംപിക്യുയുഎ കമ്യൂണിറ്റി കോളേജില്‍ ഒക്ടോബറിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. 2018 മെയില്‍ സാന്റാ ഫെ ഹൈസ്‌കൂളില്‍ 10 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതലും കുട്ടികളാണ് കൊല്ലപ്പെടുന്നത്. 17 കാരനായിരുന്നു ആ പ്രതി.



2018 ഫെബ്രുവരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു . പാര്‍ക്ക് ലാന്‍ഡിലുള്ള മാര്‍ജൊറി സ്റ്റോണ്‍മാന്‍ ഡൌഗ്ലാഗ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. അന്ന് 14 കുട്ടികളും മൂന്ന് ജീവനക്കാരുമടക്കം 17 പേരാണ് കൊല്ലപ്പെടുന്നത്. 20കാരനായിരുന്നു അന്ന് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. വെടിവെപ്പ് കേസുകള്‍ പരിശോധിക്കുമ്പോള്‍ പ്രതികളില്‍ കൂടുതലും 22 വയസ്സില്‍ താഴെയുള്ളവരാണെന്നത് കാണാം. 2022-ല്‍ ടെക്സാസില്‍ 'മരിക്കുവാന്‍ തയ്യാറായിക്കോളു' എന്ന് പറഞ്ഞാണ് റോബ് എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമി റാമോസ് എത്തിയത്. 19 വിദ്യാര്‍ത്ഥികളും 2 അധ്യാപകരും ഉള്‍പ്പെടെ 21 പേരാണ് അന്ന് മരിച്ചത്. മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് കൈതോക്കും റൈഫിളുമായി അക്രമി സ്‌കൂളില്‍ ആക്രമണത്തിനെത്തിയത്. മോശം അക്കാദമിക് പ്രകടനം, ഹാജര്‍ കുറവ്' എന്നിവ കാരണം റാമോസ് ഹൈസ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ ആക്രമത്തോടെയാണ് തോക്ക് നിയമത്തിനെതിരെ വലിയ വിര്‍മശനങ്ങള്‍ വന്നുവെങ്കിലും പിന്നീട് അത് എവിടെയുംഎത്തിയില്ല. പ്രണയത്തകര്‍ച്ച തൊട്ട്, സാമ്പത്തിക പ്രശ്നങ്ങള്‍ക്കും, മാര്‍ക്ക് കിട്ടാത്തതിനും വരെ കുട്ടികള്‍ തോക്കെടുക്കുന്ന അവസ്ഥ അമേരിക്കയിലുണ്ട്. കുറച്ചുകാലം മുമ്പ് ഒരു രണ്ടുവയസ്സുകാരന്‍ തോക്ക് അബദ്ധത്തില്‍ ഉപയോഗിച്ച് പിതാവ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ഞങ്ങള്‍ അസ്വസ്ഥരാണ്!

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായിരുന്നിട്ട് കൂടി അമേരിക്കയില്‍ യുവാക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസ്വസ്ഥത നിലനില്‍ക്കയാണ്. വര്‍ണ്ണ വിവേചനവും, വംശവെറിയും, രാജ്യത്ത് വര്‍ധിക്കയാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ 82 ശതമാനവരുന്ന വെളുത്തവര്‍ഗക്കാരും 13 ശതമാനംവരുന്ന ആഫ്രോ അമേരിക്കക്കാരും തമ്മിലെ വംശീയ പ്രശ്നങ്ങള്‍ ഇനിയും പുര്‍ണ്ണമായി അവസാനിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗം വെളുത്തവര്‍ഗക്കാരും. പ്രശ്നമുണ്ടാകുമ്പോള്‍ സ്വയരക്ഷക്ക് ആഫ്രോ അമേരിക്കക്കാരെ നേരിടാന്‍ ആയുധങ്ങള്‍ കയ്യിലുണ്ടാവണം എന്നൊരു ചിന്തയും വെളുത്തവര്‍ഗക്കാര്‍ക്കിടയിലുണ്ട്. ഇസ്ലാമിക സംഘടനകള്‍ അടക്കം നടത്തുന്ന പ്രശ്നങ്ങള്‍ നവ വംശീയവാദികള്‍ക്ക് ആയുധമാവുകയാണ്.

ഇത്തരത്തിലുള്ള വിവിധ തരത്തിലെ അസ്വസ്ഥതകള്‍ ഫലത്തില്‍ വെടിവെപ്പിലേക്കാണ് നയിക്കാറുള്ളത്. ഇക്കഴിഞ്ഞ, ലേബര്‍ ഡേ വാരാന്ത്യത്തില്‍ ഷിക്കാഗോയില്‍ നടന്നത് 37 വെടിവെപ്പുകളാണ്. എട്ടുപേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്കേറ്റു. വള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാത്രി വരെ, നഗരത്തില്‍ 37 വെടിവെപ്പുകളാണുണ്ടായത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഷിക്കാഗോയിലെ തെരുവുകളില്‍ ഫെഡറല്‍ ഏജന്‍സികളെയോ, ദേശീയ സേനയെയോ വിന്യസിക്കാനുള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍, ഈ വാരാന്ത്യത്തിലെ അക്രമങ്ങള്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടി. വാഷിംഗ്ടണ്‍ ഡിസിയില്‍ കുറ്റകൃത്യങ്ങള്‍, കുടിയേറ്റം, ഭവനരഹിതര്‍ എന്നിവയെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം അടുത്തിടെ ദേശീയ സേനയെ വിന്യസിച്ചിരുന്നു. മുമ്പ് ലോസ് ആഞ്ചല്‍സിലേക്കും സേനയെ അയച്ചിരുന്നു. ട്രംപ്, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെബി പ്രിറ്റ്‌സ്‌കറിന് ഒരു സാമൂഹിക മാധ്യമ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി. 'ഷിക്കാഗോയിലെ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ വരും' എന്നായിരുന്നു ട്രംപിന്റെ ഭീഷണി.




എന്നാല്‍ ഷിക്കാഗോയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങളും വെടിവെപ്പുകളും കുറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 1 വരെ 404 കൊലപാതകങ്ങള്‍ നടന്നപ്പോള്‍, ഈ വര്‍ഷം ഇതുവരെ 279 കൊലപാതകങ്ങളാണ് നടന്നത്. 2024-ല്‍ ഇതേ കാലയളവില്‍ 1,586 വെടിവെപ്പുകള്‍ നടന്നപ്പോള്‍, ഈ വര്‍ഷം ഇതുവരെ 1,026 വെടിവെപ്പുകളാണ് നടന്നതെന്നാണ് കണക്ക്. കണക്കിലെ കളികള്‍ എന്തൊക്കെ തന്നെയായാലും അമേരിക്കപോലെ ഒരു രാജ്യത്ത്, വലിയ ഭീഷണി തന്നെയാണ് ഈ തോക്ക് സംസ്‌ക്കാരം. അത് പരിഹരിക്കാന്‍ ട്രംപിന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കിര്‍ക്കിന്റെ കൊല ആ രീതിയിലേക്കാണ് ചര്‍ച്ചകളെ മാറ്റുന്നത്.

വാല്‍ക്കഷ്ണം: നമ്മുടെ രാജ്യത്ത് 130 കോടി ജനങ്ങളില്‍ 34 ലക്ഷം പേര്‍ക്ക് മാത്രമേ തോക്ക് ലൈസന്‍സുള്ളൂ. പക്ഷേ ബിഹാര്‍, യുപി, ജാര്‍ഖണ്ഡ് തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചിലര്‍ അനധികൃതമായി തോക്കുകള്‍ കൈവശം വയ്ക്കുന്നുണ്ടെന്നു മാത്രം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ആയുധ കരിഞ്ചന്തയുള്ള രാജ്യം കൂടിയാണ് അമേരിക്ക. ഈ ഗണ്‍ കള്‍ച്ചറില്‍നിന്ന് രക്ഷപ്പെടാനുള്ള ചര്‍ച്ചകള്‍ ഇവിടെ മുളയിലെ നുള്ളപ്പെടുകയാണ്.

Tags:    

Similar News