ഒരു കപ്പ്കേക്കില്‍ മെഴുകുതിരി കത്തിച്ച് ജന്‍മദിനാഘോഷം; താമസം സാധാരണ അപ്പാര്‍ട്ട്മെന്റില്‍; യാത്ര ഒരു സെഡാന്‍ കാറില്‍; വരുമാനത്തിന്റെ 70 ശതമാനവും ചെലവിട്ടത് ചാരിറ്റിക്ക്; ചലച്ചിത്ര താരങ്ങളെപ്പോലെ ഫാന്‍സുള്ള വ്യവസായി; രത്തന്‍ ടാറ്റക്ക് ഇന്ത്യ കണ്ണീരോടെ 'ടാറ്റ' പറയുമ്പോള്‍!

കോവിഡ് കാലത്ത് രത്തന്‍ടാറ്റ തന്റെ പേഴ്സണ്‍ല്‍ അക്കൗണ്ടില്‍നിന്ന് എടുത്താണ് 500 കോടിരൂപ രാജ്യത്തിന് കൊടുത്തത്

Update: 2024-10-10 01:39 GMT

രു വ്യവസായിക്കുവേണ്ടി ഒരു നാട് ഇങ്ങനെ വിലപിക്കുമോ? വ്യവസായികളും കോര്‍പ്പറേറ്റുകളും കുത്തകകളും ചൂഷകരും ആണെന്ന കടുത്ത വിമര്‍ശനമുള്ള കേരളത്തിന്റെ സോഷ്യല്‍ മീഡിയില്‍ പോലും ആ മനുഷ്യന്‍ ഒരു വികാരമായി നിലകൊള്ളുകയാണ്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ അന്തരിച്ച രത്തന്‍ ടാറ്റ (86) ഒരു വ്യക്തിയല്ല, പ്രസ്ഥാനവും ഒരു വികാരവുമാണ്. ടാറ്റ കമ്പനിയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തം പേരിലേക്ക് മാറ്റിയിരുന്നെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനാവുമായിരുന്നു ഈ മനുഷ്യന് പക്ഷേ താല്‍പ്പര്യം കോടീശ്വരലിസ്റ്റില്‍ കയറിക്കൂടാനായിരുന്നില്ല. സമ്പത്തിന്റെ 70 ശതമാനവും ചാരിറ്റിക്കുവേണ്ടി ചിലവഴിച്ച്, ഒരു കപ്പ് കേക്കില്‍ ഒരു മെഴുകുതിരി കത്തിച്ച് വെച്ച് ജന്‍മദിനം ആഘോഷിച്ച്, ഒരു സാധാരണ വീട്ടില്‍ വിശ്രമജീവിതം നയിച്ച്, ഒരു ഇലപൊഴിയുന്നതുപോലെ, അവിവാഹിതനായ ആ പ്രകാശം പരത്തുന്ന മനുഷ്യന്‍ കടന്നുപോയി!

ഇന്ന് പത്തരലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന, ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കുതിക്കുന്ന ടാറ്റയുടെ വളര്‍ച്ചയില്‍, രത്തന് വലിയ പങ്കാണുള്ളത്. മൊത്തം എഴരലക്ഷം തൊഴിലാളികള്‍ക്കാണ് ഈ സ്ഥാപനം പ്രത്യക്ഷമായി തൊഴില്‍ കൊടുക്കുന്നത്. പരോക്ഷമായി പതിനായിരങ്ങള്‍ക്ക് വേറെയും. ആ നിലയിലേക്ക് ടാറ്റാ ഗ്രൂപ്പിലെ വളര്‍ത്തിയെടുക്കുന്നതില്‍ അഹോരാത്രം യത്നിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. ഒരു വ്യവസായിക്ക് ഇന്ത്യയില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന് മാത്രമായിരിക്കും.

ഇന്ത്യയെ പുനര്‍നിര്‍മ്മിച്ച പൈതൃകം

മഹത്തായ ഒരു ബിസിനസ് ഗ്രൂപ്പിന്റെ പൈതൃകമാണ് രത്തന്‍ ടാറ്റക്കുള്ളത്. 150 വര്‍ഷംമുമ്പ് ജാംഷെഡ്ജി ടാറ്റ, ടാറ്റ ഗ്രൂപ്പ് തുടങ്ങുന്ന സമയത്തുതന്നെ അവര്‍ കൊണ്ടുവന്ന ഒരു കാര്യമാണ് സാമൂഹിക പ്രതിബദ്ധത എന്നത്. ലാഭത്തിന്റെ 70 ശതമാനവും വിദ്യാഭ്യാസ- ആരോഗ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന വേറെ ഏതെങ്കിലും കമ്പനി ലോകത്തില്‍ ഉണ്ടോയെന്നതും സംശയമാണ്! അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലൊക്കെ ടാറ്റ എന്നത് ഒരു വികാരമാണ്. സര്‍ക്കാര്‍ ജോലി രാജിവെച്ചുപോലും യുവാക്കള്‍ ടാറ്റയില്‍ ചേരുന്നു. നേരത്തെ എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്ന ആഹ്‌ളാദം നോക്കുക.

പാര്‍സി കുടുംബമാണ് ടാറ്റ. ജാംഷഡ്ജി ടാറ്റയുടെ പിതാവിന്റെ പുര്‍വികള്‍ പലരും സൗരാഷ്ട്രന്‍ പുരോഹിതരും ആയിരുന്നു. പക്ഷേ ടാറ്റയുടെ ഒരു ഇടപാടിലും ജാതിയും മതവും ഒരു പ്രശ്നമായിരുന്നില്ല. ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച് അറിയുകയുള്ളു.ഒരിക്കല്‍ ബ്രിട്ടീഷ് കംബനിയായിരുന്ന റേഞ്ച് റോവറിന്റെയും ജാഗ്വറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ് എന്ന ടാറ്റ കമ്പനി ടാറ്റ സണ്‍സിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത് ഇന്ത്യക്ക് പുറത്ത് നിന്നാണ്.

'ഹുമത ഹുക്ത ഹവര്‍ഷത'- അതാതയത് നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, നല്ല പ്രവര്‍ത്തകള്‍ ഇതാണ് ടാറ്റയുടെ ആപ്തവാക്യം. ഇന്ത്യയിലാദ്യമായി ഡെ കെയര്‍, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് എന്നിവ ജോലിക്കാര്‍ക്കായി നടപ്പിലാക്കിയത് ടാറ്റതാണ്. പിന്നീടാണ് ഗവണ്‍മെന്റുകള്‍ പോലും നടപ്പിലാക്കി തുടങ്ങിയത്. 1912-ല്‍ ആദ്യമായി 8 മണിക്കൂര്‍ ജോലി നടപ്പാക്കിത് ഇന്ത്യക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ക്കും മാതൃകയിയിരുന്നു.സി.എസ്.ആര്‍ എന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങള്‍ നിയമമാക്കി. അങ്ങനെ എന്നും ചരിത്രം തിരുത്തുകയായിരുന്നു ടാറ്റ. ഒരുകാലത്ത് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആരും ഇല്ലാത്ത സമയത്ത് ടാറ്റ ധൈര്യപുര്‍വം അത് ഏറ്റെടുത്തു. ഇന്ത്യന്‍ ജി.ഡി.പിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും കാണാതിരിക്കാന്‍ കഴിയില്ല. ജാഗ്വര്‍പോലുള്ള വിദേശ കമ്പനികളെ വാങ്ങിയും അവര്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. ജാഷെഡ്പൂര്‍ എന്ന വ്യവസായ നഗരം തന്നെ ടാറ്റ ഉണ്ടാക്കിയെടുത്തു.


 



ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രത്തന്‍ ടാറ്റക്ക് ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കേ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരു വിവാദചോദ്യം ചോദിച്ചു. ''ടാറ്റ കുടുംബം തലമുറകളായി ഇന്ത്യയില്‍ ബിസിനിസ് ചെയ്യുന്നവരാണ്. എന്നാല്‍ ഇന്നലെ എന്നോണം വന്ന അംബാനി ഇവിടെ വളരെ പെട്ടെന്നാണോ കോടീശ്വരന്‍മ്മാര്‍ ആയത്. ഇതില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്''-ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയലിസ്റ്റിന് മറുപടി പറയാന്‍ ഒരു ആലോചനയും വേണ്ടി വന്നില്ല.

''അംബാനി ഒരു തനി ബിസിനസുകാരനാണ്. കമ്പനിയുടെ ലാഭമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ ഒരു തെറ്റുപറയാനും കഴിയില്ല. പക്ഷേ ഞാന്‍ ഒരു ബിസിനസുകാര്‍ മാത്രമല്ല. ഒരു ഇന്‍ഡസ്ട്രിയലിസ്റ്റാണ്. ഞങ്ങള്‍ക്ക് ബിസിനസിന് അപ്പുറം ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്.''- ടാറ്റാ ഗ്രൂപ്പിന്റെ മുഴുവന്‍ ആസ്തിയും തന്റെ പേരിലേക്ക് മാറ്റിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ആകുമായിരുന്ന ആ മനുഷ്യന്‍ ഇതുപറയുമ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടി. ഇന്‍ഫോസിസ് നാരായണ മൂര്‍ത്തി നേരെ എണീറ്റുവന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍തൊട്ട് നമസ്‌ക്കരിക്കാന്‍ തുനിഞ്ഞു. രത്തന്‍ ടാറ്റ അദ്ദേഹത്തെ സ്നേഹപൂര്‍വം വിലക്കി. അതാണ് രത്തന്‍ ടാറ്റ. ഇന്ന് ഒരു സിനിമാ നടനും, രാഷ്ട്രീയ നേതാവുമൊക്കെ മരിച്ചതുപോലെ ഒരു രാജ്യം, ഈ വയോധികന്റെ മരണത്തില്‍ വിലപിക്കുന്നതുതന്നെ അതുതന്നെയാണ്, അദ്ദേഹത്തിന്റെ മഹത്വവും.

ഇന്ന് പലരും കരുതുന്നപോലെ വായില്‍വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യകതിയല്ല രത്തന്‍ ടാറ്റ. ഒരുപാട് പ്രശ്നങ്ങള്‍ക്കും ദുരിതങ്ങള്‍ക്ക് ഇടയിലുടെയും കടന്ന് പോയാണ് അദ്ദേഹം ഈ നിലയില്‍ എത്തിയത്.

നഷ്ട പ്രണയ നായകന്‍

1937- ല്‍ ഗുജറാത്തിലെ സൂറത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവല്‍ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവല്‍ ടാറ്റ. മധുരമുള്ളതായിരുന്നില്ല രത്തന്‍ ടാറ്റയുടെ ബാല്യം. പത്തുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. മുത്തശ്ശി നവജ്ബായ് ടാറ്റയാണ് പിന്നീട് രത്തനെ വളര്‍ത്തിയതെല്ലാം. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ അടുപ്പവും മുത്തശ്ശിയോടായിരുന്നു.

രത്തന്‍ ടാറ്റ എട്ടാം ക്ലാസ് വരെ മുംബൈയിലെ കാംപിയന്‍ സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് ജോണ്‍ കോണന്‍ സ്‌കൂള്‍, ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പഠിച്ചു.ഉന്നതവിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. 1955-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡേല്‍ കണ്‍ട്രി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം ഡിപ്ലോമ നേടിയത്.1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലെ തന്റെ കരിയര്‍ ആരംഭിച്ചത്.ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്‌ളോറിലായിരുന്നു അദ്ദേഹം ആദ്യം നിയമിതനായത്.എന്നാല്‍ പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായി.

കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് രത്തന്‍ ടാറ്റ.ഒന്‍പത് വര്‍ഷത്തെ ടാറ്റ സ്റ്റീലിലിലെ സേവനത്തിന് ശേഷം നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് ആന്റ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.1977 ല്‍ ടാറ്റ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെക്സറ്റൈല്‍ ബിസിനസിലേക്ക് അദ്ദേഹത്തെ മാറ്റി.

ലോസ് ആഞ്ചല്‍സിലെ ഉന്നത വിഭ്യാഭ്യാസം കഴിഞ്ഞ് ലോസ് ആഞ്ചല്‍സില്‍ കുറച്ചുകാലം രത്തന്‍ ജോലി ചെയ്തു.ആ സമയത്ത് അവിടെയുള്ളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു അദ്ദേഹം.എന്നാല്‍, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവള്‍ ഇന്ത്യയിലേക്ക് പോവുന്നതിനെ എതിര്‍ത്തു.1962ലെ ഇന്ത്യ-ചൈന യുദ്ധം മൂലമാണ് പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നത്.

പക്ഷെ അതിനുശേഷം രത്തന്‍ ടാറ്റ വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല.തന്റെ അവസാന ശ്വാസം വരെയും അവിവാഹിതനായി തന്നെ തുടരുകയായിരുന്നു അദ്ദേഹം.2011-ല്‍ ഒരഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് ടാറ്റ തന്നെ പറഞ്ഞതിങ്ങനെ -''വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്ക് മടങ്ങണോ...കുറേ നാളത്തെ ആലോചനകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.അവള്‍ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അതുപോലൊന്നും നടന്നില്ല.ഞാന്‍ ഇന്ത്യയിലെത്തി തൊട്ടടുത്ത വര്‍ഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു.അതോടെ ആ ബന്ധം പിരിയേണ്ടിവന്നു.പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തിയിരുന്നു.പക്ഷേ ഓരോ തവണയും പേടികൊണ്ടോ അല്ലെങ്കില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അത് വേണ്ടെന്നുവെച്ചു''.എന്നാല്‍ സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തില്‍ ഭാര്യയോ കുടുംബമോ ഇല്ലെന്ന കാരണത്താല്‍ ഒറ്റപ്പെടല്‍ അനുഭവിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട് ജീവിതത്തിലെന്ന് രത്തന്‍ ടാറ്റ തുറന്നുസമ്മതിച്ചിരുന്നു.


 




ടാറ്റയെ പുതിയ യുഗത്തിലേക്ക് വളര്‍ത്തി

ടാറ്റ സണ്‍സ് അതിന്റെ പ്രതാപകാലമെന്ന് വിശേഷിപ്പിക്കുന്നത് രത്തന്‍ ടാറ്റയുടെ കാലഘട്ടത്തെ തന്നെയാണ്. ജനകീയമായ വിപണിയിലെ ഇടപെടലുകളും പരീക്ഷണങ്ങളുമൊക്കെ കമ്പനി നടത്തിയത് ഈ കാലഘട്ടത്തിലാണ്.രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലാണ് ആംഗ്ലോ-ഡച്ച് സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസ്, ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവയുമായി ടാറ്റ ഗ്രൂപ്പ് ലയിച്ചത്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉദാരവല്‍ക്കരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് രത്തന്‍ ടാറ്റ കമ്പനിയെ പുതുക്കാന്‍ തുടങ്ങിയത്.ടാറ്റ ടീയൊട് ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്‌ലി വാങ്ങാനും ടാറ്റ മോട്ടോഴ്‌സ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങാനും, ടാറ്റ സ്റ്റീലിനെആംഗ്ലോ-ഡച്ച് സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസ് വാങ്ങാനും പ്രേരിപ്പിച്ചത് അദ്ദേഹമാണ്.2009ലാണ്, ഇന്ത്യയിലെ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന ആശയവുമായി രംഗത്തെത്തിയത്ഒടുവില്‍ ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ നാനോ പുറത്തിറക്കുകയും ചെയ്തു.ടാറ്റ നാനോ പദ്ധതി പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ വ്യവസായ ലോകത്ത് അതൊരു മാറ്റത്തിന് വഴിയൊരുക്കിയ ഉല്‍പ്പന്നമായിരുന്നു. ടാറ്റ ഇന്‍ഡിക്ക ഉള്‍പ്പെടെയുള്ള ജനപ്രിയ കാറുകളിലൂടെ ടാറ്റയുടെ ബിസിനസ് വിപുലീകരണത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

2008-ല്‍, ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ടാറ്റ ട്രസ്റ്റ് സ്ഥാപിച്ചു. അതേ വര്‍ഷം തന്നെയാണ് അദ്ദേഹത്തെ രാജ്യം പത്മപുരസ്‌കാരം നല്‍കി ആദരിച്ചതും. ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കാര്‍ണല്‍ സര്‍വകലാശാലയില്‍ 28 മില്യണ്‍ ഡോളര്‍ ടാറ്റ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു.

ജെആര്‍ഡി ടാറ്റയ്ക്ക് ശേഷം 1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റു. ടാറ്റയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറയായി പല ബിസിനസ് അനലിസ്റ്റുകളും വിലയിരുത്തുന്നത് അവര്‍ പാരമ്പര്യത്തിന് വലിയ വില കൊടുക്കുന്നില്ല എന്നതാണ്. അതിനേക്കാള്‍ വലുതാണ് കഴിവ്. പലരുടെയും വലിയ തെറ്റിദ്ധാരണയാണ് ജെ.ആര്‍.ഡി ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റയെന്ന്. അവര്‍ അകന്ന ബന്ധുക്കള്‍ മാത്രമാണ് എന്നതാണ് സത്യം.

ഇതുതന്നെയാണ് ടാറ്റാ ഗ്രൂപ്പിന്റെ വിജയത്തിന്റ അടിസ്ഥാനവും. മറ്റ് കമ്പനികളിലൊക്കെ നിങ്ങള്‍ മുതലാളിമാരുടെ മക്കളെ, അവര്‍ എത്ര കഴിവ് കെട്ടവര്‍ ആണെങ്കിലും സഹിക്കേണ്ടിവരും. അതുകൊണ്ടുമാത്രം മുടിഞ്ഞുപോയാവരും ഉണ്ട്. അനില്‍ അംബാനി ഉദാഹരണം. എന്നാല്‍ ടാറ്റയില്‍ നേതൃത്വം കൊടുത്തിരുന്ന നവ്റോജി സക്ലത്വാലക്കും, നടരാജന്‍ ചന്ദ്രശേഖരനും എന്തിന് രത്തന്‍ടാറ്റക്കുപോലും ആ കുടംബവുമായി രക്തബന്ധം ഉണ്ടായിരുന്നില്ല.

ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്സ് പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ രത്തന് കഴിഞ്ഞു. വിജയകരമായ നിക്ഷേപകനെന്ന നിലയിലും രത്തന്‍ ടാറ്റ അറിയപ്പെടുന്നു. പ്രാരംഭ ഘട്ടത്തിലുള്ള പല സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ട്. ഒല, പേടിഎം, കാര്‍ഡെക്കോ, ക്യൂര്‍ഫിറ്റ്, സ്നാപ്ഡീല്‍, ഫസ്റ്റ് ക്രൈ, അര്‍ബന്‍ ലാഡര്‍, ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.


 



മിസ്ട്രിയെ പുറത്താക്കുന്നു

രത്തന്‍ ടാറ്റ, മൂന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കി വീണ്ടും അധികാരം പിടിച്ചതും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ വലിയ ഒരു കഥയാണ്. ടാറ്റ-മിസ്ത്രി-വാഡിയ ഈ മൂന്ന് കോര്‍പ്പറേറ്റ് പാഴ്‌സി കുംടുംബങ്ങളായിരുന്നു, അമ്പതുകളിലും അറുപതുകളിലും ഇന്ത്യയുടെ വ്യവസായിക ലോകത്തെ നിയന്ത്രിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അന്നത്തെ പേര്‍ഷ്യയില്‍നിന്ന് ഗുജറാത്തിലേക്കു കുടിയേറിയ രണ്ടു പാഴ്‌സി വ്യവസായ കുടുബത്തിലെ അംഗങ്ങളായിരുന്നു ടാറ്റയും മിസ്ട്രിയും. ഇന്ദിരാഗാന്ധിയുടെ തണലില്‍ മിസ്ട്രി വളര്‍ന്നു. പതുക്കെ ടാറ്റ കുടുംബത്തിന്റെ കയ്യില്‍നിന്ന് കിട്ടാവുന്നത്ര ഓഹരികള്‍ വാങ്ങി. രത്തന്‍ടാറ്റയും സൈറസ് മിസ്ട്രിയും ബന്ധുക്കള്‍ കൂടിയാണ്. സൈറസിന്റെ സഹോദരിമാരില്‍ ഒരാള്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനും ടാറ്റ ഗ്രൂപ്പിലെ പ്രമുഖ എക്‌സിക്യൂട്ടീവുമായ നോയല്‍ ടാറ്റയെ ആണ് വിവാഹം ചെയ്തത്.

രത്തന്‍ ടാറ്റക്കും കഠിനാധ്വാനിയും നല്ല ബിസിനസ് വിഷനുമുള്ള സൈറസ് മിസ്ട്രിയെ ആദ്യകാലത്ത് വളരെ ഇഷ്ടമായിരുന്നു. മിസ്ത്രിയെ 2011-ല്‍ ടാറ്റ സണ്‍സിന്റെ ഡപ്യൂട്ടി ചെയര്‍മാനായി നിയമിച്ചപ്പോള്‍, 'ദീര്‍ഘവീക്ഷണത്തോടെയുള്ള നിയമനം' എന്നാണ് അന്ന് ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ വിശേഷിപ്പിച്ചത്. 2012-ല്‍ മിസ്ത്രിക്ക് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സ്ഥാനക്കയറ്റവും നല്‍കി. തനിക്ക് 75 വയസ്സ് പിന്നിട്ട 201-2ല്‍ രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തുന്നത്. 142 വര്‍ഷത്തെ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ മേധാവിയായാണ് മിസ്ത്രി എത്തിയത്.

അതോടെ വിരമിച്ച് ഇനിയുള്ള കാലം സ്വസ്ഥമായി ജീവിക്കാനാണ് രത്തന്‍ ടാറ്റ ആഗ്രഹിച്ചത്. ലളിതമായ ജീവിത ശൈലി പുലര്‍ത്തിയിരുന്നു ആ കോടീശ്വരന്‍ തന്റെ ഒരു ഫ്‌ളാറ്റില്‍ വായനയും യാത്രും അല്‍പ്പം സംഗീതവുമായി ഒതുങ്ങിക്കുടി. പതിറ്റാണ്ടുകളായി മിസ്ട്രി കുടുംബം സ്വപ്നം കണ്ടിരുന്നതാണ് ടാറ്റയുടെ നിയന്ത്രണം പിടിക്കുക എന്നത്. അത് കൈയില്‍ വന്നതോടെ സൈറസ് മിസ്ട്രി ആളാകെ മാറിയെന്നാണ് പിന്നയെുള്ള വിലയിരുത്തലുകള്‍ വന്നത്. രത്തന്‍ ടാറ്റ അയാളെക്കുറിച്ച് കേട്ടതൊക്കെ മോശം വാര്‍ത്തകള്‍ ആയിരുന്നു. ലാഭം ലാഭം എന്ന ഒരു ഒറ്റ ചിന്തമാത്രമാണ് മിസ്ട്രയെ നയിച്ചിരുന്നത്. മിസ്ട്രിയുടെ പല തീരുമാനങ്ങളും, ടാറ്റയുടെ അഭ്യുദയകാംക്ഷികളെ ഞെട്ടിച്ചു. ടാറ്റ കെമിക്കല്‍സിന്റെ യൂറിയ കച്ചവടം വിറ്റത്, ഇന്ത്യന്‍ ഹോട്ടല്‍സിന്റെ വിദേശ വസ്തുവഹകളില്‍ ചിലത് കയ്യൊഴിഞ്ഞത്, യുകെയിലെ ഉരുക്ക് വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് തുടങ്ങിയ തീരുമാനങ്ങള്‍ തുടങ്ങിയവ ടാറ്റ ട്രസ്റ്റിന് സ്വീകാര്യമായിരുന്നില്ല.

മിസ്ട്രിയുടെ കീഴില്‍ ഗ്രൂപ്പിന് ഓഹരിയുടമകളുടെ വിശ്വാസം നേടിയെടുക്കാന്‍ ആകുന്നില്ലെന്നും ഗ്രൂപ്പിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ആഗോള സാഹചര്യത്തെ വേണ്ടത്ര കണക്കിലെടുത്തല്ല എന്നും ടാറ്റ ട്രസ്റ്റ് വിലയിരുത്തി. യുകെയിലെ ഉരുക്കുശാല അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് ബ്രിട്ടനില്‍ വലിയ വിമര്‍ശനം നേരിടേണ്ടിവന്നു. നഷ്ടം വരുത്തുന്ന സ്ഥാപനം ലാഭത്തിലാക്കുകയാണ് വില്‍ക്കുന്നതിനെക്കാള്‍ രത്തന്‍ ടാറ്റ ആഗ്രഹിച്ചത്. പക്ഷേ മിസ്ട്രി തിരിച്ചും. അതുപോലെ ജപ്പാനിലെ എന്‍ടിടി ഡോക്കോമയുമായി നടത്തിയ കടുത്ത നിയമയുദ്ധവും ഒടുവില്‍ 1.2 ബില്യണ്‍ ഡോളര്‍ നല്‍കാനുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിയുണ്ടായതും മിസ്ട്രിയുടെ കഴിവുകേടായി വിലയിരുത്തപ്പെട്ടു. രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായ നാനോ കാറിനെ കുറിച്ചും മിസ്ട്രിക്ക് മോശം അഭിപ്രായം ആയിരുന്നു.

മാത്രമല്ല എക്കാലവും തൊഴിലാളി സൗഹൃദം ആയിരുന്നു ടാറ്റ. മിസ്ട്രി അവിടെയുംപട്ടാളച്ചിട്ടകള്‍ കൊണ്ടുവന്നു. ഒരുപാട് പേര് രത്തന്‍ടാറ്റയുടെ എടുത്ത് പരാതിയുമായി എത്തി. മിസ്ട്രി പിരിച്ചുവിട്ട ഒരു പാവം ജീവനക്കാരന്‍ മുബൈയില്‍ വന്ന് എങ്ങനെയോക്കെയോ രത്തന്‍ ടാറ്റയെ കണ്ട് പരാതി പറഞ്ഞതാണ് മിസ്രിടിയുടെ കുഴിതോണ്ടിയത്. വിശ്രമം ജീവിതം നയിക്കുന്ന ആ 'പുലി' എല്ലാവരെയും സമാധാനിപ്പിച്ചു. ഇതിനൊക്കെ പുറമേ 2014-ല്‍ ഒഡീഷ തെരഞ്ഞെടുപ്പില്‍ പത്ത് കോടി രൂപയുടെ ഫണ്ട് നല്‍കാമെന്ന വാഗ്ദാനം സൈറസ് മിസ്ത്രിയുടെ ഉപദേശകന്‍ നല്‍കി. ഒരുകാര്യത്തിനും കൈക്കൂലി കൊടുക്കില്ലെന്നും രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തുമെന്നുമുള്ള ടാറ്റയുടെ ചിരപുരാതന നയത്തിന് വിരുദ്ധമായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞതോടെ രത്തന്‍ ടാറ്റയുടെ സകല നിയന്ത്രണവും പോയി. വിശ്രമ ജീവിതം മാറ്റിവെച്ച് അദ്ദേഹം വീണ്ടും കളത്തിലിറങ്ങി.

2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ, ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നാടകീയമായി പുറത്താക്കി. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം ഞെട്ടിയ തീരുമാനം ആയിരുന്നു അത്. രത്തന്‍ ടാറ്റതന്നെ വീണ്ടും ചെയര്‍മാനായി. പിന്നീട് കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയതോടെ, ടിസിഎസിനെ ഗംഭീരമായി നയിച്ച നടരാജന്‍ ചന്ദ്രശേഖറിന് ബാറ്റന്‍ണ്‍ കൈമാറി അദ്ദേഹം വീണ്ടും വിശ്രമജീവിതത്തില്‍ പ്രവേശിച്ചു. ഇതിനെതിരെ ആദ്യം നിയമനടപടികളില്‍ വിജയം സൈറസിന് ആയിരുന്നെങ്കിലും സുപ്രീംകോടതയില്‍ രത്തന്‍ടാറ്റക്കായിരുന്നു വിജയം.


 



ലാളിത്യം മുഖമുദ്രയാക്കിയ കോടീശ്വരന്‍

അടഞ്ഞ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുകരിച്ച ഒരു കുത്തക ബൂര്‍ഷ്വാ മുതലാളിയാണ് രത്തന്‍ ടാറ്റ. പക്ഷേ ലളിത ജീവിതം കൊണ്ടും, സാമൂഹിക പ്രവര്‍ത്തനങ്ങകൊണ്ടും അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. മാസം 90 കോടി രൂപയുടെ വരുമാനമുള്ള മനുഷ്യന്‍. പേഴ്സല്‍ ആസ്തിമാത്രം പതിനായിരം കോടി രൂപവരും. അങ്ങനെയുള്ള ഒരു മില്യണര്‍ ആയ രത്തന്‍ ടാറ്റ തന്റെ 84ാം ജന്‍മദിനം ആഘോഷിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അവിവാഹിതനായ അദ്ദേഹം മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ഒറ്റക്കാണ് താമസം.ഒരു കപ്പ് കേക്കിനുമുകളില്‍ രണ്ട് മെഴുകുതിരി മാത്രം കത്തിച്ചായിരുന്നു ഈ ബില്യണറുടെ ബര്‍ത്ത്ഡേ. തന്റെ സഹായിയും സുഹൃത്തുമായ, ടാറ്റാ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവ് മാനേജറായ ശാന്തനു നായിഡുവാണ് കേക്ക് കട്ട് ചെയ്ത് ജന്‍മദിന ആശംസകള്‍ നേര്‍ന്നു. ഈ 27കാരനും 84കാരനു തമ്മിലുള്ള അപുര്‍വ സൗഹൃദവും വാര്‍ത്തയായിരുന്നു. വൈകീട്ട് നടക്കാന്‍ പോകുന്നതും ഇവര്‍ ഒരുമിച്ച് തന്നെ. ദോഷൈകദൃക്കുകള്‍ ഇത് സ്വര്‍വഗനാനുരാഗമായി വ്യാഖ്യാനിച്ചുവെന്നതും വേറെ കാര്യം.

ഒരു ടാറ്റാ സെഡാന്‍ കാര്‍ ഓടിച്ച്, തന്റെ തന്നെ ഹോട്ടലിലേക്ക് പാര്‍ക്കിങ്ങിനുവേണ്ടി മറ്റുള്ളവര്‍ക്ക് മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്ന രത്തന്‍ ടാറ്റയുടെ ചിത്രവും ടാബ്ലോയിഡുകളില്‍ വാര്‍ത്തയായി. പക്ഷേ അപ്പോഴും അദ്ദേഹം ചോദിച്ചത് ഇതിലൊക്കെ വാര്‍ത്തയാക്കാന്‍ എന്തിരിക്കുന്നുവെന്നാണ്. മുതലാളിക്കല്ല, ഗസ്റ്റിനാണ് മുന്‍ഗണന എന്നതാണ് അദ്ദേഹത്തിന്റെ അപ്തവാക്യം.

എവിടെപ്പോയാലും ആരാധകര്‍ അദ്ദേഹത്തിന് ഒപ്പമുണ്ട്. 'ഭാരതരത്ന ഫോര്‍ രത്തന്‍ ടാറ്റ' എന്ന ഹാഷ്ടാഗിലുള്ള കാമ്പയിന്‍, ഈ എയര്‍ഇന്ത്യ ഏറ്റടെുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കഴിഞ്ഞവര്‍ഷം ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. എന്നാല്‍, ഈ പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നേരിട്ട് ആവശ്യപ്പെട്ടു.''സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം നടത്തിയവരുടെ വികാരത്തെ മാനിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നയാളാണ് ഞാന്‍. ''- രത്തന്‍ ടാറ്റ ചൂണ്ടിക്കാട്ടി. സ്വന്തം പോക്കറ്റില്‍നിന്ന് പണമിറക്കി അവാര്‍ഡുകള്‍ നേടുന്ന, കേരളമോഡല്‍ പ്രാഞ്ചിയേട്ടനായി നിങ്ങള്‍ ടാറ്റയെ കണക്ക് കൂട്ടരുതെന്ന് ചുരുക്കം.

ഈ ജീവിതസായാഹ്നത്തിലും അദ്ദേഹം തലക്കെട്ടുകളില്‍ ഇടംപിടിച്ചു. രാഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ മുംബൈയില്‍ നി്ന്നും പൂണെ വരെ യാത്ര ചെയ്‌തെത്തുന്ന ടാറ്റ. ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് കുടുംബം കണ്ടെത്താന്‍ അഭ്യര്‍ത്ഥനയുമായി രത്തന്‍ ടാറ്റ. നായകളോടുള്ള അദ്ദേഹത്തിന്റെ പ്രിയം പ്രസിദ്ധമാണ്. വീട്ടില്‍ രണ്ടു നായകളെ വളര്‍ത്തിയിരുന്നു. 2018- ല്‍ ടാറ്റ അവരുടെ ആഗോള ആസ്ഥാനമായ ബോംബെ ഹൗസ് വീണ്ടും തുറന്നപ്പോള്‍, തെരുവുനായകള്‍ക്കായി ഒരു അഭയകേന്ദ്രവും സ്ഥാപിച്ചിരുന്നു.

വിരമിച്ച ശേഷം പെയിന്റിംഗിനും, ഡ്രോയിംഗിനുമായാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കച്ചത്. പിയാനോ വായിക്കാന്‍ പഠിക്കണ എന്ന ആഗ്രഹം റിട്ടയേഡ് ലൈഫിലാണ് നടപ്പാക്കിയത്.

കേരളത്തില്‍ പതിവുപോലെ വില്ലന്‍

കോവിഡ് കാലത്ത് രത്തന്‍ടാറ്റ തന്റെ പേഴ്സണ്‍ല്‍ അക്കൗണ്ടില്‍നിന്ന് എടുത്താണ് 500 കോടിരൂപ രാജ്യത്തിന് കൊടുത്തത്. ഇത് ടാറ്റാ സണ്‍സ് ഏറ്റെടുത്ത് 1500 കോടിയാക്കി ഉയര്‍ത്തി. അങ്ങനെയുള്ള എത്രയെത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.പക്ഷേ കേരളത്തില്‍ ടാറ്റാ, ബിര്‍ളാ, അംബാനി എന്ന കുത്തക- ചൂഷണ നിയോലിബറല്‍ ഭീകരര്‍ മാത്രമായാണ്, ഇവര്‍ ചിത്രീകരിക്കുന്നത്. മെറിറ്റിന് മാത്രം പ്രധാന്യം നല്‍കുന്ന ടാറ്റാ ഗ്രൂപ്പ് എം.എ യൂസഫലിയെയും, രവിപിള്ളയെയും പോലെ നേതാക്കളുടെ മക്കള്‍ക്ക് ജോലികൊടുക്കുകയുമില്ല എന്നതാണോ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. അതുപോലെ മൂന്നാറിലെ കണ്ണന്‍ദേവന്റെ കൈയേറ്റത്തിന്റെ പേരിലും ടാറ്റ കേരളത്തില്‍ വില്ലനായി.


 



പക്ഷേ രത്തന്റെ ജീവചരിത്രം തയ്യാറക്കിയത് ഒരു മലയാളിയാണെന്നതില്‍ നമുക്കും അഭിമാനിക്കാം.രത്തന്‍ ടാറ്റയുമായി നൂറുതവണ അഭിമുഖം, ടാറ്റയുടെ അമേരിക്കക്കാരിയായ ആദ്യ പ്രണയിനിയുള്‍പ്പെടെ നൂറ്റിനാല്‍പതോളം പേരുമായുള്ള മറ്റ് അഭിമുഖങ്ങള്‍...മൂന്നര വര്‍ഷമാണ് മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കാനായി മാറ്റി വെച്ചത്. ഒടുവില്‍ ഇന്ത്യന്‍ പ്രസാധനരംഗം കണ്ട ഏറ്റവും വലിയ പ്രതിഫലത്തോടെ ഹാര്‍പര്‍ കോളിന്‍സ് പുസ്തകവും സ്വന്തമാക്കി. രണ്ടുകോടിയാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന് ഹാര്‍പര്‍ കോളിന്‍സ് നല്‍കിയ തുക. മൂന്നുപതിറ്റാണ്ടിന്റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്. തന്നെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ഫയലുകളും വാര്‍ത്തകളും ഓര്‍മകളും അറിവുകളും ബന്ധങ്ങളും എല്ലാം തോമസ് മാത്യുവിന് സമര്‍പ്പിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ രത്തന്‍ ടാറ്റ.'രത്തന്‍ എന്‍.ടാറ്റ' എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

വാല്‍ക്കഷ്ണം: രത്തന്‍ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും, വലിയ വിഷമം, തന്റെ സ്വപ്ന പദ്ധതിയായ നാനോ കാര്‍ പൊളിഞ്ഞ് പോയതിലായിരുന്നു. ഒരു മിഡല്‍ക്ലാസ് കുടുംബത്തന് സഞ്ചരിക്കാന്‍ ബൈക്കിന്റെ വിലയുള്ള ഒരു കാര്‍ എന്ന സ്വപ്നം പൊലിഞ്ഞുപോയത് ആത്മകഥയിലും വലിയ വിഷമമായി രത്തന്‍ ടാറ്റ പറയുന്നു.

Tags:    

Similar News