ഹോട്ടലില്‍ മേശതുടയ്ക്കുമ്പോഴും മനസ്സില്‍ സിനിമ; യക്ഷഗാന നാടകങ്ങളില്‍ അലറിത്തുടക്കം; ക്ലാപ്പ് ബോയിയായി സിനിമയില്‍; ഇന്ന് 'ഷെട്ടി ഗ്യാങ്ങിലെ' പ്രമുഖന്‍; കഥ തൊട്ട് സംവിധാനംവരെ ഒറ്റക്ക്; തെന്നിന്ത്യന്‍ സിനിമയുടെ മുഖഛായ മാറ്റിയ രക്തഗുളികന്‍; കന്നഡയുടെ ബാഹുബലി ഋഷഭ് ഷെട്ടിയുടെ പോരാട്ട ജീവിതം!

കന്നഡയുടെ ബാഹുബലി ഋഷഭ് ഷെട്ടിയുടെ പോരാട്ട ജീവിതം!

Update: 2025-10-03 09:29 GMT

വേഷപ്പകര്‍ച്ച എന്ന വാക്ക് സാധാരണ ഉപയോഗിക്കാറുള്ളത് കഥകളി നടന്‍മ്മാരെക്കുറിച്ച് പറയുമ്പോഴാണ്. പക്ഷേ സിനിമയില്‍ അത്യപൂര്‍വമായ ഒരു ഭീകര ഒരു വേഷപ്പകര്‍ച്ചയാണ് ഇപ്പോള്‍ നമ്മുടെ തീയേറ്ററുകളെ പിടിച്ച് കുലുക്കുന്നത്. കാന്താര 2വില്‍ ഉറഞ്ഞുതുള്ളി അലറി വിളിച്ച് ഋഷഭ് ഷെട്ടി ഗുളികനാവുമ്പോഴൊക്കെ പ്രേക്ഷകരുടെ അഡ്രിനാലിന്‍ ഉയരുകയാണ്. വിവിധതരം ഗുളികനായി വരുന്ന സമയത്തുള്ള ആ ആക്ഷനൊക്കെ പ്രേക്ഷകരെ രോമാഞ്ചമണിയിക്കയാണ്. ക്ലൈമാക്സിലെ ലേഡി ഗുളികനെ കണ്ടുതന്നെ അറിയണം. അതുകൊണ്ടുതന്നെയാണ് കന്നഡ സിനിമയുടെ മുഖഛായ മാറ്റിയ രക്തഗുളികന്‍ എന്ന് സോഷ്യല്‍ മീഡിയ ഋഷഭ് ഷെട്ടിയെ വിശേഷിപ്പിക്കുന്നത്!

ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു വിലാസം പോലും ഇല്ലാതിരുന്ന കന്നഡ ഇന്‍ഡസ്ട്രി, ഈയടുത്ത കാലങ്ങളായി രാജ്യത്തെ സിനിമാ പ്രേമികളെ മുഴുവന്‍ അമ്പരപ്പിക്കുന്ന സിനിമകളാണ് നല്കിക്കൊണ്ടിരിക്കുന്നത്.കെജിഎഫ്, കാന്താര, സു ഫ്രം സോ, അങ്ങനെ എത്രയെത്ര കന്നഡ സിനിമകളാണ് മലയാളത്തിനിന്നുപോലും കോടികള്‍ വാരുന്നത്. കാന്താരയുടെ ജീവാത്മാവും പരമാത്മാവും ഋഷഭ് ഷെട്ടിയാണ്. ഇതുപോലെ ഒരു ബ്രഹ്‌മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുകയും, മുഖ്യവേഷത്തില്‍ അഭിനയിക്കുകയും ചെയ്യുകയെന്നത്് എത്രമാത്രം ടെന്‍ഷന്‍ പിടിച്ച ജോലിയാണ്. പക്ഷേ ഋഷഭ് അത് ആസ്വദിച്ചുചെയ്യുന്നു.

യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കന്നഡയിലെ ഒരു കുഗ്രാമത്തില്‍നിന്ന് അയാള്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ താരരാജാക്കളില്‍ ഒരാള്‍ ആയിരിക്കുന്നു. ഒരുകാലത്ത് ഹോട്ടലില്‍ മേശ തുടക്കുന്ന ജോലിയില്‍നിന്നാണ് അയാള്‍ പിടിപടിയായി കയറിവന്നത് എന്നോര്‍ക്കണം. അസാധാരണമായ ഒരു ജീവിതകഥയാണ് അത്.

പ്രശാന്തില്‍നിന്ന് ഋഷഭിലേക്ക്

കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ കേരാഡി ഗ്രാമത്തിലാണ് ഷെട്ടിയുടെ ജനനം. മൂകാംബികക്ക് പോവുന്ന വഴിയിലുള്ള കുന്ദാപുരം മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. കേരളത്തിലെ ഭൂപ്രകൃതിക്ക് സമാനമാണ് അവിടവും. മാടന്റെയും, മറുതയുടെയും, ഗുളികന്റെയും തൊട്ട് ഒരുപാട് തെയ്യക്കഥകളും, യക്ഷിക്കകഥകളും കേട്ടാണ് അവന്‍ വളര്‍ന്നത്. ആ മുത്തശ്ശിക്കഥകളുടെ ഭ്രമാത്മക ലോകത്തുനിന്നാണ് കാന്താരപോലും പിറന്നത്. കാന്താരയിലുള്ളത് ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന ദൈവാരാധനയാണെന്ന് ഋഷഭ് ഈയിടെയും ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. നാട്ടുദൈവങ്ങളുടെ കരുത്തില്‍ ജീവിച്ചിരുന്ന നിഷ്‌ക്കളങ്കരമായ മനുഷ്യരായിരുന്നു അവര്‍. അവിടെ സിനിമാ നടന്‍ ആവുക, സംവിധായകന്‍ ആവുക എന്നതൊന്നും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.


 



പ്രശാന്ത് ഷെട്ടി എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുമുള്ള പേര്. പില്‍ക്കാലത്ത് അദ്ദേഹം ഋഷഭ് എന്ന പേര് സ്വീകരിക്കയായിരുന്നു. നാട്ടില്‍ ഒരുപാട് പ്രശാന്തുമാര്‍ ഉണ്ട് അപ്പോള്‍, ഒരു മാറ്റം എന്ന നിലയിലാണ് പുതിയ പേര് സ്വീകരിച്ചത്. ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍. പക്ഷേ കുട്ടിയെ പഠിപ്പിക്കാനുള്ള സാമ്പത്തികം വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. കുന്ദാപുരയില്‍ നിന്ന് പ്രീഡിഗ്രി പാസായ ശേഷം ഷെട്ടി വിജയകോളജില്‍ ബികോമിന് ചേര്‍ന്നു. ഈ സമയത്തും പാര്‍ട്ട് ടൈം ജോലി ചെയ്താണ് അവര്‍ പഠനത്തിനുള്ള പണം കണ്ടെത്തിയത്.

കോളളില്‍ പഠിക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ സിനിമയായിരുന്നു. കൂട്ടുകാരും സിനിമാ പ്രാന്തന്‍മ്മാര്‍. വെള്ളിത്തിരയുടെ വലിയ മോഹങ്ങളിലേക്ക് എത്തിപ്പെടുക എളുപ്പമല്ലെന്ന് അവന് അറിയാമായിരുന്നു. അതിനാല്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് ഒരു മാര്‍ഗം കണ്ടുപിടിച്ചു. നാടകരംഗത്ത് ഒരു കൈ പയറ്റുക. കുന്ദാപുരത്ത യക്ഷഗാന നാടകങ്ങള്‍ എന്നൊരു ഏര്‍പ്പാടുണ്ട്. ഷെട്ടി അവിടെ നിന്നാണ് കലാജീവിതം ആരംഭിക്കുന്നത്. ഈ സ്റ്റേജ് അനുഭവങ്ങള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന് നടന്‍ എന്ന നിലയിലും ഏറെ ഗുണം ചെയ്തു. കാരണം ഉറക്കെ സംസാരിക്കുകയും അലറുകയുമൊക്കെ ചെയ്യുന്നവരാണ് യക്ഷഗാനത്തിലെ കഥാപാത്രങ്ങള്‍. കാന്താരയിലെ ഗുളികന്റെ എട്ടുദിക്കം പൊട്ടുമാറുള്ള അലര്‍ച്ചയൊക്കെ ഋഷഭിന് രൂപപ്പെടുത്താന്‍ കഴിഞ്ഞത് ഈ ഒരുപരിശീലനത്തിലുടെയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചെറുപ്പത്തിലേ കിട്ടിയ നാടക പരിശീലനമാണ് തന്റെ കരുത്ത് എന്നാണ് ഋഷഭ് പറയുന്നത്.

ഹോട്ടലില്‍ മേശ തുടച്ച കാലം

ബി കോം ബിരുദം നേടിയ ശേഷമുള്ള ഋഷഭിന്റെ ജീവിതവും ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. 'സിനിമാ സ്വപ്നം കൊണ്ട് വയറുനിറയില്ലല്ലോ' എന്നാണ് ഒരു അഭിമുഖത്തില്‍ ഋഷഭ് പറയുന്നത്. അതിനായി ചെയ്യാത്ത പണികളില്ല. കുപ്പി വെള്ളം കച്ചവടക്കാരനായും, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും, ഹോട്ടല്‍ തൊഴിലാളിയായും എല്ലാം ജോലി ചെയ്തു. ഹോട്ടലില്‍ മേശ തുടക്കുന്ന പണി വരെ ചെയ്തകാലം അദ്ദേഹം അഭിമുഖങ്ങളില്‍ മറച്ചുവെക്കാറില്ല. ഏത് തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്നും ഋഷഭ് പറയുന്നു. സിനിമയില്‍ ചാന്‍സ് ചോദിച്ചുള്ള ശ്രമങ്ങളള്‍ ഇതിനൊപ്പം നടന്നു. പലരെയും കണ്ടു. ഒന്നും നടന്നില്ല.

ഇങ്ങനെ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് അദ്ദേഹം ബാംപൂരിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സിറ്റിറ്റിയൂട്ടില്‍നിന്ന് ഡിപ്ലോമ കരസ്ഥമാക്കി. അപ്പോഴും നാടകപ്രവര്‍ത്തനങ്ങള്‍ സമാന്തരമായി കൊണ്ടുനടന്നു. കേവല അഭിനയത്തിനപ്പുറം എഴുത്തും സംവിധാനവുമെല്ലാം കൈയാളിയ ഒരു സര്‍വകലാവല്ലഭന്‍ തന്നെയായിരുന്നു ഷെട്ടി. കോളജിനകത്തും പുറത്തു നിന്നും അഭിനന്ദന പ്രവാഹം തേടിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഇന്‍സിറ്റിറ്റിയൂട്ടിലെ ഒരു സുഹൃത്ത് പറഞ്ഞാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ട് എന്ന് അറിയുന്നത്. അന്നുതന്നെ നല്ല ഹൈറ്റും വെയ്റ്റുമുള്ള ഋഷഭ് എന്തെങ്കിലും ഒരു അവസരം കിട്ടുമെന്ന് കരുതി ബാംഗ്ലൂരിലേക്ക് കുതിച്ചു.

പക്ഷേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അധികം ആവശ്യമില്ലാത്ത ഒരു സിനിമയായിരുന്നു അത്. പക്ഷേ സെറ്റില്‍ ക്ലാപ്പടിച്ചോളാന്‍ അവര്‍ സമ്മതിച്ചു. ഇന്ന് ഡയറക്ടര്‍, റൈറ്റര്‍, പ്രൊഡ്യൂസര്‍, ആക്റ്റര്‍ എന്നിങ്ങനെ ഇന്‍ഡസ്ട്രയിലെ സകല മേഖലകളിലും കൈവെക്കുന്ന ആ പ്രതിഭയുടെ തുടക്കം വെറുമൊരു ക്ലാപ്പ് ബോയ് ആയിട്ടായിരുന്നു-'' സത്യത്തില്‍ സിനിമ പഠിച്ചത് അക്കാലത്താണ്. ഞാന്‍ അതുവരെ ഒരു നല്ല മൂവി ക്യാമറപോലും കണ്ടിട്ടില്ലായിരുന്നു. ക്ലാപ്പടിക്കുന്ന ജോലി സമയത്തും ഞാന്‍ ഏകലവ്യനെപ്പോലെ സിനിമ പഠിക്കാന്‍ തുടങ്ങി. പതുക്കെ സിനിമയില്‍ ബന്ധങ്ങളായി. സുഹൃത്തുക്കളായി''- ഋഷഭ് പറയുന്നു.


 



ഷെട്ടി ഗ്യാങ്ങ് പിറക്കുന്നു

പിന്നെ പതുക്കെ അദ്ദേഹം സഹ സംവിധായകനായി. ഈ കാലഘട്ടത്തിലാണ് കന്നഡ സിനിമയിലെ അറിയപ്പെടുന്ന പേരുകളില്‍ ഒന്നായ രക്ഷിത് ഷെട്ടിയുമായി പരിചയപ്പെടുന്നത്. അവര്‍ പില്‍ക്കാലത്ത് അടുത്ത സുഹൃത്തുക്കളായി. രക്ഷിത് ഷെട്ടിയാണ് തന്റെ ഗോഡ് ഫാദര്‍ എന്ന് പറയാന്‍ ഋഷഭിന് യാതൊരു ഈയോഗുമില്ല. ആ കാലത്ത് നടന്‍ എന്ന നിലയിലും ഋഷഭ് ശ്രമിച്ചുകൊണ്ടിരുന്നു. തുഗ്ലക് എന്ന ചിത്രത്തിലാണ് ആദ്യമായി വേഷം ലഭിക്കുന്നത്. പിന്നീട് പവന്‍കുമാറിന്റെ ലൂസിയ എന്ന പടത്തില്‍ ഒരു പൊലീസ് ഓഫീസറായി ചെറിയ വേഷം. സുഹൃത്ത് രക്ഷിത്ത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു എന്ന ചിത്രത്തില്‍ ഒരു പ്രധാന റോള്‍ ചെയ്തു. ഷെട്ടിയുടെ കരിയര്‍ ബ്രേക്കായിരുന്നു ആ ചിത്രം. 'രക്ഷിത് എന്നെ രക്ഷിച്ചു' എന്നാണ് ഇതേക്കുറിച്ച് ഋഷഭ് പറഞ്ഞത്. പിന്നീട് നായകനായ ബെല്‍ബോട്ടം എന്ന സിനിമ വിജയമായി.

രക്ഷിത്-ഋഷഭ് ടീമിലേക്ക് രാജ് ബി ഷെട്ടി വന്നതോടെയാണ് കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങായി അത് മാറുന്നത്. സാധാരണ നാം ഈ ഷെട്ടികളയൊക്കെ കാണുന്നത് സിനിമകളിലെ വില്ലന്‍മ്മാരായിട്ടാണ്. എന്നാല്‍ ഈ മൂന്ന് ഷെട്ടികളും ഇന്ന് ഹീറോകളാണ്. ഒരുത്തനും വേണ്ടാതെ കിടക്കയായിരുന്ന കന്നട സിനിമയുടെ ജാതകം തിരുത്തിയത് ഈ മൂന്നുപേരാണ്. പത്തു വര്‍ഷം മുമ്പ് വരെയും മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ശുദ്ധ പുഛമായിരുന്നു, സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രി എന്ന് അറിയപ്പെടുന്ന കന്നട സിനിമയോട്. അതില്‍ തെറ്റുപറയാനും കഴിയില്ല. അരോചക കത്തികളായിരുന്നു അക്കാലത്തെ കന്നട മെയിന്‍സ്ട്രീം സിനിമകള്‍. ( എന്നാല്‍ അക്കാലത്തും കന്നടയില്‍ സമാന്തരമായ മികച്ച സിനിമകളും ഉണ്ടായിരുന്നു. പക്ഷേ അവയെന്നും ജനപ്രിയമായിരുന്നില്ല) നാല് പാട്ട്, നാലുതല്ല്, നായികയുടെ ശരീര പ്രദര്‍ശനം, ചില ഇമോഷണല്‍ ഫാമിലി ഡ്രാമ.

ഒരേ അച്ചില്‍ വാര്‍ത്ത സിനിമകളില്‍നിന്ന് കന്നഡയെ മോചിപ്പിച്ചത് ഈ ഷെട്ടി ഗ്യാങ്ങ് ആണ്. ഒരു വേള കന്നഡ സിനിമകളുടെ എണ്ണം പോലും വല്ലാതെ കുറഞ്ഞിരുന്നു. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയെ ബോളിവുഡ് വിഴുങ്ങുകയാണെന്ന ധാരണ പോലും പരന്നു. അതിനിടയിലാണ് 2013മുതല്‍ ഈ ഷെട്ടി ഗ്യാങ്ങിലെ പിള്ളേര്‍ സിനിമയുമായി എത്തുന്നത്. അതോടെ കന്നട സിനിമ അടിമുടി മാറി. ജനപ്രിയവും കലാമുല്യവുള്ള ഒരു പാട് സിനിമകള്‍ ഇറങ്ങി. ഒടുവില്‍ അതിന്റെ തുടര്‍ച്ചയെന്നോണം കെജിഎഫ് ഇറങ്ങിയതോടെ കന്നഡ ഇന്‍ഡസ്ട്രി ഒരു പാന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയായിക്കുടി മാറി.


 



ഗരുഢ ഗമന വൃഷഭ വാഹന

ട്രാഫിക്ക് എന്ന രാജേഷ് പിള്ളയുടെ സിനിമയാണ് മലയാളത്തില്‍ നവ തരംഗം കൊണ്ടുവന്നതെങ്കില്‍, രാജ് ബി ഷെട്ടിയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ 'ഗരുഢ ഗമന വൃഷഭ വാഹന' എന്ന ചിത്രമാണ് കന്നഡയില്‍ പൂര്‍ണ്ണമായ ന്യൂജന്‍ തരംഗം കൊണ്ടുവന്നത് എന്നാണ് നിരൂപകര്‍ പറയുന്നത്. ഈ ചിത്രത്തിലെ ഗ്യാങ്ങ്സ്റ്റര്‍ ഹരി, ഋഷഭിന് ഒരു നടന്‍ എന്ന നിലയില്‍ വലിയ പേരുണ്ടാക്കിക്കൊടുത്ത്. നിരൂപകരും മാധ്യമങ്ങളും ചിത്രത്തിലെ അഭിനയത്തെ വാഴ്ത്തി. മംഗാലാപുരത്തെ വയലന്‍സിന്റെ കഥ പറയുന്ന ചിത്രം, കന്നഡ സിനിമയുടെ ഒരു മൈല്‍ സ്റ്റോണായി വിലയിരുത്തപ്പെട്ടു. രാജ് ബി ഷെട്ടിയുമായുള്ള ഋഷഭിന്റെ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എത്രയും അക്രമാസ്‌കതമായ ഒരു കൊലപാതകത്തിനു ശേഷം സ്‌ക്രീനില്‍ നിറഞ്ഞ് പ്രധാന കഥാപാത്രം നടത്തുന്ന ഒരു താണ്ഡവമുണ്ട്. നടുങ്ങിപ്പോവൂം. അത് ചെയ്തത് സംവിധായകന്‍ കൂടിയാ രാജ് ബി ഷെട്ടിയാണ്. ഈ സിനിമ കണ്ട് അത്ഭുതപ്പെട്ടവരില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരുമുണ്ട്. ഗ്യാങ്സ്റ്റര്‍ മൂവികളുടെ തമ്പുരാക്കാന്‍മ്മാരായ രാം ഗോപാല്‍ വര്‍മ്മയും അനുരാഗ് കാശ്യപുമൊക്കെ ചിത്രത്തെ പുകഴ്ത്തിയിരുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂര്‍ത്തികളായ ബ്രഹ്‌മവിഷ്ണു മഹേശ്വര സങ്കല്‍പ്പത്തിന്റെ ചുവടൊപ്പിച്ചാണ് ഈ പടം. തുടക്കത്തിലെ അമ്മ കഥാപാത്രം ഒഴിച്ചാല്‍ ചിത്രത്തില്‍ സത്രീ കഥാപാത്രം ഇല്ലെന്നുതന്നെ പറയാം. ശിവ, ഹരി എന്നീ ഗുണ്ടകളും അവരെ ഒതുക്കനായി നിയോഗിക്കപ്പെട്ട ബ്രഹ്‌മയ്യ എന്ന പൊലീസ് ഓഫീസറും ചേര്‍ന്ന ത്രിമൂര്‍ത്തി സംഗമം ആയിരുന്നു ഈ ചിത്രം. ഒരു കാലത്ത് എവിടെപ്പോയാലും തങ്ങള്‍ അറിയപ്പെട്ടിരുന്നത് ഈ ചിത്രത്തിന്റ പേരിലാണെന്ന് ഋഷഭ് പറയുന്നുണ്ട്. മൂന്ന് വ്യത്യസ്തരായ ഫിലിംമേക്കേഴ്സ് ആണെങ്കിലും, പരസ്പരം സഹകരിച്ചാണ് 'ഷെട്ടി ഗ്യാങ്ങ്' ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

നടന്‍ എന്ന രീതിയില്‍ വിജയം വരിക്കുമ്പോഴും സിനിമ സംവിധാനം ചെയ്യണം എന്ന മോഹം ഋഷഭില്‍ അപ്പോഴും ബാക്കിയായരുന്നു. 2016-ല്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി ഋഷഭ് റിക്കി എന്ന ചിത്രം ഡയറക്ട് ചെയ്തു. പടം ഒരു ആവറേജ് വിജയമായി. പക്ഷേ പിന്നീടാണ് ഹിറ്റുകള്‍ വന്നത്. കിരിക്ക് പാട്ടി എന്ന ഋഷഭിനെ പടം ഹിറ്റായി. അതോടെയാണ് അയാള്‍ കൊമേര്‍ഷ്യല്‍ സിനിമക്ക് പ്രിയങ്കരനായത്. മിഷന്‍ ഇംപോസിബിള്‍ എന്ന അടുത്ത ചിത്രവും സാമാന്യം നല്ല പ്രതികരണം സൃഷ്ടിച്ചു. ഈ കാലയളവില്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം തന്റെ കന്നി അങ്കം കുറിച്ചു. ഹരികതൈ അല്ലാ ഗിരികതൈ എന്ന പടവും മോശമല്ലാത്ത തരത്തില്‍ ഓടി. എന്നാല്‍ പിന്നാലെ വന്ന സിനിമ ചരിത്രം തിരുത്തി. അതാണ് കാന്താര.


 



കന്നഡയുടെ ബാഹുബലി

ഋഷഭ് ഷെട്ടി നേരത്തെ കഥപറഞ്ഞിട്ടും പലരും തള്ളിക്കളഞ്ഞ പ്രോജക്റ്റാണ് കാന്താര. എന്നാല്‍ കെജിഎഫ് എടുത്ത പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാളെ ഫിലിംസിന് ഷെട്ടിയുടെ ഈ വ്യത്യസ്തമായ ഒരു കഥാപരിസരം ഇഷ്ടമായി. അങ്ങനെയാണ് കാന്താര ഉണ്ടാവുന്നത്. പടം ഇന്ത്യ മുഴുവന്‍ ഹിറ്റായി. കന്നഡയുടെ ബാഹുബലി എന്ന് ഋഷഭ് പ്രകീര്‍ത്തിക്കപ്പെട്ടു. കാന്താരയിലെ അവസാനത്തെ പത്തുമിനുട്ടിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനം ഒന്ന് കാണണം. അന്യനിലെ വിക്രം തോറ്റുപോവും.

ശിവയെന്ന ധിക്കാരിയായ, ഉത്തരവാദിത്വമില്ലാത്ത യുവാവില്‍നിന്ന് ഗുളികനായുള്ള ആ പകര്‍ന്നാട്ടം ഒറ്റവാക്കില്‍ പറഞ്ഞൊതുക്കാനാവില്ല. ഋഷഭ് ഷെട്ടി എന്ന സംവിധായകനും കൊടുക്കണം ഒരു കുതിരപ്പവന്‍. മൈന്യൂട്ട് ഡീറ്റെയിലിങ്ങിലാണ് കാന്തരയുടെ ശക്തിയും സൗന്ദര്യവും കിടക്കുന്നത്. ആ കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മിത്തുകളെ ചിത്രം നിഗുഡതയുടെ സൗന്ദര്യം വിട്ടുപോവാത്ത രീതിയില്‍ ചിത്രീകരിക്കുന്നു. കമ്പാള എന്ന പോത്തോട്ടം, നാടന്‍ തോക്കുള്‍ കൊണ്ടുള്ള നായാട്ട്, തുടങ്ങിയവയൊക്കെ ചിത്രീകരിച്ചിരിക്കുന്നടത്ത് കാണാം ഷെട്ടിയുടെ ബ്രില്ല്യന്‍സ്.

കാന്താര കോടികള്‍ കളക്്റ്റ് ചെയ്തയോടെ ഋഷഭ് ഷെട്ടിയും ഇന്ത്യ മുഴുവന്‍ പ്രശസ്തനായി. ബോളിവുഡില്‍നിന്നുപോലും അയാള്‍ക്ക് വിളിവന്നു. പക്ഷേ കാന്താര 2 എന്ന 'കാന്താര: ദ ലെജന്‍ഡ്- ചാപ്റ്റര്‍ 1' എന്ന സിനിമക്കായുള്ള യത്്നത്തിലായിരുന്നു അയാള്‍. ഇപ്പോഴിതാ അതും വന്‍ വിജയമായിരിക്കയാണ്. ഈ അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഹൈപ്പ് നേടിയ മറ്റൊരു ചിത്രമുണ്ടാകില്ല. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനായി ആയിരംകണ്ണുകളുമായി കാത്തിരിക്കയായിരുന്നു ഇന്ത്യന്‍ സിനിമാ ലോകം. അഞ്ചുഭാഷകളില്‍ സബ് ടൈറ്റില്‍ ചെയ്ത് വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ഈ ചിത്രവും ലോകം കീഴടക്കുകയാണ്.

ഇന്ന് സിനിമയിലുടെ കോടീശ്വരനാണ് ആ പഴയ ഹോട്ടല്‍ തൊഴിലാളി. 2018- ല്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും താരം ആരംഭിച്ചു. കാന്താരയുടെ വിജയത്തിന് പിറകെ ഏകദേശം 83 ലക്ഷം വിലമതിക്കുന്ന ഔഡി ക്യ സെവനും നടന്‍ സ്വന്തമാക്കിയിരുന്നു. ഭാര്യ പ്രഗതിയും ഋഷഭിന്റെ വിജയങ്ങള്‍ക്ക് ഒപ്പം കൂടെയുണ്ട്. വിജയങ്ങള്‍ ഒന്നും തന്റെ വ്യക്തിപരമായ ക്രെഡിറ്റിലേക്ക് മാറ്റുന്നില്ല ഈ വിനീതന്‍-'' ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. ഞാന്‍ അതിന്റെ ക്യാപറ്റനാണെന്ന് മാത്രം. കാന്താര-2 വിന്റെ വിജയം സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തന്നെ വിജയമാണ്. ഇത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ ഉണ്ടാവണം. കൂടുതല്‍ പേര്‍ക്ക് ജോലികിട്ടണം''- ഋഷഭ് പറയുന്നു. മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഋഷഭിന് നമ്മുടെ ചിത്രങ്ങളും ഏറെ ഇഷ്ടമാണ്. ആ ഇഷ്ടം കൊണ്ട് കൂടിയാണ് മലയാളത്തിന്റെ ജയറാമിനെ കാന്താര 2-വില്‍ പ്രധാന വേഷം കൊടുക്കാന്‍ അദ്ദേഹം തയ്യാറായതും.



 



വാല്‍ക്കഷ്ണം: പത്തുവര്‍ഷം മുമ്പുവരെയും ഈച്ചയാട്ടിയിരുന്നു കന്നഡ ഇന്‍ഡ്ട്രിയില്‍നിന്നാണ് ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഉണ്ടാവുന്നത്. അതുപോലെ, ഒരു മലയാള പടം കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രദര്‍ശിപ്പിക്കപ്പെടുന്ന കാലം എന്നാണാവോ ഉണ്ടാവുക!

Tags:    

Similar News