'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്‍ധാര സജീവമാക്കിയ താത്വിക അവലോകനം; എന്റെ തല എന്റെ ഫുള്‍ ഫിഗര്‍; പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല'; മലയാളി ഒരിക്കലും മറക്കാത്ത ആക്ഷേപഹാസ്യ ചാട്ടുളി; ശ്രീനിവാസന്‍ മലയാള സിനിമയുടെ വി കെ എന്നും വിഗ്രഹഭഞ്ജകനും!

'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്‍ധാര സജീവമാക്കിയ താത്വിക അവലോകനം

Update: 2025-12-20 05:17 GMT

മലയാള സിനിമയിലെ വികെഎന്നും ബര്‍ണാഡ് ഷായും. അന്തരിച്ച നടനും എഴുത്തുകാരനും, സംവിധായകനുമായ ശ്രീനിവാസനെ ഒറ്റവാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. ആക്ഷേപഹാസ്യത്തിന്റെ അങ്ങേത്തലയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ശരിക്കും ഒരു വിഗ്രഹഭഞ്ജകന്‍. മലയാളിയുടെ വെള്ളിത്തിരയിലെ കാപട്യങ്ങളെ നര്‍മ്മം കൊണ്ട് കീറിമുറിച്ച ആ വിപ്ലവകാരി വിടവാങ്ങങുകയാണ്. കേവലം ഒരു നടനായല്ല, മറിച്ച് തന്റെ ജീവിതാനുഭവങ്ങളുടെ കയ്പ്പും മധുരവും മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് ഇന്‍ജക്ട് ചെയ്ത തിരക്കഥാകൃത്തായും സംവിധായകനായുമാണ് ശ്രീനിവാസന്‍ വിരാജിച്ചത്.

കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വന്നിട്ടും വിഗ്രഹഭഞ്ജകനായി മാറിയ ശ്രീനിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. മുന്‍ മുഖ്യമന്ത്രി നായനാരുടെ അതേ റോളാണ് ശ്രീനിവാസന് എന്ന് പറയുന്നവരുണ്ട്. നായനാര്‍ക്ക് എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ട്. അതുപോലെ ശ്രീനിവാസനും ആരെയും വിമര്‍ശിക്കാന്‍ കഴിയും. മമ്മൂട്ടിക്കുപോലും ശ്രീനിവാസന്റെ വിമര്‍ശനങ്ങളില്‍ പരിഭവം ഉണ്ടായിരുന്നില്ല. അഴകിയ രാവണനിലെ കഥാപാത്രത്തിന് മമ്മൂട്ടിയുമായി സാമ്യമുണ്ടെന്നൊക്കെ ശ്രീനിവാസന്‍ ഒരിക്കല്‍ തുറന്നടിച്ചിരുന്നു. അതുപോലെ രാഷ്ട്രീയ അസംബന്ധങ്ങളെയും അദ്ദേഹം നിരന്തരം വിചാരണ ചെയ്തു.

ആരാണ് പ്രഭാകരന്‍ കോട്ടപ്പള്ളി?

''പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്ന് മൂന്നര പതിറ്റാണ്ടുമുമ്പ് ശ്രീനിവാസന്‍ 'സന്ദേശം' സിനിമയില്‍ എഴുതിയത് ഈ തിരഞ്ഞെടുപ്പ്കാലത്തും കേരളം ചര്‍ച്ചചെയ്യുന്നു. ഈയിടെ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇനി എത്രകാലമെടുത്താലും ഈ ചിത്രത്തിന്റെ പ്രസ്‌ക്തി നിലനില്‍ക്കും. സന്ദേശത്തില്‍ 'ഇത് മരിച്ചയാളുടെ ഡെഡ്ബോഡിയാണെന്ന്' പറയുന്ന സംഭാഷണവും ഇന്നും രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള കോപ്രായങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മവരും.


 



91-ല്‍ സന്ദേശം സിനിമ എഴുതുമ്പോള്‍ തന്നെ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിരുന്നു, ഇതില്‍ എക്കാലും ഓര്‍മ്മിപ്പിക്കപെടാവുന്ന ഒരുപാട് ഡയലോഗുകള്‍ ഉണ്ടാവുമെന്ന്. 91-ലെ സാമ്പത്തിക ഉദാരീകരണത്തിനും, കമ്യൂണിസ്റ്റ് ചേരിയുടെ തകര്‍ച്ചക്കുശേഷവും ഇറങ്ങിയ 'സന്ദേശം' പ്രബുദ്ധനെന്ന് മേനി നടിക്കുന്ന മലയാളിയുടെ ചില വ്യാജ ബോധങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചു. കുത്തക മുതലാളിയെന്നോര്‍ത്ത് ഞെട്ടിവിറക്കുന്ന പ്രഭാകരന്‍ കോട്ടപ്പള്ളി എന്ന കമ്യൂണിസ്റ്റ് അക്കാലത്തിന്റെ ഒരു നേര്‍ ചിത്രീകരണമായിരുന്നു.

ലോകത്ത് ആദ്യമായി കമ്യൂണിസത്തില്‍നിന്ന് മോചനമുണ്ടായ രാജ്യമാണ് പോളണ്ട്. ആ തകര്‍ച്ചയെക്കുറിച്ച് പറയുമ്പോഴാണ്, പ്രഭാകരന്‍ കോട്ടപ്പള്ളി 'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് പറയുന്നത്. ചിത്രത്തില്‍ നമ്മള്‍ എങ്ങനെ തോറ്റു എന്നതിന് താത്വികമായ അവലോകനം നടത്തുന്ന, പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപ്പിള്ള സാറിന്റെ അന്തര്‍ധധാരയും ഏറെ ചര്‍ച്ചയായി. ഈ തിരഞ്ഞെടുപ്പുകാലത്തും അത് ട്രോളായിരുന്നു. അപ്പുറത്ത് സഹോദരന്‍ ജയറാമിന്റെ കഥാപാത്രത്തിലുടെ കോണ്‍ഗ്രസിനും നന്നായി കൊട്ടുകൊടുക്കുന്നുണ്ട് അദ്ദേഹം.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പ്രഭാകരന്‍ കോട്ടപ്പള്ളി എന്നത് സാമ്പത്തിക അന്ധവിശ്വാസങ്ങളുടെ തടവറയിലായിരുന്നു, ഒരു ശരാശരി മലയാളി തന്നെയാണെന്ന് കേരളം തിരിച്ചറിയുന്നുണ്ട്. എന്തിലും ഏതിലും രാഷ്ട്രീയം കുത്തിക്കലര്‍ത്തി, ഗാട്ട് കരാറില്‍ ഒപ്പിട്ടതിന്റെ പേരില്‍ രാജ്യം തകര്‍ന്നുപോവുമെന്ന് ചിന്തിക്കുന്ന ആ മനുഷ്യന്‍ അക്കാലത്തെ യുവത തന്നെയായിരുന്നു. ഇതുമായി സമ്യമുള്ള മറ്റൊരു കഥാപാത്രത്തെ ശ്രീനിവാസന്‍ പിന്നീട് അവതരിപ്പിച്ചിട്ടുണ്ട്. അതാണ്, ലാല്‍ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ക്യൂബാ മുകുന്ദന്‍. കമ്യൂണിസ്റ്റ് സ്വപ്നങ്ങളില്‍ വിശ്വസിച്ച്, ചൈനയെ പ്രണയിക്കുന്നു, കൊക്കക്കോള കുടിക്കാത്ത മുകന്ദന്‍, ഒടുവില്‍ ഗള്‍ഫ് രാജ്യത്തിലെത്തി, പാര്‍ട്ടിയാല്‍ തന്നെ വഞ്ചിക്കപ്പെടുന്ന കഥയും മലയാളികള്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്.

കറുത്ത് കുറിയ ബദല്‍ നായകന്‍

1976- ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത്. പതുക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളിലുടെ അദ്ദേഹം വളര്‍ന്നു. പ്രിയദര്‍ശന്റെ 'ഓടരുതമ്മാവാ ആളറിയും' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ അദ്ദേഹത്തിന് തിരക്കഥയില്ലാത്തതിനാല്‍ ആ പണി കൂടി ചെയ്യേണ്ടി വന്നു. അങ്ങനെ കഥ തിരക്കഥ സംഭാഷണം ഡബ്ബിങ്ങ് അഭിനയം തുടങ്ങി മലയാള സിനിമയുടെ മിക്കമേഖലയിലും കൈ വെക്കുന്ന രീതിയില്‍ അദ്ദേഹം കത്തിക്കയറി.


 



മലയാള സിനിമയില്‍ പുരുഷ സൗന്ദര്യത്തിന്റെ മൂര്‍ത്തിഭാവമായി മമ്മൂട്ടിയും മോഹന്‍ലാലും കത്തിനില്‍ക്കുന്ന സമയത്താണ് വേറെ ഒരു ട്രാക്ക്പിടിച്ച് ശ്രീനിവാസന്‍ നടന എന്നനിലയിലും കയറിവരുന്നത്. കുറത്ത് കുറിയ ഒരു മനുഷ്യന്‍ നായകനാവുക എന്നത് അന്ന് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. 'ഞാന്‍ അത്ര സുന്ദരനല്ല' എന്ന് പല ശ്രീനിവാസന്‍ കഥാപാത്രങ്ങളും തുറന്നുപറഞ്ഞു. തന്റെ കറുപ്പും, ഉയരക്കുറവുമെല്ലാം സ്വയം ട്രോളി. പക്ഷേ കൂടെ അഭിനയിച്ച നടി ഉര്‍വശി പറയുന്നത് 'താന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവു സുന്ദരനായ മനുഷ്യനാണ്' ശ്രീനിവാസന്‍ എന്നാണ്. ഒരു ഭാഗത്ത് താരസിനിമകള്‍ ഇറങ്ങുമ്പോഴും ശ്രീനിവാസന്റെ ചെറിയ സിനിമകള്‍ക്കായി മലയാളി കാത്തിരുന്നു.

ഒരു നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്റെ റേഞ്ച് കാണിച്ചുതന്ന ചിത്രങ്ങളായിരുന്നു, പ്രിയദര്‍ശന്റെ തേന്‍മാവില്‍ കൊമ്പത്തും, അദ്ദേഹത്തിന്റെ തന്നെ വടക്കുനോക്കിയന്ത്രവുമെല്ലാം. 'ഒരു വെടിക്ക് മൂന്ന് പക്ഷിയെന്ന്' പറയുന്ന തേന്‍മാവിന്‍ കൊമ്പത്തിലെ അപ്പക്കാളയും ഒരു നിത്യഹരിത ഓര്‍മ്മയാണ്. മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയില്‍ ഇറങ്ങിയ ചിത്രങ്ങളും നാടോടിക്കാറ്റ് സീരീസും എത്രയോ വര്‍ഷം കഴിഞ്ഞിട്ടും മലയാളികള്‍ ആസ്വദിക്കുന്നു. 'സന്‍മനസുള്ളവര്‍ക്ക് സമാധാനം' എന്ന ചിത്രത്തിലൊയൊക്കെ കോട്ടപ്പള്ളി സുലൈമാനെ വിറപ്പിച്ച എസ്ഐ രാജേന്ദ്രന്റെ അഭിനയം ഇന്നും നമ്മെ ഊറിപ്പിരിപ്പിക്കും.

ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീനിവാസന്‍, വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്.

താരാധിപത്യത്തിനെതിരെ തുറന്നടിക്കുന്നു

കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറുമ്പോള്‍ ശ്രീനിവാസന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം. മദ്രാസില്‍ രജനികാന്തായിരുന്നു സഹപാഠി. പിന്നീട് പ്രിയദര്‍ശനും ലാലും സുരേഷ് കുമാറുമൊക്കെ ശ്രീനിയുടെ സുഹൃത്തുക്കളാകുന്നത്. അഭിനയിക്കാന്‍ ചെന്ന ആ മെലിഞ്ഞ പയ്യനെ എല്ലാവരും കളിയാക്കി. പക്ഷേ എഴുത്തിന്റെ ലോകത്തും അഭിനയത്തിലും താന്‍ ഒരു പുലിയാണെന്ന് അദ്ദേഹം പിന്നീട് തെളിയിച്ചു. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഇത്രത്തോളം തിളങ്ങുമായിരുന്നോ എന്നത് സംശയമാണ്. ദാസനായും വിജയനായും അവര്‍ തകര്‍ത്താടിയപ്പോള്‍ പിറന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്.


 



'വരവേല്‍പ്പ്' എന്ന സിനിമയിലുടെ ശ്രീനിവാസന്‍ ഒരു സാധാരണ ബസ് ഉടമയെ എങ്ങനെ മലയാളികള്‍ ബൂര്‍ഷ്വയാക്കുന്നുവെന്ന് കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. നാട്ടില്‍ ഒരു ചെറിയ വ്യവസായം തുടങ്ങി പത്തുപേര്‍ക്ക് തൊഴില്‍ കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു മലയാളിയെ ഈ സമൂഹം എങ്ങനെ കുത്തുപാളയെടുപ്പിക്കുന്നുവെന്നത് ആ ചിത്രം വ്യക്തമാക്കുന്നു. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി കേരളത്തില്‍ എത്തിയപ്പോള്‍ ഉദ്ധരിച്ച കഥകളിലൊന്നും ഇതുതന്നെ.

സംശയരോഗവും, അപകര്‍ഷതാബോധവുമുള്ള 'തളത്തില്‍ ദിനേശന്‍' എന്ന വടക്കുനോക്കിയന്ത്രത്തിലെ നായകനെ നാം ഒരുപാടിടത്ത് കണ്ടിരിക്കണം. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലും ഏഴാകൂലികളുടെ കണ്ണീരില്‍ ചാലിച്ച നര്‍മ്മം, 80കളുടെ മലയാളി ജീവിതം കൂടിയായിരുന്നു. പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല എന്ന നാടോടിക്കാറ്റിലെ സംഭാഷണം ഇന്നും ബ്ലാക്ക് ഹ്യൂമറില്‍ നമ്പര്‍ വണ്‍ ആണ്. 'ചിന്താവിഷ്ടയായ ശ്യാമളയിലൂടെ' എന്തിനും അഡിക്റ്റായിപ്പോവുന്ന ഒരാളുടെ മനസ്സാണ് ശ്രീനി ചിത്രീകരിച്ചത്.

ചുരക്കിപ്പറഞ്ഞാല്‍ മലയാളി മനസ്സിന്റെ കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. സ്വന്തം തട്ടകമായ സിനിമയിലെ പുഴുക്കുത്തുകളെയും ശ്രീനിയുടെ തുലിക വെറുതെ വിട്ടില്ല. 'ഉദയനാണ് താരം'പോലെ താരാധിപത്യത്തെ വിമര്‍ശിക്കാനുള്ള ഒരു പടം എഴുതാന്‍ ഇന്ന് ആര്‍ക്കും ധൈര്യമുണ്ടാവില്ല. 'എന്റെ തല എന്റെ ഫുള്‍ഫിഗര്‍' എന്ന ഡയലോഗോക്കെ ശരിക്കും ലക്ഷ്യവേധിയായിരുന്നു. പക്ഷേ അതിന്റെ തുടര്‍ച്ചയായി ഇറങ്ങിയ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ എന്ന ചിത്രം, വെറും വ്യക്തിഹത്യയിലേക്ക് താണുപോയി. ശ്രീനിവാസന് പിഴച്ചുപോയ അപുര്‍വം ഇടങ്ങില്‍ ഒന്നായിരുന്നു അത്. മോഹന്‍ലാലിനെ കളിയാക്കുന്നു എന്ന പേരില്‍ ഈ ചിത്രം വിമര്‍ശിക്കപ്പെട്ടപ്പോള്‍, അത് മമ്മൂട്ടിയെക്കുറിച്ചുമാണ് എന്ന് തുറന്ന് പറയാന്‍ ശ്രീനിവാസനെ ധൈര്യം കാണുകയുള്ളൂ. ഈ സിനിമയുടെ പേരില്‍ മോഹന്‍ലാലുമായി ഇടഞ്ഞ ശ്രീനി ഈയടത്തുകാലത്താണ് അദ്ദേഹവുമായി രമ്യതയിലേത്തിയത്.

സംഭാവന അഭിനയിക്കാത്ത സിനിമകള്‍

ഞാന്‍ വേണ്ട എന്ന് വെച്ചു 500 സിനിമകളാണ് എന്റെ പ്രധാന സംഭാവന എന്ന് പറയാന ശ്രീനിവാസന് മാത്രമേ കഴിയൂ. പണത്തിന്റെയും കമ്മിറ്റ്മെന്റിന്റെയും പേരില്‍ തുടരെതുടരെ വളിപ്പ് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ശ്രീനിവാസന്‍ അസുഖ ബാധിതനായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ഏറെ കാലമായി സിനിമയില്‍ ശ്രീനിവാസന്‍ സജീവമല്ല. പല തവണ മരണം മുന്നില്‍ കണ്ട് തിരിച്ചു വന്നിട്ടുള്ള ആളാണ് താന്‍ എന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് സിനിമയുടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് സംവിധാനം വിട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.


 



''സംവിധാനം വിട്ടത് ഇതുകൊണ്ട് തന്നെ. ഞാന്‍ ഒറ്റയ്ക്ക് സിനിമയുടെ കഥ ആലോചിച്ച് എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച് എഡിറ്റ് ചെയ്ത്, പരസ്യവാചകം എഴുതി പടം തിയേറ്ററില്‍ എത്തിക്കുന്നത് വരെയുള്ള പണി ഒറ്റ ഒരുത്തന്‍ ചെയ്യണം. എനിക്ക് അത് പറ്റില്ലെന്ന് തോന്നി. അത്രയും പണിയെടുക്കാന്‍ വയ്യ,''-പലരും സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞ് സമീപിച്ചിട്ടുണ്ട്. ഇനി ഞാന്‍ എപ്പോഴെങ്കിലും ചെയ്‌തേക്കാം. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ സ്ഥിരമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ് നടക്കാന്‍ ഞാന്‍ ഉണ്ടാവില്ല. ഉറപ്പാണെന്നും ശ്രീനിവാസന്‍ പറയുന്നു.

വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്യാന്‍ പറ്റാതിരുന്നതിന് സത്യന്‍ അന്തിക്കാടിന് വിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞത്. താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ചെയ്തത്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു. ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ ഒക്കെ നടത്തിയത് പ്രിയദര്‍ശനുമായിട്ടാണ് എന്നും ശ്രീനിവാസന്‍ പറഞ്ഞു. പ്രിയനുമായിട്ട് നല്ല അടുപ്പമാണ്. പ്രിയനും കുറച്ചുപേരുമൊക്കെയേ അടുത്ത സുഹൃത്തുക്കളായിട്ടുള്ളു. പ്രിയന്‍ എന്നെ അത്ഭുതപ്പെടുത്തുന്ന പല സിനിമകളും ചെയ്തിട്ടുള്ള ആളാണ്. ഉദാഹരണത്തിന് ചന്ദ്രലേഖ. അതിന്റെ കഥയെക്കുറിച്ചല്ല താന്‍ പറയുന്നത്. അതിലെ കുറച്ച് സീനുകളുണ്ട്. മറ്റു സംവിധായകര്‍ ചെയ്യാന്‍ മടിക്കുന്ന, ചെയ്യാന്‍ ഭയപ്പെടുന്ന സീനുകള്‍ ചന്ദ്രലേഖയിലുണ്ട്. ഉദാഹരണത്തിന് തന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും ഉണ്ട്. മറ്റുള്ളവര്‍ ഈ രണ്ട് കഥാപാത്രങ്ങളെയും രണ്ട് അര്‍ത്ഥത്തിലാണ് സിനിമയില്‍ കാണുന്നത്. അതില്‍ എനിക്ക് പ്രിയനോട് വലിയ ബഹുമാനം തോന്നിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.അസുഖം വന്ന് ശബ്ദം തകറാറിലായിട്ടും അദ്ദേഹം നര്‍മ്മത്തിന്റെ ലോകത്തെ രാജാവായിരുന്നു. അവസാനം നല്‍കിയ അഭിമുഖത്തിലും ശബ്ദം ദുര്‍ബലമാണെങ്കിലും ആശയത്തിന്റെ കരുത്ത് അപരമായിരുന്നു.

വാല്‍ക്കഷ്ണം: പലപ്പോഴും ബ്ലഡി ഇന്നസെന്റ് എന്ന് വിളിക്കാവുന്ന സത്യസന്ധതയായിരുന്നു ശ്രീനിവാസന്‍ വെച്ചുപുലര്‍ത്തിയത്. വടക്കുനോക്കിയന്ത്രം സിനിമ സംവിധാനം ചെയ്യുമ്പോള്‍ തനിക്ക് ക്യാമറയെപ്പറ്റി വലിയ ധാരണയില്ലായിരുന്നുവെന്നും അത് ശരിയാക്കിയാണ് ക്യാമറാന്‍ വേണുവാണെന്നുമൊക്കെ തുറന്ന് പറയാന്‍ വേറെ ആര്‍ക്ക് കഴിയും!

Tags:    

Similar News