ഒരു ഐറ്റം ഡാന്‍സിന് 60 ലക്ഷം രൂപ! ഒറ്റമാസം പരസ്യവരുമാനം മാത്രം ഒരുകോടി; ആരാധകര്‍ വെണ്ണക്കല്‍ ശില്‍പ്പത്തോട് ഉപമിക്കുന്ന സൗന്ദര്യധാമം; നയന്‍താരക്ക്ശേഷം സൗത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇപ്പോള്‍ 60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പില്‍ ആരോപിത; നടി തമന്ന വീണ്ടും വിവാദക്കുരുക്കില്‍
ഒരു ഐറ്റം ഡാന്‍സിന് 60 ലക്ഷം രൂപ!
ഒരു മാസം പരസ്യത്തില്‍നിന്ന് മാത്രം ഒരു കോടി രൂപ സമ്പാദിക്കുന്ന നടി! 200 കോടിയോളം ആസ്തി. സിനിമയും മോഡലിങ്ങുമൊക്കെയായി പ്രതിവര്‍ഷം 20 കോടി രൂപ സമ്പാദ്യം. ഓരോ ചിത്രത്തിനും നാല് മുതല്‍ അഞ്ച് കോടി രൂപവരെ. ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നത് 60 ലക്ഷം രൂപ! ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരമായി ഇന്ന് അറിയപ്പെടുന്നത് തമന്ന ഭാട്ടിയ 35-കാരിയാണ്. നയന്‍താരക്കുശേഷം സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സുപ്പര്‍ സ്റ്റാര്‍. ബാഹുബലിയും, ജയിലറുമൊക്കെയായി നിരവധി സിനിമകളിലുടെ, പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം.
ആരാധകര്‍ വെണ്ണക്കല്‍ ശില്‍പത്തോടാണ് തമന്നയുടെ സൗന്ദര്യത്തെ ഉപമിക്കാറുള്ളത്. കണ്ടാല്‍ നോക്കിനിന്നുപോവും. വയസ് മുപ്പത്തിയഞ്ച് ്ആയെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. ഇന്ത്യന്‍ പരസ്യവിപണിയിലെയും കിരീടംവെക്കാത്ത താരമാണ് ഇവര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെപ്പോലെ തന്നെ തനിക്ക് ഇന്ന് കിട്ടുന്ന സ്റ്റാര്‍ഡം തമന്ന സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. സോപ്പ്, ഫേസ് ക്രീം തുടങ്ങി ഒരുപാട് കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങളുടെ മോഡലും, ബ്രാന്‍ഡ് അംബാസിഡറുമാണ് തമന്ന.
ഇങ്ങനെ അന്തവും കുന്തവുമില്ലാതെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്നതും, കമ്പനികളുടെക്കുറിച്ച് കാര്യമായി പഠിക്കാതെ അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറുന്നതും തമന്നയെ വലിയ വിവാദക്കുരുക്കിലേക്കാണ് കൊണ്ടുതള്ളുന്നത്. ഇപ്പോള്‍ അത് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍വരെ എത്തുന്നു. 60 കോടിയുടെ ക്രിപ്റ്റോതട്ടിപ്പില്‍ നടിമാരായ തമന്ന ഭാട്ടിയയേയും, കാജല്‍ അഗര്‍വാളിനേയും ചോദ്യംചെയ്യാനൊരുങ്ങിയിരിക്കയാണ് പുതുച്ചേരി പോലീസ്!
60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പ്
2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമ്മന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തു. മുംബൈയില്‍ പാര്‍ട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരില്‍നിന്ന് കമ്പനി പണം സ്വരൂപിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് 60 കോടിയെങ്കിലും ഇവര്‍ തട്ടിയെന്നാണ് കേസ്.
ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്റേയും മറ്റ് പത്തുപേരുടേയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതുവരെയുള്ള അന്വേഷണത്തില്‍ രണ്ടുപേരെ പുതുച്ചേരി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തമന്നയേയും കാജലിനേയും ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അശോകന്‍ പരാതിയില്‍ പറയുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഒരാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം 10 ലക്ഷം ആദ്യഘട്ടമായി നിക്ഷേപിച്ചു. വിരമിച്ചപ്പോള്‍ ലഭിച്ച പണമടക്കമായിരുന്നു നിക്ഷേപിച്ചത്. തമന്ന പങ്കെടുത്ത ഉദ്ഘാടന പരിപാടിയിലേക്ക് അശോകനും ക്ഷണം ലഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സെലിബ്രിറ്റികളുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് നിക്ഷേപം ഒരു കോടിയായി വര്‍ധിപ്പിച്ചു. പത്ത് സുഹൃത്തുക്കളെക്കൊണ്ട് 2.4 കോടിയും കമ്പനിയില്‍ നിക്ഷേപിപ്പിച്ചു.
മാസങ്ങള്‍ക്ക് ശേഷം കാജല്‍ പങ്കെടുത്ത മഹാബലിപുരത്തെ പരിപാടിയിലേക്കും കമ്പനി അശോകനെ ക്ഷണിച്ചു. ഈ പരിപാടിയില്‍വെച്ച് നൂറോളം നിക്ഷേപകര്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ള കാറുകള്‍ സമ്മാനമായി നല്‍കി. അശോകന്‍ ആവശ്യപ്പെട്ടതുപ്രകാരം കാറിന് പകരം കമ്പനി എട്ടുലക്ഷം പണമായി നല്‍കി. എന്നാല്‍, പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്ന് വാഗ്ദാനലംഘനങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതിപ്പെട്ടത്. തന്നേയും മറ്റ് നിക്ഷേപകരേയും കബളിപ്പിച്ചെന്നാണ് പരാതി.
ഈ തട്ടിപ്പില്‍ തമന്ന പെടുന്നത് ഈ കമ്പനിക്കാരെ വിശ്വസിച്ചുകൊണ്ട് അവര്‍ പുറത്തിറക്കിയ പല കാര്യങ്ങളും വേദിയില്‍ ആധികാരികമായി പ്രഖ്യാപിച്ചതിലാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ, ലാഭം ഉണ്ടാക്കുന്ന രീതിയെക്കുറിച്ചോ ഒന്നും കാര്യമായ ഒരു ധാരണ തമന്നയുടെ ടീമിന് ഉണ്ടായിരുന്നില്ല. പകരം അവര്‍ എഴുതിതന്നത് ഒക്കെ അവര്‍ തമന്നയെക്കൊണ്ട് വായിപ്പിച്ചു. ഫലത്തില്‍ തമന്നയും ഈ തട്ടിപ്പ് കമ്പനിയുടെ ഭാഗമാണെന്ന് വരുന്ന രീതിയിലായിരുന്നു പ്രചാരണം. ഇതാണ് കേസായി മാറിയത്.
ഹിന്ദിയില്‍നിന്ന് തെന്നിന്ത്യയിലേക്ക്
1989 ഡിസംബര്‍ 21ന് മുബൈയിലാണ് തമന്ന ജനിച്ചത്. സന്തോഷും രജനി ഭാട്ടിയയുമാണ് മാതാപിതാക്കള്‍. ആനന്ദ് ഭാട്ടിയ എന്നൊരു മൂത്ത സഹോദരനുണ്ട്. സിന്ധി ഹിന്ദുക്കളായ ഒരു ഇടത്തരം കുടുംബമായിരുന്നു അവരുടേത്. മുംബൈയിലെ മനേക്ജി കൂപ്പര്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. പതിമൂന്നാം വയസ്സില്‍ അഭിനയം പഠിക്കാന്‍ തുടങ്ങിയ അവര്‍ ഒരു വര്‍ഷത്തോളം പൃഥ്വി തിയേറ്ററില്‍ ചേര്‍ന്നു, അവിടെ സ്റ്റേജ് പ്രകടനങ്ങളില്‍ പങ്കെടുത്തു. ചെറുപ്പത്തില്‍ തന്നെ ഒരു നര്‍ത്തകിയോ നടിയോ ആവാനായിരുന്നു തമന്നയുടെ ആഗ്രഹം.
ചാന്ദ് സാ റോഷന്‍ ചേഹേര (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പക്ഷേ ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. ശ്രീ (2005) എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും, കേഡി (2006) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അവര്‍ അരങ്ങേറ്റം കുറിച്ചു. പക്ഷേ രണ്ടും ആവറേജായി മാറി. 2007-ല്‍, ഹാപ്പി ഡേയ്‌സ്, കല്ലൂരി എന്നീ ചിത്രങ്ങള്‍ അവരുടെ അഭിനയജീവിതത്തിന്റ് വഴിത്തിരിവായി. ഇവ രണ്ടിലെയും, തമന്നയുടെ കോളേജ് വിദ്യാര്‍ത്ഥിയായിട്ടുള്ള അഭിനയം നിരൂപക പ്രശംസ നേടി.സിനിമകളുടെ വാണിജ്യ വിജയം തെലുഗിലും തമിഴിലും ഒരു പ്രധാന നടി എന്ന നിലയില്‍ അവരുടെ കരിയര്‍ സ്ഥാപിക്കാന്‍ കാരണമായി.
കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം (2009), 100% ലവ് (2011), ഊസരവെല്ലി (2011), രച്ച (2012), തടഖ (2013), ബാഹുബലി : ദ ബിഗിനിങ് (2015), ബംഗാള്‍ ടൈഗര്‍ (2015), ഊപ്പിരി (2016), ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍ (2017), എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ (2019), സൈറാ നരസിംഹ റെഡ്ഡി (2019), എഫ് 3: ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ (2022) എന്നിവ തമന്നയുടെ ഹിറ്റ് ചിത്രങ്ങളാണ്. ഇതില്‍ ബാഹുബലിയാണ് തമന്നയുടെ മാര്‍ക്കറ്റ് ഏറ്റവും അധികം ഉയര്‍ത്തിയത്്. അതോടെ ഒരു പാന്‍ ഇന്ത്യന്‍ താരമായ അവര്‍ വളര്‍ന്നു. പ്രതിഫലത്തുകയും കോടികളിലേക്ക് വളര്‍ന്നു. അയന്‍ (2009), പയ്യാ(2010), സുരാ (2010), സിറുതൈ (2011), വീരം (2014), ധര്‍മ ദുരൈ (2016), ദേവി (2016), സ്‌കെച്ച് (2018), ജയിലര്‍ (2023), അരന്‍മനൈ 4 (2024) എന്നിവ അവരുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. ഇതില്‍ ജയിലറിലെ 'കാവാലയാ' പാട്ട്, തമന്നക്ക് ആഗോള വ്യാപകമായി ആരാധകരെ ഉണ്ടാക്കിക്കൊടുത്തു.
പക്ഷേ സിനിമയേക്കാള്‍ തമന്ന വിജയിച്ചത് പരസ്യത്തിലും മോഡലിങ്ങിലുമാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഫാന്റ, ചന്ദ്രിക ആയുര്‍വേദിക് സോപ്പ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ ടിവി പരസ്യങ്ങളില്‍ അവര്‍ നിറഞ്ഞുനിന്നു. മാര്‍ച്ച് 2015-ല്‍, അവര്‍ 'സീ തെലുഗു'-വിന്റെ ബ്രാന്‍ഡ് അംബാസഡറായി. അതേ മാസം തന്നെ സ്വന്തം ജ്വല്ലറി ബ്രാന്‍ഡായ 'വൈറ്റ് & ഗോള്‍ഡ്' ആരംഭിച്ചു. സാമൂഹിക കാര്യങ്ങളെ പിന്തുണച്ച് ജനുവരി 2016-ല്‍ അവര്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' കാമ്പെയ്‌നില്‍ ചേര്‍ന്നു. ഓഗസ്റ്റ് 2021-ല്‍ 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ' തമന്നയുടെ ആദ്യ പുസ്തകമായ 'ബാക്ക് ടു ദി റൂട്ട്' പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 2023-ല്‍, അവര്‍ പ്രശസ്ത ജാപ്പനീസ് ബ്യൂട്ടി ആന്‍ഡ് കോസ്മെറ്റിക്സ് ബ്രാന്‍ഡായ 'ഷിസെയ്ഡോ'-യുടെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡറായി. ജനുവരി 2024-ല്‍ തമന്ന 'സെല്‍ കോര്‍ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡ്'ന്റെയും അതേ വര്‍ഷം മാര്‍ച്ചില്‍ 'രസ്ന' എന്ന ശീതളപാനീയ കമ്പനിയുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആയി.
ഐറ്റം ഡാന്‍സര്‍ എന്ന നിലയിലും തമന്ന തിളങ്ങി. 2018-ല്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ 10 മിനിറ്റ് നൃത്തം ചെയ്തതിന് 50 ലക്ഷം രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ വെര്‍സോവയില്‍ 16 കോടിയിലധികം വിലമതിക്കുന്ന ഒരു ആഡംബര അപ്പാര്‍ട്ട്മെന്റും തമന്നയ്ക്കുണ്ട്.
മഹാദേവ് ബെറ്റിങ് ആപ്പിലും വിവാദം
ഇങ്ങനെ അമിതമായി പരസ്യത്തില്‍ അഭിനയിക്കുന്നത് നേരത്തെയും തമന്നയെ വിവാദത്തിലാക്കിയിട്ടുണ്ട്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ തമന്നെയെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഗുവാഹാത്തിയിലെ ഇ.ഡി ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നടന്നത്. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപുറിനെയും ശ്രദ്ധാ കപുറിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സാഹില്‍ ഖാനേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഛത്തീസ്ഗഢില്‍വെച്ച് മുംബൈ പോലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ ചേര്‍ന്ന് ദുബായില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. യു.എ.ഇയില്‍നിന്നാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഇഡി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ പതിവായി പണം നല്‍കിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ സംഭവത്തില്‍ തമന്നക്കെതിരെ കൂടുതല്‍ നടപടിയുണ്ടായില്ല. കാരണം ആപ്പിന്റെ പ്രമോഷന്‍ നടത്തിയെന്നല്ലാതെ അതിന്റെ ക്രമിനല്‍ ആക്റ്റിവിറ്റിയില്‍ ഒന്നും അവര്‍ക്ക് പങ്കുണ്ടായിരുന്നില്ല.
രാധാവേഷമണിഞ്ഞ് പൊല്ലാപ്പ്
ഇടക്കിടെ വിവാദത്തില്‍ പെടാറുള്ള നടിയാണ് തമന്ന. പ്രശസ്ത ഡിസൈനര്‍ കരണ്‍ ടൊറാണിയുമായി ചേര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് തമന്ന നടത്തിയ ഫോട്ടോഷൂട്ട് വിവാദമായിരുന്നു. ഒരു പ്രശസ്ത ഫാഷന്‍ ലേബല്‍ നടത്തിയ രാധാ-കൃഷ്ണ ഫോട്ടോഷൂട്ടിന്റെ ഭാഗമായി താരം രാധയുടെ വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തി. മതവികാരം വൃണപ്പെടുത്തി, രാധാ- കൃഷ്ണ ബന്ധത്തെ ലൈംഗികമായി ചിത്രീകരിച്ചു തുടങ്ങിയ പല വ്യാഖ്യാനങ്ങളുമായി ഇക്കൂട്ടര്‍ എത്തി. ഇതോടെ താരം പ്രതിരോധത്തിലാവുകയായിരുന്നു.
സൈബര്‍ വിമര്‍ശനം ശക്തമായതോടെ തമന്നയും ടൊറാണിയും അവരുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളില്‍ നിന്ന് ഫോട്ടോകള്‍ നീക്കം ചെയ്തു. ടൊറാണിയുടെ ഡിജിറ്റല്‍ കാമ്പെയ്‌നിന്റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്. 'ലീല: ദ ഇല്യൂഷന്‍ ഓഫ് ലവ്' എന്നായിരുന്നു ലേബലിന്റെ പേര്. ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഘട്ടങ്ങളായിരുന്നു ഫോട്ടോഷൂട്ടിന്റെ ആശയം.
ഇതേക്കുറിച്ച് തമന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ കുറിപ്പെഴുതിയിരുന്നു ''രാധയെ അവതരിപ്പിക്കുമ്പോള്‍ എനിക്ക് അതിരുകടന്ന ഒരു ബന്ധം തോന്നിയ സമയങ്ങളുണ്ട്, എല്ലാത്തിനും പിന്നില്‍ ഒരു ദൈവിക ശക്തിയുണ്ടെന്ന് തോന്നുന്നു. കാമ്പെയ്‌നിന്റെ ഭാഗമായുള്ള ദൃശ്യങ്ങളില്‍ ഈ ദൈവികത പ്രകടമാണ്, ഇത്തരത്തിലൊരു അവസരം എനിക്ക് നല്‍കിയ ടൊറാണിക്ക് നന്ദി അദ്ദേഹം ശരിക്കും ഒരു പ്രതിഭയാണ്, കൂടെ പ്രവര്‍ത്തിച്ചതില്‍ വെച്ച് ഏറ്റവും കഴിവുള്ള യുവ ഡിസൈനര്‍മാരില്‍ ഒരാളുമാണദ്ദേഹം'എന്നായിരുന്നു തമന്നയുടെ വാക്കുകള്‍.
എന്നാല്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ തമ്മന്ന വിമര്‍ശനം നേരിട്ടു. കൃഷ്ണന്‍ രാധ ബന്ധത്തെ ലൈംഗികമായി അവതരിപ്പിച്ചുവെന്ന ആരോപണമാണ് ഫോട്ടോഷൂട്ടിനെതിരെ പ്രധാനമായും ഉയര്‍ന്ന് വന്നത്. തമന്ന ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. 'നിങ്ങളുടെ വില്‍പ്പനയ്ക്കായി ഞങ്ങളുടെ പ്രിയപ്പെട്ട രാധാ റാണിയുടെയും ശ്രീകൃഷ്ണന്റെയും ഏറ്റവും ശുദ്ധമായ ബന്ധം ലൈംഗികവല്‍ക്കരിക്കുന്നത് നിര്‍ത്തുക വിഡ്ഢികളേ' എന്നാണ് വന്നൊരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ നിറഞ്ഞതോടെയാണ് ഈ പോസ്റ്റ് തമന്നയും ഡിസൈനറും പിന്‍വലിച്ചത്.
വിവാഹത്തിന് മുമ്പ് അമ്മയാവണം
എന്നും ഗോസിപ്പുകാരുടെ പാപ്പരാസികളുടെയും പ്രിയപ്പെട്ട നടിയാണ് തമന്ന.
നടന്‍ വിജയ് വര്‍മ്മയുമായി തമന്ന പ്രണയം സിനിമാ ഓണ്‍ലൈനുകാര്‍ക്ക് ചാകരയായി. ലസ്റ്റ് സ്റ്റോറീസ് 2 -ല്‍ ജോഡികളായി അഭിനയിച്ചതിന് ശേഷമാണ് തമന്നയും വിജയും പ്രണയത്തിലായതായിട്ട് റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യം തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തത വരുത്തുകയും ചെയ്തു. പലപ്പോഴും എയര്‍പോര്‍ട്ടില്‍ വച്ചുള്ള താരങ്ങളുടെ ദൃശ്യങ്ങള്‍ പലതവണ പാപ്പരാസികളുടെ ക്യാമറയില്‍ പെട്ടതോടെ കൂടുതല്‍ കഥകളായി. മുംബൈയില്‍ നടന്ന അവാര്‍ഡ് ഷോയില്‍ വിജയ് വര്‍മയ്ക്കൊപ്പമാണ് തമന്ന എത്തിയത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഗോവയില്‍ ഇരു താരങ്ങളും ഒന്നിച്ചാണ് പുതുവത്സരം ആഘോഷിച്ചത്. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും പുറത്ത വന്നിരുന്നു.
ഇതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹം ഉയര്‍ന്നത്. 2012-ല്‍ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിലൂടെയാണ് വിജയ് വര്‍മ ബോളിവുഡില്‍ എത്തുന്നത്. പിങ്ക് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗല്ലി ബോയ്, ഡാര്‍ലിങ്സ്, മിര്‍സാപൂര്‍ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ വിജയ് വര്‍മ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ വൈകാതെ വിവാഹിതരാവുമെന്നും കേള്‍ക്കുന്നു.
അതോടൊപ്പം, ദാമ്പത്യജീവിതത്തെ കുറിച്ച് നടി എടുത്ത തീരുമാനങ്ങളും വാര്‍ത്തയായിരുന്നു. വിവാഹം കഴിക്കാതെ അമ്മയാകാനാണ് നടിയുടെ തീരുമാനമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ തമന്ന തീരുമാനിച്ചുവെന്നും അതിന് മുന്നോടിയായി ആദ്യമേ കുടുംബാസൂത്രണം ചെയ്യുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിന് ജന്മം കൊടുത്തിനുശേഷം, അവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അതുകൊണ്ട് ഒരു കുഞ്ഞ് വന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചാല്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും ആഴവും ഉണ്ടാവുകയുള്ളു എന്നും അങ്ങനെ ശക്തമായൊരു ബന്ധത്തിലാവാനാണ് നടി ആഗ്രഹിക്കുന്നതെന്നും പറയപ്പെടുന്നു.
വിജയ് വര്‍മ്മയും തമന്നയും അവരുടെ പരസ്പരമുള്ള ധാരണയുടെ പശ്ചാത്തലത്തില്‍, വിവാഹത്തിന് മുമ്പ് തമന്ന ഗര്‍ഭിണിയാകാന്‍ തീരുമാനിച്ചുവെന്നും ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ, ബോളിവുഡ് താരങ്ങളായ പലരും ഇതേ മാര്‍ഗം സ്വീകരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് നടി ആലിയ ഭട്ട് ഗര്‍ഭിണിയായിരുന്നു. ഇതിന് ശേഷമാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കുന്നത്. നടി ഇലിയാനയും സമാനമായ രീതിയില്‍ ജീവിക്കുകയാണ്. ഈയൊരു രീതിയിലേക്ക് തമന്നയും പോവുകയാണെന്നാണ് സൂചന.
ഇങ്ങനെ വ്യക്തിജീവിതത്തിലായാലും കരിയറിലായാലും, എന്തു ചെയ്താലും ലൈം ലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടിക്ക് കഴിയുന്നു. ഇപ്പോള്‍ നടി മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്തതും വാര്‍ത്തയായി. ഒഡെല-2 എന്ന തന്റെ ചിത്രത്തിന്റെ ടീസറും അവര്‍ അവിടെ പുറത്തുവിട്ടു. അതിനിടെ വിരാട് കോലിയുമൊത്ത് കുംഭമേളക്ക് എത്തിയെന്ന വ്യാജ എ ഐ ചിത്രങ്ങളും പ്രചരിച്ചിരുന്നു. അതാണ് തമന്ന. എന്ത് ചെയ്താലും എങ്ങോട്ട് തിരിഞ്ഞാലും മീഡിയ അറ്റന്‍ഷന്‍.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. ഇതേയേറെ പണവും പ്രശ്സതിയുമുണ്ടായിട്ടും, ഈ സെലിബ്രിറ്റികള്‍ എന്തിനാണ്, തങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളുടെ ധാര്‍മ്മികയെക്കുറിച്ച് പരിശോധിക്കാത്തത്. പണത്തിനുവേണ്ടി കിട്ടാവുന്നിടത്തൊക്കെപോയി, ഉദ്ഘാടന മഹാമഹങ്ങള്‍ നടത്തുന്ന, മലയാള നടന്‍മ്മാര്‍ക്കൊക്കെയുള്ള മുന്നറിയിപ്പ് കൂടിയാണിത്.
വാല്‍ക്കഷ്ണം: താരങ്ങള്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത, ഒന്നുകൂടി ഓര്‍മ്മിപ്പിക്കയാണ് തമന്നയുടെ ക്രിപ്റ്റോ കേസ്. നേരത്തെ 'സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ഒരു സോപ്പിന്റെ പരസ്യത്തിലഭിനയിച്ചപ്പോള്‍, അതിന് ഫലസിദ്ധിയില്ലെന്ന് പറഞ്ഞ് ഒരാള്‍ നടനെ കോടതി കയറ്റിയിരുന്നു. അതുപോലെ ബ്രാന്‍ഡിനെകുറിച്ച് പഠിക്കാതെ പരസ്യം ചെയ്താല്‍ പണി കിട്ടാനുള്ള സാധ്യത ഏറെയാണ്.