ഒന്നേമുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പത്രമുത്തശ്ശന്‍! 132 പുലിറ്റ്സര്‍ പുരസ്‌കാരങ്ങള്‍; ബുഷിനെയും റീഗനെയും വിറപ്പിച്ചു; റാഡിക്കല്‍ ലെഫ്റ്റിന്റെ മുഖപത്രമെന്ന് വിമര്‍ശനം; മോദിയുമായി ട്രംപ് പിണങ്ങിയത് നൊബേല്‍ കാമ്പയിനെ അനുകൂലിക്കാത്തതിനെന്ന് തുറന്നടിച്ചു; ട്രംപിന്റെ നമ്പര്‍ വണ്‍ ശത്രു ന്യൂയോര്‍ക്ക് ടൈംസിന്റെ കഥ
ട്രംപിന്റെ നമ്പര്‍ വണ്‍ ശത്രു ന്യൂയോര്‍ക്ക് ടൈംസിന്റെ കഥ
'രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അന്തസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്''- 174 വര്‍ഷം നീണ്ട ചരിത്രമുള്ള ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിനെതിരെ ഈ രീതിയിലുള്ള കടുത്ത വിമര്‍ശനം ഉയര്‍ത്തുകയാണ്, സമ്പത്തുകൊണ്ടും അധികാരംകൊണ്ടും ലോകത്തിലെ ഏറ്റവും കരുത്താനായ വ്യക്തിയെന്ന് കരുതുന്ന, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഒന്നും രണ്ടും കോടികള്‍ക്കല്ല, 1,24,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളര്‍) മാനനഷ്ടക്കേസാണ് ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെയും അപകീര്‍ത്തി കേസുകളിലൂടെ മാധ്യമങ്ങളെ കുരുക്കിയ പാരമ്പര്യമുള്ള ട്രംപും, റിപ്പബ്ലിക്കന്‍സും ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. ഡെമോക്രാറ്റുകളോ കമല ഹാരീസോ ഒന്നുമല്ല ഇപ്പോള്‍ അവരുടെ നമ്പര്‍ വണ്‍ ശത്രു. അത് ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രമാണ്.
അതി ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് പത്രത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും നിരന്തരം വ്യാജവാര്‍ത്ത നല്‍കുന്നെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. 'വര്‍ഷങ്ങളായി ഇവര്‍ എന്നെ വേട്ടയാടുകയാണ്. റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചും അമേരിക്ക ഫസ്റ്റ് മൂവ്മെന്റ്, മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (മാഗ) തുടങ്ങിയവയെക്കുറിച്ചും പത്രം കള്ളം പറയുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പത്രം കമല ഹാരിസിന് മുന്‍പേജില്‍ നല്‍കിയ പ്രാധാന്യം ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് സംഭാവനയ്ക്ക് തുല്യമാണ്.''- ട്രംപ് പറയുന്നു.
ലൈംഗിക കുറ്റവാളിയായിരുന്ന, ജെഫ്രി എപ്സ്റ്റീന് ട്രംപ് നല്‍കിയ ജന്മദിനക്കുറിപ്പിനെക്കുറിച്ചുള്ള ലേഖനങ്ങളെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്ന് നിയമനടപടി നേരിടണമെന്ന ഭീഷണി വന്നിരുന്നുവെന്ന് ന്യുയോര്‍ക്ക് ടൈംസ് നേരത്തെ അറിയിച്ചിരുന്നു. കത്തില്‍ തന്റെ ഒപ്പുണ്ടെങ്കിലും അത് താന്‍ എഴുതിയതല്ലെന്നാണ് ട്രംപ് പറയുന്നത്. ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാള്‍ സ്ട്രീറ്റ് ജേണലിനും അതിന്റെ ഉടമ റൂപര്‍ട്ട് മര്‍ഡോക്കിനുമെതിരെയും ട്രംപ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ട്രംപിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച രാത്രി ഫ്‌ളോറിഡയിലെ ഒരു ജില്ലാ കോടതിയിലാണ് ന്യൂയോര്‍ക്ക് ടൈംസിനെതിരെയുള്ള കേസ് ഫയല്‍ ചെയ്തത്. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച, ന്യൂയോര്‍ക്ക് ടൈംസിലെ സൂസന്‍ ക്രെയ്ഗ്, റസ് ബ്യൂട്ട്‌നര്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും കേസില്‍ പരാമര്‍ശിക്കുന്നുണ്ട്.
വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ ശേഷം ട്രംപ് യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച കേസുകളില്‍ ഏറ്റവും പുതിയതാണ് ന്യൂയോര്‍ക്ക് ടൈംസിനെതിരെയുള്ള കേസ്. ഇതിനു മുന്‍പ് എബിസി ന്യൂസിനും സിബിഎസ് ഡിസ്‌നി എന്നിവക്കെതിരെയും ട്രംപ് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഇവ യഥാക്രമം 15 മില്യണ്‍, 16 മില്യണ്‍ ഡോളറിന് ഒത്തുതീര്‍പ്പാക്കി. വാള്‍ സ്ട്രീറ്റ് ജേണലിനെതിരെയുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കമാണ് ഇതെന്നും വിമര്‍ശനമുണ്ട്. പക്ഷേ ഇതുകൊണ്ട് ഒന്നും ഭയന്നുപോവുന്നവരല്ല ന്യൂയോര്‍ക്ക് ടൈസ്. ഒന്നേമുക്കാല്‍ നൂറ്റാണ്ട് നീണ്ട ചരിത്രത്തില്‍ അവര്‍ ഒരുപാട് കേസുകളിലുടെയും, പ്രതിസന്ധികളിലുടെയും കടന്നുപോയവര്‍ തന്നെയാണ്.
ഒന്നേമുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം
ശരിക്കും നമ്മുടെ മനോരമയെപ്പോലെയൊക്കെ ഒരു പത്ര മുത്തശ്ശി തന്നെയാണ് ന്യൂയോര്‍ക്ക് ടൈസ്. ഏറെ അഗ്രസീവും മസ്‌കുലിനും ആയതുകൊണ്ട് വേണമെങ്കില്‍ പത്രമുത്തശ്ശന്‍ എന്ന് വിശേഷിപ്പിക്കാം. 1851 സെപ്റ്റംബര്‍ 18 മുതല്‍ ഈ പത്രം ന്യുയോര്‍ക്കില്‍നിന്ന് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 132 പുലിറ്റ്സര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാര്‍ത്താമാധ്യമത്തിനും ഇത്രയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടില്ല എന്നതും, ന്യൂയോര്‍ക്ക് ടൈംസിന്റെ വിശ്വാസ്യതയും ആധികാരികതയും, അന്വേഷണ ത്വരയും ഉറപ്പിക്കുന്നു. ന്യൂയോര്‍ക്കുകാരുടെ ദിനചര്യയുടെ ഭാഗമായിരിക്കയാണ് ഈ പത്രം.
1851-ല്‍ ന്യൂയോര്‍ക്ക് ഡെയ്‌ലി ടൈംസ് എന്ന പേരില്‍ സ്ഥാപിതമായ പത്രം, 1870-കളില്‍ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനായ ബോസ് ട്വീഡിനെക്കുറിച്ചുള്ള ആക്രമണാത്മകമായ കവറേജിലൂടെ ദേശീയ അംഗീകാരം നേടി. പിന്നീട് അങ്ങോട്ട് വിവിധ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പത്രം വളര്‍ന്നു. ദ ന്യൂയോര്‍ക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയില്‍ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോര്‍ക്കിലെ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണിത്. ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, യുഎസ്എ റ്റുഡെ എന്നിവയാണ് വരിക്കാരുടെ എണ്ണത്തില്‍ ന്യൂയോര്‍ക് ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങള്‍. ന്യൂയോര്‍ക് ടൈംസ് കമ്പനിക്കാണ് ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. ഇന്റര്‍നാഷണല്‍ ഹെറാല്‍ഡ് ട്രിബ്യൂണ്‍, ദ ബോസ്റ്റണ്‍ ഗ്ലോബ് എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളിലും ന്യൂയോര്‍ക്ക് ടൈംസിന് ലേഖകരുണ്ട്. മൊത്തം അയ്യായിരത്തോളം ജീവനക്കാരുള്ള ഒരു വലിയ നെറ്റ്വര്‍ക്കായി അവര്‍ വളര്‍ന്നു കഴിഞ്ഞു.
1896 മുതല്‍, കമ്പനിയുടെ അധ്യക്ഷന്‍ ഓക്സ്-സള്‍സ്ബര്‍ഗര്‍ കുടുംബമാണ്, നിലവിലെ ചെയര്‍മാനും പത്രത്തിന്റെ പ്രസാധകനും എ.ജി. സുള്‍സ്ബര്‍ഗര്‍ ആണ്. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ദി ന്യൂയോര്‍ക്ക് ടൈംസ് ബില്‍ഡിംഗിലാണ് ടൈംസിന്റെ ആസ്ഥാനം. പത്രങ്ങള്‍ പൂട്ടിപ്പോവുന്ന ഈ ആധുനിക കാലത്തും, ന്യൂയോര്‍ക്ക് ടൈംസിന് 5,80,000 പ്രിന്റ് വരിക്കാരുണ്ട്! 13 ലക്ഷമാണ് ഓണ്‍ലൈന്‍ സബ്സ്‌ക്രൈബേഴ്സ്. തങ്ങളുടെ വായനക്കാര്‍ വിട്ടുപോവാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ വന്നപ്പോള്‍ വിഷ്വല്‍ സ്റ്റോറികളിലേക്ക് അവര്‍ മാറി. നെറ്റ് യുഗം വന്നപ്പോള്‍ ഓണ്‍ലൈനിലേക്കും. ഇങ്ങനെ കാലോചിതമായി മാറുന്നതുകൊണ്ടാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്.
ഇപ്പോള്‍ എ ഐയുടെ ഭീഷണി അവര്‍ ഗൗരവമായി എടുക്കുന്നുണ്ട്. റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമം സംരക്ഷിക്കുന്നതിനായി ഓപ്പണ്‍ എ ഐക്കെതിരെ പത്രം കേസ് കൊടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ന്യൂയോര്ക്ക് ടൈംസ് പത്രത്തിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ചാറ്റ് ജിപിറ്റി മറുപടി നല്‍കുന്നുണ്ട്. ഇത്തരത്തില് ചാറ്റ് ജിപിറ്റി തങ്ങളുടെ എതിരാളികളായി മാറുമെന്ന് ടൈംസ് ഭയക്കുന്നു. തങ്ങളുടെ വാര്‍ത്തകള്‍ എ ഐ ടൂളുകള്‍ ഉള്‍പ്പെടുത്തത് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ലൈസന്‍സിങ് ധാരണ ഉണ്ടാക്കാന് സാധിച്ചിരുന്നില്ല. ഈ കേസും ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.
'റാഡിക്കല്‍ ലെഫ്റ്റിന്റെ മുഖപത്രം'
'ഓള്‍ ദ് ന്യൂസ് ദാറ്റ്സ് ഫിറ്റ് റ്റു പ്രിന്റ്' എന്നാണ് പത്രത്തിന്റെ ആദര്‍ശവാക്യം. ന്യൂയോര്‍ക് ടൈംസിന്റെ ആദ്യപേജില്‍ മുകളില്‍ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു. പുര്‍ണ്ണമായും ഗൗരവമുള്ള കാര്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമല്ല ഇത്. ഒരേസമയം നമ്മുടെ മനോരമയുടെയും ദ ഹിന്ദുവിന്റെയും ഒരു കോമ്പോ വന്നാല്‍ എങ്ങനെയിരിക്കും. അതിഗൗരവമുള്ള അനാലിസുകള്‍ ഒരുപാട് പത്രം കൊടുക്കുന്നുണ്ട്. പക്ഷേ അതോടൊപ്പം അഭിപ്രായങ്ങള്‍, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങള്‍ ദ് ന്യൂയോര്‍ക് ടൈംസിലുണ്ട്. അതുകൊണ്ടുതന്നെ ബൗദ്ധികമായി ഏത് ശ്രേണിയില്‍പെടുന്ന വായനക്കാരനും പത്രം ഇഷ്ടപ്പെടും.
അവരുടെ എഡിറ്റോറിയല്‍ നയത്തെ നേരോടെ, നിര്‍ഭയം എന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ല. പലപ്പോഴും വെള്ളക്കാരന്റെ മുന്‍വിധിയും, മേല്‍ക്കോയ്മയോടെയുള്ള ജീവിത വീക്ഷണവും അതില്‍ അച്ചടിച്ചുവന്നിട്ടുണ്ടാവും. എന്നാലും നിലവിലെ അമേരിക്കന്‍ മാധ്യമങ്ങളുടെ അവസ്ഥവെച്ചുനോക്കുമ്പോള്‍ എത്രയോ ഭേദമാണിത്. ന്യൂയോര്‍ക്ക് ടൈംസിനെ 'റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മുഖപത്രം'' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. അതില്‍ തെറ്റുപറയാന്‍ കഴിയില്ല. എല്‍ജിബിടിക്യൂ അടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലൊക്കെ ശക്തമായി പേരാടിയ പത്രമാണിത്. പക്ഷേ അനധികൃത കുടിയേറ്റം, ഇസ്ലാമിക തീവ്രവാദം എന്നിവയെയൊക്കെ പത്രം ശക്തമായി എതിര്‍കകുന്നുണ്ട്.
രണ്ട് ലോകമഹായുദ്ധങ്ങളിലുടെ പത്രം കടന്നുപോയി. ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇവരെ സാധാരണക്കാരുടെ ഇടയില്‍ സ്വീകാര്യനാക്കിയത്. ടൈറ്റാനിക്ക് തകര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാനായി ജനം കുട്ടത്തോടെ വാങ്ങിയതോടെ, ഒരേ ദിവസം തന്നെ റീപ്രിന്റ് ചെയ്ത അനുഭവവും അവര്‍ പറയാറുണ്ട്. ഏത് വിഷയവും പഠിച്ച് ആഴത്തില്‍ തൊടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതാണ് ന്യൂയോര്‍ക്ക് ടൈംസിനെ വ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉദാഹരണം. അമേരിക്കയിലെ വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെയും കരടായിരുന്നു അവര്‍. ലോകത്തെ പിടിച്ചുകുലുക്കുന്ന പല എക്സ്‌ക്ലൂസീവുകളും പത്രം പൊട്ടിച്ചു. കെന്നഡി വധത്തിലെ രഹസ്യങ്ങളും, അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന്റെ പൊള്ളത്തരവുമൊക്കെ അവര്‍ തുറന്നുകാട്ടി. റൊണാള്‍ഡ് റീഗനും ബുഷും അടക്കമുള്ള പ്രസിഡന്റുമാരുടെയും കണ്ണിലെ കരടായിരുന്നു അവര്‍. അല്ലാതെ ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ട്രംപിനെതിരെ തിരിഞ്ഞതല്ല.
ട്രംപ് ഇടത്തോട്ട് ചായ്വുണ്ട് എന്നൊക്കെപ്പറഞ്ഞാലും ഏറെക്കുറേ ഫ്രീ എഡിറ്റോറിയല്‍ പോളിസിയായിരുന്നു ന്യൂയോര്‍ക്ക് ടൈസിന്റെത്. 174 വര്‍ഷത്തെ വായനാശീലം മൂലം അത് അമേരിക്കയുടെ ഒപ്പീനിയന്‍ മേക്കേഴ്സായി മാറി. എത് വിഷയത്തിലും ന്യൂയോര്‍ക്ക് ടൈംസ് എന്തുപറയുന്നുവെന്ന് അറിയാന്‍ ലോകം കാതോര്‍ത്തു.
2014-ല്‍ മലയാളികളുടെയടക്കം പൊങ്കാല
ന്യൂയോര്‍ക്ക് ടൈസിന്റെ പേജില്‍പോയി മലയാളികള്‍ അടക്കം പൊങ്കാലയിട്ട ഒരു സംഭവമമുണ്ടായിരുന്നു, 2014-ല്‍. ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെ അപഹസിക്കുന്ന രീതിയിലുള്ള ഒരു കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്നതാണ് പ്രശ്നമായത്. തലപ്പാവ് ധരിച്ച ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതായാണ് കാര്‍ട്ടൂണിലുണ്ടായിരുന്നത്. ക്ലബ്ബിനകത്തിരിക്കുന്ന സായിപ്പന്മാര്‍, മംഗള്‍യാന്‍ വിജയത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള ദരിദ്രന്‍ അവരുടെ വാതിലില്‍ മുട്ടുന്നതിന്റെ നീരസം അവരുടെ മുഖത്തുണ്ട്. ഈ കാര്‍ട്ടൂണുകൊണ്ട് ഉദ്ദേശിച്ച ഫലമല്ല ന്യൂയോര്‍ക്ക് ടൈംസിന് പിന്നീട് ഉണ്ടായത്. ഇത് വംശീയ അധിക്ഷേപമായി ചിത്രീകരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പത്രത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വിമര്‍ശനങ്ങള്‍ സജീവമായി. മലയാളത്തിലാണ്് ഏറ്റവും കൂടുതല്‍ തെറിവന്നത്.
മംഗള്‍യാനെ കളിയാക്കിയുള്ള കാര്‍ട്ടൂണ്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ, അവര്‍ എഫ്ബി പേജില്‍ പോസ്റ്റ് ചെയ്ത ബാക്കി വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം വന്ന കമന്റ് കണ്ട് അവര്‍ ഞെട്ടി.സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഫേസ്ബുക്കിലെ തെറിവിളി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ എന്താണ് നിങ്ങള്‍ ഈ എഴുതുന്നതെന്ന് ചോദിച്ച് ഷറപോവ തിരിച്ചടിച്ചെങ്കില്‍ ന്യൂയോര്‍ക്ക് ടൈംസിന് അതൊന്നും വേണ്ടി വന്നില്ല. മലയാളവും തെലുങ്കും കന്നടയും തമിഴും അടങ്ങുന്ന ഇന്ത്യന്‍ ഭാഷകളിലെ തെറിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ് സായിപ്പന്മാര്‍ ക്ഷമാപണം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തിയതിനിടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. മംഗള്‍യാനിലൂടെ എന്താണ് ഇന്ത്യ നേടിയതെന്ന് പ്രധാനമന്ത്രി തന്നെ വിശദീകരിച്ചു. ഇതുകേട്ട് മാഡിസണ്‍ സ്‌ക്വയറിലെ ജനക്കൂട്ടം കൈയടിച്ചു. മംഗള്‍യാന് ആഗോള തലത്തില്‍ കിട്ടിയ അംഗീകാരത്തെ പ്രസിഡന്റ് ഒബാമയും വൈസ് പ്രസ് പ്രസിഡന്റ് ജോ ബൈഡനും പ്രത്യേകം എടുത്തു പറഞ്ഞു. ഇതോടെയാണ് പത്രം ക്ഷമാപണത്തിലേക്ക് കടന്നത്.
ഇന്ത്യയെ പുകഴ്ത്തിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്നാണ് പത്രം വിശദീകരത്തില്‍ പറഞ്ഞത്. ബഹിരാകാശത്ത് ചൊവ്വയെ തൊടാന്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്പിനും മാത്രമല്ല ഇന്ത്യയ്ക്കും കഴിയുമെന്ന് വിശദീകരിക്കുകയായിരുന്നു തങ്ങള്‍ എന്നായി പുതിയ നിലപാട്. കാര്‍ട്ടൂണിലൂടെ ഇന്ത്യയെ വിലകുറച്ച് കാണാനല്ല ശ്രമിച്ചത്. ബഹിരാകാശ ദൗത്യം സമ്പന്നന്മാരായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മാത്രം വഴങ്ങിയിരുന്നതാണ്. അത് എപ്രകാരമാണ് മറ്റ് രാജ്യങ്ങള്‍ക്കും സാധ്യമായത് എന്ന് വിശദീകരിക്കുന്നതായിരുന്നു കാര്‍ട്ടൂണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിശദീകരണം. പരപ്രേരണ കൂടാതെ കാര്‍ട്ടൂണിസ്റ്റ് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് അതിലുണ്ടായിരുന്നത്. വംശീയ അധിക്ഷേപമോ ഇന്ത്യയെ ആക്രമിക്കുകയോ എന്ന ഒരു ലക്ഷ്യവും ഇതിലില്ലായിരുന്നു. എങ്കിലും അത്തരം ചിത്രങ്ങള്‍ വായനക്കാര്‍ക്ക് ഉണ്ടാക്കിയ വേദനയില്‍ മാപ്പു പറയുന്നു. ഫെയ്‌സ് ബുക്കിലൂടെ വായനാക്കാര്‍ നടത്തിയ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുമുണ്ട്. ഭാവിയിലും ഇത്തരം വിമര്‍ശനങ്ങള്‍ തുടരണമെന്നാണ് ന്യൂയോര്‍ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇന്ത്യക്കാരന്‍ പശുവിനെ മേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്ന ധാരണയാണ് കാര്‍ട്ടൂണ്‍ പ്രകടമാക്കുന്നതെന്നാണ് പൊതുവെ വാദമുയര്‍ന്നത്. ഇത്തരത്തിലുള്ള വൈറ്റ് സുപ്രീമസി പ്രകടമാക്കുന്ന പലവാര്‍ത്തകളും അതില്‍ വന്നിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവരില്‍ ഇന്ത്യവിരുദ്ധത ആരോപിക്കാനും കഴിയില്ല. പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അവര്‍ ഇന്ത്യക്ക് ഒപ്പവും നിലകൊണ്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കൊപ്പം, പക്ഷേ
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചത് ന്യൂയോര്‍ക്ക് ടൈംസാണ്. ഈ യുദ്ധത്തില്‍ വ്യക്തമായ മേല്‍ക്കൈ ഇന്ത്യക്ക് നേടാനായെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍, ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ്, പാക്കിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങള്‍ക്കടക്കം വ്യക്തമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് 100 മൈലില്‍ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്തിനും പാക് പ്രധാനമന്ത്രിയുടെ ഓഫീസിനും ഏകദേശം 15 മൈല്‍ പരിധിയിലടക്കം ഇന്ത്യക്ക് ആക്രമണം നടത്താനായതടക്കം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് 10 ന് റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിലെ റണ്‍വേ പ്രവര്‍ത്തനക്ഷമമല്ലെന്ന് പാകിസ്ഥാന്‍ ഒരു നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്നാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടികാട്ടുന്നത്. മൊത്തത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ സംവിധാനത്തെ തകര്‍ത്തുകൊണ്ട് ഇന്ത്യക്ക്, ഭീകരതക്കെതിരെ വലിയ നാശം വിതക്കാനായെന്നും ന്യൂയോര്‍ക്ക് ടൈംസ് വിവരിച്ചിട്ടുണ്ട്.
പക്ഷേ രാഷ്ട്രീയമായി ന്യൂയോര്‍ക്ക് ടൈംസ് നരേന്ദ്രമോദിയെയും സംഘപരിവാറിനെയും എതിര്‍ക്കുന്ന കൂട്ടത്തിലാണെന്ന് അത് സ്ഥിരമായി വായിക്കുന്നവര്‍ക്ക് മനസ്സിലാവും. ബിജെപി തന്നെ പലതവണ പത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ, ഏഷ്യന്‍ ആയുധ ഏജന്‍സിക്ക് ഇന്ത്യയിലെ പ്രതിരോധ രംഗത്തെ സ്ഥാപനമായ എച്ച് എ എല്‍ രഹസ്യമായി പ്രതിരോധ സാങ്കേതികവിദ്യ വിറ്റു എന്ന ആരോപണം ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയത് വന്‍ വിവാദമായി. ബ്രിട്ടനില്‍ നിന്നും ലഭിച്ച അതീവരഹസ്യസ്വഭാവമുള്ള ആയുധവും അതിന്റെ സാങ്കേതിക വിദ്യയും റോസോ ബോറോണ്‍ എക്സ്പോര്‍ട്ട് എന്ന റഷ്യന്‍ ഏജന്‍സിക്ക് എച്ച് എ എല്‍ വിറ്റു എന്ന ആരോപണമാണ് ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് വഴിതെറ്റിക്കുന്നതും രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയള്ളുതുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘപരിവാര്‍ ഹാന്‍ഡിലുകളാവട്ടെ, മോദി സര്‍ക്കാരിനെ താറടിക്കാന്‍ ജോര്‍ജ്ജ് സോറോസ് സംഘത്തിന്റെ സംഘത്തിന്റെ മറ്റൊരു ഗൂഢാലോചനയാണിതെന്നും ആരോപിച്ചു. പൊതുവേ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിട്ടുള്ള ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ എന്‍ജിഒ സംഘങ്ങളിലെ, പല പത്രപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്ന ദിനപത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്. പക്ഷേ ഇതിനൊന്നും കൃത്യമായ തെളിവില്ല എന്നതാണ് വസ്തുത.
യഥാര്‍ത്ഥ പ്രശ്‌നം നൊബേല്‍
ഇപ്പോഴിതാ ട്രംപുമായുള്ള അപകീര്‍ത്തിക്കേസിന്റെ യഥാര്‍ത്ഥ കാരണവും ഇന്ത്യയാണെന്നാണ്, ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്രമോദിയുമായി ട്രംപ് പിണങ്ങിയത്, നെബേല്‍ സമ്മാനം കിട്ടാനുള്ള അദ്ദേഹത്തിന്റെ കാമ്പയിനെ അനുകൂലിക്കാത്തതുകൊണ്ടാണെന്ന, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടാണ്, കേസിന്റെ യഥാര്‍ത്ഥ കാരണമെന്ന് എക്സില്‍ സ്വതന്ത്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തന്നെ നാമനിര്‍ദേശം ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടവെന്നും, ഇതിന് മോദി സമ്മതിക്കാത്തത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് തുറന്ന് എഴുതിയിരുന്നു.
ജൂണ്‍ 17ന് ട്രംപും മോദിയും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണത്തിന് ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് അംഗീകരിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടതായും പാക്കിസ്ഥാന്‍ തന്നെ സമാധാനത്തിനുള്ള നൊബേലിന് നിര്‍ദേശിക്കുന്നതായും ആ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദേശവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ട്രംപിന്റെ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ബന്ധം വഷളാവുകയായിരുന്നു. ഇതിന് പ്രതികാരമായാണ് തീരുവ വര്‍ധനവ് അടക്കമുള്ള തീരുമാനങ്ങളുമായിട്രംപ് രംഗത്തുവന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് തുറന്നടിച്ചു.
ഇന്ത്യ- പാക്കിസ്ഥാന്‍ പ്രശ്നം മാത്രമല്ല, ലോകത്തിലെ ആറ് യുദ്ധങ്ങള്‍ ആറുമാസംകൊണ്ട് അവസാനിപ്പിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. അതുകൊണ്ട് താന്‍ എന്തുകൊണ്ടും നൊേബലിന് അര്‍ഹമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ ഇത് വെറും പുളുവാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ നിലപാട്. ട്രംപിന്റെ ഏറ്റവും വലിയ സ്വപ്നമാണ് നൊബേല്‍. അതിന്റെ കടക്കല്‍ കത്തിവെച്ചതാണത്രേ, ന്യൂയോര്‍ക്ക് ടൈസിനോട് അദ്ദേഹത്തിന് ഇത്രമേല്‍ പകവരാനുള്ള യഥാര്‍ത്ഥ കാരണം!
ട്രംപിന്റെ ഈ നീക്കം ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിയെ തന്നെ ബാധിക്കാവുന്ന ഒരു വഴിത്തിരിവാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചിലര്‍ കേസിനെ ഭരണകൂടത്തിന്റെ പ്രതികാര നടപടിയായി കാണുമ്പോള്‍, മറ്റുചിലര്‍ ഇത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കുന്നു. ഈ കേസ് എങ്ങനെ മുന്നേറും, അത് അമേരിക്കയിലും ലോകത്തുമുള്ള മാധ്യമ രംഗത്തെ എങ്ങനെ സ്വാധീനിക്കും എന്നതും കാത്തിരുന്ന് കാണാം.
വാല്‍ക്കഷ്ണം: പൊതുവേ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളെ ആഗോള കുത്തക മാധ്യമ ബൂര്‍ഷ്വകള്‍ എന്ന കളിയാക്കുന്ന രീതിയാണ് കേരളത്തില്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ന്യുയോര്‍ക്ക് ടൈംസ് ഒരു ചെറിയ പരാമര്‍ശം നടത്തിയാലോ. അപ്പോള്‍ അത് കേരളത്തില്‍ വന്‍ സംഭവമാവും. കഴിഞ്ഞ വര്‍ഷം, നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങളുടെ വേള്‍ഡ് ലിസ്റ്റില്‍, ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെയും ഉള്‍പ്പെടുത്തിയത് നമ്മുടെ ടുറിസം ഡിപ്പാര്‍ട്ട്മെന്റ് അടക്കം ആഘോഷിച്ചു. ഇപ്പോള്‍ ട്രംപ് കേസുകൊടുത്തതോടെ പത്രം മലയാളിക്കും ചക്കരയായേക്കാം.