ശ്രീരാമന്റെ വേഷം ധരിച്ച് വില്ലേന്തി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ എന്‍ടിആര്‍; രണ്ടാം ഭാര്യയുടെ വലയിലായതോടെ നായിഡുവിന്റെ കൊട്ടാര വിപ്ലവം; ജയലളിതയ്‌ക്കെതിരെ പടയപ്പയായ രജനി; ഒടുവില്‍ വിജയും; അപമാനിതനായ അല്ലു രാഷ്ട്രീയത്തിലിറങ്ങുമോ? കുടിപ്പകയുടെ തെന്നിന്ത്യന്‍ താര രാഷ്ട്രീയത്തിന്റെ കഥ
കുടിപ്പകയുടെ തെന്നിന്ത്യന്‍ താര രാഷ്ട്രീയത്തിന്റെ കഥ
കുതികാല്‍വെട്ടും, വഞ്ചനയും, പ്രണയവും, കൊലയും സസ്പെന്‍സുമൊക്കെയുള്ള ഒരു മസാല സിനിമ പോലെയാണ് പലപ്പോഴും തെന്നിന്ത്യന്‍ രാഷ്ട്രീയം. അവിടെ സിനിമയും രാഷ്ട്രീയവും രണ്ടല്ല. യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്ത, നന്ദമുരി താരക രാമറാവു എന്ന എന്‍ടിആര്‍, അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായത്, നടന്‍ എന്ന നിലയിലുള്ള തന്റെ ഇമേജ് കൊണ്ട് മാത്രമാണ്. എം ജി രാമച്രന്ദന്‍ എന്ന പാലക്കാട്ടുകാരന്‍ മക്കള്‍ തിലകവും, ഏഴൈ തോഴനുമായി തമിഴകം ഭരിച്ചത് ഏതെങ്കിലും പാര്‍ട്ടിയുടെ പിന്‍ബലം കൊണ്ടായിരുന്നില്ല, നടന്‍ എന്ന ഒറ്റ ഇമേജുകൊണ്ടാണ്. ജയലളിതയെ പുരട്ച്ചിതലൈവിയാക്കിയതും, കരുണാനിധിയെ കലൈഞ്ജര്‍ ആക്കിയതും ഇതേ വെള്ളിത്തിര തന്നെ. ഇതില്‍ കരുണാനിധി മാത്രമാണ്, ക്യാമറക്ക് മുന്നില്‍ വരാത്തത്.
രാഷ്ട്രീയത്തില്‍ ഇറങ്ങി കൈ പൊള്ളിയവരുമുണ്ട്. തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി പ്രജാരാജ്യം എന്ന പാര്‍ട്ടിയുണ്ടാക്കിയതും, അത് പിന്നീട് പിരിച്ച് വിട്ടതും ആരും മറന്നിട്ടില്ല. എന്നാല്‍ ചിരഞ്ജീവിയുടെ അനിയനും പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നടനുമായ പവന്‍ കല്യാണ്‍, സ്വന്തമായി ജനസേന എന്ന പാര്‍ട്ടിയുണ്ടാക്കി ഇപ്പോള്‍ ആന്ധ്രയുടെ ഉപമുഖ്യന്ത്രിയായി. തെലുഗിലെ എന്‍ടിആറിന്റെ രാഷ്ട്രീയ പാരമ്പര്യം മക്കള്‍ക്ക് നിലനിര്‍ത്താനായില്ല. തമിഴില്‍ കമലഹാസന്റെ പാര്‍ട്ടിയും ക്ലച്ച് പിടിച്ചില്ല. രജീനകാന്ത് അനാരോഗ്യം കാരണം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചു.
പക്ഷ ഇപ്പോള്‍ തമിഴക രാഷ്ട്രീയത്തെ ആകെ മാറ്റിമറിക്കുന്നത് നടന്‍ വിജയുടെ മരണമാസ് എന്‍ട്രിയാണ്. തമിഴകത്തിന്റെ മുക്കിലും മൂലയിലും യൂണിറ്റുള്ള വിജയ് ഫാന്‍സ് അസോസിയേഷന്‍ പാര്‍ട്ടിയുണ്ടാക്കിയതോടെ, ഭരണകക്ഷിയായ ഡിഎംകെയില്‍ അങ്കലാപ്പുണ്ട്. സ്റ്റാലിന്റെ മകനും അടുത്ത 'കിരീടാവകാശിയുമായ' നടന്‍ ഉദയനിധി സ്റ്റാലിനുമായി, ദളപതി നേരിട്ടുള്ള ഫൈറ്റിലേക്ക് നീങ്ങുന്ന രീതിയില്‍ കാര്യങ്ങള്‍ മാറുകയാണ്.
പക്ഷേ അപ്പോഴാണ് തെലുഗ് രാഷ്ട്രീയത്തിലും ചില തിരയിളക്കങ്ങള്‍ ഉണ്ടാവുന്നത്. ഇന്ന് വിജയ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ എന്ന് നിസ്സംശയം പറയാവുന്ന അല്ലു അര്‍ജുനെ, സിനിമാറിലീസിനോട് അനുബന്ധിച്ച തിരക്കില്‍പെട്ട്, ഒരു സ്ത്രീ മരിച്ചതിന്റെ പേരില്‍ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ശതകോടികള്‍ ആസ്തിയുള്ള, ജനകോടികള്‍ ആരാധകരായിട്ടുള്ള ഈ നടന്‍ ഒരു ദിവസം ജയിലിലും കഴിഞ്ഞു. തെലങ്കാനമുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പകപോക്കലാണ് അല്ലുവിനെ നേരെ നടന്നത് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അപമാനിതനായ നടന്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയാണെങ്കില്‍ അത് ആന്ധ്രയുടെയും തെലങ്കാനയുടെയും ചരിത്രം തന്നെ മാറ്റും. കുടിപ്പകയുടെ താര രാഷ്ട്രീയം ആവര്‍ത്തിക്കുമോ എന്നാണ് അല്ലു എപ്പിസോഡിന് ഒടുവില്‍ ഉയരുന്ന ചോദ്യം. എന്‍ടിആര്‍ മുതലുള്ളവരുടെ അനുഭവം അങ്ങനെയാണ്.
ഹിന്ദിക്കെതിരെ പോരാടി എന്‍ടിആര്‍
എന്‍ടിആര്‍ തരംഗം കത്തിനില്‍ക്കുന്ന 60കളില്‍ ആന്ധ്രാ പ്രദേശില്‍ ശ്രീകൃഷ്ണ പ്രതിമകള്‍ക്കുപോലും ആ നടന്റെ ഛായയായിരുന്നു എന്നാണ് പറയുക! അത്രയേറെ പുണ്യപുരാണ ചിത്രങ്ങളില്‍ എന്‍ടിആര്‍ വേഷമിട്ടിട്ടുണ്ട്. തെലുഗു ചലച്ചിത്രത്തിലെ ചക്രവര്‍ത്തിയെന്നാണ് അദ്ദേഹത്തേ ജനങ്ങള്‍ വിളിച്ചിരുന്നത്. ഘനശബ്ദത്തിലുള്ള ഡയലോഗുകളും പുരാണ കഥാസിനിമകളിലെ അമാനുഷിക വേഷങ്ങളും തെലുങ്ക് സംസ്‌കാരത്തെ പുകഴ്ത്തിയുള്ള ഗാനങ്ങളും ഫൈറ്റ് സീനുകളും പ്രേഷകരെ ഹരം പിടിപ്പിച്ചു. ബംഗാളില്‍ ടാഗോര്‍ എന്ന പോലെ ആന്ധ്രക്കാര്‍ക്ക് രാമറാവു ഒരു ലഹരിയാണ്. ആദ്യ കാലങ്ങളില്‍ പുരാണ കഥാപാത്രങ്ങളെ അഭിനയിക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മായാബസാറിലെ (1957) ശ്രീകൃഷ്ണനായിരുന്നു ആദ്യ പുരാണ വേഷം. ഇതടക്കം 17 സിനിമകളില്‍ അദ്ദേഹം ഗോപികമാരുടെ കണ്ണനായി. ദാനവീരശൂരകര്‍ണ്ണ എന്ന സിനിമയില്‍ കര്‍ണനായും, നര്‍ത്തനശാലയില്‍ പഞ്ചപാണ്ഡവരിലെ അര്‍ജുനനായും സതി സാവിത്രിയില്‍ യമദേവനായും ദക്ഷയാഗ്നത്തില്‍ പരമശിവനായും അദ്ദേഹം അഭിനയിച്ചു.
പില്‍ക്കാലത്ത് ശ്രീരാമന്റെ വേഷം ധരിച്ച് വില്ലേന്തി അദ്ദേഹം ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുമായിരുന്നുവത്രേ! 1950 മുതല്‍ 1965 കാലഘട്ടം വരെ നന്ദമുറി തരക രാമ റാവു തെലുഗു ചലച്ചിത്രമേഖലയില്‍ നിറഞ്ഞ് അഭിനയച്ചു. തന്നെ ജനം ദൈവമായിക്കൂടി കണക്കാക്കുന്നുവെന്ന് മനസ്സിലായതോടെയാണ് എന്‍ടിആര്‍ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. ആദ്യം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു അദ്ദേഹം ക്രമേണെ അവരുമായി ഉടക്കി. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ മനോഭാവം എന്‍ടിആറിന് ഇഷ്ടപ്പെട്ടില്ല. അങ്ങനെ 1982-ല്‍ അദ്ദേഹം തെലുഗുദേശം പാര്‍ട്ടി രൂപവത്കരിച്ചത്. ഹിന്ദിവത്കരണത്തിനെ തിരെ ദ്രാവിഡ തനിമക്കായി വാദിച്ചു. ആ കാമ്പയിനിന്റെ ഭാഗമായി അദ്ദേഹം അധികാരത്തിലെത്തി.
ഏകദേശം തെലുഗ് സിനിമാക്കഥപോലെയാണ് തെലുഗ് രാഷ്ട്രീയവും. ഇന്നത്തെ ബന്ന്ധുക്കള്‍ നാളെത്തെ ശത്രുക്കളാണ്. എന്‍ടിആറിന്റെ കുടുംബത്തില്‍ നടന്ന കൊട്ടാര വിപ്ലവവും കുപ്രസിദ്ധമാണ്. എന്‍ടിആറിന്റെ ആദ്യഭാര്യ നേരത്തെ മരിച്ചിരുന്നു. തന്റെ ആത്മകഥ എഴുതാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകയായ ലക്ഷ്മി പാര്‍വതിയെയാണ് അദ്ദേഹം രണ്ടാം ഭാര്യയാക്കിയത്. ഇതോടെ കുടുംബത്തില്‍ പൊട്ടിത്തെറിയായി. ഭരണത്തിലും പാര്‍ട്ടിയിലും ലക്ഷ്മി പാര്‍വതി അധികാരകേന്ദ്രമാവുന്നുവെന്ന് പരാതിയായി. ഇതോടെ 1995-ല്‍ മരുമകന്‍ ചന്ദ്രബാബു നായിഡു എന്‍ടിആറിനെ അട്ടിമറിച്ച് പാര്‍ട്ടിയും ഭരണവും പിടിച്ചു. താന്‍ മകനേക്കാള്‍ വിശ്വസിച്ചിരുന്ന നായിഡുവിന്റെ ചതി എന്‍ടിആറിന് ഏറ്റ ഷോക്കായിരുന്നു. തൊട്ടുടത്ത വര്‍ഷം തന്നെ,1996 ജനുവരി 18-ന് 73ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
ചിരഞ്ജീവി ഫാമലി വേര്‍സ്സ് എന്‍ടിആര്‍ ഫാമിലി
എന്‍.ടി. രാമറാവു മരണവും വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചു. അമിതമായ ഉത്തേജകമരുന്ന് കഴിച്ചതാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പരാതി വന്നു. രാമറാവു മരിച്ചത് മതിയായ വൈദ്യസഹായം കിട്ടാതെയാണെന്ന് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടര്‍ ഡോ.സുബറാവു അവകാശപ്പെട്ടു. എ ഡോക്ടേഴ്സ് സ്റോറി ഓഫ് ലൈഫ് ആന്റ് ഡത്ത് എന്ന് പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്. എന്‍ടിആറിന്റെ മരണം പെട്ടെന്നുണ്ടായതല്ലെന്നും അദ്ദേഹത്തിന് അസ്വാസ്ഥ്യം ഉണ്ടായ സമയവും, അന്ത്യശ്വാസം വലിച്ച സമയവും തമ്മില്‍ ഏറെ അന്തരമുണ്ടായിരുന്നുവെന്നും സുബറാവു എഴുതുന്നു. എന്‍ടിആറിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മി പാര്‍വതിയെയാണ് ഡോക്ടര്‍ ഈ അനാസ്ഥയുടെ പേരില്‍ പ്രതിസ്ഥാനത്തു ചേര്‍ക്കുന്നത്. അവസാനകാലത്ത് എന്‍ടിആര്‍ ലക്ഷ്മിപാര്‍വതിയുടെ തടങ്കലില്‍ ആയിരുന്നുവെന്നും ചികിത്സിക്കാന്‍ തങ്ങളെ വിളിച്ചിരുന്നില്ലെന്നും ഡോക്ടര്‍ ആരോപിക്കുന്നുണ്ട്.
എന്തായാലും ആ കൊട്ടാര വിപ്ലവത്തിനുശേഷം ലക്ഷ്മി പാര്‍വതി രാഷ്ട്രീയത്തിലനിന്ന് ഔട്ടായി. അവര്‍ ഉണ്ടാക്കിയ പാര്‍ട്ടി ക്ലച്ച് പിടിച്ചില്ല. എന്‍ടിആറിന്റെ മക്കള്‍ എല്ലാം ചന്ദ്രബാബുനായിഡുവിന് പിന്നില്‍ ഉറച്ചുനിന്നു. സഹോദരങ്ങളായ നന്ദമൂരി ബാലകൃഷ്ണയും, ജുനിയര്‍ എന്‍ടിആറുമെല്ലാം പരസ്പരം കടിച്ചുകീറുമെങ്കിലും നായിഡുവിന് പിന്നില്‍ ഒറ്റ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുന്നു. സിനിമയില്‍ എന്‍ടിആര്‍ ഫാമിലിയും, ചിരഞ്ജീവി ഫാമിലിയും തമ്മിലുള്ള ഫാന്‍ ഫൈറ്റ് കുപ്രസിദ്ധമാണ്. എന്‍ടിആറിനും ശേഷം, തെലുഗില്‍നിന്ന് അതുപോലെ സുപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്ന നടനാണ് ചിരഞ്ജീവി. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ചീറ്റിപ്പോയി.
ആദ്യകാലത്ത് അതില്‍ ചിരഞ്ജീവി ഫാമിലിയില്‍ ആയിരുന്നു അല്ലുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. വളരുന്തോറും പിളരുമെന്ന നിയോഗം പോലെ പിന്നീട് അല്ലു ഫാമിലിയും ചിരഞ്ജീവി ഫാമിലിയും അടിച്ചു പിരിഞ്ഞു. അല്ലുവിന്റെ മുത്തച്ഛന്‍ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. ഈ അല്ലു രാമ ലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. സുരേഖയുടെ സഹോദനാണ് അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ്.
അല്ലുവിനെ ആദ്യകാലത്ത് വളര്‍ത്താന്‍ ഒരുപാട് ചിരഞ്ജീവി സഹായിച്ചിരുന്നു. ഇപ്പോഴും അവര്‍ തമ്മില്‍ നല്ല ബന്ധമാണ്. സഹോദരന്‍ പവന്‍ കല്യാണും ചിരഞ്ജീവിയും തമ്മിലുള്ള ഭിന്നതളുടെ ഒരു പ്രധാന കാരണമായി പറയുന്നത്, അല്ലുവിനോടുള്ള ചിരഞ്ജീവിയുടെ വാല്‍സല്യമായിരുന്നുവെന്നും ഒരു വേള വാര്‍ത്തകള്‍ വന്നിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അല്ലു, പവനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ തന്റെ സുഹൃത്ത് രവി കിഷോര്‍ റെഡ്ഡിക്കുവേണ്ടി മാത്രമാണ് ഈ നടന്‍ പ്രചാരണത്തിന് എത്തിയത്. ഇതും വാര്‍ത്തയായി. ആ സമയത്ത് ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചുവെന്ന് പറഞ്ഞ്, അല്ലുവിനെതിരെ ഇതുപോലെ പൊലീസ് കേസ് എടുത്തിരുന്നു. പവന്‍ കല്യാണാണ് കേസിന് പിന്നില്‍ എന്നാണ് പറഞ്ഞുകേട്ടത്. പക്ഷേ ആ കേസ് ആന്ധ്ര ഹൈക്കോടതി തള്ളി. പവന്‍ ജയിച്ച് ഉപമുഖ്യമന്ത്രിയായതോടെ, അല്ലുവിനുനേരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാണ് പവന്‍ ഫാന്‍സ് ഉയര്‍ത്തിയത്.
അതുപോലെ തന്നെ ചിരഞ്ജീവിയുടെ മകനും, രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ പാന്‍ ഇന്ത്യ നായകനുമായ രാം ചരണ്‍ തേജയുമായി, പ്രൊഫണല്‍ ജലസിയുടെ ഭാഗമായി വന്ന കടുത്ത ഫാന്‍ ഫൈറ്റ് അല്ലുവിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ആരാധകര്‍ പരസ്പരം കടിച്ചു കീറുകയാണ്. പുതിയ ചിത്രം ഗെയിം ചേഞ്ചറിനെ കുറിച്ച് അല്ലു മോശം പരാമര്‍ശനം നടത്തി എന്ന് ആരോപിച്ച് റാം ചരണിന്റെ ആരാധകര്‍ അല്ലുവിനെതിരെ തിരിഞ്ഞിരുന്നു. ഈ പ്രശ്നങ്ങളെല്ലാം അല്ലുവിനെ കുടുക്കാനുള്ള കെണിയില്‍ പരോക്ഷമായി പങ്കുവഹിച്ച ഘടകങ്ങളാണ്.
എംജിആര്‍ മുതല്‍ ജയലളിത വരെ
ഇനി തമിഴിലേക്ക് വന്നാല്‍ അവിടെ സിനിമാ- പൊളിറ്റീഷ്യന്‍മ്മാരുടെ നീണ്ട നിരയാണ്. എംജിആര്‍ തൊട്ട് ഇപ്പോള്‍ വിജയ് വരെയുള്ള നീണ്ട നിര. പ്രാദേശിക വികാരം ശക്തമായ തമിഴകത്ത്, മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ എന്ന പാലക്കാട്ടുകാരന് വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞത് സിനിമ എന്ന മാധ്യമത്തിന്റെ കരുത്തുകൊണ്ടാണ്. ശ്രീലങ്കയിലെ കാന്‍ഡിയ്ക്ക് അടുത്തുള്ള നാവലപിതിയ എന്ന സ്ഥലത്ത് മരത്തുര്‍ ഗോപാലമേനോന്റെയും സത്യഭാമയുടെയും മകനായി എം.ജി.ആര്‍ ജനിച്ചു. പാലക്കാടിനടുത്ത് വടവന്നൂരുള്ള ഒരു നായര്‍ കുടുംബമായിരുന്നു അവരുടേത്. എം.ജി.ആറിന്റെ മുത്തച്ഛന്‍ ശ്രീലങ്കയിലേക്ക് താമസം മാറുകയായിരുന്നു. പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം എം.ജി.ആറിനു തുടര്‍ന്ന് പഠിക്കാന്‍ ആയില്ല. ഒറിജിനല്‍ ബോയ്സ് എന്ന നാടകസംഘത്തില്‍ എം.ജി.ആര്‍ ചേര്‍ന്നു.
1936-ല്‍ സതി ലീലാവതി എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആര്‍ വെള്ളിത്തിരയില്‍ രംഗത്തുവന്നത്. 1947-ല്‍ 'രാജകുമാരി' എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. 'രാജകുമാരി' എന്ന ചിത്രം ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. അന്ന് കരുണാനിധിയും എംജിആറും ഒരേ പായയില്‍ ഉറങ്ങുന്ന അടുത്ത സുഹൃത്തുക്കളാണ്. പക്ഷേ രാഷ്ട്രീയ പക അവരെയും തെറ്റിച്ചു.
കരുണാനിധിയുടെ ശക്തമായ എഴുത്തിലൂടെയാണ് എംജിആര്‍ വളര്‍ന്നത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരില്‍ ഒരാളാക്കി. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്നു എം.ജി.ആറിന്റെ സിനിമകളില്‍ പലതും. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷക്കാലം തമിഴ് ചലച്ചിത്രരംഗത്തെ ഏറ്റവും പ്രധാന നായകനും തമിഴ്നാട്ടില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിയും ആയി എം.ജി.ആര്‍. 'മധുരൈ വീരന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ജി.ആര്‍ തമിഴരുടെ നായകനായി. തമിഴ് സിനിമാനടനായ എം.ആര്‍. രാധ എം.ജി.ആറിനെ വെടിവെച്ചതില്‍ പിന്നെ വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ താരമൂല്യം കുറച്ചില്ല. ഒന്നിനു പുറമേ മറ്റൊന്നായി വന്ന ചലച്ചിത്രവിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. 'റിക്ഷാക്കാരന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനു എം.ജി.ആറിനു മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. എം.ജി.ആര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച് 1956-ല്‍ പുറത്തിറങ്ങിയ 'നാടോടി മന്നന്‍' എന്ന സിനിമ 2006-ല്‍ വീണ്ടും പ്രദര്‍ശനശാലകളിലെത്തി തമിഴ്നാട്ടിലെ സിനിമാക്കൊട്ടകകളില്‍ 14 ആഴ്ച്ച ഹൗസ്ഫുള്‍ ആയി ഓടി. ഈ ജനപ്രീതിവെച്ച് എംജിആര്‍ രാഷ്ട്രീയത്തിലും തരംഗമായത്. കരുണാനിധിയെ വെട്ടി, 77 നും 1987 നും ഇടയില്‍ ഒമ്പത് വര്‍ഷത്തോളം തമിഴ്‌നാട് മുഖ്യമന്ത്രിയായി.
പിന്നീട് മുഖ്യമന്ത്രിയായ ജയലളിതക്കും തുണയായത് സിനിമ തന്നെയാണ്. എംജിആറിന്റെ ഇദയക്കനി എന്ന കേള്‍വി, അവരെ ആരാധകരുടെ അരുമയാക്കി. എംജിആര്‍ മരിച്ചപ്പോള്‍ ആ മൃതദേഹത്തിന് അടുത്തിരിക്കാന്‍ പോലും കഴിയായെ ജയ അപമാനിക്കപ്പെട്ടു. പക്ഷേ അവര്‍ അതെല്ലാം അതിജീവിച്ചു. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ, നിഷ്പ്രഭയാക്കി പാര്‍ട്ടി പിടിച്ചു. പുരടൈച്ചി തലൈവിയായി, തമിഴകത്തിന്റെ അമ്മയായി.
പടയപ്പയായ രജനി
പിന്നീട് അങ്ങോട്ട് ജയയുടെ ഏകാധിപത്യത്തിന്റെ കാലമാണ് തമിഴകം കണ്ടത്. തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയായി അത് വളര്‍ന്നു. കാണുന്നിടമെല്ലാം ഈ മാഫിയക്ക് സ്വന്തം. ശതകോടികളാണ് ഇവര്‍ അടിച്ചുമാറ്റിയത്. ഈ കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടു. ഇന്ന് ജീവിച്ചിരിക്കയായിരുന്നെങ്കില്‍ അവര്‍ ജയലില്‍ ആയിരുന്നേനെ. മരണം ഫലത്തില്‍ ജയലളിതയെ തടവറയില്‍നിന്ന് രക്ഷിക്കയാണ് ചെയ്തത്.
അങ്ങനെ അഹങ്കാരം മൂത്ത് നില്‍ക്കുന്ന സമയത്താണ് ജയലളിത, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി ഉടക്കുന്നത്. പോയസ് ഗാര്‍ഡന്‍ എന്ന ചെന്നെയിലെ പോഷ് ഏരിയയില്‍ അടുത്തടുക്കത്തായിരുന്നു രജനീകാന്തിന്റെയും, മുഖ്യമന്ത്രി ജയലളിതയുടെയും വീട്. രജനിയെ കാണാനായി ആയിരക്കണക്കിന് പേര്‍ വസതിക്ക് മുന്നില്‍ തടിച്ചുകൂടുന്നതൊന്നും ജയക്ക് പിടിച്ചില്ല. മാത്രമല്ല, എല്ലാവരും കാല്‍തൊട്ട് വണങ്ങുന്ന അമ്മയായ ജയലളിതയെ വണങ്ങാന്‍ രജനി എത്തിയതുമില്ല. ഒരു ദിവസം ഷൂട്ടിങ്ങിനായി കാറില്‍ പോവുന്ന രജനീകാന്തിനെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കാര്‍ മുഴുവന്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യുഹം പോയിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് കാര്‍ തടഞ്ഞിട്ടു.
അപമാനിതനായ രജനി കൊടുത്തത് ഒരു ഒന്നൊന്നര പണിയായിരുന്നു. കാറില്‍നിന്ന് ഇറങ്ങി ആ മഹാ നടന്‍ സ്റ്റുഡിയോവിലേക്ക് നടക്കാന്‍ തുടങ്ങി. സ്റ്റെല്‍ മന്നന്‍ റോഡില്‍ ഇറങ്ങിയാലുള്ള അവസ്ഥ യെന്താവും! ചുരുങ്ങിയ സമയംകൊണ്ട് അവിടെ പതിനായിരങ്ങള്‍ തടിച്ചുകൂടി. ചെന്നൈ നഗരം സ്തംഭിച്ചു. തുടര്‍ന്നുണ്ടായ ട്രാഫിക്ക് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ വാഹനം ഒരിഞ്ച്പോലും മുന്നോട്ട് പോവാതെ കുടുങ്ങി. തുടര്‍ന്ന് ജയയുടെ സുരക്ഷ ഉദ്യോഗ്ഥര്‍ വന്ന് രജനിയെ അനുനയിപ്പിച്ച് തിരിച്ച് കാറിലെത്തിക്കയായിരുന്നു.
പക്ഷേ ജയ തുടര്‍ന്നും രജനിക്കെതിരെ പല പണികളും രഹസ്യമായി എടുത്തു. അതിന് രജനി പരോക്ഷമായ ഭാഷയില്‍ തന്റെ ഫാന്‍സുകാരോട് ജയക്കെതിരെ സംസാരിക്കയും ചെയ്തു. രജനിയുടെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ പടയപ്പ, എന്ന സിനിമ അങ്ങനെ ഉണ്ടായതാണ് എന്നാണ് പറയുന്നത്. അതില്‍ ഒരു പെണ്ണിന്റെ ആധിപത്യത്തിനെതിരെ പോരാടുന്ന നായകനെയാണ് ചിത്രീകരിച്ചത്. സിനിമയിലെ മുനവെച്ച ഡയലോഗുകള്‍ ജയലളിതയെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് നിരൂപകര്‍ എഴുതി. എന്തായാലും രജനിയോടുള്ള പോരാട്ടത്തില്‍ വലിയ ക്ഷീണമാണ് ജയക്ക് പറ്റിയത്. ഇതുകൊണ്ട് ഒക്കെ തന്നെയാവണം സ്വന്തമായി ഒരു പാര്‍ട്ടിവേണമെന്ന് രജനി തീരുമാനിച്ചത്. പക്ഷേ അനാരോഗ്യം കാരണം ഒടുവില്‍ അദ്ദേഹം അത് ഉപേക്ഷിച്ചു. കമലഹാസനും ജയലളിതയില്‍നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ കമലിന്റെ പാര്‍ട്ടിയും, ചിരഞ്ജീവിയുടെ പാര്‍ട്ടിപോലെ ക്ലച്ച് പിടിച്ചില്ല. സൂപ്പര്‍ താരങ്ങള്‍ ആയതുകൊണ്ട് മാത്രം എല്ലാവരും രാഷ്ട്രീയത്തില്‍ വിജയിക്കണമെന്നുമില്ല.
ഏറ്റവും ഒടുവിലായി തമിഴ് താര രാഷ്ട്രീയം തിളച്ചുമറിയുന്നത് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തോടെയാണ്. നേരത്തെ ഇ ഡിയുടെ റെയ്ഡുകളുടെ ഒക്കെ പേരില്‍, കേന്ദ്ര സര്‍ക്കാരുമായി ഉടക്കിയിരുന്നു ഈ നടന്‍. അന്നാണ് ജോസഫ് വിജയ് എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമമെന്നുപോലും അറിയുന്നത്. ഇപ്പോള്‍ വിജയുടെ പാര്‍ട്ടി വന്നതോടെ ഡിഎംകെയും സ്റ്റാലിനുമാണ് ഏറ്റവും ഭയക്കുന്നത്. സ്റ്റാലിന്റെ മകനും, പിന്‍ഗാമിയും നടനുമായ ഉദയനിധി സ്റ്റാലിനും, വിജയും നേരിട്ട് മുട്ടുന്ന രീതിയിലാണ്, തമിഴക താരരാഷ്ട്രീയം നീങ്ങുന്നത്.
പുഷ്പ പൊളിറ്റിക്സിലും ഫയര്‍ ആവുമോ?
വീണ്ടും തെലുഗ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ കുടിപ്പകയുടെയും കുതികാല്‍വെട്ടിന്റെ രാഷ്ട്രീയം ആവര്‍ത്തിക്കയാണ്. ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പൊലീസ് അല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദ് പൊലീസാണ് അല്ലുവിനെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പകയാണെന്നാണ് ആക്ഷേപം. അല്ലുവും രേവന്ത് റെഡ്ഡിയും തമ്മില്‍ നേരത്തെ നല്ല ബന്ധത്തിലല്ല. തെലുഗു സിനിമയെ കൈപ്പിടിയില്‍ ഒതുക്കാന്‍ രേവന്ത് നടത്തുന്ന ചില ഇടപെടലുകള്‍, അല്ലു ഇടപെട്ട് പൊളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈയിടെ പുഷ്പ 2 വിന്റെ വിജയത്തില്‍ നന്ദി പറയുമ്പോള്‍, രേവന്ത് റെഡ്ഡിയുടെ പേര് പറയുമ്പോള്‍ അല്ലു തപ്പിത്തടഞ്ഞത് വാര്‍ത്തയായിരുന്നു. രേവന്തിന്റെ അനുയായികള്‍, ഇത് അല്ലുവിനെതിരെ പ്രചരിപ്പിച്ചിരുന്നു. ഹൈദരബാദിലുണ്ടായ ഈ അറസ്റ്റിനു പിന്നില്‍ തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത നടനോടുള്ള, മുഖ്യമന്ത്രിയുടെ വൈരാഗ്യമാണെന്നാണ് തെലുഗ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
ഏറ്റവും രസകരം രേവന്ത് റെഡ്ഡിയും അല്ലുവും ബന്ധുക്കള്‍ ആണെന്നാണ്. അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡി, രേവന്ത് റെഡ്ഡിയുടെ അടുത്ത ബന്ധുവാണ്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രചാരണം നടത്താതെ, അല്ലു മാറിനിന്നതാണ് രേവന്ത് റെഡ്ഡിയെ ചൊടിപ്പിച്ചത് എന്നാണ് പറയുന്നത്
പക്ഷേ പുഷ്പയപ്പോലെ തന്നെ ജീവിതത്തിലും ഫയര്‍ ആണ് അല്ലുവെന്ന് അവര്‍ മറന്നുപോയി. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും ആരാധകര്‍ ഉള്ള നടനാണ് അല്ലു. ഈ അറസ്റ്റിനോട് അദ്ദേഹം സഹകരിച്ച രീതി നടന്റെ ഇമേജ് കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. മരിച്ച സ്ത്രീയുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയാണ് അല്ലു കൊടുത്തത്. യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. പക്ഷേ അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ പറയുന്നത്. സംഭവിച്ചതൊന്നും അല്ലു അര്‍ജുന്റെ തെറ്റല്ലെന്നുമാണ് മരിച്ച സ്ത്രീയൂടെ ഭര്‍ത്താവ് പറഞ്ഞത്.
അല്ലു രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് തെലങ്കാനായിലെയും ആന്ധ്രയിലെയും രാഷ്ട്രീയക്കാര്‍ക്ക് നല്ല ഭയമുണ്ട്. രണ്ടിടത്തും ഒരുപോലെ സ്വാധീനമുള്ള അല്ലു, പൊളിറ്റിക്‌സില്‍ ഇറങ്ങിയാല്‍ മറ്റൊരു എന്‍ടിആര്‍ ആവുമെന്നും അവര്‍ ഭയക്കുന്നു. പുഷ്പ-2വിന്റെ വിജയാഘോഷത്തിനായി ഡല്‍ഹിയിലെത്തി അല്ലു അര്‍ജുന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതും താരത്തിന്‍െ അറസ്റ്റിനൊപ്പം കൂട്ടിവായിക്കണം. എന്നാല്‍ അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ ടീം, പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകളുടെ വാര്‍ത്തകള്‍ നിഷേധിക്കയാണ്. അല്ലു രാഷ്ട്രീയത്തിലേക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ താരം തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും അവര്‍ പറയുന്നു.
പുഷ്പ-2വിന്റെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ അല്ലു നടത്തിയ പ്രസംഗവും ആരാധകര്‍ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനകളായി കണ്ടു. 'സംഖ്യകള്‍ താല്‍ക്കാലികമാണ്, സ്‌നേഹമാണ് ഹൃദയത്തിലെന്നും നിലനില്‍ക്കുക. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇപ്പോള്‍ ഇവിടെ ഞാന്‍ നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ റെക്കോര്‍ഡ് തകരും. അത് തെലുങ്കോ, തമിഴോ, ഹിന്ദിയോ ഏത് ഭാഷയെന്നത് പ്രശ്‌നമല്ല. അതാണ് പുരോഗതി. ഇന്ത്യ മുന്നേറുന്നുവെന്നാണ് അതിനര്‍ഥം. എത്രയും വേഗം ഈ റെക്കോര്‍ഡ് തകരട്ടെ. കാരണം അതാണ് വളര്‍ച്ച, എനിക്ക് വളര്‍ച്ച ഇഷ്ടമാണ്. ഭാവിയില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയാകുമെന്ന് ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ ലോകത്തില്‍ തന്നെ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന കാര്യമാകുമെന്നും താരം ഡല്‍ഹിയില്‍ വച്ച് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ക്ക് പിന്നാലെ 'യെ നയാ ഭാരത് ഹെ, യെ അബ് റുഖേംഗാ നഹി, യെ കഭി ഝുഖേഗാ നഹി ( ഇത് പുതിയ ഇന്ത്യയാണ്. ഇത് നിലച്ച് പോവുകയോ, ആര്‍ക്കും മുന്‍പില്‍ കുനിയുകയോ ഇല്ല) എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതെല്ലാം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനയായാണ് പലരും കണ്ടത്. പക്ഷേ ഈ അറസ്റ്റോടെ അല്ലു കൂടുതല്‍ കരുത്തനായിരിക്കയാണ്. ഇനി വൈകാതെ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. പുഷ്പരാജ് രാഷ്ട്രീയത്തിലും ഫയര്‍ ആവുമോ എന്ന് കാത്തിരുന്ന് കാണാം.
വാല്‍ക്കഷ്ണം: അപമാനമാണ് പലപ്പോഴും വലിയ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നത്. വൈ എസ് ആറിന്റെ ഭാര്യ ഡല്‍ഹിയില്‍ കാണാന്‍ എത്തിയപ്പോള്‍, മണിക്കൂറുകള്‍ കാത്തിരിപ്പിച്ചുകൊണ്ട് സോണിയാ ഗാന്ധി അവരെ അപമാനിച്ചതാണ്, വൈഎസ്ആര്‍പി എന്ന, ആന്ധ്രയില്‍ കോണ്‍ഗ്രസിനെ നാമാവശേഷമാക്കിയ പാര്‍ട്ടിയുടെ തുടക്കം. അതുപോലെ മുറിവേല്‍ക്കുകയും, അപമാനിതനാവുകയും ചെയ്ത അല്ലു, ഒരു പുതിയ തുടക്കമാവുമെന്നും കരുതുന്നവര്‍ ഏറെയാണ്.