വെടിയേറ്റ് കാല്‍പ്പാദം നഷ്ടമായവര്‍; പൊലീസ് മര്‍ദനത്തിന്റെ മൂന്നാം ദിവസം രക്തം ചര്‍ദ്ദിച്ച് മരിച്ചവര്‍; മനോനില തെറ്റി തൂങ്ങിമരിച്ചവര്‍; മുത്തങ്ങയിലെ പൊലീസ് നായാട്ടിനെ തുടര്‍ന്ന് മരിച്ചവര്‍ 25-ഓളം; ചെണ്ടകൊട്ടി നൃത്തം ചെയ്ത മുഖ്യന്‍ പിന്നീട് വില്ലനാവുന്നു;'നരിവേട്ട' പറയാത്ത ആദിവാസിവേട്ടയുടെ കഥ!

'നരിവേട്ട' പറയാത്ത ആദിവാസിവേട്ടയുടെ കഥ!

Update: 2025-05-26 10:48 GMT

2003 ഫെബ്രുവരി 19. കൈരളി ടീവിയുടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍, പൊലീസിന്റെ കണ്ണില്‍ പെടാതെ മരത്തിനു മുകളില്‍ കയറിയിരുന്ന് തന്റെ ക്യാമറ ചലച്ചിപ്പിതിന്റെ വിഷ്വലുകള്‍ പുറത്തുവന്നപ്പോള്‍ കേരളം ഞെട്ടി. മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ആദിവാസികളെ പൊലീസ് തല്ലിച്ചതക്കുന്നതും, കുടിലുകള്‍ക്ക് തീയിടുന്നതുമെല്ലാം അമ്പരപ്പോടെയാണ് ലോകം കണ്ടത്. അതും ആദര്‍ശവാന്‍ എന്ന ഇമേജുള്ള എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്. രണ്ടുവര്‍ഷംമുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടിയ ആദിവാസികളുടെ സമരം അവസാനിച്ചപ്പോള്‍ ചെണ്ടകൊട്ടി നൃത്തം ചെയ്ത ആന്റണിയുടെ പൊടിപോലും മുത്തങ്ങയില്‍ കാണാന്‍ കഴിയിഞ്ഞില്ല. അടിയന്തരാവസ്ഥക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ പൊലീസ് അതിക്രമമായി മുത്തങ്ങ മാറി.

തങ്ങള്‍ക്ക് ന്യായമായി അവകാശപ്പെട്ട, ഭൂമിക്കുവേണ്ടി ആദിവാസികള്‍ സമരം ചെയ്യുമ്പോള്‍ വെടിയുണ്ട കൊടുത്ത പ്രബുദ്ധ മലയാളി ഭരണകൂടത്തിന്റെ കഥ, വര്‍ഷങ്ങള്‍ക്ക് ശേഷം ചലച്ചിത്രമാവുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തമിഴില്‍ തമിഴില്‍ വെട്രിമാരനും, ജ്ഞാനവേലും, മാരി സെല്‍വരാജുമൊക്കെ ജാതി രാഷ്ട്രീയവും ഭൂമി രാഷ്ട്രീയവും പറയുന്ന ശക്തമായ പ്രമേയമുള്ള ചിത്രങ്ങള്‍ എടുക്കുമ്പോള്‍, മലയാളസിനിമ, പ്രേമവും തമാശകളുമായി ചുറ്റിക്കളിക്കയാണ്, എന്ന ആരോപണത്തിന് മറുപടിയായും ഈ ചിത്രത്തെ കണ്ടിരുന്നു. അതാണ് ടൊവീനോ തോമസ് നായകനായ, സംവിധാനം ചെയ്ത നരിവേട്ട. പക്ഷേ ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ ആ പ്രതീക്ഷകള്‍ പോയി.

ഈ ലേഖകന് ഈ ചിത്രത്തോടുള്ള ഏറ്റവും വലിയ വിയോജിപ്പ് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം ഒരുതരം പ്രൊപ്പഗന്‍ഡാ സ്വഭാവം ഉള്ളതായിപ്പോയി എന്നതാണ്. ചിത്രം തുടങ്ങുന്നത് ഈ കഥക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ഒരു സാമ്യവുമില്ല എന്ന് പറഞ്ഞുകൊണ്ടാണെങ്കിലും, എല്ലാവര്‍ക്കും അറിയാം ഇത് 2003 ഫെബ്രുവരി 19ന് നടന്ന വയനാട് മുത്തങ്ങ വെടിവെപ്പിന്റെ കഥയാണിതെന്ന്. സി കെ ജാനുവിനെയും ഗീതാനന്ദനെയുമൊക്കെ ചിത്രത്തില്‍ ഏതാണ്ട് അതേപടി പോര്‍ട്രേറ്റ് ചെയ്തിരിക്കയാണ്. പക്ഷേ പടം പറഞ്ഞതില്‍ എത്രേയോ അപ്പുറത്താണ്, രക്തരൂക്ഷിതമായ ആ സമരത്തിന്റെ കഥ.

പൊലീസുകാരന്‍ കൊല്ലപ്പെട്ടത് എങ്ങനെ?

കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയം എടുക്കുമ്പോള്‍പോലും വലിയ വസ്തുതാപരമായ പിഴവുകളും വളച്ചൊടിക്കലുമാണ് ചിത്രം വരുത്തിയത്. ആദിവാസി ഭൂമിക്കുവേണ്ടി, സികെ ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ 48 ദിവസം ആദിവാസികള്‍ കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിച്ചു. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനായി 5 ഏക്കര്‍വരെ ഭൂമിവീതം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ കൃഷിഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി. അത് ആദിവാസികളെ വീണ്ടും സമരത്തിലേക്ക് നയിക്കുകയും ജാനുവിന്റെ നേതൃത്വത്തില്‍ വീണ്ടും ആദിവാസികള്‍ മുത്തങ്ങയിലെത്തി അവരുടെ ഊര് സ്ഥാപിച്ചു. 2003 ജനുവരി 5-ന് അവര്‍ വനഭാഗം കയ്യേറി. എന്നാല്‍ 45 ദിവസം കഴിഞ്ഞിട്ടേ പോലീസ് രംഗത്തെത്തി നടപടികള്‍ സ്വീകരിച്ചുള്ളൂ. കുടിലുകള്‍ പൊളിക്കുക എന്നത് അന്നത്തെ ഭരണനേതൃത്വത്തിന്റെ തീരുമാനം ആയിരുന്നു. മാവോയിസ്റ്റുകള്‍ ആയിരുന്ന സമരത്തിന് പിന്നില്‍ എന്നായിരുന്ന അന്നത്തെ ഡിജിപി കെ ജെ ജോസഫിന്റെ നിഗമനം.




 


ആ പൊലീസ് ഓപ്പറേഷനിടെ വിനോദ് എന്ന പൊലീസുകാരനെ ആദിവാസികള്‍ ബന്ദിയാക്കുന്നു. അയാള്‍ കൊല്ലപ്പെടുന്നതോടെ കലി കയറി പൊലീസ് നടത്തിയത് ശരിക്കും നരനയാട്ട് തന്നെയായിരുന്നു. പരിക്കേറ്റ് ബന്ദിയാക്കപ്പെട്ട് കിടക്കുമ്പോഴും വിനോദ് തന്റെ ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 'എന്റെ വീട്ടുകാര്‍ പേടിക്കും, ചിത്രങ്ങള്‍ ഒന്നും കൊടുക്കരുതേ' എന്ന്. വിനോദ് മരിക്കുമെന്ന് സമരക്കാരും കരുതിയതല്ല. പക്ഷേ ബന്ദിയാക്കലിനിടെ പരിക്കേറ്റ് അയാള്‍ രക്തം വാര്‍ന്ന് മരിച്ചു.

എന്നാല്‍ ആ പൊലീസുകാരന്റെ മരണം, സമരത്തെ പൊളിക്കാന്‍ പൊലീസ് തന്നെ ആസൂത്രണം ചെയ്തതാണ് എന്നാണ് ഈ സിനിമ പറയുന്നത്! കൈരളി ടീവി സംപ്രഷണം ചെയ്ത, ലോകം മുഴുവന്‍ കണ്ട വിഷ്വല്‍സ് ഉളള, മാധ്യമ പ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തെയാണ് ചിത്രം ഈ രീതിയില്‍ വളച്ചൊടിക്കുന്നത്. സംഭവം നടന്ന അന്ന് തൊട്ട്, ജമാഅത്തെ ഇസ്ലാമിപോലുള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ ആരോപിക്കുന്ന കാര്യമാണ് വെടിവെപ്പില്‍, ആറുപേര്‍ കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നതും. അത് ഈ സിനിമയും ശരിവെക്കുന്നു.

അന്ന് കാണാതായവരെ പിന്നീട് ഊരുകളില്‍നിന്ന് കണ്ടെത്തിയിരുന്നു. വെടിവെപ്പില്‍ ജോഗിയല്ലാതെ ആരും മരിച്ചതായി ഒരു അന്വേഷണത്തിലും വെളിപ്പെട്ടില്ല. ആദിവാസി സംഘടനകള്‍ക്കുപോലും ഇന്ന് അങ്ങനെയൊരു വാദമില്ല. എന്നിട്ടും മുത്തങ്ങ സംഭവത്തിലേക്ക്, നക്സല്‍ വര്‍ഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതം കൂടി ഉള്‍പ്പെടുത്തുന്നപോലെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അതുകൊണ്ടുതന്നെ നക്സലിസത്തെ പിന്തുണക്കുന്ന, പ്രൊപ്പഗന്‍ഡാ മൂവിയാണ് ഇതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

പൊലീസുകാരന്‍ കൊല്ലപ്പെട്ടത് പൊലീസിനാല്‍ തന്നെയെന്ന് പ്രൊപ്പഗന്‍ഡ ഇറക്കുന്ന നരിവേട്ട സിനിമയുടെ അണിയറക്കാര്‍ മുത്തങ്ങക്ക് ശേഷം നടന്ന പൊലീസ് ഭീകരത എന്ന യാഥാര്‍ത്ഥ്യം പറയാതെപോയി. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന രീതിയിലുള്ള അതിക്രമങ്ങളാണ് വെടിവെപ്പിനുശേഷം നടന്നത്. അതായിരുന്നു ശരിക്കും നരവേട്ട!


 



പീഡനത്തില്‍ മരിച്ചത് 25ഓളം പേര്‍

മുത്തങ്ങ സംഭവത്തിന്റെ പേരില്‍ വയനാട്ടില്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും പൊലീസ് നരനായാട്ട് നടത്തി. സമരത്തിനു വരാത്ത, മുത്തങ്ങ ഇതുവരെ കാണാത്തവരെപ്പോലും വിവിധ ജില്ലകളില്‍ നിന്ന് പിടിച്ച് കള്ളക്കേസാരോപിച്ച് ജയിലിലടച്ചു. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായങ്ങളില്‍ ഒന്നായിരുന്നു ഇത്.

വയനാട്ടിലെ ഏല്ലാ ആദിവാസികോളനികളിലും കയറിയിറങ്ങി പൊലീസ് നായാടുകയായിരുന്നു. മുത്തങ്ങയില്‍ സമരത്തിനുവന്നവരാണോ അല്ലേ എന്നുപോലും അന്വേഷിക്കാതെയായിരുന്നു അറസ്റ്റ്. മരുന്നിനു പോകുന്നവരെയും, സാധനം വാങ്ങാന്‍ പോകുന്നവരെയും കല്ല്യാണത്തിന് വന്നവരെയും ഉത്സവത്തിന് പോകുന്നവരെയുമെല്ലാം അറസ്റ്റുചെയ്തു. കര്‍ണ്ണാടകയില്‍ പണിക്കുപോകുന്നവരെ ബസില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പൊലീസിനെ പേടിച്ച് കോളനികളില്‍ നിന്ന് പണിക്കു പോകാന്‍ പോലും ആളുകള്‍ ഭയന്നു. സമരത്തെക്കുറിച്ച് ഒന്നും അറിയാതിരുന്ന നിരപരാധികളായ ആദിവാസികള്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. മാധ്യമ പ്രവര്‍ത്തകരെപ്പോലും ഭീഷണിപ്പെടുത്തി. ഏഷ്യനേറ്റ് ലേഖകന്‍ രാംദാസിനെ കള്ളക്കേസില്‍ കടുക്കി. ശരിക്കും പൊലീസ് ഭീകരത.

സി കെ ജാനുവിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു-''മുത്തങ്ങയില്‍ വെടിവെപ്പ് നടന്ന രാത്രി പൊലീസ് പുലിതൂക്കി കോളനിയില്‍ പോയി. ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ച്, കുടിലുകള്‍ തകര്‍ത്ത്, ആണുങ്ങളെ പിടിച്ചുവലിച്ച്, വസ്ത്രമൂരി, കൈ പിന്നില്‍ കെട്ടി, മുറ്റത്തിട്ട് അടിച്ചുരുട്ടി. ഇവരാരും സമരത്തിന് വന്നവരല്ലായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും അവര്‍ കൈകൂപ്പി പൊലീസിനോട് പറയുന്നുണ്ടായിരുന്നു, 'ഞങ്ങള്‍ കാപ്പിപ്പണി കഴിഞ്ഞ് വന്നതാണ്, മൊതലാളിമാരോട് ചോദിച്ചുനോക്ക് സാറേ...' എന്ന്. പക്ഷേ പൊലീസ് അതൊന്നും കേട്ടില്ല. എല്ലാവരെയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയി. മുത്തങ്ങയ്ക്ക് സമീപമുള്ള എല്ലാ ആദിവാസി കോളനിയിലെയും അവസ്ഥ ഇങ്ങനെയായിരുന്നു. കാപ്പിതോട്ടത്തില്‍ കൂലിപ്പണിക്കുപോയും, കാട്ടില്‍ പൂപ്പല്‍ പറിച്ചും ജീവിതം തള്ളിനീക്കിയ ആദിവാസികള്‍ക്ക് രാത്രിയായാല്‍ കുടിലില്‍ കിടക്കാന്‍ പോലും ഭയമായിത്തുടങ്ങി. നേരം ഇരുട്ടിയാല്‍ പൊലീസിനെയും, രാഷ്ട്രീയ പാര്‍ട്ടിക്കാരെയും പേടിച്ച് അടുത്തുള്ള മറ്റുള്ളവരുടെ കാപ്പിതോട്ടത്തില്‍ ശബ്ദമുണ്ടാക്കാതെ പോയി കിടക്കും.''- ജാനു എഴുതുന്നു.

അതുപോലെ പൊലീസ് പീഡനത്തിന്റെ രക്തസാക്ഷികളായി 25ഓളം പേര്‍ പില്‍ക്കാലത്ത് മരിച്ചുവെന്ന ജാനു പറയുന്നുണ്ട്-''പൊലീസ് അടി തുടങ്ങിയപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുമായി കാട്ടിലേക്ക് ഓടിപ്പോവേണ്ടി വന്ന പുലിതൂക്കി കോളനിയിലെ മാളു ദിവസങ്ങളോളം കാട്ടില്‍ പെട്ടുപോയി. അവശതയിലായ അമ്മയെയും കുഞ്ഞിനെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആശുപത്രി വാഹനം വിട്ടുകൊടുക്കാന്‍ മടിച്ചു. കുഞ്ഞായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുപോയാല്‍ പോരേ എന്നാണവര്‍ ചോദിച്ചത്?. ഇത് പ്രശ്‌നമായപ്പോള്‍ രണ്ടാം ദിവസമാണ് വാഹനം വിട്ടുകൊടുത്തത്. കുഞ്ഞിനെ അടക്കിയ ഉടന്‍ മുത്തങ്ങ സമരത്തിന്റെ പേരില്‍ മാളുവിനെ പൊലീസ് അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണവും, ഭാര്യയുടെ അറസ്റ്റും മാനസികമായി തകര്‍ത്തുകളഞ്ഞ നാരായണനും മരിച്ചു.


 



മുത്തങ്ങ സമരത്തിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു മടങ്ങിയ ഞേണന്‍, മൂന്നാം ദിവസം രക്തം ചര്‍ദ്ദിച്ച് ആശുപത്രിയില്‍ മരിച്ചു. മര്‍ദ്ദനമേറ്റ് മനോനില തെറ്റി പിന്നീട് തൂങ്ങിമരിച്ച ഗോപാലന്‍, മര്‍ദ്ദനത്തിനിരയായി ആരോഗ്യം തകര്‍ന്ന് ശരിയായ ചികിത്സ കിട്ടാതെ മരിച്ച പെരുവന്‍ തുടങ്ങി ഇരുപത്തഞ്ചോളം പേരാണ് കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടര്‍ന്ന് മരിച്ചത്.

സമരം നടന്ന സമയത്ത് ജോഗിയണ്ണന്‍ മാത്രമേ മരിച്ചുള്ളൂ. പൊലീസിന്റ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി. പിന്നീട് ഓരോരുത്തരായി മരിക്കുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തിന്റെ ദുരിതം പേറുന്നവര്‍ നിരവധിയാണ്. അംഗവൈകല്യം സംഭവിച്ചവരുണ്ട്. ഗുരുതര പരിക്കേറ്റവരുണ്ട്. അവരില്‍ പലരും ജീവിച്ചിരിക്കുന്ന രകതസാക്ഷികളാണ്. ബൂട്ടിട്ട് ഇടിച്ച് എന്റെ നെഞ്ചിലുണ്ടായ മുഴ ഇപ്പോഴും കല്ലിച്ച് നില്‍ക്കുന്നുണ്ട്. പനിയും, ശരീരവേദനയും വരുമ്പോള്‍ അതിന്റെ വേദന കൂടും.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത അറ്റാത്ത കോളനിയിലെ രാധാകൃഷ്ണന്‍, ബാബു കോട്ടിയൂര്‍, മണി ചാലീഗദ, ഗോപാലന്‍ തിരുനെല്ലി, മാധവന്‍ കാരമാട്ട് എന്നിവരെ സി.ബി.ഐയുടെ ചോദ്യം ചെയ്യലിലും ഭീകരമായി മര്‍ദ്ദിച്ചു. എന്നെയും കുറച്ചാളുകളെയും ബത്തേരി ഗസ്റ്റ് ഹൗസിലും, ഇവരെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലുമാണ് ചോദ്യം ചെയ്യലിന് കൊണ്ടുപോയത്. എന്നെയും, ബാക്കിയുള്ളവരെയും ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ വിട്ടു. അഞ്ചുപേരെ വിടാതെ തോല്‍പ്പെട്ടി റെയിഞ്ച് ഓഫീസില്‍ കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിച്ചു. ചെവി കര്‍ണവും ചുണ്ടുമെല്ലാം അടിച്ചുപൊട്ടിച്ചു. പൊലീസുകാരനെ കൊന്നത് നിങ്ങളല്ലേ എന്നുചോദിച്ചാണ് മര്‍ദ്ദിച്ചത്. ഇവരാണ് കൊന്നതെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതേതുടര്‍ന്ന് ഒരാഴ്ച അവര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ആ ക്രൂരമര്‍ദ്ദനത്തിന്റെ ദുരിതം ഇപ്പോഴും അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.''- ജാനു എഴുതുന്നു.

പൊലീസ് വെടിവെപ്പില്‍ ചാലിഗദ്ദ കോളനിയിലെ വേലായുധന്റെ കാല്‍പാദം മുറിഞ്ഞുപോയിരുന്നു. അങ്ങനെ ഗുരുതരമായി പരിക്കേറ്റവര്‍ എത്രയെത്രപേര്‍. ഇവര്‍ക്കൊന്നും നഷ്ടപരിഹാരം കിട്ടിയില്ല. ഇവരുടെയൊന്നും ജീവിതം എന്തായി എന്ന് ആരും അന്വേഷിക്കാറുമില്ല.

വഷളാക്കിയത് ആന്റണിയും കെ സുധാകരനും

'ആദര്‍ശധീരന്‍' എന്ന ഇമേജ് ഉണ്ടായിരുന്ന, മുഖ്യമന്ത്രി എ കെ ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കറുത്ത പാടായിരുന്നു, മുത്തങ്ങ സംഭവവും തുടര്‍ന്ന് നടന്ന പൊലീസ് വെടിവെപ്പും. ജനാധിപത്യപരമായി നടന്ന ഒരു സമരത്തെ ഈ രീതിയിലുള്ള പൊലീസ് ഭീകരതയിലേക്ക് മാറ്റിയതിന് ഉത്തരവാദിത്വം ആന്റണിക്കുതന്നെയാണ്. 2002-ല്‍ ഗുജറാത്ത് കലാപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഹിന്ദുത്വവാദികള്‍ക്കഴിഞ്ഞാടാന്‍ അവസരം നല്‍കി എന്നതാണല്ലോ പിന്നീട് പ്രധാനമന്ത്രിവരെയായ അദ്ദേഹത്തെ ഇപ്പോഴും വേട്ടയാടുന്ന വസ്തുത. സമാനമായ സ്ഥിതിയാണ് മുത്തങ്ങയുടെ കാര്യത്തില്‍ എ.കെ. ആന്റണിയും നേരിടുന്നത്. പിന്നീട് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് സമുന്നത നേതാവുമൊക്കെയായി മാറിയ ആന്റണി മുത്തങ്ങ സമരകാലത്ത് എല്ലാം പൊലീസിനു വിട്ടുകൊടുത്ത് നിസ്സംഗനായിരിക്കയായിരുന്നു.


 



അന്ന് ഡി.ജി.പിയായിരുന്ന കെ.ജെ. ജോസഫായിരുന്നു കാര്യങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നത്. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുള്ള ആന്റണിയുടെ നയംതന്നെ അക്കാലത്തുതന്നെ വ്യാപകമായി വിര്‍മശിക്കപ്പെട്ടു. ഡിജിപിയെ ജോസഫ് സാര്‍ എന്നായിരുന്നു മുഖ്യമന്ത്രിയായ ആന്റണിപോലും വിളിച്ചിരുന്നത്!സുരേഷ് രാജ് പുരോഹിത് എന്ന ഉത്തരേന്ത്യക്കാരനായ ഐപിഎസ് ഓഫീസറാണ് മുത്തങ്ങ വെടിവെപ്പിന് ഉത്തരവിട്ടത്. നരിവേട്ട സിനിമയില്‍ ചേരന്‍ ചെയ്യുന്ന കഥാപാത്രം പുരോഹിതുമായി സാമ്യമുള്ളതാണ്. പുരോഹിതന്റെ എടുത്തുചാട്ടവും പ്രശ്നം വഷളാക്കി.

പക്ഷേ ഇവരെയൊന്നും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് ആയില്ല. വെടിവെപ്പിനുശേഷവും ആന്റണി ആദിവാസി വിരുദ്ധ നിലപാട് തുടര്‍ന്നു.ആദിവാസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും, പട്ടികവര്‍ഗ്ഗ കമ്മിഷന്റേയും ശുപാര്‍ശ കണ്ടില്ലെന്നു നടിക്കുകയും ആദിവാസികള്‍ക്കെതിരായി മാത്രം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമാണ് പിന്നീട് ആന്റണി ചെയ്തത്.

തുടക്കത്തില്‍ ആദിവാസി ഭൂമി പ്രശ്നത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാടണ് ആന്റണി സ്വീകരിച്ചിരുന്നത്. 2001-ല്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്‍പില്‍ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന മറ്റൊരു കുടില്‍ കെട്ടല്‍ സമരം അവസാനിച്ചപ്പോള്‍, മുഖ്യമന്ത്രി എ കെ ആന്റണി ആദിവാസികള്‍ക്കൊപ്പം, ചെണ്ടകൊട്ടി തിമര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. പക്ഷേ രണ്ടുവര്‍ഷമായിട്ടും ഭൂമിനല്‍കാന്‍ യാതൊരു നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് 2003 ജനുവരിയില്‍ വയനാട് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടിവന്നത്. അന്നത്തെ പട്ടികവകുപ്പ് മന്ത്രിയായിരുന്ന എം.എ. കുട്ടപ്പനും കൃഷിമന്ത്രിയായ ഗൗരിയമ്മയുമൊക്കെ സമരത്തോടനുഭാവം പ്രദര്‍ശിപ്പിച്ചെങ്കിലും അവരും നേരിട്ട് ഇടപെട്ടില്ല. സെക്രട്ടറിയേറ്റിനുമുന്നില്‍ നടന്ന കുടില്‍ കെട്ടല്‍ സമരത്തില്‍ ജാനുവിന് ചീര വിത്ത് നല്‍കി അനുഭാവം അറിയിച്ചയാളാണ് മന്ത്രി എം എ കുട്ടപ്പന്‍. പക്ഷേ ഇവരൊക്കെ ഭരണനേതൃത്വത്തില്‍ ഉണ്ടായിട്ടും, ഒരു തുണ്ട് ഭൂമി പോലും ആദിവാസിക്ക് കിട്ടിയില്ല. കരാറില്‍ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ സെക്രട്ടറിയേറ്റ് ഫയലുകളിലിരുന്നുറങ്ങി. മുഖ്യമന്ത്രി ആന്റണിയോ ഭരണ നേതൃത്വമോ ഉദ്യോഗസ്ഥ സംവിധാനമോ അങ്ങനെ ഒരു കരാര്‍ ഉള്ളതായേ ഭാവിച്ചതേയില്ല. അങ്ങനെ ഗതികെട്ടാണ് ഗോത്രസഭ മുത്തങ്ങയിലെ വനഭൂമിയില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. തികച്ചും അക്രമരഹിതമായി അവര്‍ നടത്തിയ സമരമാണ് ഈ രീതിയില്‍ അവസാനിച്ചത്.

അന്നത്തെ വനം മന്ത്രിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റുമായി കെ സുധാകരനും പ്രശ്നം വഷളാക്കുകയാണ് ചെയ്തത്.  മുത്തങ്ങ സമരത്തെ രക്തരൂഷിതമാക്കി തകര്‍ത്തവസാനിപ്പിക്കുന്നതില്‍ അന്ന് വനം വകുപ്പിന്റെ ഐ.ബികളില്‍ കുടിപ്പാര്‍പ്പിച്ചിരുന്ന സുധാകരന്റെ അനുചരവൃന്ദത്തിന്റെ പങ്ക് ചര്‍ച്ചാവിഷയമായിരുന്നു. ആദിവാസി ഗോത്രമഹാസഭ ഈ ആരോപണം ഉന്നയിച്ചിരുന്നു. മുത്തങ്ങ വെടിവെപ്പിനു മുന്‍പും പിന്‍പുമൊക്കെ സുധാകരന്‍ നടത്തിയ പ്രസ്താവനകളും ഭീഷണികളുമൊക്കെ പാവപ്പെട്ട ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമത്തിനു പൊലീസിനെയും വിരുദ്ധരേയും പ്രേരിപ്പിക്കുന്നതും അവര്‍ക്ക് ധൈര്യം നല്‍കുന്നതുമായിരുന്നു.




 


സി കെ ജാനു എഴുതുന്നു-''അന്നത്തെ വനം വകുപ്പ് മന്ത്രി ആദിവാസികളെ മനുഷ്യരായിപോലും പരിഗണിച്ചില്ല. ആദിവാസികള്‍ മുഴുവന്‍ കുറ്റക്കാരെന്ന നിലയില്‍ അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ടാണ് കുറ്റവാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞത്. മുത്തങ്ങ സമരത്തിനുപിന്നില്‍ സി.കെ. ജാനുവിന്റെ രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ 'ദിസ് ഈസ് എ മെസേജ് ടു കേരള' എന്ന് എത്ര ധാര്‍ഷ്?ട്യത്തോടെയാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെക്കൊണ്ട് വനത്തില്‍ തീയിട്ട് സമരക്കാരെ തുരത്താന്‍ ശ്രമിച്ച ഇവരെയെല്ലാമാണ് മുത്തങ്ങ സംഭവത്തില്‍ ഒന്നാം പ്രതികളാക്കി കേസെടുക്കേണ്ടത്.''

അന്ന് ആന്റണിക്കും സുധാകരനുമെതിരെ ആഞ്ഞടിച്ചത് പ്രതിപക്ഷ നേതാവായിരുന്നു വി എസ് അച്യൂതാനന്ദനായിരുന്നു. പക്ഷേ വി.എസ്. മുഖ്യമന്ത്രിയായിട്ടും ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്യുന്നതിനോ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടുന്നതിനോ ശ്രമിച്ചില്ല എന്നതാണ് വസ്തുത. മാത്രമല്ല മൂന്ന് കേസുകള്‍ കൂടി അധികമായി എടുക്കുകയും ചെയ്തു. ജോഗിയുടെ കുടുംബത്തിന് ധനസഹായം നല്‍കിയതും, മകള്‍ സീതയ്ക്ക് സര്‍ക്കാര്‍ ജോലി കൊടുത്തതും ഇടതുപക്ഷം നന്നായി പ്രചരിപ്പിച്ചിരുന്നു. മുത്തങ്ങ സമരത്തിന്റെ സി.ഡി. കോളനികളില്‍ പ്രചരിപ്പിച്ച് വോട്ടു പിടിച്ചാണ് സിപിഎം അടുത്ത തവണ അധികാരത്തില്‍ വന്നത്. ചരുക്കിപ്പറഞ്ഞാല്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും, ആദിവാസികളെ പറ്റിക്കയാണ് ചെയ്തത്.

സി കെ ജാനുവിന് സംഭവിച്ചത്?

അന്ന് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ നിന്ന വ്യക്തിത്വമായിരുന്നു, ആദിവാസി ഗോത്രമഹാഭയും, സി കെ ജാനുവും. ഇടതുവലതുമുന്നണികള്‍ ഒരുപോലെ ഭയക്കുന്ന ക്രൗഡ് പുള്ളറായി ജാനു വളര്‍ന്നു. ഒപ്പം നിഴലായും ആസുത്രകനായും ഗീതാനന്ദനുമുണ്ടായിരുന്നു. ഗോത്രമഹാസഭയുടെ വളര്‍ച്ച അല്‍പ്പം ഭയപ്പാടോടുകൂടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടിരുന്നത്. നക്സല്‍ അനുഭാവികളായ റെഡ് ഫ്ളാഗിന്റെ പിന്തുണ പോലും ഗോത്രമഹാസഭക്ക് അന്ന് കിട്ടിയില്ല. 'വിദേശ ഫണ്ടിംഗ് ഏജന്‍സിയുടെ വളര്‍ത്തുപുത്രിയാണ് സി.കെ. ജാനു' എന്നാണ് റെഡ് ഫ്ളാഗ് പറഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ് ആളുകള്‍ സമരത്തിനിറങ്ങിയത് എന്നവര്‍ പ്രചരിപ്പിച്ചു. സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ ആദ്യകാലത്ത് ജാനുവിനും ഗോത്രമഹാസഭക്കും എതിരായിരുന്നു. ചില സാംസ്‌കാരിക നായകന്മാര്‍ക്ക് സമരത്തോട് എതിര്‍പ്പായിരുന്നു. ആദിവാസികള്‍ വനവും വന്യജീവികളെയും നശിപ്പിക്കും എന്നാണ് അവര്‍ പറഞ്ഞത്.

സമാനതകള്‍ ഇല്ലാത്ത പീഡനമാണ്, മുത്തങ്ങയിലെ പൊലീസുകാരന്റെ മരണത്തിനുശേഷം ജാനുവിന് നേരിട്ടത്. മുത്തങ്ങയിലെ സംഭവങ്ങളറിഞ്ഞ് ജാനുവിന്റെ വീട്ടിലെത്തിയവരെയും പൊലീസ് ജയിലിലടച്ചു. ചേച്ചിയുടെ മകന്‍ ബാബുവിനെയും, അനിയത്തിയുടെ മകന്‍ വിജേഷിനെയും, ജാനു എവിടെയാണെന്ന് ചോദിച്ച് ഭീകരമായി മര്‍ദ്ദിച്ചു. ആത്മകഥയില്‍ ജാന എഴുതുന്നു-''ഫെബ്രുവരി 19ന് എന്നെ കൊന്നുകളഞ്ഞുവെന്ന വാര്‍ത്ത കേട്ടാണ് ചേച്ചിയുടെ മൂന്നാമത്തെ മകന്‍ ബൈജുവും പനവല്ലി മിച്ചഭൂമി കോളനിയിലുള്ള രാമേട്ടനും രഘുവും കാളേട്ടനും മുത്തങ്ങയിലെത്തിയത്. എന്റെ 'മൃതദേഹം' കൊണ്ടുപോകാനാണ്? അവര്‍ വന്നത്. ഇവരെ പൊലീസ് ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി മൂന്നുദിവസം ഭീകരമായി മര്‍ദ്ദിച്ചു, പിന്നെ, കണ്ണൂര്‍ സെന്റര്‍ ജയിലില്‍ രണ്ടു മാസം തടവിലിട്ടു. ഇവര്‍ സമരത്തിന് വന്നവരല്ല. എന്നിട്ടും കൊലപാതകക്കുറ്റമടക്കം ചാര്‍ജ്ജ് ചെയ്ത് പ്രതികളാക്കി. ഇതില്‍ രാമേട്ടനും, രഘുവും ഇന്ന് ജീവനോടെയില്ല''.

ആദ്യം മാധ്യമങ്ങളും ആശയപരമായി ആദിവാസി സമരത്തോട് എതിരായിരുന്നു.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ജയില്‍ സന്ദര്‍ശനത്തിനുശേഷമാണ് കേരളത്തിലെ മാധ്യമങ്ങളും എഴുത്തുകാരും ഗോത്രമഹാസഭക്ക് അനുകൂലമായി എഴുതിത്തുടങ്ങിയത്.-'' അവരുടെ ജയില്‍ സന്ദര്‍ശനം ഞങ്ങള്‍ക്കൊരു അനുഗ്രഹമായിരുന്നു. എന്നെയും ഗീതാനന്ദനെയും ഒരുമിച്ചിരുത്തി അവര്‍ സംസാരിച്ചു. അവര്‍ ഞങ്ങളെ ജയിലില്‍ സന്ദര്‍ശിച്ചതിന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്, അരുന്ധതിറോയി ജനാധിപത്യത്തിന് കളങ്കമാണ്? എന്നാണ്?. അരുന്ധതിറോയിയുടെ ജയില്‍ സന്ദര്‍ശനത്തിനുശേഷമാണ് പലയാളുകളും നമ്മളെ കാണാന്‍ വന്നുതുടങ്ങിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍, കര്‍ഷക നേതാവും കര്‍ണാടക രാജ്യ റയിത്ത സംഘത്തലവനുമായിരുന്ന പ്രൊഫ. നഞ്ചുണ്ടസ്വാമി എന്നിവര്‍ ഞങ്ങളെ ജയിലില്‍ വന്നു കണ്ടു. സമരങ്ങള്‍ക്ക് നഞ്ചുണ്ടസ്വാമി പൂര്‍ണ പിന്തുണ അറിയിച്ചു. സി.പി.എം. നേതാവ് വൃന്ദാ കാരാട്ട്, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവര്‍ ഞങ്ങളെ ജയിലില്‍ വന്നു കണ്ടു. എല്ലാ പാര്‍ട്ടിക്കാരും ആദിവാസികളുടെ കുടിലുകളില്‍ കയറിയിറങ്ങി ആളുകളെ പൊലീസിന് ചൂണ്ടിക്കാട്ടി കൊടുക്കുകയായിരുന്നു എന്ന് ഞാന്‍ ബിനോയ് വിശ്വത്തോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, രാഷ്ട്രീയപാര്‍ട്ടിക്കാര്‍ എന്ന് പറയരുത്, നാട്ടുകാരില്‍ ചിലരാണ് അങ്ങനെ ചെയ്തത് എന്നാണ്. എന്നാല്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികളുടെയും പേരിലാണ് നാട്ടില്‍ ഞങ്ങള്‍ അവരെ അറിയുന്നത്. അതുകൊണ്ട് പാര്‍ട്ടിക്കാര്‍ എന്നു പറയാനേ ഞങ്ങള്‍ക്ക് കഴിയൂ എന്ന് ഞാന്‍ മറുപടി നല്‍കി.''- ജാനു എഴുതുന്നു.


 



പക്ഷേ അന്നും ബദല്‍ രാഷ്ട്രീയം കൊതിക്കുന്ന ഒരുകൂട്ടം മനുഷ്യസ്നേഹികളുടെ ആശയം ആവേശവുമായിരുന്നു ജാനു. പക്ഷേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞെട്ടിക്കുന്ന രാഷ്ട്രീയമാറ്റമാണ് ജാനുവിനും ഉണ്ടായത്. അവര്‍ ഇന്ന് ബിജെപിക്ക് ഒപ്പമാണ്. ഈ പ്രശ്നത്തെചൊല്ലി ഗോത്രമഹാസഭയില്‍ പിളര്‍പ്പുണ്ടായി. സംഘടനയില്‍ വലിയ കൊഴിഞ്ഞുപോക്കുണ്ടായി. അതിലേറെ നാണക്കേടുണ്ടാക്കിയത്, എന്‍ഡിഎയില്‍ ചേരാനായി ജാനുവിനുവേണ്ടി, അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് പണം ചോദിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നതാണ്. ജാനുവിന് സുരേന്ദ്രന്‍ കൊടുത്ത 'രാഷ്ട്രീയ കൈക്കൂലി' പിന്നീട് കേസുമായി മാറി. ഇതോടെ സി കെ ജാനുവെന്ന ഒരു വിഗ്രഹം തന്നെ ഉടഞ്ഞുപോയി.

ആദിവാസി അല്ലാതിരുന്നിട്ടും, സര്‍ക്കാര്‍ ജോലിപോലും വലിച്ചെറിഞ്ഞ് ആദിവാസി ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു എം ഗീതാനന്ദന്‍. പൊലീസ് മര്‍ദനത്തല്‍ പരിക്കേറ്റതിനാക്കാള്‍ ഗീതാനന്ദനെ തകര്‍ത്തുകളഞ്ഞത് ജാനുവിന്റെ രാഷ്ട്രീയ വഞ്ചനയാണെന്നാണ് അവരുടെ പൊതുസുഹൃത്തുക്കള്‍ പറയുന്നത്. എന്നിട്ടും ഗീതാനന്ദന്‍ ശരീരിക അവശതകള്‍ക്കിടയിലും, ആദിവാസികള്‍ക്ക് വേണ്ടി പൊരുതുന്നു.

ആദിവാസി ഭൂമി എന്ന സ്വപ്നം അകലെ

ആദിവാസി ഭൂമി പ്രശ്നം ലോകവ്യാപകമായി ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും, മുത്തങ്ങ സമരത്തിന്റെ കാതലായ പ്രശ്നം ഇത്രയും കാലമായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. മുത്തങ്ങ ഭൂസമരത്തിന്റെ 22-ാം വാര്‍ഷികമെത്തുമ്പോള്‍ മാധ്യമങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമാണ്. രേഖകളില്‍മാത്രം ഭൂവുടമകളായി തുടരുകയാണ്, സമരംനയിച്ച 260 കുടുംബങ്ങള്‍. സമരത്തിന് നേതൃത്വം നല്‍കിയ ഗോത്രമഹാസഭയുടെ കണക്കില്‍ 825 കുടുംബങ്ങള്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും ഭൂമിയില്ല.

മുത്തങ്ങയിലെ വെടിവെപ്പിനുശേഷം നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരും ഗോത്രമഹാസഭയും അംഗീകരിച്ച മുന്‍ഗണനപ്പട്ടികയില്‍ 281 കുടുംബങ്ങളാണുള്ളത്. ഇതില്‍ 241 കുടുംബത്തിനും ഇതിനകം ഒരേക്കര്‍വീതം ഭൂമി നല്‍കി. ശേഷിക്കുന്ന 40 കുടുംബങ്ങള്‍ക്ക് വയനാട്ടില്‍ നടന്ന പട്ടയമേളയില്‍വെച്ച് ഇരുളത്ത് ഭൂമി നല്‍കി. പക്ഷേ ഇവിടെയും പ്രശ്നങ്ങളുണ്ട്. ആര്‍ക്കും വേണ്ടാത്ത തരിശ് ഭൂമിയാണ് പലര്‍ക്കം കിട്ടിയത്. വന്യമൃഗശല്യം വേറെയും. വെറുതെ കൊടുത്താലും ആരും വാങ്ങിക്കാത്ത ഭൂമി നല്‍കി ആദിവാസിയെ പറ്റിക്കയാണെന്നും ആക്ഷേപമുണ്ട്. എങ്കിലും ആദിവാസി ഭൂ സമരങ്ങള്‍ക്കും ആദിവാസികളോടുള്ള സര്‍ക്കാറുകളുടെ സമീപനത്തിനും മാറ്റം വരുത്തിയതായിരുന്നു മുത്തങ്ങ സമരം. വെടിവെപ്പ് ആദിവാസി മുന്നേറ്റങ്ങള്‍ക്ക് പുതിയ ദിശ സമ്മാനിച്ചുവെന്നതും വസ്തുതയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കയേ ആണ് നരിവേട്ട എന്ന സിനിമ മുത്തങ്ങയുടെ കഥയുമായി ഇറങ്ങുന്നത്. നേരത്തെ തലപ്പാവ്, പട എന്നീ ചിത്രങ്ങളും സമാനമായ പ്രമേയമാണ് പറഞ്ഞത്. പക്ഷേ നരിവേട്ടക്ക് ഇത്രയും ശക്തമായ ഒരു പ്രമേയത്തെ അതിന്റെ തീക്ഷ്ണയില്‍ ആവാഹിക്കാനായിട്ടില്ല. ഡോ ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' എന്ന സിനിമ ശക്തമായി സമാനമായ വിഷയം കൈകാര്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റങ്ങള്‍ പൊലീസ് മുന്നില്‍ ആരോപിക്കുന്ന നരിവേട്ട സിനിമ, പൊലീസ് ചെയ്ത യാഥര്‍ത്ഥ കുറ്റങ്ങള്‍ മറച്ചുപിക്കുകയും, രാഷ്ട്രീയ പ്രശ്നങ്ങളില്‍ മൗനം പാലിക്കുകയുമാണ്.

വാല്‍ക്കഷ്ണം: കൊല്ലപ്പെട്ട വിനോദ് എന്ന പൊലീസുകാരന്റെ ജാതിവെച്ചും ഇവിടെ രാഷ്ട്രീയക്കളി നടന്നു. പിന്നാക്കക്കാരനായ ഒരു പൊലീസുകാരെയാണ് ആദിവാസികള്‍ കൊന്നത് എന്ന് പ്രചരിപ്പിച്ച് തങ്ങളെയും ദളിതരെയും തെറ്റിക്കാന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ നടത്തിയ ശ്രമം സി കെ ജാനുവിന്റെ ആത്മകഥയിലുണ്ട്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ജാതി തന്നെ മലയാളിക്ക് മുഖ്യം!

Tags:    

Similar News