തോക്കെടുക്കാതെ നാക്കുകൊണ്ട് പോരടിക്കുന്ന ട്രംപ്; യുദ്ധത്തിന് ചെലവിടുന്ന കോടികള്‍ വികസനത്തിന് ഉപയോഗിക്കുമെന്ന വാഗ്ദാനം നടപ്പാവുന്നു; ട്രംപ്- പുടിന്‍ അച്ചുതണ്ടിലേക്ക് കിം ജോങ് ഉന്നും; തീ മഴ പെയ്യിച്ച് അടിച്ചുകേറി റഷ്യ; മറ്റ് രാജ്യങ്ങള്‍ക്കും ചാഞ്ചാട്ടം; യുക്രൈനിന്റെ പതനം ആസന്നമോ?

തോക്കെടുക്കാതെ നാക്കുകൊണ്ട് പോരടിക്കുന്ന ട്രംപ്

Update: 2024-11-30 09:16 GMT

തോക്കെടുക്കാതെ, നാക്കുകൊണ്ടുമാത്രം യുദ്ധം ചെയ്യുന്ന നേതാവ്! പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അങ്ങനെയാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. ട്രംപിന്റെ യുദ്ധങ്ങളെല്ലാം നാക്കുകൊണ്ടാണ്. ലോകപൊലീസ് ചമഞ്ഞ്, ഈ ഭൂമുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി, സകല പ്രശ്നങ്ങളിലും തലയിട്ട്, അവസാനം അമേരിക്കക്ക് വന്‍ ധനനഷ്ടവും, സൈനികരുടെ ആള്‍ നാശവും ഉണ്ടാക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളയാളാണ് ട്രംപ്. മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നപ്പോഴാണ്, അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് സേനയെ പിന്‍വലിപ്പിച്ചത്. അതിന്റെ ഫലമോ, ഹാമിദ് കര്‍സായി സര്‍ക്കാറിനെ വലിച്ച് താഴെയിട്ട്, താലിബാന്‍ അധികാരത്തിലേറി.

ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ സമാനമായ ഒരു വിപത്തിലേക്കാണോ യുക്രൈനും പോവുന്നത് എന്ന് ആശങ്കയുണ്ട്. കാരണം ഇതുവരെ യുകൈന്‍്ര പ്രസിഡന്റ വ്ളാദിമിര്‍ സെലന്‍സ്‌ക്കിയും കൂട്ടരും പിടിച്ചു നിന്നത്, ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ലോഭമായ പിന്തുണ കൊണ്ടായിരുന്നു. എന്നാല്‍ ട്രംപ് ഇതിന് നേര്‍ വിപരീതമാണ്. പ്രചാരണ വേളയിലെല്ലാം യുദ്ധങ്ങളില്‍ അമേരിക്ക പങ്കാളിയാവില്ലെന്ന് ആവര്‍ത്തിച്ചിരുന്നു ട്രംപ്. ആ പണം അമേരിക്കന്‍ പൗരന്‍മ്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നായിരുന്നു വാഗ്ദാനം. ആ ചിന്താഗതിയോട് യോജിപ്പുള്ള വോട്ടര്‍മാരാണ് ട്രംപിന് വിജയം സമ്മാനിച്ചവരില്‍ ഒരു വലിയ വിഭാഗം. അതുകൊണ്ടുതന്നെ യുക്രൈനിനുള്ള ആയുധവും പണവുമായുള്ള ഫണ്ടിങ് അമേരിക്ക നിര്‍ത്തുമെന്നാണ് കരുതുന്നത്.

ട്രംപിന് അധികാരം കൈമാറും മുമ്പ് യുക്രൈന് കൂടുതല്‍ യുഎസ് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ബൈഡന്‍ നല്‍കിയിരുന്നു. പക്ഷേ തന്റെ സുഹൃത്തുകൂടിയായ ട്രംപ് വൈറ്റ്ഹൗസില്‍ എത്തിയതോടെ, വര്‍ധിത വീര്യത്തിലാണ് പുടിന്‍. യാതൊരു ദാക്ഷിണ്യവുമില്ലാതെ പുടിന്‍ യുക്രൈനിന് മേല്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം തികയാന്‍ വെറും മൂന്ന് മാസമുള്ളപ്പോള്‍ റഷ്യ - യുക്രൈന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നു. വടക്കന്‍ കൊറിയ ശക്തമായ സൈനിക പിന്തുണ നല്‍കി പുടിന് ഒപ്പമുണ്ട്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ യൂക്രൈനിന്റെ പതനം ആസന്നമാണെന്നണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.

യുഎസ്, യുക്രൈന്‍ ഫണ്ടിങ് നിര്‍ത്തുന്നു?

ആയുധബലം വെച്ചുനോക്കുമ്പോള്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ശക്തിയാണ് റഷ്യ. പുടിന്‍ എന്ന മദയാനയുമായി താരതമ്യപ്പെടുത്തിയാല്‍ സെലന്‍സ്‌കി വറും ഉറുമ്പുമാത്രമാണ്. എന്നിട്ടും കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി റഷ്യയെ തളച്ചിടാന്‍ ഇവര്‍ക്ക് കഴിഞ്ഞത്, അമേരിക്കയുടെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും നിര്‍ലോഭമായ പിന്തുണ കൊണ്ടായിരുന്നു. കോടിക്കണക്കിന് രൂപയുടെ ആയുധങ്ങളും പണവുമാണ് ബൈഡന്‍ ഭരണകൂടം യുക്രൈന് നല്‍കിയത്. എന്നാല്‍ ഇതെല്ലാം പാഴ്ചെലവാണെന്നും, അമേരിക്ക സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും, വിശ്വസിക്കുന്നയാളാണ് ട്രംപ്. അതുകൊണ്ടുതന്നെ യുക്രൈനുള്ള സഹായം പൂര്‍ണ്ണമായി നിര്‍ത്തിവെക്കാനോ, വലിയ തോതില്‍ വെട്ടിക്കുറക്കാനോ ഇടയുണ്ട്. റഷ്യക്ക് വലിയതോതില്‍ ആഹ്ലാദം നല്‍കുന്നതാണ് ഈ വാര്‍ത്തകള്‍.


 



അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക്മുമ്പാണ്, ബൈഡന്‍ മാരകമായ എടിഎസിഎംഎസ് മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ പ്രയോഗിക്കാനുള്ള അനുവാദം യുക്രൈയ്ന് നല്‍കിയത്. മോസ്‌കോ 50,000 സൈനികരെ കുര്‍സ്‌കിലേക്ക് അയച്ചതോടെയാണ് മിസൈല്‍ പ്രയോഗത്തില്‍ ബൈഡന്‍ അനുമതി നല്‍കിയത്. വടക്കന്‍ കൊറിയന്‍ സൈനികരെയാണ് റഷ്യ കുര്‍സ്‌കില്‍ വിന്യസിച്ചത്. എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതില്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യുദ്ധം രൂക്ഷമാകാന്‍ ഇത് കാരണമാകുമെന്ന് ചിലര്‍ വിലയിരുത്തിയത്. യുക്രൈയിനുള്ളില്‍ ഇവ ഉപയോഗിക്കാന്‍ ഫെബ്രുവരിയില്‍ തന്നെ അമേരിക്ക അനുമതി നല്‍കിയിരുന്നു. മിസൈലുകള്‍ ഏപ്രിലില്‍ യുക്രൈയിനില്‍ എത്തുകയും ചെയ്തു. സെലന്‍സ്‌കി ബൈഡന് മുന്നില്‍ അവതരിപ്പിച്ച വിജയപദ്ധതിയുടെ ഭാഗമായിരുന്നു ഈ മിസൈലുകള്‍.

പക്ഷേ, ഈ അനുമതി യുദ്ധത്തില്‍ വലിയ മാറ്റമൊന്നും വരുത്തില്ലെന്നാണ് ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പക്ഷം. കാരണം ഇവ നിര്‍മ്മിക്കാനെടുക്കുന്ന സമയമാണ് പ്രശ്നം. ഉളളത് പ്രയോഗിച്ച് കഴിഞ്ഞാല്‍ പകരം എത്തിക്കുക എളുപ്പം നടക്കാത്ത കാര്യമാണ്. അതിനേക്കാള്‍ ഭേദമാണ് യുക്രൈന്റെ ഡ്രാണുകള്‍. സത്യത്തില്‍ എടിഎസിഎംഎസ് മിസൈലുകളെക്കാള്‍ ദൂരത്തില്‍ പോകുന്ന ഡ്രോണുകളുണ്ട് യുക്രൈന്. അവ നിര്‍മ്മിക്കുന്നത് അതിവേഗത്തിലുമാണ്. ഇതും നടക്കുന്നത് അമേരിക്കയുടെ പിന്തുണയോടെയാണ്.

ജിയുആര്‍ എന്ന യുക്രൈന്റെ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നിര്‍മ്മാണം. അതീവ രഹസ്യമായി നടക്കുന്നത്. പക്ഷേ, റഷ്യ പലപ്പോഴും അവയുടെ ആക്രമണം തടുക്കുന്നുമുണ്ട്. വിജയം ഉറപ്പിക്കണമെങ്കില്‍ ഡ്രോണുകള്‍ കൂട്ടത്തോടെ അയക്കണം. റഷ്യയുടെ അതിര്‍ത്തി കടന്ന് അമേരിക്കന്‍ മിസൈലുകള്‍ പ്രയോഗിക്കാന്‍ അനുമതി കിട്ടിയാല്‍ യുദ്ധത്തിന്റെ ഗതി മാറുമെന്നായിരുന്നു, യുക്രൈന്റെ പ്രതീക്ഷ. പക്ഷേ ഡോണള്‍ഡ് ട്രംപ് അധികാരമേറിയതോടെ യുക്രൈന് പിന്നെ മുന്നോട്ടൊരു വഴിയില്ല. ചിലപ്പോള്‍. അതുകൂടി മനസില്‍ കണ്ടാണ് ജോ ബൈഡന്‍ മിസൈല്‍ പ്രയോഗത്തിന് അനുമതി നല്‍കിയിരിക്കുക.

യുക്രൈന്റെ ചെറുത്തുനില്‍പ്പില്‍ ഏറ്റവും നിര്‍ണ്ണായകമായ, നോണ്‍ പെര്‍സിസ്റ്റന്റ് ആന്റി പേഴ്സണല്‍ ലാന്‍ഡ് മൈനുകളും നല്‍കിയരിക്കുന്നത് അമേരിക്കയാണ്. ഒരാള്‍ അടുത്തു വരുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കുന്നവയാണ് ഇത്തരം മൈനുകള്‍. ഒരു നിശ്ചിതസമയം കഴിയുമ്പോള്‍ പ്രവര്‍ത്തനരഹിതമാകും. യുദ്ധ മുഖത്ത് ചാവേര്‍ സംഘങ്ങളെ അയക്കുന്ന റഷ്യന്‍ രീതിയും തടഞ്ഞത് ഈ ലാന്‍ഡ് മൈനുകളണ്. അഞ്ചോ ആറോ സൈനികര്‍, മോട്ടോര്‍ബൈക്കില്‍ യുക്രൈയ്ന്‍ സൈനികരുടെയിടയിലേക്ക് പാഞ്ഞുകയറി സ്ഫോടനം നടത്തുകയാണ് റഷ്യയുടെ രീതി. പക്ഷേ അത് തടയുന്നത് ഈ മൈനുകളാണ്. ഇപ്പോള്‍ ട്രംപ് അധികാരത്തില്‍ വരുന്നതോടെ ഇത്തരം ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നത് ഇല്ലതാവും. ഫലത്തില്‍ റഷ്യ ഇരച്ചുകയറുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടാവുക.

തീമഴ പെയ്യിച്ച് റഷ്യ

യുക്രൈയ്ന്‍ യുദ്ധം രൂക്ഷമാവുമ്പോള്‍ റഷ്യന്‍ സൈന്യം അടിച്ചുകയറിവരുന്നതിന്റെ വാര്‍ത്തകളാണ് എവിടെനിന്നും കേള്‍ക്കാന്‍ കഴിയുന്നത്. യുക്രൈയ്ന്‍ നഗരമായ ഡിനീപ്രോയില്‍ പുതിയ മിസൈല്‍ പ്രയോഗിച്ചു റഷ്യയുടെ നടപടി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിച്ചിരിക്കയാണ്. ഒരേഷ്നെക് എന്ന മിസൈലിനെ തടുക്കാന്‍ പടിഞ്ഞാറന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നാണ് പുടിന്‍ അവകാശപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരുന്നു ഈ മിസൈലിന്റെ പ്രയോഗം. അതിനിയും റഷ്യയുടെ കൈയില്‍ ബാക്കിയുണ്ട്. വേണ്ടിവന്നാല്‍ ഉപയോഗിക്കും എന്നാണ് പുടിന്റെ മുന്നറിയിപ്പ്.

റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണം യുക്രൈയിനെ ഇരുട്ടിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറുത്തുവരുന്നത്. രാജ്യത്തെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും നൂറോളം ഡ്രോണുകളും 90-ലധികം മിസൈലുകളും ഉപയോഗിച്ചാണ് രാജ്യത്തെ വിവിധഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയതെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു.

കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലും മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈനിലെ 12 മേഖലകളെയെങ്കിലും മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോ അറിയിച്ചു. അടുത്തിടെ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈയിനിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജവിതരണ കമ്പനിയായ ഡി.ടി.ഇ.കെ.യുടെ തെര്‍മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താറുമാറായിരുന്നു. ഇതേത്തുടര്‍ന്ന് വൈദ്യുതിവിതരണത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇരുന്നൂറോളം തവണയാണ് ഡി.ടി.ഇ.കെ.യുടെ വിവിധ പ്ലാന്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.


 



യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് പുതിയതായി വികസിപ്പിച്ച മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണെന്ന് റഷ്യ പറയുന്നത്. യു.എസ്, ബ്രീട്ടീഷ് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ യുക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. ആണവായുധം വഹിക്കാന്‍വേണ്ടി രൂപകല്പനചെയ്തിട്ടുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) ആണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുടിന്റെ മറുപടി. പൗരന്മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള മുന്നറിയിപ്പ് ആക്രമണത്തിന് മുന്‍പ് നല്‍കുമെന്ന് പറഞ്ഞ പുടിന്‍, റഷ്യന്‍ മിസൈലുകളെ തടയാന്‍ യു.എസ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും അവകാശപ്പെട്ടു.

ആണവായുധ പ്രയോഗത്തിനും മടിയില്ല

റഷ്യയെ ആക്രമിക്കാന്‍ മിസൈലുകള്‍ നല്‍കിയ രാജ്യങ്ങള്‍ക്കെതിരേ ഇത് തിരിച്ച് പ്രയോഗിക്കുമെന്നും പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യനിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ റഷ്യയെ ആക്രമിച്ചാല്‍ അത് റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്നാണ് പുടിന്‍ പറഞ്ഞിരുന്നത്. അതിനിടെ, യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ഇതിന് പിന്നാലെയാണ് യുക്രൈനിലേക്ക് വന്‍തോതില്‍ മിസൈലാക്രമണം നടന്നത്. റഷ്യന്‍മണ്ണില്‍ യു.എസ്. നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് പുടിന്‍ പുതിയ നയത്തില്‍ ഒപ്പിട്ടത്.

ഇതോടെ വര്‍ഷങ്ങളായുള്ള റഷ്യയുടെ ആണവനയം മാറുകയാണ്. ഏതൊക്കെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കാമെന്നതില്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരുന്നു. ഇനിയങ്ങോട്ട് ആണവശക്തിയുടെ പിന്തുണയോടെ ആണവശക്തിയല്ലാത്ത രാജ്യം റഷ്യയെ ആക്രമിച്ചാലും അതൊരു സംയുക്ത ആക്രമണമായി കണക്കാക്കാം. ഏതെങ്കിലും സഖ്യത്തിലെ ഒരൊറ്റ രാജ്യമാണ് ആക്രമിക്കുന്നതെങ്കിലും സഖ്യത്തിന്റെ മുഴുവന്‍ ആക്രമണമായി ഇനി മുതല്‍ കണക്കാക്കപ്പെടും. അത് ഇനിയൊരു ആണവാക്രമണം അല്ലെങ്കില്‍ പോലും പ്രത്യാക്രമണം ആണവായുധം ഉപയോഗിച്ചായിരിക്കും. ആണവായുധ ഭീഷണി പണ്ടേ റഷ്യയുടെ കൈയജലുണ്ട്. പക്ഷേ, ഇപ്പോള്‍ അതിന്റെ പ്രയോഗത്തില്‍ വ്യാഖ്യാനം കുറച്ച് വിപുലമായെന്ന് മാത്രം. ബെലാറൂസിനും സ്വന്തം കുടക്കീഴില്‍ സംരക്ഷണമൊരുക്കുകയാണ് ക്രെംലിന്‍. ആക്രമണം ബെലാറൂസിന് നേര്‍ക്കായാല്‍ പോലും അത് റഷ്യയെ ആക്രമിക്കുന്നതിന് തുല്യമായി കണക്കാക്കുമെന്നാണ് പുടിന്‍ അംഗീകരിച്ച നിര്‍ദ്ദേശം.

അതായത് അധികം കളിച്ചാല്‍ ഇത് നാറ്റോ രാജ്യങ്ങള്‍ക്കെതിരെ തങ്ങള്‍ നേരിട്ട് യുദ്ധം ചെയ്യുമെന്ന് പറയാതെ പറയുകയാണ് പുടിന്‍. യുക്രൈനെ സംബന്ധിച്ച് വളരെ കടുപ്പമേറിയ സമയത്തുകൂടിയാണ് അവര്‍ കടന്നുപോവുന്നത്. കിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് സൈനികരെയാണ് യുക്രൈന് നിയോഗിക്കേണ്ടി വന്നത്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈിന്റെ ആക്രമണമൂലം റഷ്യയില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇങ്ങനെ റഷ്യയെ അവര്‍ക്ക് വിറപ്പിക്കാന്‍ കഴിഞ്ഞിരുന്നത് അമേരിക്കന്‍ ആയുധങ്ങളുടെയും, പണത്തിന്റെയും കരുത്തിലാണ്. അത് ഇല്ലാതാവുമ്പോള്‍ ആ രാജ്യം എങ്ങനെ അതിജീവിക്കുമെന്ന് അറിയണം.


 



എണ്ണകൊടുത്താല്‍ കിം ഇറങ്ങും

യുദ്ധം തുടങ്ങൂമ്പോള്‍ പുടിന്റെ കുടെ വടക്കന്‍ കൊറിയന്‍ പ്രസിഡന്റ്, കിം ജോങ് ഉന്‍ മാത്രമായിരുന്നു സുഹൃത്തായി ഉണ്ടായിരുന്നത്. മറ്റൊരു സുഹൃത്തായ ചൈനയിലെ ഷീ ജിന്‍ പിങ്് നിഷ്പക്ഷ നിലപാടാണ് എടുത്തത്. ഇപ്പോള്‍ തന്റെ വ്യക്തിപരമായ സുഹൃത്തായ ട്രംപ് കൂടി അധികാരത്തിലെത്തുമ്പോള്‍ പുടിന്റെ കരുത്ത് കൂടുകയാണ്.

യുക്രൈനുമായുള്ള പോരാട്ടത്തില്‍ റഷ്യയ്ക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന്, ഇന്നലെയും ആവര്‍ത്തിച്ചിരിക്കയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. റഷ്യയുടെ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കിം ജോങ് ഉന്‍ നിലപാട് ആവര്‍ത്തിച്ചത്. പോരാട്ടത്തില്‍ റഷ്യയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കിം ജോങ് ഉന്‍ പ്രതിജ്ഞ എടുത്തതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസങ്ങളിലായി 10,000ത്തോളം സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. റഷ്യയുടെ അതിര്‍ത്തി മേഖലകളിലുള്ള പലയിടങ്ങളിലായി ഇവരെ വിന്യസിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ പല ലോകരാജ്യങ്ങളും ആശങ്ക പരസ്യമായി തുറന്നു പറയുന്നതിനിടെയാണ് ആന്‍ഡ്രി ബെലോസോവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ സൈനിക സംഘം ഉത്തരകൊറിയയില്‍ എത്തിയത്.

സൈനിക പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് കൊണ്ട് ഇരു രാജ്യങ്ങളുടേയും പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും കിം ജോങ് ഉന്നും ആന്‍ഡ്രിയും വ്യക്തമാക്കി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും, യോജിച്ച തീരുമാനങ്ങളാണ് നേതാക്കള്‍ സ്വീകരിച്ചതെന്നും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഉത്തരകൊറിയയുടെ പിന്തുണ ഉണ്ടാകുമെന്ന് കിം പറയുന്നു.

റഷ്യയ്‌ക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് അനുവാദം നല്‍കിയ യുഎസ് തീരുമാനത്തിനെതിരെ കിം ജോങ് ഉന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം റഷ്യയുടെ ആയുധപ്പുര നിറയ്ക്കാന്‍ ഉത്തരകൊറിയ വലിയ രീതിയില്‍ പീരങ്കികളും മിസൈലുകളും കയറ്റി അയച്ചുവെന്ന ആരോപണം ദക്ഷിണ കൊറിയ ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. പക്ഷേ റഷ്യക്കുവേണ്ടി കൂലിപ്പടയായിട്ടുപോലും ഉത്തരകൊറിയന്‍ സൈനികര്‍ യുദ്ധം ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം.


 



വടക്കന്‍ കൊറിയക്ക് ഈ വിഷയത്തില്‍ ബിസിനസ് താല്‍പ്പര്യങ്ങളുമുണ്ടന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കൊറിയ നല്‍കിയ സൈനിക സഹായത്തിന് പകരം റഷ്യ നല്‍കിയത് എണ്ണയാണ്. അതും യുഎന്‍ ഉപരോധം ലംഘിച്ച്. 10 ലക്ഷത്തിലേറെ ബാരല്‍ എണ്ണ നല്‍കിയിട്ടുണ്ടെന്നാണ്, യുകെയിലെ ഗവേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നിരോധനമുള്ള ഒരേയൊരു രാജ്യമാണ് വടക്കന്‍ കൊറിയ. വടക്കന്‍ കൊറിയയ്ക്ക് ചെറിയ അളവിലേ എണ്ണ വില്‍ക്കാവൂ എന്നാണ് യുഎന്നിന്റെ അറിയിപ്പ്. വര്‍ഷം 5 ലക്ഷം ബാരല്‍ മാത്രം. റഷ്യ പക്ഷേ, അത്തരം റിപ്പോര്‍ട്ടുകളോടൊന്നും പ്രതികരിക്കാന്‍ പോയില്ല. അതായത് സൈനികര്‍ക്ക് പകരം എണ്ണ നല്‍കിയാണ്, ഈ ബന്ധം മുന്നോട്ടുപോവുന്നത്. ഉപരോധത്തില്‍ വലഞ്ഞു നില്‍ക്കുന്ന ഉത്തരകൊറിയക്ക് ഏറെ ആശ്വാസമാണിത്. അതുകൊണ്ടുതന്നെ ഇപ്പോള്‍, അമ്പതിനായിരത്തോളം വരുന്ന സൈനികരെക്കൂടി നോര്‍ത്ത് കൊറിയ കൊടുത്തുവെന്നാണ് പറയുന്നത്. വരും ദിനങ്ങളില്‍ ഇതും പുടിനെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് പറയുന്നത്.

നാറ്റേയിലെ മറ്റുരാജ്യങ്ങള്‍ക്കും ചാഞ്ചാട്ടം

ട്രംപ് അധികാരത്തില്‍വന്നതോടെ നാറ്റോയിലെ മറ്റുരാജ്യങ്ങള്‍ക്കും ചാഞ്ചാട്ടം തുടങ്ങിയിരിക്കയാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഷോള്‍സ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുടിനെ ഫോണില്‍ വിളിച്ച് സമാധാനത്തിനുള്ള സാധ്യത തേടിയത്. അതും രണ്ട് വര്‍ഷത്തെ ഉപരോധത്തിന് ശേഷം. ഷോള്‍സിന്റെ നീക്കം പക്ഷേ, സമാധാനത്തേക്കാള്‍ ജര്‍മ്മനിയിലെ വോട്ട് ബാങ്ക് ഉറപ്പിക്കാനായിരുന്നു. കിഴക്കന്‍ ജര്‍മ്മനിയില്‍, റഷ്യന്‍ അനുകൂലികളും വംശജരും ധാരാളമുള്ള സ്ഥലങ്ങള്‍ ഏറെയുണ്ട്. അവരുടെ വോട്ടുറുപ്പിക്കാനുള്ള തന്ത്രമായിരുന്നു, ഫോണ്‍ വിളിയെന്ന് പറയപ്പെടുന്നു. ഷോള്‍സിന്റെ നീക്കത്തില്‍ പക്ഷേ പോളണ്ടും യുക്രൈയ്നും അരിശം വ്യക്തമാക്കി. ഫ്രാന്‍സും യുകെയും പുറത്തു പറഞ്ഞില്ല എന്നുമാത്രം.

പോളിഷ് പ്രധാനമന്ത്രി ഡോണാള്‍ഡ് ടസ്‌കിനും ഭീതിയുണ്ട്. അദ്ദേഹം പറഞ്ഞത്, യുദ്ധം ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതിന്റെ വക്കത്താണെന്നാണ്. പുടിന്റെ മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കണമെന്നാണ് ഹംഗറിയുടെ പക്ഷം. എല്ലാവരിലും ഒരു ഭയമുണ്ട്. യുദ്ധം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നതില്‍ സംശയമില്ല. വടക്കന്‍ കൊറിയ കൂടി നേരിട്ട് കളത്തിലിറങ്ങുകയും, അമേരിക്കയില്‍ ട്രംപ് വരുകയും ചെയ്തതോടെ ലോക രാജ്യങ്ങളിലും മാറ്റം പ്രകടമാണ്.

ഒത്തുതീര്‍പ്പിന് സെലന്‍സ്‌ക്കി

ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുന്നെ് നന്നായി അറിയാവുന്നത് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കാണ്. അത് കൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയൊരു വ്യവസ്ഥയുമായി ഇപ്പോള്‍ അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. നാറ്റോയില്‍ യുക്രൈനെ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കാമെന്നാണ് സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സലന്‍സ്‌ക്കി പറയുന്നത്. ഇക്കാര്യം എത്രയും വേഗം നടപ്പിലാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്തിന്റെ ആറിരട്ടി പ്രദേശങ്ങളാണ് റഷ്യ ഈ വര്‍ഷം മാത്രം പിടിച്ചെടുത്തത്. നാറ്റോ സഖ്യത്തിലെ പ്രമുഖര്‍ പലരും യുക്രൈനും നാറ്റോയില്‍ അംഗമാകും എന്ന് പറയുന്നുണ്ട് എങ്കിലും അക്കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.


 



നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടും കഴിഞ്ഞ മാസം ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. നാറ്റോ സഖ്യത്തില്‍ അംഗമായാല്‍ റഷ്യയെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്ന കാര്യം തനിക്ക്് കൂടുതല്‍ എളുപ്പമാകുമെന്ന് സെലന്‍സ്‌ക്കി പല തവണ സൂചിപ്പിച്ചിരുന്നു. സെലന്‍സ്‌ക്കി ഇക്കാര്യം യുക്രൈന്‍ പാര്‍ലമെന്റിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടു പിന്നാലെ സെലന്‍സ്‌ക്കി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേ സമയം റഷ്യ ഇപ്പോള്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ അവര്‍ക്ക് ഔദ്യോഗികമായി വിട്ടുനല്‍കാന്‍ യുക്രൈന്‍ സമ്മതിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് തയ്യാറാകൂ എന്നാണ് പുടിന്റെ നിലപാട്.

അമേരിക്ക സഹായം നിര്‍ത്തിയാല്‍ യുക്രൈയ്‌ന്റെ പരാജയം ഉറപ്പെന്നാണ് പ്രസിഡന്റ് സെലന്‍സ്‌കി ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ''യുക്രൈന്‍ യുദ്ധം നിര്‍ത്തില്ല. തങ്ങളുടേതായ വഴികളില്‍ അത് തുടരും. അമേരിക്ക സഹായിച്ചാലും ഇല്ലെങ്കിലും. പക്ഷേ, അതിജീവിക്കാന്‍ അതുപോര' -എന്നായിരുന്നു സെലന്‍സ്‌കിയുടെ വാക്കുകള്‍. അമേരിക്ക പിന്‍വാങ്ങിയാല്‍ പിന്നാലെ മറ്റ് രാജ്യങ്ങളും പിന്‍മാറാനുള്ള സാധ്യത കൂടും. ചെലവ് എല്ലാവര്‍ക്കും ഒരു പ്രശ്നമാണ്. ജനങ്ങളുടെ കാഴ്ചപ്പാടും. ഇനി, പിന്‍വാങ്ങിയില്ലെങ്കില്‍ കൂടി എത്രനാള്‍ യുക്രൈയ്നെ താങ്ങിനിര്‍ത്തും എന്നതും മറുചോദ്യം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഭൂരിപക്ഷവും യുക്രൈന്‍ ഫണ്ടിംഗിനെതിരാണ്. ട്രംപിന്റെ നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കിഴക്കന്‍ ഏഷ്യയിലേക്ക് ശ്രദ്ധ തിരിക്കണമെന്നാണ് മ്യൂനിച്ച് സെക്യൂരിറ്റി കോണ്ഫ്രന്‍സില്‍ പ്രസംഗിച്ചത്. യുദ്ധത്തിന് പണം പാഴാക്കുന്നു എന്നാണ് അമേരിക്കയിലെ ഭൂരിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ അഫ്ഗാനില്‍നിന്നുള്ള യുഎസ് പിന്‍മാറ്റംപോലെ, യൂക്രൈന്‍ റഷ്യ പിടിക്കുന്നതിലേക്ക് മാറുകയാണ് ട്രംപിന്റെ നയംമാറ്റും ഫലത്തില്‍ ഉണ്ടാക്കുക.

വാല്‍ക്കഷ്ണം: കരുത്തന്റെ ഭാഗത്തേക്ക് ചേര്‍ന്ന് നില്‍ക്കുക എന്ന പ്രകൃതി നിയമം ഇവിടെയും കാണാം. അമേരിക്കയുടെ നയം മാറിയെന്ന് അറിയുന്നതോടെ മറ്റ് രാജ്യങ്ങളുടെയും എന്തിന് മാധ്യമങ്ങളുടെ കൂടി സ്വഭാവം മാറുകയാണ്!

Tags:    

Similar News