ഇസ്ലാം പേടി മുതല്‍ ഹിന്ദുത്വ കാര്‍ഡ്വരെയറിക്കി ട്രംപ്; ഗര്‍ഭഛിദ്ര വിവാദവും, റിപ്പബ്ബിക്കന്‍ നേതാവിന്റെ ഭ്രാന്തന്‍ ചെയ്തികളും ആയുധമാക്കി കമല; ട്രംപിനെ ചെവി ചുവപ്പിച്ച് കടുന്നുപോയ വെടിയുണ്ട ഒരു സൂചന; മതം, വംശീയത, പണം, പിന്നെ വിദ്വേഷവും പ്രീണനവും; 'പെരുച്ചാഴി രാഷ്ട്രീയം' യുഎസിലും!
'പെരുച്ചാഴി രാഷ്ട്രീയം' യുഎസിലും!
2014-ല്‍ പുറത്തറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ 'പെരുച്ചാഴി' ഓര്‍മ്മയില്ലേ. അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനായുള്ള പിആര്‍ വര്‍ക്ക് ഏറ്റെടുത്ത് കടല്‍ കടന്ന് എത്തുകയാണ്, കേരളത്തില്‍നിന്ന് മോഹന്‍ലാലും കൂട്ടരും. അവര്‍ അവിടെ പയറ്റുന്നതാവട്ടെ, കേരളത്തില്‍ വോട്ട് കിട്ടാനിടയാക്കുന്ന ചില ചീപ്പ് നമ്പരുകള്‍ തന്നെയാണ്. ജാതിയും, മതവും. സത്രീവിഷയവും, പ്രണനവും, തട്ടിപ്പും തന്നെ. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ സത്യത്തില്‍ അവിടെ നടക്കുന്നത്, ഇതേ പെരുച്ചാഴി രാഷ്ട്രീയമാണ്! ലോകത്തിന്റെ നാഥനാണ് ഫലത്തില്‍ അമേരിക്ക. അതുകൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്റ് എന്നാല്‍ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ്. ആ ഇലക്ഷനാണ് ഈ രീതിയില്‍ തറ നിലവാരത്തിലേക്ക് മാറുന്നത്.
നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമല ഹാരിസും, മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവുമായ ഡോണള്‍ഡ് ട്രംപും തമ്മിലാണ് പ്രധാന മത്സരം. പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ടി ഇന്ത്യന്‍ വംശജയും ആഫ്രോ--അമേരിക്കന്‍ വനിതയുമായ കമല ഹാരിസിനെ സ്ഥാനാര്‍ഥിയാക്കിയത്. 2016-ല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ തോല്‍പ്പിച്ചാണ് ട്രംപ് പ്രസിഡന്റായത്. ഇക്കുറി കമല ഹാരിസാനായിരുന്ന ആദ്യം മുന്‍തൂക്കമെങ്കിലും, വൈകാതെ ട്രംപും ഒപ്പത്തിനൊപ്പമെത്തി. അവസാനവിവരം വരുമ്പോള്‍ ട്രംപ് ജയിക്കുമെന്നും നിരവധി മാധ്യമങ്ങള്‍ കരുതുന്നുണ്ട്.
കടുത്ത ഇസ്ലാമിക വിരുദ്ധത, കുടിയേറ്റ വിരുദ്ധത, ഒപ്പം അല്‍പ്പം അമേരിക്കന്‍ വംശീയ വികാരവും. ഇതാണ് ട്രംപിന്റെ തുറപ്പുചീട്ട്. ഏറ്റവം ഒടുവിയായി അദ്ദേഹം ഹിന്ദുത്വ കാര്‍ഡ്പോലും പുറത്തെടുത്തിരിക്കയാണ്. മറുഭാഗത്ത് ഗര്‍ഭചിദ്ര വിഷയത്തിലൊക്കെ വലിയതോതില്‍ വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കമല ഹാരീസ് കരുതുന്നു. സ്ഥാനാര്‍ത്ഥിയെ കൊല്ലാനുള്ള ശ്രമംവരെ കണ്ട ഇലക്ഷനാണിത്. ട്രംപിന്റെ ചെവി ചുവപ്പിച്ചുകൊണ്ട് കടന്നുപോയ വെടിയുണ്ട ലോകത്തെ ഞെട്ടിച്ചിരുന്നു. നവംമ്പര്‍ 5ന് നടക്കുന്ന യുഎസ് തിരിഞ്ഞെടുപ്പിന്റെ കാമ്പയിന്‍ ഒരിക്കലും ഒരു പുരോഗമന രാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്ത തെറ്റായ കാര്യങ്ങളലൂടെയാണ് കടന്നുപോകുന്നത് എന്നാണ് ദ ഗാര്‍ഡിയന്‍ പത്രം വിലയിരുത്തുന്നത്. അതായത് ശരിക്കും പെരുച്ചാഴി രാഷ്ട്രീയം തന്നെയാണ് അമേരിക്കയില്‍ ട്രംപ് പയറ്റുന്നത്.
ഇസ്ലാം- വിരുദ്ധതയുയര്‍ത്തി ട്രംപ്
റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍. പുരോഗമന നിലപാടുകളാണ് പൊതുവെ ഡോമോക്രാറ്റുകള്‍ എടുക്കാറുള്ളത്. അവിടെയാണ് കമലയുള്ളത്. എന്നാല്‍ യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്‍മ്മാര്‍. സ്ത്രീ വോട്ടര്‍മാരെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഗര്‍ഭച്ഛിദ്ര അവകാശത്തില്‍പോലും പരമ്പരാഗത നിലപാടുകള്‍ക്കൊപ്പമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇന്ന് കുടിയേറ്റക്കാരോടും, വിശിഷ്യ ഇസ്ലാമിനോടുമൊക്കെയുള്ള ട്രംപിന്റെ സമീപനം പറയേണ്ടതില്ലല്ലോ. പക്ഷേ ഇത് തന്നെയാണ് ട്രംപിന്റെ പെട്ടിയില്‍ വോട്ട് വീഴിക്കുന്നതും. ഇസ്ലാമിക കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്്‌നങ്ങളും, ഇസ്ലാമിക തീവ്രാവാദികളുടെ ഭീഷണിയുമൊക്കെയാണ്, അമേരിക്കന്‍ പ്രൈഡിനൊപ്പം അദ്ദേഹത്തിന്റെ പ്രചാരണ ആയുധം. റിപ്പബ്ബിക്കന്‍ പാര്‍ട്ടികളും ഡെമോക്രാറ്റുകളും ഒരുപോലെ ഇസ്രയേലിന്റെ പക്ഷത്താണെങ്കിലും, ഇസ്ലാമിനെ തീവ്രമായി എതിര്‍ക്കുന്ന ട്രംപിന് പിന്തുണ കുടാന്‍ പുതിയ ലോക രാഷ്ട്രീയം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്.
നിയമവിരുദ്ധമായി കുടിയേറുന്നവരെ നാടുകടത്തുമെന്നാണ് ട്രംപ് വാദിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം വര്‍ധിച്ചത് ജോ ബൈഡന്റെ ഭരണകാലത്താണെന്ന് ട്രംപ് വാദിക്കുന്നു. അമേരിക്കയിലെ വിദേശികളുടെ ജനസംഖ്യയില്‍ 25 ശതമാനവും അനധികൃതമായി കുടിയേറിയവരാണ്. അതില്‍ ഭൂരിപക്ഷവും മെക്സിക്കോ വഴി എത്തുന്ന ലാറ്റിനോകളുമാണ്. ഈ വിഷയത്തില്‍ ഒരു ബദല്‍ ആഖ്യാനം നല്‍കുന്നതിന് കമല ഹാരിസിനോ ഡെമോക്രാറ്റുകള്‍ക്കോ കഴിഞ്ഞിട്ടില്ല. നിയമവിരുദ്ധ കുടിയേറ്റം ക്രിമിനല്‍ കുറ്റമായിക്കണ്ട് തടയുമെന്നാണ് കമല ഹാരിസും പറയുന്നത്. എന്നാല്‍ കുടിയേറ്റ കേന്ദ്രമായ തെക്കന്‍ അതിര്‍ത്തിയില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കുന്നുണ്ട്.
അതുപോലെ കഴിഞ്ഞ തവണത്തെപ്പോലെ അമേരിക്കാ പ്രൈഡ് ഉയര്‍ത്തിക്കാട്ടിയും ട്രംപ് ഗോളടിക്കുന്നുണ്ട്. ചൈനയെ ചരുട്ടിക്കെട്ടി യുഎസിന് വ്യാപാര ഭീമാനാക്കുമെന്നും അദ്ദേഹം തുറന്നടിക്കുന്നു. നികുതി നിരക്ക് കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഊര്‍ജവിലയും പലിശയും കുറയും. ഇന്ധന, വൈദ്യുതി നിരക്കുകള്‍ താഴ്ത്തുമെന്നും വിലക്കയറ്റം നിയന്ത്രിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണക്കാരനും വീടും കാറും സ്വന്തമാക്കാനാകുമെന്നാണ് വാഗ്ദാനം. യു.എസ്സുമായി ബന്ധപ്പെട്ട വലിയ വിഷയമാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നത്. ആയുധം വഹിക്കുന്നതില്‍ യാതൊരു തെറ്റും കാണാത്ത വ്യക്തിയാണ് ട്രംപ്. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളാല്‍ നിറഞ്ഞിരിക്കുന്ന നഗരങ്ങളെ പുനര്‍നിര്‍മിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇങ്ങനെയൊക്കെയുള്ള വന്‍ പ്രചാരണം നടത്തി വോട്ട് പിടിക്കാമെന്നാണ് ട്രംപ് കരുതുന്നത്. തീവ്ര അമേരിക്കന്‍ ദേശീയ വികാരം ഇളക്കിവിട്ട് യുവാക്കളുടെയും, മുതിര്‍ന്നവരുടെയും വോട്ട് ഒന്നിച്ച് പെട്ടിയിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ദ ഗാര്‍ഡിയന്‍ എഴുതുന്നത്. ട്രംപ് തോറ്റാല്‍ അമേരിക്കയില്‍ കലാപം ഉണ്ടാവുമെന്നും പലരും എഴുതുന്നുണ്ട്. അതിനായി കൃത്യമായി ഒരു ഗുണ്ടാപ്പടയെ അദ്ദേഹം ഒരുക്കിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
ഗര്‍ഭച്ഛിദ്ര വിവാദം കമലയക്ക് തുണ
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗര്‍ഭച്ഛിദ്രം എന്നത് വലിയ വിഷയമായി മാറുകയാണ്.സ്ത്രീകളുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അവരുടെ വോട്ടുകള്‍ ഏത് രീതിയില്‍ മാറുമെന്നത് പ്രവചനാതീതമാണ്. 45 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ ഭൂരിഭാഗം പേരെയും സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങളിലൊന്ന് ഗര്‍ഭച്ഛിദ്ര അവകാശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടായിരുന്നത് 2022-ല്‍ സുപ്രീം കോടതി അസാധുവാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറയുന്നത്. ഇതോടെ, ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം കൈവന്നു. സ്ത്രീകളുടെ മൗലികാവകാശത്തെ ലംഘിക്കുന്നവിഷയത്തില്‍ രാജ്യത്തെങ്ങും വന്‍ പ്രതിഷേധം അരങ്ങേറി. യു.എസിനെ സംബന്ധിച്ച് മോശം ദിവസങ്ങളില്‍ ഒന്നാണ് ഇത് എന്നായിരുന്നു ബൈഡന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ റിപ്പബ്ലിക്കുകള്‍ക്ക് ഇതില്‍ അനുകൂല നിലപാടായിരുന്നു.
അതേസമയം, ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പോരാടുന്ന വ്യക്തിയാണ് കമല ഹാരിസ്. ഈ അവകാശത്തിനായുള്ള സ്വയം സംരക്ഷകരമായി നിലയുറപ്പിക്കുകയാണ് ഡെമോക്രാറ്റുകള്‍. കമല ഹാരിസിന് വേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും കഴിഞ്ഞ ദിവസം ഇതേ വിഷയം ഉയര്‍ത്തിക്കാട്ടി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടര്‍മാരോട് മിഷേല്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയില്‍ അടക്കം വൈറലായിരുന്നു. കമലക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് ഇത്.
സ്വതവേ സ്ത്രീവിരുദ്ധന്‍ എന്ന് പ്രതിഛായായുടെ ട്രംപിനെതിരെ വനിതകളുടെ വോട്ട് കൂട്ടമായി വീണാല്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാവുമെന്നാണ് ദ ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്. എന്നാല്‍ 1970കളില്‍ ഈ വിഷയത്തിനുള്ള പ്രാധാന്യം ഇപ്പോള്‍ അമേരിക്കന്‍ സമൂഹത്തിലില്ല. അതുകൊണ്ടു തന്നെ മുമ്പെന്നപോലെ ഈ വിഷയം വോട്ട് നേടാന്‍ ഡെമോക്രാറ്റുകളെ സഹായിക്കില്ലെന്ന് കരുതുന്നവരും ഉണ്ട്. 15 ഡോളര്‍ മിനിമം വേതനം, തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ച് നേരത്തേ സംസാരിച്ച കമല ഹാരിസ് ഇപ്പോള്‍ മൗനത്തിലായത് സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉപക്ഷിച്ച് അവര്‍ വലതുപക്ഷത്തേക്ക് നീങ്ങിയതിന്റെ ലക്ഷണമായി ട്രേഡ് യൂണിയനുകളും ഇടതുപക്ഷവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രംപിന്റേത് പൂര്‍ണമായും കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയമാണെങ്കില്‍ കമല ഹാരിസ് അല്‍പ്പം ചില തിരുത്തലുകള്‍ക്ക് തയ്യാറാകുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് പ്രധാന പങ്കുണ്ടെന്നും അതു തുടരുമെന്നും അവര്‍ പറയുന്നു. പണക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി മധ്യവര്‍ഗത്തിന് നികുതി ഇളവ് നല്‍കുമെന്നും കമല ഹാരിസ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സൈനിക- വിദേശകാര്യ വിഷയങ്ങളില്‍ രണ്ടുപേരും ഒരുപോലെയാണ്. രണ്ടുപേരും ഒരുപോലെ ഇസ്രയേലിന് ഒപ്പമാണ്.
വ്യക്തി അധിക്ഷേപങ്ങള്‍ വ്യാപകം
സാധാരണ അമേരിക്കപോലുള്ള ഒരു രാജ്യത്ത് കാണാന്‍ കഴിയാത്ത രീതിയിലുള്ള, വ്യക്തി അധിക്ഷേപങ്ങളുടെ പെരുമ്പറ ഇത്തവണ കണ്ടു. ട്രംപ് തന്നെയാണ് അതിന് നേതൃത്വം കൊടുത്തതും. തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ കമലാ ഹാരിസിനെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നുവരെ ട്രംപിനെതിരെ ആരോപണം ഉയര്‍ന്നു. കമല ഹാരിസിന്റെ രൂപത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണം. താന്‍ കമലയേക്കാള്‍ സുന്ദരനാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിയില്‍ ആണ് കമല ഹാരിസിന്റെ ശാരീരിക രൂപത്തെയും ബുദ്ധിയെയും പരിഹസിക്കുന്ന തരത്തിലുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍. അടുത്തിടെ ടൈം മാഗസിനില്‍ വന്ന കമലയുടെ ഫോട്ടോ ഉയര്‍ത്തി കാട്ടിയ ട്രംപ്, കമലയുടെ ഫോട്ടോ എടുത്തത് നന്നാവാതിരുന്നതിനാല്‍ മാഗസിന് ഒരു സ്‌കെച്ച് ആര്‍ട്ടിസ്റ്റിനെ നിയമിക്കേണ്ടിവന്നുവെന്നും അധിക്ഷേപിച്ചു. ഒപ്പം കമല ഹാരിസിന്റെ ബുദ്ധി ശക്തിയെ ചോദ്യം ചെയ്യുകയും അവരെ ഒരു റാഡിക്കല്‍ ലിബറല്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
''ബൈഡന് എന്ത് സംഭവിച്ചു? ഞാന്‍ ബൈഡനെതിരെ മത്സരിച്ചു, ഇപ്പോള്‍ ഞാന്‍ മറ്റൊരാള്‍ക്കെതിരെ മത്സരിക്കുന്നു. ഞാന്‍ ആര്‍ക്കെതിരെയാണ് മത്സരിക്കുന്നത്, ഹാരിസ്? ഞാന്‍ ചോദിച്ചു, 'ആരാണ് ഹാരിസ്?''- ബൈഡന്‍ പിന്മാറിയതിനെ പിന്നാലെ തിരഞ്ഞെടുപ്പിലേക്ക് എത്തിയ കമലയെ പരിഹസിച്ച് കൊണ്ട് ട്രംപ് പറഞ്ഞു. റാലിക്കിടെ മറ്റ് ഡെമോക്രറ്റിക് നേതാക്കള്‍ക്കെതിരെയും ട്രംപ് വ്യക്തിഅധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. തന്നെ അധിക്ഷേപിക്കുന്ന ഡെമോക്രാറ്റിക് എതിരാളിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താന്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ ആക്രമണം.
രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ ആയിരുന്നു ട്രംപിന്റെ പെന്‍സില്‍വാനിയ പ്രസംഗത്തിന്റെ പ്രധാന ശ്രദ്ധാ പോയിന്റ്. എന്നാല്‍ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ട്രംപ് വ്യക്തി അധിക്ഷേപങ്ങള്‍ ആരംഭിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും ഉപദേശകരുടെയും മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ കമല ഹാരിസിനെ 'കമബ്ല,' 'ലിന്‍ കമല', 'ലാഫിന്‍ കമല' തുടങ്ങിയ അധിക്ഷേപകരമായ വിളിപ്പേരുകളിലാണ് ട്രംപ് അഭിസംബോധന ചെയ്യുന്നത്. നേരത്തെ ട്രംപിന് വെടിയേറ്റതും പന്‍സില്‍വാനിയയിലെ പ്രചാരണവേദിയില്‍ വെച്ചായിരുന്നു.
കമല ഹാരീസ് ആരെയും അധിക്ഷേപിക്കാത്ത മാന്യമായ പ്രചാരണമാണ് നടത്തുന്നതെങ്കില്‍, ഡെമോക്രാറ്റുകളുടെ പൊളിറ്റിക്കല്‍ വിങ്ങ് അങ്ങനെയല്ല. ട്രംപിന്റെ സ്ത്രീപീഡനക്കേസുകള്‍ തൊട്ട് അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. തികഞ്ഞ വംശീയവാദിയായ ഒരു കിറുക്കന്‍ എന്നാണ് അവര്‍ ട്രംപിനെക്കുറിച്ച് ഉയര്‍ത്തുന്ന ചിത്രം. അമേരിക്കന്‍ വോട്ടര്‍മാര്‍ പൊതുവെ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെങ്കിലും, ഇത്തരണ അത്തരം പ്രശ്നങ്ങളും അടിയൊഴുക്കാവുമെന്ന് പല മാധ്യമങ്ങളും നിരീക്ഷിച്ചിട്ടുണ്ട്.
അവസാനം ഹിന്ദുത്വ കാര്‍ഡും
ഹിന്ദുത്വ കാര്‍ഡ് ന്ത്യയില്‍ മാത്രം ചെലവാകുന്നതാണെന്ന് ധരിച്ചിരിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുദിവസംമാത്രം ശേഷിക്കേ, അമേരിക്കയിലെ ഹിന്ദുവംശജരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയാവുകയാണ്. അമേരിക്കയിലെ, കുടിയേറ്റക്കാരില്‍ ലാറ്റിനോസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരാണ്. ഇവരില്‍ 60തമാനവും ഡെമോക്രാറ്റുകളെയാണ് പിന്തുണച്ചിരുന്നത്. ഇത്തവണ കമലഹാരീസ് സ്ഥാനാര്‍ത്ഥിയായതോടെ ഇന്ത്യന്‍ വംശജ എന്ന സെന്റിമെന്‍സും കൃത്യമായി വര്‍ക്ക്ചെയ്യുന്നുണ്ട്. ഇത് മൂന്‍കൂട്ടി കണ്ടാണ് ട്രംപിന്റെ കളി.
ഹിന്ദുവിരുദ്ധ അജന്‍ഡകളില്‍നിന്നും തീവ്രഇടതുകളില്‍നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും വ്യാഴാഴ്ച എക്സില്‍ പങ്കുവെച്ച ദീപാവലി സന്ദേശത്തില്‍ ട്രംപ് ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'നല്ലമിത്ര'മെന്നുവിശേഷിപ്പിച്ച ട്രംപ്, അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്നും കുറിച്ചു.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തിനുപിന്നാലെ, ബംഗ്ലാദേശില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ കിരാതമായ അതിക്രമങ്ങള്‍ നേരിടുകയാണെന്ന് ട്രംപ് പറഞ്ഞു. അതിനെ ശക്തമായി അപലപിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് പ്രതികരിക്കുന്നത്.
അമേരിക്കയിലും ലോകത്തെമ്പാടുമുള്ള ഹിന്ദുസമൂഹത്തെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാഹാരിസും അവഗണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തന്റെ ഭരണത്തില്‍ കീഴില്‍ അതൊരിക്കലും സംഭവിക്കില്ലെന്നും അവകാശപ്പെട്ടു. ഇസ്രയേല്‍, യുക്രൈന്‍ വിഷയങ്ങള്‍ തുടങ്ങി തെക്കന്‍ അതിര്‍ത്തിയില്‍വരെ പരാജയപ്പെട്ട ഭരണകൂടമാണ് ബൈഡന്റേതെന്നും താന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കയെ വീണ്ടും കരുത്തരാക്കുമെന്നും ട്രംപ് പറഞ്ഞു.
ഹിന്ദുവംശജര്‍ക്ക് അനുകൂലമായി ട്രംപിന്റെ വാദ്ഗാനത്തെ പ്രകീര്‍ത്തിച്ച് യു.എസിലെ ഹിന്ദുസമൂഹം രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് കമല ഇതുവരെ മിണ്ടിയിട്ടുപോലുമില്ലെന്നും ട്രംപിനോട് നന്ദിയുണ്ടെന്നും 'ഹിന്ദൂസ് ഫോര്‍ അമേരിക്ക'യുടെ ചെയര്‍മാന്‍ ഉത്സവ് സന്ദുജ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കായി സംസാരിച്ചതിന് ഹിന്ദുആക്ഷനും ട്രംപിനെ പ്രകീര്‍ത്തിച്ചു. ട്രംപിനെപ്പോലെ യു.എന്‍. സെക്രട്ടറി ജനറലും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായി മുന്നോട്ടുവരണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.
പരമ്പാരാഗതമായി ഇന്ത്യന്‍ വംശജര്‍, ഡെമാക്രാറ്റുകളെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഈ പിന്തുണ കുറയുകയാണ്. കഴിഞ്ഞതവണ 68 ശതമാനം ഇന്ത്യന്‍ വംശജരാണ് ബൈഡനെ പിന്തുണച്ചിരുന്നത്. ട്രംപിനെ 22 ശതമാനവും. ഇക്കുറി അത് 32 ശതമാനമായി കൂടിയിട്ടുണ്ടെന്ന് ഹിന്ദുസംഘടനകള്‍ പറയുന്നു. പുതിയ പ്രസ്താവനക്കുശേഷം അത് ഇനിയും കൂടാനിടയുണ്ടെന്നാണ് പറയുന്നത്.
അവസാനലാപ്പില്‍ അടിച്ചകേറി ട്രംപ്
ജോ ബൈഡനെതിരെ, മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, അഭിപ്രായ സര്‍വേകളില്‍ 8 ശതമാനം വോട്ടിന്റെ പിന്നിലായിരുന്നു അയാള്‍. പക്ഷേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടങ്ങിയതോടെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. പ്രായാധിക്യവും അനാരോഗ്യവും തിരിച്ചടിയാവുമെന്ന് കണ്ട് ബൈഡന്‍ പിന്‍മ്മാറിയപ്പോള്‍, പകരം വന്നത് കമലാ ഹാരീസ് എന്ന കരുത്തയായ വനിതയായിരുന്നു. ഉരുളക്ക് ഉപ്പേരിലെ പോലെ ട്രംപിനെ മറുപടി പറഞ്ഞ് കമല ജ്വലിച്ചുനിന്ന സമയം. ഒക്ടോബര്‍ 22ന് റോയിട്ടേഴ്‌സ് പുറത്തിവിട്ട സര്‍വേയില്‍ ട്രംപിനേക്കാള്‍ 3 ശതമാനം പേരുടെ പിന്തുണ കമല ഹാരീസിനായിരുന്നു. 46 ശതമാനം പേര്‍ കമലയെ പിന്തുണച്ചപ്പോള്‍ ട്രംപിനൊപ്പം 43 ശതമാനം പേരായിരുന്നു.
എന്നാല്‍ നവംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ അവസാന ലാപ്പിലെത്തിയപ്പോള്‍, ട്രംപ് ഒപ്പത്തിനൊപ്പമെത്തുന്ന കാഴ്ചയാണ് കാണുന്നത്. .േ ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ഇരുവരും 48 ശതമാനം വോട്ട് നേടി തുല്യ നിലയിലാണ്. നാലുശതമാനം പേര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.സര്‍വേകളിലെ കമലയുടെ പിന്നോട്ടുപോക്ക് ഡെമോക്രാറ്റിക് ക്യാംപില്‍ ആശങ്കയായിട്ടുണ്ട്. 2020-ല്‍ അഭിപ്രായ സര്‍വേകളില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 8.9 ശതമാനത്തിന് മുന്നിലായിരുന്നു. ദ ഹില്‍, എന്‍ബിസി ന്യൂസ്, ന്യൂയോര്‍ക്ക് പോസ്റ്റ് , എംഎസ്എന്‍ തുടങ്ങിയ മാധ്യമങ്ങളെല്ലാം കമല ഹാരിസിന്റെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത് ട്രംപാണ് മൂന്ന് ശതമാനത്തിന് മുന്നിലെന്നാണ്. റോയിട്ടറാകട്ടെ കമല ഹാരിസാണ് മൂന്ന് ശതമാനത്തിന് മുന്നിലെന്ന് പറയുന്നു. ഇതിനര്‍ഥം മത്സരം കടുത്തതാണെന്നാണ്.
അതേസമയം, സ്ത്രീ വേട്ടര്‍മാരില്‍ ഭൂരിഭാഗവും കമലയെ പിന്തുണയ്ക്കുന്നുവെന്നു സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 54% സ്ത്രീകള്‍ കമലയെ പിന്തുണയ്ക്കുമ്പോള്‍ 42% ആണ് ട്രംപിനുള്ള പിന്തുണ. പുരുഷ വോട്ടര്‍മാര്‍ക്കിടയില്‍ 55% പേരുടെ പിന്തുണയുമായി ട്രംപ് തന്നെയാണ് മുന്നില്‍. 41% പുരുഷന്മാരാണ് കമലയെ പിന്തുണയ്ക്കുന്നത്. യുവാക്കള്‍ കമലയെ പിന്തുണക്കുമ്പോള്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ ട്രംപിനൊപ്പമാണ്. പക്ഷേ കണക്കുകളിലെ കളി എന്തായാലും ഒരുകാര്യം ഉറപ്പാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ - മുസ്ലീം വിരുദ്ധ- അമേരിക്കന്‍ പ്രൈഡ് കാര്‍ഡുകള്‍ ശരിക്കും ഏറ്റിട്ടുണ്ട്. അവസാനഘട്ടത്തില്‍ അയാള്‍ ശരിക്കും അടിച്ചുകയറി വരികയാണ്. എന്നാല്‍, ഒന്നും ഉറപ്പിക്കാന കഴിയില്ല. പതിയെ തുടങ്ങി കൊട്ടിക്കയറി ക്ലൈമാക്‌സില്‍ മാറിമറിയുന്ന ഒരു ത്രില്ലര്‍ സിനിമയോളം അപ്രതീക്ഷിതമായ ജനവിധികളുണ്ടായ ചരിത്രമുണ്ട് യു.എസ്സിന്. ഇത്തവണയും അതുപോലെ ഒരു ഫോട്ടോ ഫിനീഷാണ് രാജ്യം കാത്തിരിക്കുന്നത്.
യഥാര്‍ത്ഥ മത്സരം 7 സംസ്ഥാനങ്ങളില്‍
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയുമായൊക്കെ തട്ടിച്ചുനോക്കുമ്പോള്‍, ഏറെ സങ്കീര്‍ണ്ണമാണ് അമേരിക്കന്‍ ഇലക്ഷന്‍. നമുക്ക് ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്ന സ്ഥാനാര്‍ത്ഥി തോല്‍ക്കുന്ന അവസ്ഥ ചിന്തിക്കാന്‍ കഴിയുമോ? പക്ഷേ അമേരിക്കയില്‍ അങ്ങനെ സംഭവിക്കാം. അല്ല സംഭവിച്ചിട്ടുണ്ട്. ദേശീയമായി ആകെ നടുന്ന വോട്ടുകളേക്കാള്‍ ഓരോ സംസ്ഥാനത്തും നേടുന്ന ഇലക്ടറല്‍ കോളേജ് സീറ്റാണ് പ്രസിഡന്റ് ആരാണെന്ന് നിശ്ചയിക്കുക. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 സീറ്റ് നേടുന്ന വ്യക്തിയാണ് അന്തിമമായി തെരഞ്ഞെടുക്കപ്പെടുക. ഉദാഹരണത്തിന് 2014-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനേക്കാള്‍ 20 ലക്ഷം വോട്ട് ഹിലരി ക്ലിന്റണ് ലഭിച്ചെങ്കിലും ഇലക്ടറല്‍ കോളേജില്‍ കൂടുതല്‍ സീറ്റ് നേടാന്‍ ട്രംപിനായതിനാല്‍ അദ്ദേഹം പ്രസിഡന്റായി.
നിലവില്‍ കമല ഹാരിസിനും ട്രംപിനും ഇലക്ടറല്‍ കോളേജില്‍ ശരാശരി 200 സീറ്റ് നേടാനാകുമെന്ന് ഉറപ്പാണ്. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റുകള്‍ക്കും വോട്ടു ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഉദാഹരണത്തിന് കമല ഹാരിസിന്റെ സംസ്ഥാനമായ കാലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ടിയുടെ കൂടെയാണ് എക്കാലവും നിലകൊള്ളാറുള്ളത്. ഈ സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ക്ക് ലീഡ് നേടാനായാല്‍ ആ സംസ്ഥാനത്തെ 54 ഇലക്ടറല്‍ കോളേജ് വോട്ടും ഡെമോക്രാറ്റിക് പാര്‍ടിക്ക് കിട്ടും. അതുപോലെ ട്രംപിന്റെ സംസ്ഥാനമായ ഫ്ളോറിഡ എന്നും റിപ്പബ്ലിക്കന്‍ പാര്‍ടിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണ്. ഇതനുസരിച്ചാണ് 200 സീറ്റ് ഇരുപാര്‍ടിക്കും ഉറപ്പായും ലഭിക്കുമെന്ന് പറയുന്നത്. ബാക്കി എഴുപത് സീറ്റ് നേടുകയാണ് പ്രധാനം.
റിപ്പബ്ലിക്കന്‍ പക്ഷത്തേക്കും ഡെമോക്രാറ്റിക് പക്ഷത്തേക്കും ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കാണ് പ്രസിഡന്റാകാന്‍ കഴിയുക. ഇവയെ സ്വിങ് സ്റേറ്റുകള്‍ എന്നാണ് വിളിക്കുന്നത് പെന്‍സില്‍വാനിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍, ജോര്‍ജിയ, അരിസോണ, നെവാഡ എന്നിവയാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ത്തന്നെ മൂന്ന് സംസ്ഥാനങ്ങളെയാണ് യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്നത്. പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവയാണവ. ഇതില്‍ പെന്‍സില്‍വാനിയയില്‍ ട്രംപിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതാണ് ഡെമോക്രാറ്റുകളുടെ ഉറക്കംകെടുത്തുന്നത്. 2016-ല്‍ ഈ മൂന്ന് സംസ്ഥാനത്തും ട്രംപ് ലീഡ് നേടിയപ്പോള്‍ അദ്ദേഹം വിജയിച്ചു. 2020-ല്‍ ജോ ബൈഡന്‍ ഈ മൂന്നു സംസ്ഥാനത്തും ലീഡ് നേടുകയും പ്രസിഡന്റാകുകയും ചെയ്തു.
ഇത്തവണയും ഈ അവസ്ഥയുടെ തനിയാവര്‍ത്തനം ഉണ്ടാവുമെന്നന്നാണ് കരുതുന്നത്. എന്തൊക്കെപ്പറഞ്ഞാലും, ട്രംപ് അവസാനനിമഷം അടിച്ചുകയറി വരികയാണ്. തുടക്കത്തില്‍ കമലക്കുണ്ടായിരുന്ന മേധവിത്വമൊക്കെപോയി. വിവിധ സര്‍വേകളിലായി ഇനിയും തീരുമാനം എടുത്തിട്ടില്ലാത്തവരായി കാണിക്കുന്ന നാലുശതമാനത്തോളം പേര്‍ എന്ത് നിലപാട് എടുക്കും എന്നതിനെ അനുസരിച്ചാണ് അന്തിമഫലം. ശരിക്കും ഫോട്ടോഫിനീഷിലേക്ക് നീങ്ങുകയാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ ഇലക്ഷന്‍. അമേരിക്കയെ ഒരു വനിത നയിക്കുമോ അതോ ട്രംപിന് രണ്ടാം ഊഴം ലഭിക്കുമോ എന്നറിയാന്‍ നവംബര്‍ 5 വരെ കാത്തിരിക്കാം.
വാല്‍ക്കഷ്ണം: ട്രംപിന്റെ നയങ്ങളിലെ സ്ഥിരതയില്ലായ്മയും പ്രചാരണ സംഘത്തെ കുഴക്കുന്നുണ്ട്. മൈക്ക് കണ്ടാല്‍ നിയന്ത്രണം വിടുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. ഇത്രയേറെ വിവാദത്തില്‍പെട്ടിട്ടും അമേരിക്കപോലെ ഒരു രാജ്യത്ത് അയാള്‍ക്ക് എങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുവെന്നതും അത്ഭുതമാണ്.