ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം; 11 കാരിക്ക് ഗുരുതര പരിക്ക്: ആറാമത്തെ ചെന്നായക്കായി തിരച്ചില്‍

ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം; 11 കാരിക്ക് ഗുരുതര പരിക്ക്

Update: 2024-09-11 03:51 GMT

ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ വീണ്ടും ചെന്നായയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ 11 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് കുട്ടികളടക്കം 10 പേര്‍ക്കാണ് ചെന്നായകളുടെ ആക്രമണത്തില്‍ യുപിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടിയെ ആക്രമിച്ച ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചില്‍ തുടങ്ങി. ചെന്നായ ശല്യം രൂക്ഷമായ ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ചില്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ചെന്നായയുടെ ആക്രമണത്തില്‍ ഇതുവരെ 36 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതര്‍ പിടികൂടിയത്. പെണ്‍കുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പെണ്‍ ചെന്നായയെ ആണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജീത് പ്രതാപ് സിംഗ് വ്യക്തമാക്കി.

'ഓപ്പറേഷന്‍ ബേഡിയ' എന്ന പേരില്‍ ചെന്നായ്ക്കള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ആക്രമകാരികളായ ചെന്നായ്ക്കളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ ചെന്നായകളെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ചെന്നായ്ക്കളെ പിടികൂടാന്‍ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ കണ്ടെത്താന്‍ ശ്രമം തുടരുന്നത്.

Tags:    

Similar News