'ഇനി എനിക്ക് താങ്ങാൻ കഴിയില്ല; ഞാൻ പോകുന്നു..'; പഞ്ചാബില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം; തെളിവായി ആ കുറിപ്പ്
ലുധിയാന: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ 13-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബില്‍ ലുധിയാനയിലാണ് സംഭവം നടന്നത്. കബീര്‍ നഗറിലുളള വീടിന് അടുത്തായി ഉള്ള ഷെഡിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥിയുടേതായ ഒരു ആത്മഹത്യകുറിപ്പും പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
കുറിപ്പില്‍ സ്‌കൂള്‍ അധ്യാപകരായ രണ്ടുപേരുടെ മാനസിക പീഡനത്തിലാണ് ജീവനൊടുക്കുന്നതെന്ന് വിദ്യാര്‍ഥി എഴുതിയിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ മരണം അറിഞ്ഞതോടെ രണ്ട് അധ്യാപകരും മുങ്ങി. ഇവരെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. മാനസിക പീഡനത്തിനുള്ള കാരണം വ്യക്തമല്ല എന്നും പോലീസ് പ്രതികരിച്ചു.