പശുവിന് ചിക്കൻ മോമോസ് നൽകി; വ്ലോഗറെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ 25കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: പശുവിന് ചിക്കൻ മോമോസ് നൽകുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ വ്ലോഗറെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള ഗൗരവ് ശർമ്മ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇയാൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.
നഗരത്തിലെ തിരക്കേറിയ ഒരു മാർക്കറ്റ് പ്രദേശത്തുവെച്ചാണ് ഗൗരവ് ശർമ്മ ഈ വീഡിയോ ചിത്രീകരിച്ചത്. ഒരു പശുവിന് ഇയാൾ മോമോസ് നൽകുന്നതും, ഇത് ചിക്കൻ മോമോസാണെന്ന് വീഡിയോയിൽ പറയുന്നതും കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനങ്ങൾ ഉയർന്നു. വീഡിയോ ആയിരക്കണക്കിന് ആളുകൾ കണ്ടതോടെ, പ്രകോപിതരായ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹൃതിക്കിനെ മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. ആക്രമണത്തിന് ശേഷമാണ് യുവാവിനെ നാട്ടുകാർ സെക്ടർ 56 പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
പശുവിനെ വിശുദ്ധമായി കണക്കാക്കുന്ന ഹൈന്ദവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചു എന്ന് ആരോപിച്ച് നിരവധി പേരാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കേസെടുക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്റെ പ്രവർത്തിയിൽ ഖേദിക്കുന്നുവെന്നും കാഴ്ചക്കാരെ ആകർഷിക്കാനായി ചെയ്ത ഒരു തമാശ മാത്രമായിരുന്നു ഇതെന്നും വ്ലോഗർ പോലീസിനോട് പറഞ്ഞതായാണ് വിവരം.
യുവാവിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 299 (മതവികാരം മനഃപൂർവം വ്രണപ്പെടുത്തുന്നതിനുള്ള നടപടികൾ), മൃഗക്ഷേമ നിയമങ്ങൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹൃതിക്കിനെ ആക്രമിച്ചവർക്കെതിരെയും പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ഫോറൻസിക് ടീം ലൈവ് സ്ട്രീമും മറ്റ് തെളിവുകളും ശേഖരിച്ച് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്.
