'സബര്‍മതി റിപ്പോര്‍ട്ട്' സിനിമാ പ്രദര്‍ശനം അലങ്കോലപ്പെടുത്തി; ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം അഴിച്ചുവിട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളെന്ന് എബിവിപി

Update: 2024-12-13 08:20 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു കേന്ദ്ര സര്‍വ്വകലാശാലയില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സബര്‍മതി റിപ്പോര്‍ട്ട് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കവേ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമം അഴിച്ചുവിട്ടുവെന്ന് പരാതി. വ്യാഴാഴ്ച രാത്രി സബര്‍മതി ദാബയ്ക്ക് സമീപം നടന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നൂറുകണക്കിന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ സമാധാന പൂര്‍ണ്ണമായി നടത്തിയ ചലച്ചിത്ര പ്രദര്‍ശനത്തിന് നേരെ അപ്രതീക്ഷിതമായാണ് ഇടത് വിദ്യാര്‍ത്ഥികള്‍ അക്രമം ആരംഭിച്ചതെന്ന് എബിവിപി ആരോപിക്കുന്നു.

പ്രദര്‍ശനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറ് നടത്തിയും ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചു കീറിയുമാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നാണ് ആക്ഷേപം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ആണ് സബര്‍മതി റിപ്പോര്‍ട്ടിന്റെ പ്രദര്‍ശനത്തിന് നേരെയുണ്ടായ കല്ലേറെന്ന് എബിവിപി അഭിപ്രായപ്പെട്ടു. ഇത് ചിത്രം കണ്ടുകൊണ്ടിരുന്ന വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും എബിവിപി വ്യക്തമാക്കി. ഗോധ്രയില്‍ 2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസിന് നേരെ നടന്ന തീവെപ്പിനെ പ്രമേയമാക്കി ചിത്രീകരിച്ച ചലച്ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 2002-ലെ ഗോധ്ര തീവെപ്പ് അയോധ്യയില്‍ നിന്നും മടങ്ങിവന്നു കൊണ്ടിരുന്ന കര്‍സേവകരെ അപായപ്പെടുന്നതിനായി മതമൗലിക വാദികള്‍ നടത്തിയ സംഘടിത ശ്രമമായിരുന്നുവെന്നാണ് സിനിമ പറയുന്നത്. ഗോധ്രയിലെ ദുരന്തം 2002 ഫെബ്രുവരി 28 മുതല്‍ ഗുജറാത്തിലുടനീളം കലാപങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

Tags:    

Similar News