എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ അജ്ഞാതർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; എതിർത്തതോടെ മലയാളി വ്യവസായിയെ കാലിന് വെടിവെച്ച് വീഴ്ത്തി; കവർന്നത് ലക്ഷങ്ങൾ
ഹൈദരാബാദ്: ഹൈദരാബാദിലെ കോട്ടിയിൽ മലയാളി വ്യവസായിക്ക് വെടിവെച്ച് വീഴ്ത്തി കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വസ്ത്രവ്യാപാരിയായ കോഴിക്കോട് സ്വദേശി വി.പി. റിൻഷിദിനെയാണ് വെടിവെച്ച് വീഴ്ത്തി ആറ് ലക്ഷം രൂപ കൊള്ളയടിച്ചത്. ജനുവരി 31ന് രാവിലെ എടിഎമ്മിന് സമീപത്തുവെച്ചാണ് സംഭവം. പ്രതികളെ പിടികൂടുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ചാർമിനാറിന് സമീപം വസ്ത്രങ്ങൾ വാങ്ങാനെത്തിയ റിൻഷിദിന്, പ്രതീക്ഷിച്ചതുപോലുള്ള വസ്ത്രങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കൈവശമുണ്ടായിരുന്ന പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ റിൻഷിദ്, എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.റിൻഷിദ് എതിർത്തതോടെ അക്രമിസംഘം രണ്ട് തവണ വെടിയുതിർക്കുകയും കാലിൽ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു.
പണവും ബൈക്കിന്റെ താക്കോലുമായി അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിയേറ്റ റിൻഷിദിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ ചാദർഗഡിലേക്കും അവിടെനിന്ന് കച്ചിഗുഡയിലേക്കും കടന്നതായും, വസ്ത്രം മാറിയ ശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.