ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് സ്വീകാര്യമല്ല; ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് എബിവിപി; തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെ പരിവാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രതിഷേധം തുടരും
ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ ബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയുടെ നീതിക്കായി പോരാട്ടം നടത്തിയ തമിഴ്‌നാട് എബിവിപി സംസ്ഥാന സെക്രട്ടറി ഡി യുവരാജിനെ അറസ്റ്റ് ചെയ്തത് ചര്‍ച്ചയാക്കാന്‍ പരിവാര്‍ നേതൃത്വം. ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ നടന്ന അതിക്രൂര ബലാത്സംഗത്തെ അപലപിച്ച് എബിവിപി. കേസ് അട്ടിമറിക്കാനുള്ള ഡിഎംകെ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ് എന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.
ഡിസംബര്‍ 23 -ാം തീയ്യതിയാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് അതിക്രൂര ബലാത്സംഗത്തിന് ഇരയാവേണ്ടി വന്നത്. ബിരിയാണി വ്യാപാരി ജ്ഞാനശേഖരന്‍ എന്ന വ്യക്തിയാണ് കേസിലെ മുഖ്യ പ്രതി. ഇയാള്‍ രാത്രി സര്‍വ്വകലാശാല ക്യാംപസില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥിനിയെ മൃഗീയമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥിനിയുടെ കൂടെയുള്ള ആണ്‍ സുഹൃത്തുത്തിനെയും ഇയാള്‍ മര്‍ദ്ദിക്കുകയുണ്ടായി. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് വളരെ ദൗര്‍ഭാഗ്യകരമായ അനുഭവമാണ് നേരിടേണ്ടി വന്നത്.
പോലീസ് അധികാരികള്‍ വിദ്യാര്‍ത്ഥിനി നല്‍കിയ എഫ് ഐആര്‍ ഡി.എം.കെ അനുകൂല മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി അവരുടെ മാനസിക സമ്മര്‍ദ്ദം ഇരട്ടിയാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് എബിവിപി പറയുന്നു. പ്രതിയായ ജ്ഞാനശേഖരന്‍ ഡി.എം.കെ പ്രവര്‍ത്തകനാണ് എന്നും ഇയാള്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനടക്കമുള്ള ഉന്നത നേതാക്കളുടെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുക്കാറുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എബിവിപി ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെയാണ് ബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയുടെ നീതിക്കായി സമരരംഗത്ത് ഇറങ്ങിയ എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജിനെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ഡി.എം.കെ സര്‍ക്കാര്‍ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് എബിവിപി പറയുന്നു.
അണ്ണാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറായ മുഖ്യമന്ത്രി സ്റ്റാലിന്‍ സര്‍വ്വകലാശാലയില്‍ നടന്ന സുരക്ഷാവീഴ്ച പുറത്ത് വരാതിരിക്കാനും സര്‍വ്വകലാശാലയുടെയും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാതിരിക്കാനുമാകും ഈ തരത്തില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് എന്നുമാണ് ആരോപണം. അണ്ണാ സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്ന അതിക്രൂര ബലാത്സംഗം അപലപനീയമാണ് എന്നും ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഡി.എം കെ സര്‍ക്കാര്‍ വളരെ വലിയ പരാജയമാണ് എന്ന് തുറന്നു കാട്ടുന്ന സംഭവമാണ് ഇത് എന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.
ഏകാധിപത്യ ശൈലിയില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് സ്വീകാര്യമല്ലെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ട രംഗത്ത് വര്‍ധിത വീര്യത്തോടെ എബിവിപി നിലകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു