കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു വൻ അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം; ലോറി ഡ്രൈവർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിൽ മലയാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. കോയമ്പത്തൂർ മധുക്കരയിലാണ് ദാരുണ അപകടം നടന്നത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്.
ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ പിടിയിലായിട്ടുണ്ട്.
മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മലയാളികൾ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.