അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ചു; പിന്നാലെ ഫ്ലൈഓവറിന്‍റെ കൈവരിയില്‍ ഇടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; വൈറലായി വീഡിയോ
ദില്ലി: നിയന്ത്രണം വിട്ട കാർ ഫ്ലൈഓവറിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ദില്ലിയിലെ മുകർബ ചൗക്കിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രദേശവാസികളും പോലീസും ചേർന്ന് കാർ റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ത്തി മാറ്റി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഫ്ലൈഓവറിലൂടെ അമിതവേഗതയിലെത്തിയ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ഒരു ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന്, കാർ ഫ്ലൈഓവറിൻ്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പറന്നു വീണു. തലകീഴായി മറിഞ്ഞ നിലയിലാണ് കാർ ട്രാക്കിൽ കണ്ടെത്തിയത്. ബൈക്ക് യാത്രികനും കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൻ്റെയും ബൈക്കിൻ്റെയും ഡ്രൈവർമാർ റെയിൽവേ ട്രാക്കിലേക്ക് തെറിച്ചുവീണതായും റിപ്പോർട്ടുകളുണ്ട്. അപകടം നടന്ന സമയത്ത് റെയിൽവേ ട്രാക്കിലൂടെ ട്രെയിനുകളൊന്നും ഓടുന്നുണ്ടായിരുന്നില്ല. അത് കാരണം വലിയ അപകടമാണ് ഒഴിവായത്.