പിന്നിലെ സീറ്റിൽ നിന്നും മോശമായി തൊട്ടു; ഞെട്ടി ഉണർന്ന് യുവതി; ഇൻഡിഗോ വിമാനത്തിൽ ലൈംഗികാതിക്രമം നടത്തിയ 43കാരൻ അറസ്റ്റിൽ
ഡൽഹി: ഇൻഡിഗോ വിമാനത്തിൽ ലൈംഗികാതിക്രമം നടത്തിയ 43കാരൻ അറസ്റ്റിലായി. യാത്രക്കാരൻ സഹയാത്രക്കാരിയെ ഉപദ്രവിച്ചതിനാണ് പിടിയിലായിരിക്കുന്നത്. ഡൽഹി - ചെന്നൈ ഫ്ലൈറ്റിലാണ് സംഭവം നടന്നത്. 43കാരനായ രാജേഷ് ശർമയാണ് പിടിയിലായത്.
വിൻഡോ സൈഡിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ തൊട്ടു പിന്നിലെ സീറ്റിൽ ഇരുന്ന യാത്രക്കാരൻ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം വിമാനം ചെന്നൈയിൽ ഇറങ്ങിയ ശേഷം, പരാതിക്കാരി വിമാന കമ്പനിയുടെ ജീവനക്കാരനോട് സംഭവം പറഞ്ഞു. തുടർന്ന് മീനമ്പാക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ രാജേഷ് ശർമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജസ്ഥാൻ സ്വദേശിയായ ശർമ ഏറെക്കാലമായി ചെന്നൈയിലാണ് താമസിച്ചു വന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പക്ഷെ പരാതിയുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.