വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നിസാമുദ്ദീനിലാണ് സംഭവം നടന്നത്. ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട ആസിഫ് ഖുറേഷിയെ അയൽവാസിയും ബന്ധുവും ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടായി. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്.
ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസിനസുകാരനാണ് ആസിഫ്. പാർക്കിങ് പ്രശ്നത്തെ ചൊല്ലി അയൽക്കാർ നേരത്തെയും വഴക്കിട്ടിരുന്നുവെന്ന് ആസിഫിന്റെ ഭാര്യ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 103 വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.