'ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചത് ദുഃഖകരം'; നിങ്ങളുടെ മക്കള്‍ വെളുത്തവരാകില്ല; ഇന്ത്യയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കൻ വനിത; വൈറലായി വീഡിയോ

Update: 2025-07-28 11:22 GMT

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുണ്ടായ വംശീയപരമായ അധിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കൻ വനിതയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യയിലാണ് താമസിക്കുന്ന ഇവർ ഇന്ത്യക്കാരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം താന്‍ നേരിട്ട അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ചാണ് പോസ്റ്റിൽ വിവരിക്കുന്നത്. ഇന്ത്യക്കാരെ വിവാഹം കഴിച്ച വിദേശികള്‍ കേള്‍ക്കേണ്ടി വരുന്ന അസംബന്ധമായ കാര്യങ്ങള്‍ എന്ന കാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ തെരുവുകളിലൂടെ നടക്കുമ്പോൾ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിവാഹം കഴിച്ചത്, നിങ്ങളൊരു ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചതില്‍ എനിക്ക് വിഷമമുണ്ട്, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ നിങ്ങളെപ്പോലെ വെളുത്തവരല്ല എന്നത് വളരെ ദുഃഖകരമാണ്, ഈ പരാമർശങ്ങളൊക്കെ താൻ കേട്ടതായി വീഡിയോയില്‍ അവര്‍ പറഞ്ഞു.

Full View

നിങ്ങളിൽ ആര്‍ക്കൊക്കെ ഈ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ഞാന്‍ ദിവസവും കാണുന്ന വര്‍ണ വിവേചനത്തിന്റെയും വംശീയതയുടെയും വെളുത്ത നിറത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ആരാധനയുടെയും ഒരു സാമ്പിള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. പോസ്റ്റ് വളരെ പെട്ടെന്നു തന്നെ സാമൂഹ മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേർ കമ്മന്റുമായി രംഗത്തെത്തി. ചിലർ തങ്ങൾക്കുണ്ടായ അനുഭവങ്ങളും കമന്റുകളിലൂടെ പങ്ക് വെച്ചു.

മറ്റുളളവരോട് ഇത്ര മോശമായ കാര്യങ്ങൾ പറയാൻ ആളുകൾക്ക് കഴിയുന്നത് വളരെ സങ്കടകരമാണെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകള്‍ ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ പറയും. അവര്‍ ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്തവരോ അല്ലെങ്കില്‍ മറ്റ് സംസ്‌കാരങ്ങള്‍ അനുഭവിച്ചിട്ടില്ലാത്തവരോ ആയിരിക്കും എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

Tags:    

Similar News