അമേഠിയ കൂട്ടക്കൊല; പ്രതി യുവതി നൽകിയ പരാതിയിലെ ചന്ദൻ വർമ തന്നെ; യുവതിയുമായി ഒന്നരവർഷത്തോളമായി ഉണ്ടായിരുന്ന ബന്ധം വഷളായത് കൊലപാതക കാരണമെന്ന് പോലീസ്
അമേഠിയ: അമേഠിയിൽ അധ്യാപകനെയും ഭാര്യയെയും അവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. തനിക്ക് യുവതിയുമായി ഒന്നരവർഷത്തോളമായി ബന്ധമുണ്ടെന്നും അത് വഷളായതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്ന് ചന്ദൻ വർമ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും പിസ്റ്റളും പോലീസ് കണ്ടെടുക്കുന്നതിനിടയിൽ പ്രതി തോക്ക് തട്ടിയെടുത്ത് പോലീസുകാരനു നേരെ വെടിയുതിർത്തു. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്റെ വെടിയിൽ വർമ്മയുടെ കാലിന് പരിക്കേറ്റതോടെ ഇയാൾ കീഴടങ്ങുകയായിരുന്നു.
10 തവണ പ്രതി നിറയൊഴിച്ചതായി പോലീസ് പറഞ്ഞു, കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുനിൽ കുമാർ, ഭാര്യ പൂനം, അവരുടെ ഒന്നും ആറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരെ വ്യാഴാഴ്ചയാണ് അമേത്തിയിലെ ഭവാനി നഗറിലെ വീട്ടിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. കുടുംബത്തിന് നേരെ റായ്ബറേലി സ്വദേശിയായ ചന്ദൻ വർമ എന്നയാളുടെ വധഭീക്ഷണി ഉണ്ടെന്ന് പൂനം ഓഗസ്റ്റിൽ പരാതി നൽകിയിരുന്നതായി പോലീസ് വ്യതമാക്കിയിരുന്നു. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ വർമയാണ് ഉത്തരവാദിയെന്നും പൂനം നൽകിയ പരാതിയിൽ പറയുന്നു. വർമ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പൂനം ആരോപിച്ചിരുന്നു.