ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഭാഗികമായി അവസാനിച്ചു; ശനിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡോക്ടര്‍മാര്‍: ഒ.പി ബഹിഷ്‌ക്കരണം തുടരും

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഭാഗികമായി അവസാനിച്ചു

Update: 2024-09-20 00:44 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ 41 ദിവസമായി തുടരുന്ന പണിമുടക്ക് ഭാഗികമായി പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ അവശ്യസേവനവിഭാഗങ്ങളില്‍ ഭാഗികമായി ജോലിയില്‍ പ്രവേശിക്കും. അതേസമയം ഓ.പി ബഹിഷ്‌ക്കരണം തുടരുമെന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ 41 ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ആശുപത്രികളുെടയും ഡോക്ടര്‍മാരുടെയും സുരക്ഷ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം, മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. കസ്റ്റഡിയിലാണ് ഘോഷ്. കേസില്‍ ഡി.വൈ.എഫ്.ഐ. പശ്ചിമബംഗാള്‍ സംസ്ഥാനസെക്രട്ടറി മീനാക്ഷി മുഖര്‍ജി വ്യാഴാഴ്ച സി.ബി.ഐ. ഓഫീസിലെത്തി. അന്വേഷണവുമായി സഹകരിക്കുമെന്ന് അവര്‍ പറഞ്ഞു.

കൊല്ലപ്പെട്ട വനിതാഡോക്ടറുടെ മൃതദേഹം കണ്ടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറുടെ അച്ഛനമ്മമാരെ മീനാക്ഷി സന്ദര്‍ശിച്ചിരുന്നു. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാനുള്ള നീക്കത്തെയും ഇവര്‍ എതിര്‍ത്തിരുന്നു.

Tags:    

Similar News