'കണ്ടോ..എന്ത് മനോഹരമാണ് ഇവിടം..'; യമുന നദി ജലത്തിന്‍റെ ‘ശുദ്ധി’ തെളിയിക്കാന്‍ റീല്‍സ് ഷൂട്ട്; പെട്ടെന്ന് കാല്‍വഴുതി നദിയില്‍ വീണ് ബിജെപി എംഎല്‍എ; പൊടിപൊടിച്ച് ട്രോളുകൾ
ഡൽഹി: യമുനാനദിയുടെ തീരത്ത് നദിയുടെ ഗുണനിലവാരം വ്യക്തമാക്കുന്ന റീൽസ് ചിത്രീകരിക്കുന്നതിനിടെ ബിജെപി എംഎൽഎ കാൽ വഴുതി നദിയിൽ വീണു. ഡൽഹിയിലെ പട്പർഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രവീന്ദർ സിംഗ് നേഗിയാണ് വെള്ളിയാഴ്ച സംഭവിച്ച ഈ ദാരുണ സംഭവത്തിൽപ്പെട്ടത്. ഛഠ് പൂജയ്ക്ക് മുന്നോടിയായാണ്, യമുനയിലെ ജലത്തിന്റെ ഗുണനിലവാരം തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എംഎൽഎ റീൽസ് ചിത്രീകരിച്ചത്.
സംഭവത്തിന്റെ 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, എംഎൽഎ നദിക്കരയിൽ രണ്ട് കുപ്പികളുമായി നിൽക്കുന്നതും പിന്നീട് കാൽ വഴുതി വെള്ളത്തിലേക്ക് പതിക്കുന്നതും കാണാം. അദ്ദേഹത്തെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്ന ഒരാൾ ശ്രമിച്ചെങ്കിലും എംഎൽഎ വെള്ളത്തിൽ വീഴുകയായിരുന്നു. പിന്നീട്, നദിയിൽ ഒഴുകി നടന്ന ഒരു തടിക്കഷണത്തിൽ പിടിച്ചാണ് അദ്ദേഹം കരയിലേക്ക് കയറിയത്.
ഈ സംഭവത്തെ രൂക്ഷമായി പരിഹസിച്ച് എ.എ.പി. എം.എൽ.എ. സഞ്ജീവ് ഝാ രംഗത്തെത്തി. "പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ഡൽഹിയിലെ ബിജെപി നേതാക്കളുടെ തൊഴിലായി മാറിയിരിക്കുന്നു. വ്യാജങ്ങളുടെയും പ്രകടനപരതയുടെയും രാഷ്ട്രീയത്തിൽ മടുത്ത യമുനാ മാതാവ് തന്നെ അവരെ തന്റെ അരികിലേക്ക് വിളിക്കുന്നതാകാം," അദ്ദേഹം പരിഹസിച്ചു.