ബംഗളൂരുവിലെ ബന്നാര്‍ഘട്ടയില്‍ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബംഗളൂരുവിലെ ബന്നാര്‍ഘട്ടയില്‍ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു
ബംഗളൂരു: ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിനുള്ളില്‍ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13കാരന് പരിക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ 13കാരനാണ് പരിക്കേറ്റത്. കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. ദേശീയോദ്യാന അധികൃതര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് കൂടുതല്‍ വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു.
കാട്ടിലൂടെ ജീപ്പ് സഫാരി നടത്തവെ വഴിയരികില്‍ നിന്നിരുന്ന പുള്ളിപ്പുലി പൊടുന്നനെ സഫാരി ജീപ്പിന് സമീപത്തേക്ക് ഓടിവരികയായിരുന്നു. തുടര്‍ന്ന് ജീപ്പിന്റെ ഡോറിലൂടെ ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും വശത്ത് ഇരുന്നിരുന്ന 13കാരനെ ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കൈയില്‍ പുള്ളിപ്പുലിയുടെ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ മറ്റൊരു ജീപ്പില്‍ വരികയായിരുന്ന സഫാരി സംഘം പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി വാഹനത്തെ പിന്തുടരുകയും ചാടി കുട്ടിയുടെ കൈയില്‍ മാന്തുകയുമായിരുന്നെന്ന് ബയോളജിക്കല്‍ പാര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂര്യ സെന്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് എ.സി അല്ലാത്ത സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
എല്ലാ സഫാരി വാഹനങ്ങളുടെയും ജനാലകളിലും ക്യാമറ ഓപ്പണിങ്ങുകളിലും മെഷുകള്‍ ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര ഖാന്‍ദ്രെ പറഞ്ഞു. സഫാരിക്കിടയില്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഫാരി ടിക്കറ്റുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പതിക്കുന്നതിനും ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.