ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനകം വിളവെടുക്കാന്‍ നിര്‍ദേശം നല്‍കി ബിഎസ്എഫ്; 530 കിലോ മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45,000 ഏക്കറിലാണ് കൃഷി
ശ്രീനഗര്‍: ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് 48 മണിക്കൂറിനകം വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ ബി.എസ്.എഫ് നിര്‍ദേശം നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയതിന്റെ ഭാഗമായാണ് കര്‍ശന മുന്നറിയിപ്പ്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖലയിലുടനീളം സുരക്ഷാ സന്നാഹം വര്‍ധിപ്പിക്കാന്‍ ബി.എസ്.എഫ് തയ്യാറെടുപ്പിലാണ്. 530 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലായി 45,000 ഏക്കറിലധികം ഭൂമിയിലാണ് കൃഷി നടക്കുന്നത്.
അമൃത്സര്‍, തരണ്‍ താരണ്‍, ഫിറോസ്പൂര്‍, ഫാസിലിക എന്നിവടങ്ങളിലെ കര്‍ഷകര്‍ക്ക് ഗുരുദ്വാരങ്ങളിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഗോതമ്പ് വിളവെടുപ്പിന്റെ 80 ശതമാനത്തിലധികവും പൂര്‍ത്തിയായെങ്കിലും ശേഷിച്ച വിളകള്‍ ശേഖരിച്ച് കാലിത്തീറ്റയ്ക്കായി വൈക്കോല്‍ ഉണ്ടാക്കേണ്ടതായതിനാല്‍ കര്‍ഷകര്‍ വലിയ വെല്ലുവിളിയിലാണ്.
വളരുന്ന ഗോതമ്പ് ചെടികള്‍ അതിര്‍ത്തി നിരീക്ഷണത്തിന് തടസ്സമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സേന വിളവെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്. മേഖലയില്‍ കൃഷിയിറക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക കര്‍ഷകരെ വല്ലാതെ അലട്ടുന്നുണ്ട്.