വീട്ടിനുള്ളിലെ ക്ഷേത്ര വിളക്കിൽ നിന്നും തീപടർന്നു; കാൺപൂരിൽ വ്യവസായ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Update: 2024-11-01 11:41 GMT

ലക്‌നൗ: കാൺപൂരിൽ ദീപാവലി ആഘോഷത്തിനിടെ വിളക്കിൽ നിന്നും തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. വ്യവസായ ദമ്പതികളായ സഞ്ജയ് ദാസാനി(48), ഭാര്യ കനിക ദാസാനി(42), വീട്ടുജോലിക്കാരൻ ഛാബി ചൗഹാൻ(24)എന്നിവരാണ് മരിച്ചത്. ഉറങ്ങാൻ കിടന്ന ശേഷമായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്. അംബാജി ഫുഡ്സിനും ബിസ്കറ്റ് നിർമാണ യൂണിറ്റിനും പേരുകേട്ടതാണ് ദാസാനി കുടുംബം. പാണ്ഡുനഗറിലെ മൂന്നുനില വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ദീപാവലി ദിനത്തിൽ രാത്രി പ്രത്യേക പൂജയ്ക്ക് ശേഷമാണ് ദമ്പതികൾ ഉറങ്ങാൻ കിടന്നത്. പൂജയുടെ ഭാഗമായി ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിച്ച് വെച്ചിട്ടുണ്ടായിരുന്നു. വിളക്കിൽ നിന്നും വീട്ടിലേക്ക് പെട്ടെന്ന് തീ പടരുകയായിരുന്നു. വീടിനുള്ളിലെ പണികൾ തീർത്തിരുന്നത് മരത്തടികൾ കൊണ്ടായിരുന്നു. ഇതിൽ പടർന്ന് പിടിച്ച തീ അതിവേഗം വീട്ടിലേക്ക് ആളിപ്പടർന്നു. തുടർന്ന് കിടപ്പുമുറികളിലേക്കും ബാൽക്കണിയിലേക്കും തീ പടർന്നു.

വീടിനകത്തേക്ക് തീ ആളിപ്പടർന്നതോടെ ദമ്പതികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. വീടിന്റെ ഓട്ടോമാറ്റിക് വാതിൽ തുറക്കാൻ കഴിയാത്തതും ദുരന്തത്തിന് കാരണമായി. സംഭവസമയം വീട്ടിൽ ദമ്പതികൾക്കൊപ്പം വേലക്കാരൻ മാത്രമാണുണ്ടായിരുന്നത്. സഞ്ജയ്-കനിക ദമ്പതികളുടെ മകൻ സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പോയിരിക്കുകയായിരുന്നു.

രാത്രി വൈകി മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോഴാണ് വീട്ടിലുണ്ടായ തീപിടിത്തം പുറം ലോകമറിയുന്നത്. തുടർന്ന് സമീപവാസികളെയും അഗ്നി ശമന സേനയെയും വിവരമറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തക സംഘം എത്തുന്നതിന് മുൻപ് തന്നെ വീട്ടിലുള്ളവർ അഗ്നിക്കിരയായിരുന്നു. 

Tags:    

Similar News