ചവറ്റുകുട്ടകള്‍ എറിഞ്ഞും, ബെല്‍റ്റു കൊണ്ട് അടിച്ചും സംഘർഷം; പ്ലാറ്റ് ഫോമിൽ തമ്മില്‍ത്തല്ലിയത് വന്ദേ ഭാരതിലെ കാറ്ററിങ് ജീവനക്കാര്‍; കനത്ത പിഴ ചുമത്തി ഐആര്‍സിടിസി; വൈറലായി വീഡിയോ

Update: 2025-10-18 16:34 GMT

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ പരസ്പരം ഏറ്റുമുട്ടി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാർ. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ ചവറ്റുകുട്ടകൾ എറിഞ്ഞും ബെൽറ്റുകൾ ഉപയോഗിച്ചും പരസ്പരം അടിച്ചും ജീവനക്കാർ സംഘർഷമുണ്ടാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംഘർഷം നിയന്ത്രിക്കാൻ പലരും ശ്രമിച്ചെങ്കിലും ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. സംഭവത്തെ ഗൗരവമായി കാണുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഘർഷത്തിൽ പങ്കെടുത്ത നാല് ജീവനക്കാരെ റെയിൽവേ സംരക്ഷണ സേന (RPF) കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവരുടെ ഐഡി കാർഡുകൾ റദ്ദാക്കുകയും ഇവരെ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.

സംഭവത്തിൽ ഐആർസിടിസി സേവന ദാതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സേവന ദാതാവിന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി റെയിൽവേയുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഐആർസിടിസിയുടെ കടുത്ത നടപടി. സംഭവത്തിൻ്റെ പൂർണമായ ഉത്തരവാദിത്തം സേവന ദാതാവിനാണെന്ന് ഐആർസിടിസി അറിയിച്ചു. 

Tags:    

Similar News