സിബിഎസ്ഇ പത്ത്, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 42,00,237 വിദ്യാര്‍ഥികള്‍; ഇന്ത്യയില്‍ 7842 വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും; പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 18ന്; പ്ലസ് ടു പരിക്ഷ ഏപ്രില്‍ നാലിനും

Update: 2025-02-15 04:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഈ അധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും. ആകെ 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലും വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 18-ന് പത്താം ക്ലാസ് പരീക്ഷകള്‍ അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3,14,695 ലക്ഷം അധികം വിദ്യാര്‍ഥിളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. 2024-ല്‍ 38,85,542 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ കണക്കുകള്‍ പ്രകാരം, പത്തിലും പന്ത്രണ്ടിലും ഇന്ത്യയിലും വിദേശത്തുമായി 42,00,237 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. പത്താം ക്ലാസില്‍ 24,12,072 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 12-ാം ക്ലാസില്‍ 17,88,165 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കിരിക്കും.

ആദ്യ പരീക്ഷാ ദിനത്തില്‍ പത്താം ക്ലാസിനുള്ള വിഷയം ഇംഗ്ലീഷാണ് - ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍). പന്ത്രണ്ടാം ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിഷയം എന്റര്‍പ്രണര്‍ഷിപ്പ്. രാവിലെ 10.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഒന്നരയ്ക്ക് അവസാനിക്കും. സ്ഥിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് വരണം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് കൊണ്ടുവരേണ്ടത്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ക്കശമായ മാര്‍ഗനിര്‍ദേശങ്ങളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് പരീക്ഷ ആരംഭിച്ച ശേഷം ഒരു വിദ്യാര്‍ത്ഥിയെയും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കില്ല, പരീക്ഷ അവസാനിക്കുന്ന 1.30 ന് മുമ്പ് ആരെയും പുറത്തുകടക്കാനും അനുവദിക്കില്ല.

സുതാര്യമായ പൗച്ച്, ജിയോമെട്രി പെന്‍സില്‍ ബോക്സ്, നീല നിറത്തിലുള്ള ബോള്‍ പോയിന്റ്, ജെല്‍ പെന്‍, സ്‌കെയില്‍, റൈറ്റിങ് പാഡ്, ഇറേസര്‍, അനലോഗ് വാച്ച്, സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മെട്രോ കാര്‍ഡ്, ബസ് പാസ്, പണം എന്നിവ മാത്രമാണ് പരീക്ഷാ ഹാളില്‍ കയറ്റാനാവുക. ലോഗ് ടേബിള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

Tags:    

Similar News