വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റിയാണ് ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1.5 കോടി ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായി ആഗസ്റ്റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ലോക്‌സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.
ഓവര്‍സീസ് മൊബിലിറ്റേഷന്‍ (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2024 എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മന്ത്രാലയം ഗൗരവമായി ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍ കൊണ്ടുവരുന്നത് മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലിന്റെ കരട് രൂപം മന്ത്രാലയങ്ങള്‍ക്ക് കൈമാറി. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ ഇത് പ്രസിദ്ധീകരിക്കുമെന്നുമാണ് വിവരം.