ചരിത്രം നെഞ്ചിലേറ്റുന്ന മന്ദിര ചുവരുകൾ; സാമൂഹിക നീതിയുടെ അടിത്തറയിൽ ഇന്ദിര ഭവൻ; അതിശയിപ്പിക്കുന്ന നിർമാണം; ഡൽഹിയിൽ കോൺഗ്രസിന്‍റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
ഡൽഹി: 140 വർഷം പഴക്കമുള്ള കോൺഗ്രസിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് സോണിയ ഗാന്ധിയാണ് ആസ്ഥാന മന്ദിര ഉദ്ഘാടനം നിർവഹിച്ചത്. ഡൽഹി കോട്‌ല റോഡിലെ 9 എയിലാണ് പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.
ജനാധിപത്യം, ദേശീയത, മതേതരത്വം, ഏവരെയും ഉൾക്കൊള്ളുന്ന വികസനം, സാമൂഹിക നീതി എന്നിവയുടെ അടിത്തറയിലാണ് പാർട്ടി പുതിയ ആസ്ഥാനം നിർമിച്ചതെന്ന് കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. കോൺഗ്രസിന്‍റെ 140 വർഷം പഴക്കമുള്ള മഹത്തായ ചരിത്രത്തെ നെഞ്ചിലേറ്റി, സത്യത്തിന്‍റെയും അഹിംസയുടെയും ത്യാഗത്തിന്‍റെയും പോരാട്ടത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും ഇതിഹാസമാണ് ആസ്ഥാന മന്ദിരത്തിന്‍റെ ചുവരുകൾ.
പുതിയ ഊർജവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമായി ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും നീതിയുടെ പതാക ഉയർത്താനും കോൺഗ്രസ് തയാറാണെന്നും എക്സിൽ കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ ആത്മാവ് കോൺഗ്രസ് പാർട്ടിയിൽ എത്രത്തോളം ആഴത്തിലുണ്ടെന്ന് കോൺഗ്രസിന്‍റെ ആസ്ഥാന മന്ദിരം പറയുമെന്നും ആരാണ് നാമെന്നും നമ്മുടെ ചരിത്രവും പാരമ്പര്യവും എന്തെന്നും മനസിലാക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ബാധ്യതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.