മദ്യപിച്ച് വാഹനമോടിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; സർക്കാർ ആശുപത്രി വൃത്തിയാക്കാൻ നിർദ്ദേശം; തെലങ്കാനയിലെ പ്രാദേശിക കോടതിയാണ് വേറിട്ട ശിക്ഷ വിധിച്ചത്
ഹൈദരാബാദ്: റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം അനുദിനം വർദ്ധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവർക്ക് വിചിത്രമായ ശിക്ഷ വിധിച്ചിരിക്കകയാണ് കോടതി. തെലങ്കാനയിലെ പ്രാദേശിക കോടതി ഉത്തരവിട്ടത്.
പ്രതികളോട് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. 27ഓളം പേരോടാണ് കോടതി നിർദ്ദേശം നൽകിയത്. മഞ്ചേരിയൽ പോലീസാണ് മദ്യപിച്ച് വാഹനം ഓടിച്ചവരെ കോടതിയിൽ ഹാജരാക്കിയത്. ഏഴ് ദിവസത്തേക്കാണ് ശിക്ഷ കാലാവധി. മഞ്ചേരിയലിലെ സർക്കാർ മാതൃ ശിശു ആശുപത്രിയും ജനറൽ ആശുപത്രിയും ഇത്തരത്തിൽ ശുചിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവംബർ 6നാണ് കോടതി ശിക്ഷ വിധിച്ചത്.
തുടർന്ന് കോടതി നിർദേശം അനുസരിച്ച് അടുത്ത ദിവസം തന്നെ പിടിയിലായവർ ആശുപത്രിയിലെത്തി. നവംബർ 7ന് ആശുപത്രിയിൽ എത്തിയ യുവാക്കൾ ചുറ്റുമുള്ള പുല്ലും മാലിന്യവുമാണ് നീക്കം ചെയ്തു. പിന്നാലെ തന്നെ ആശുപത്രിയുടെ ഭിത്തികളും ശുചിമുറി അടക്കമുള്ളവയും ഇവർ വൃത്തിയാക്കണം എന്നാണ് കോടതി നിർദേശിച്ചത്.
ശിക്ഷ നടപടി വരും ദിവസങ്ങളിലും തുടരുന്നുണ്ടെന്ന് ട്രാഫിക് പോലീസ് ഉറപ്പ് വരുത്തണമെന്നുമാണ് ഹൈദരബാദിലെ മഞ്ചേരിയൽ കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാൻ വിവിധ രീതിയിലുള്ള അവബോധ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷവും കാര്യമായ ഫലമില്ലെന്ന നിരീക്ഷണത്തിലാണ് തീരുമാനം.